Screenshot 2024 02 27 20 21 14 990 com.android.chrome edit 4

പൗരത്വനിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിയ്ക്കായ് മൂന്ന് ആഴ്ച്ച സമയം നൽകി. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും.ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്.

സിപിഎം ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാൻ മണിയെ ഇറക്കി വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാന്യന്‍മാരുടെ വീടിന് മുന്നിൽ പോയി തെറി വിളിക്കാൻ പ്രമാണിമാർ കള്ള് കൊടുത്ത് ചട്ടമ്പികളെ പറഞ്ഞ് അയക്കും. അതുപോലെ എം എം മണിയെ സിപിഎം ഇറക്കി വിടുകയാണ്. എം എം മണിക്ക് എന്തേലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണമെന്നും വി ഡി സതീശൻ പരിഹസിച്ചു.

തമിഴ്‌നാട്ടിൽ മോദിക്കുള്ള സ്വീകാര്യത കണ്ടു ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായെന്നും വികസിത ഭാരതവും വികസിത തമിഴ്നാടും യാഥാർഥ്യം ആകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ് കിട്ടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി സേലത്ത് നടന്ന പരിപാടിയിൽ സംസാരിക്കവെ വ്യക്തമാക്കി.
കാണികളെ ആവേശത്തിലാഴ്ത്തി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോ. അഞ്ചുവിളക്കിൽ നിന്നും പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയായിരുന്നു പ്രകടനം. പ്രധാനമന്ത്രിക്കൊപ്പം NDA സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുത്തു.പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കർ , ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട്‌ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

കോൺഗ്രസിൻ്റേത് ഒരു വ്യക്തിയുടേതല്ല പാർട്ടിയുടെ ഗ്യാരണ്ടിയാണ് എന്ന് ജയറാം രമേശ്. കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചഅഞ്ച് ഉറപ്പുകൾ തെരഞ്ഞെടുപ്പിലെ ഗെയിം ചേഞ്ചറാകുംമെന്ന് കെ.സി വേണുഗോപാൽ. കർണാടകയിലെ തെരഞ്ഞെടുപ്പിൻ്റെ സമയത്ത് രാഹുൽ ഗാന്ധിയാണ് ആദ്യം ഗ്യാരന്റി നൽകിയത്,   അത് നടപ്പിലാക്കിയെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

മോദിയുടെ ഗ്യാരന്റി – മോദിയുടെ വാക്കിന് വില ഇല്ല എന്നാണ് എന്ന്  പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രധാനമന്ത്രിയുടെ വാക്ക് പഴയ ചാക്ക് പോലെയാണെന്ന് വിഡി സതീശൻ വിമർശിച്ചു. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിൽ പോയിട്ടില്ല.മണിപ്പൂരിൽ നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടു. എന്നിട്ട് ക്രിസ്തുമസ് കാലത്ത്  ദേവാലയങ്ങളിൽ  കേക്കുമായി കയറി ഇറങ്ങുന്നു. ബിജെപി നേതാക്കൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ്എന്ന് വി. ഡി. സതീശൻ വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പ്രത്യേക നിര്‍ദേശങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ.കെഎസ്ആര്‍ടിസി ബസുകളുടെ ഡീസലിന്റെ ഉപഭോഗം വിലയിരുത്തി തിരുത്തല്‍ നടപടി സ്വീകരിക്കണം. ഓരോ ആഴ്ചയിലും ബസുകളുടെ ഇന്ധന ക്ഷമത പരിശോധിച്ച്, ബസുകള്‍ ഷെഡ്യള്‍ തുടങ്ങുന്നതിന് മുന്‍പ് ഡ്രൈവറിന്റെ സാന്നിധ്യത്തില്‍ ഡീസല്‍ ടാങ്കിന്റെ നെക്കിന്റെ താഴ്ഭാഗം വരെ ഡീസല്‍ നിറച്ചു എന്ന് ചാര്‍ജ്ജ്മാന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവര്‍ ഉറപ്പു വരുത്തണം എന്നും മന്ത്രി നിർദ്ദേശിച്ചു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു.  സംസ്ഥാന തലത്തിലും, ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ്മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച്  പോലീസിൽ വിവരം നൽകാം. പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.

സംസ്ഥാനത്ത് പരീക്ഷകളുടെ മൂല്യനിർണയo ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിർണയമാണ് ഏപ്രിൽ മാസത്തിൽ തുടങ്ങുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ആയിരിക്കും പരീക്ഷമൂല്യനിർണയം നടത്തുക എന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ കൊടും ചൂട് തുടരുന്നു. സാധാരണയെക്കാൾ 4 °C വരെ ചൂട് ഉയരാമെന്ന സാഹചര്യമുള്ളതിനാൽ ചില ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് , കണ്ണൂർ ജില്ലകളിലാണ് അടുത്ത ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വാട്‍സാപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന വികസിത് ഭാരത് സമ്പർക്ക് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമാണെന്നും, മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു.

സിഎഎയിൽ സുപ്രീം കോടതി തീരുമാനത്തോടെ പൗരത്വം കൊടുക്കുന്ന നടപടി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല.പൗരത്വ നിയമഭേദഗതിയിലെ സുപ്രീംകോടതി വിധി അനുകൂലമാണെന്നും രമേശ് ചെന്നിത്തല. കേരള സർക്കാർ കൊടുത്ത ഹർജി സുപ്രീംകോടതിയില്‍ നിലനില്‍ക്കുമോയെന്ന സംശയമുണ്ടെന്നും സിഎഎയില്‍ ഹർജിക്കാരൻ കൂടിയായ ചെന്നിത്തല പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോയിൽ മലപ്പുറം എന്‍ഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി സിയുമായ ഡോ. അബ്ദുൾ സലാമിന് ഇടം കിട്ടിയില്ല.നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്.ഇതിൽ തനിക്ക്പരാതി ഇല്ലെന്ന്അബ്ദുൾ സലാം പ്രതികരിച്ചു.എന്നാൽ മത ന്യൂനപക്ഷത്തിൽ പെട്ട ആളെ മാറ്റി നിർത്തി എന്ന സന്ദേശം ഇതിലൂടെ നൽകിയെന്ന്സി പിഎം നേതാവ് എകെ ബാലൻ പ്രതികരിച്ചു.

അയ്യപ്പവിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കാതിരിക്കുകയും പൗരത്വ പ്രക്ഷോഭക്കാരുടെ കേസുകൾ എഴുതിതള്ളുകയും ചെയ്യുന്നത് ഇടത് സർക്കാരിന്‍റെ  വർഗീയപ്രീണനമാണ് തുറന്നുകാട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിന് വേണ്ടി എല്ലാ കേസുകളും പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി. എസ്. വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ  കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായ്പോയ ലോറിയിൽ നിന്നാണ് കല്ല് തെറിച്ചു വീണ്അപകടമുണ്ടായത്.ഏപ്രിൽ 2 ന് തിരുവനന്തപുരം കമ്മീഷൻ  ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ്  പരിഗണിക്കും.

കൈക്കൂലി കേസിൽ പിടിയിലായ പത്തനംതിട്ട ജില്ലയിലെതിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്ററായിരുന്ന പി വിൻസിക്ക് ഏഴ് വര്‍ഷം കഠിനതടവ്. 45000 രൂപ പിഴ അടക്കാനാണ്കോടതി വിധി. പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ്, തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിൻ്റെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോർട്ടു പ്രകാരം, വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളില്‍ 42 എണ്ണവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. 2023ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

8 കോടി ആളുകൾക്ക് റേഷൻ കാർഡ് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി.രണ്ട് മാസത്തിനകം നിർദ്ദേശം നടപ്പാക്കാൻ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. അസംഘടിത തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ആണ് റേഷൻ കാർഡ് ഉറപ്പാക്കാൻ കോടതി നിർദേശം നൽകിയത്.

മാർച്ച്‌ 16ലെ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ.ഡിഎംകെ ക്ഷേത്രങ്ങൾ തകർക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരും എന്ന പരാമർശത്തിനെതിരെയാണ് ഡിഎംകെയുടെ പരാതി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *