s6 yt cover 2

https://dailynewslive.in/ പാലക്കാട് നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോ. അഞ്ചുവിളക്കു മുതല്‍ ഹെഡ്‌പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം മോദി തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. മോദിയെ കാണാനായി ഇരുവശവും തടിച്ചുകൂടി നിന്നവര്‍ അദ്ദേഹത്തെ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. നേരത്തെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകാശ് ജാവദേക്കര്‍, ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.

https://dailynewslive.in/ തന്റെ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും വളച്ചൊടിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളേയടക്കം കീഴടക്കിവെച്ചിരിക്കുന്ന ശക്തിയേക്കുറിച്ചാണ്. അത് മോദിയാണ്. ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം അദ്ദേഹത്തിന് നല്ല നല്ല രീതിയില്‍ മനസ്സിലായിട്ടുണ്ടെന്നും അതുകൊണ്ടാണ് മോദി ഇതിനെ വളച്ചൊടിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ‘നാരീശക്തി’യെ തകര്‍ക്കാനാണ് ഇന്ത്യമുന്നണിയുടെ ശ്രമമെന്നായിരുന്നു തെലങ്കാനയില്‍ മോദിയുടെ പരാമര്‍ശം.

https://dailynewslive.in/ കേരളത്തില്‍ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെപിസിസി. കേരളത്തില്‍ വോട്ടെടുപ്പ് തിയതി വെള്ളിയാഴ്ചയായത് കുറെ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടായെന്നും, പോളിംഗ് ഏജന്റുമാര്‍ക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും കാണിച്ചാണ് കെപിസിസി തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്ന് ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച് എം.എം.മണിയുടെ പ്രസംഗം. ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മണിയുടെ ആക്ഷേപം. ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കുമെന്നും കെട്ടിവച്ച കാശ് പോലും ഡീനിന് കൊടുക്കരുതെന്നും മണി പ്രസംഗിച്ചു. ഡീനിന് മുന്‍പ് ഉണ്ടായിരുന്ന പിജെ കുര്യന്‍ പെണ്ണ് പിടിയനാണെന്നും ഇടുക്കി തൂക്കുപാലത്ത് വെച്ച് നടത്തിയ അനീഷ് രാജന്‍ അനുസ്മരണ സമ്മേളനത്തില്‍ മണി അധിക്ഷേപിച്ചു.

https://dailynewslive.in/ എംഎം മണി നടത്തിയത് നാടന്‍ പ്രയോഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഇത് തെറിയഭിഷേകമാണെന്നും ഇടുക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. നേരത്തെയും തനിക്കെതിരെ ഇത്തരത്തില്‍ പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇങ്ങനെ പദപ്രയോഗം നടത്താന്‍ ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് എംഎം മണിയെന്നും ഡീന്‍ പറഞ്ഞു. തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ തന്റെ ഭാഷാശൈലി അതല്ലെന്നും ഡീന്‍ വ്യക്തമാക്കി. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണെന്നും എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നതെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.

https://dailynewslive.in/ പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. പൗരത്വ നിയമഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആകെ 236 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്.

https://dailynewslive.in/ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാന്‍ ശ്രമിക്കുമെന്നും മുന്‍ എസ്എഫ്‌ഐക്കാരനായിരുന്നു താനെന്നും എംഎ ബേബിക്ക് ഇക്കാര്യമറിയാമെന്നും സുരേഷ് ഗോപി. ഗോപിയാശാന്‍ തന്നെ സ്വീകരിക്കാഞ്ഞത് അവരുടെ രാഷ്ട്രീയ ബാധ്യതയാണെന്നും അത് അവഗണനയായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടില്‍ പോയതില്‍ രാഷ്ട്രീയമില്ലെന്നും താന്‍ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും യോഗ്യമെന്ന് തോന്നുന്നതാണ് വ്യക്തികള്‍ ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വീട്ടില്‍ വരുന്നത് ശത്രുക്കളാണെങ്കില്‍ പോലും മാന്യമായിട്ടേ പെരുമാറൂവെന്നും വീട്ടില്‍ വരുന്നവരെ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കരുണാകരന്റെ കുടുംബത്തിന് ഇല്ലെന്നും കെ.മുരളീധരന്‍. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയ സംഭവത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. കെ കരുണാകരന്റെ കെയറോഫില്‍ 10 വോട്ട് കിട്ടുമെന്ന് ബിജെപി കരുതേണ്ടെന്നും സുരേഷ്‌ഗോപി മൂന്നാം സ്ഥാനത്തേക്ക് തന്നെ പോകുമെന്നും മുരളീധരന്‍ പറഞ്ഞു.

https://dailynewslive.in/ ആലപ്പുഴയില്‍ പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്ത് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു. എന്താണ് ഇതിനു കാരണമെന്ന് വ്യക്തമല്ല. നേരത്തെ സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് കടല്‍ ഉള്‍വലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാല്‍ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉള്‍വലിയലാണെന്ന നിഗമനത്തിലാണ് മത്സ്യത്തൊഴിലാളികള്‍.

https://dailynewslive.in/ മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന പടയപ്പ എന്ന കാട്ടാനയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ ഹൈറേഞ്ച് സിസിഎഫ് ആര്‍ എസ് അരുണ്‍ നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന ശേഷം തല്‍കാലം മയക്കുവെടി വെച്ച് പിടികൂടേണ്ടതില്ലെന്ന് തീരുമാനിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും തുടര്‍ന്ന് ഉള്‍കാട്ടിലേക്ക് കൊണ്ടുവിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്താനാണ് നീക്കം. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആന ജനവാസമേഖലയിലെത്തുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. അതിനാല്‍ തീറ്റയും വെള്ളവുമുള്ള ഉള്‍കാട്ടിലെത്തിച്ച് തിരികെ വരാതെ നോക്കാനാണ് ശ്രമം.

https://dailynewslive.in/ നൊച്ചാട് അനു കൊലക്കേസില്‍ തെളിവുകള്‍ തേടി പ്രതി മുജീബിന്റെ വീട്ടില്‍ പൊലീസെത്തും മുന്‍പ് തെളിവ് നശിപ്പിക്കാന്‍ പ്രതിയുടെ ഭാര്യയുടെ ശ്രമം. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങള്‍ തേടിയാണ് മുജീബ് റഹ്‌മാന്റെ വീട്ടില്‍ പൊലീസെത്തിയത്. എന്നാല്‍ ഈ വസ്ത്രങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ഈ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

https://dailynewslive.in/ കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കുന്നം സ്വദേശി മനോജ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. മൂന്ന് ദിവസം മുന്‍പ് കടയ്ക്കല്‍ മുക്കുനത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു.

https://dailynewslive.in/ പതഞ്ജലി പരസ്യ കേസില്‍ യോഗ ആചാര്യന്‍ ബാബ രാംദേവിനോടും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണനോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് എതിരെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നും കാണിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.

https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) എന്ന ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും.

https://dailynewslive.in/ രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. 2004ലെ ബിജെപിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്റെ അവസ്ഥയാകും മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യത്തിനെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഖര്‍ഗെ വിമര്‍ശിച്ചു.

https://dailynewslive.in/ സ്‌കൂള്‍ കുട്ടികള്‍ റോഡ് ഷോയില്‍ പങ്കെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്.

https://dailynewslive.in/ അറബിക്കടലില്‍ ഏഴ് ബള്‍ഗേറിയന്‍ പൗരന്മാരുള്‍പ്പെടെ 17 ജീവനക്കാരുമായി തട്ടിക്കൊണ്ടുപോയ ചരക്ക് കപ്പലായ എംവി റൂണില്‍ വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ബള്‍ഗേറിയന്‍ പ്രസിഡന്റ് റുമെന്‍ റാദേവ് ഇന്ത്യന്‍ നാവികസേനയോട് നന്ദി രേഖപ്പെടുത്തി. അതോടൊപ്പം നാവിഗേഷന്‍ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ കടല്‍ക്കൊള്ളയും ഭീകരവാദവും ചെറുക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് മറുപടി നല്‍കി.

https://dailynewslive.in/ ജെഡിഎസിനെ അവഗണിക്കരുതെന്നും അവഗണിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സീറ്റ് വിഭജനത്തില്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ഒരു സഖ്യമായാല്‍ അങ്ങോട്ടും ഇങ്ങോട്ടും മാന്യമായ ഇടപെടല്‍ വേണം. ഏഴോ എട്ടോ സീറ്റല്ല, മൂന്ന് സീറ്റുകളാണ് ജെഡിഎസ് ചോദിച്ചത്. അതിന് ജെഡിഎസ്സിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വാട്‌സാപ്പിലെ മോദിയുടെ വികസിത് ഭാരത് സമ്പര്‍ക്ക് വാട്‌സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാര്‍ത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്‌സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു.

https://dailynewslive.in/ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലില്‍ സര്‍ക്കാര്‍ തലയ്ക്കു 36 ലക്ഷം രൂപ വിലയിട്ട നാല് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടു. തെലങ്കാനയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാന്‍ ശ്രമിക്കവേ ഇന്ന് പുലര്‍ച്ചെയോടെയാണ് പൊലീസ് സിആര്‍പിഎഫ് വിഭാഗവുമായി മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്. ഇവരില്‍ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

https://dailynewslive.in/ കൂലി നല്‍കാത്തതിനാല്‍ ജോലിയ്ക്ക് വിസമ്മതിച്ച ഗുജറാത്തിലെ കച്ച് ജില്ലയിലെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീടുകള്‍ക്ക് തീയിട്ട മുഹമ്മദ് റഫീഖ് കുംഭാര്‍ എന്നയാള്‍ അറസ്റ്റിലായി. കുടിലുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചെങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. 45 രൂപ വര്‍ദ്ധിച്ച് 6,080 രൂപയാണ് ഗ്രാം വില. 360 രൂപ ഉയര്‍ന്ന് പവന്‍വില 48,640 രൂപയിലുമെത്തി.കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം 9ന് കുറിച്ച ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്. കഴിഞ്ഞ ഒരുമാസത്തെ കണക്കെടുത്താല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധന പവന് 3,120 രൂപയാണ്. ഗ്രാമിന് 390 രൂപയും ഉയര്‍ന്നു. അനുദിനം റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമാണ് ഈ മാസത്തിന്റെ തുടക്കംമുതലും കണ്ടത്. ഫെബ്രുവരി 15ന് 45,520 രൂപ മാത്രമായിരുന്നു പവന്‍വില. ഗ്രാം വില അന്ന് 5,830 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്ന് പുതിയ ഉയരമായ 5,050 രൂപയായി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്; ഗ്രാമിന് 80 രൂപ. സുരക്ഷിത നിക്ഷേപമെന്നോണം, നിക്ഷേപകര്‍ പണം സ്വര്‍ണത്തിലേക്ക് മാറ്റുന്നതാണ്, സ്വര്‍ണവില കൂടാനിടയാക്കുന്നത്. ഈ ട്രെന്‍ഡ് തുടരുമെന്നാണ് വിലയിരുത്തലുകള്‍. ഇന്നലെ ഔണ്‍സിന് 2,136 ഡോളര്‍വരെ താഴ്ന്ന രാജ്യാന്തരവില ഇന്ന് ഒരുവേള 2,160 ഡോളര്‍ ഭേദിച്ചത് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിച്ചു. ഇപ്പോള്‍ വില 2,159 ഡോളറാണ്. അമേരിക്ക പലിശനിരക്ക് താഴ്ത്താന്‍ നടപടിയെടുത്താല്‍ ഈ വര്‍ഷാന്ത്യത്തോടെ വില 2,300 ഡോളര്‍ ഭേദിച്ചേക്കുമെന്നാണ് നിരീക്ഷക പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍വില 50,000 രൂപ ഭേദിച്ച് കുതിക്കും.

https://dailynewslive.in/ ഇ-സിം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍. സാങ്കേതിക വിദ്യയിലെ മാറ്റം ഹാക്കര്‍മാര്‍ ആയുധമാക്കുന്നതായും ഉപഭോക്താവിന്റെ ഡേറ്റയും പണവും കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രോണിക് സിം അഥവാ ഇ-സിം, ഫിസിക്കല്‍ സിം കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നതാണ്. പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇ സിം) ഉണ്ടാകും. ടെലികോം കമ്പനികള്‍ക്ക് ദൂരെ നിന്ന് ഇ-സിം പ്രോഗ്രാം ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും ഇ-സിം കണക്ഷന്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനുമെല്ലാം സാധിക്കും. ഈ സാധ്യതകളാണ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നത്. ഇരയുടെ ഫോണിലെ ഇ-സിം പ്രൊഫൈല്‍ എടുത്ത് ഹാക്കര്‍ക്ക് സ്വന്തം ഫോണിലേക്ക് മാറ്റാനും മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. 2023 അവസാനം മുതല്‍ അത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ എഫ്എസിസിടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇ-സിം കണക്ഷനില്‍ ഉപയോഗിക്കുന്ന നമ്പറില്‍ ബാങ്ക് അക്കൗണ്ടുകള്‍, ക്ലൗഡ് പ്ലാറ്റ്ഫോമുകളുടെ അക്കൗണ്ടുകള്‍ എന്നിവ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ക്ക് ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സെറ്റ് ചെയ്യുന്നത് ഇത്തരം തട്ടിപ്പുകളെ തടയാനാകും.

https://dailynewslive.in/ തെന്നിന്ത്യയിലൊട്ടാകെ തരംഗമായി മാറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. ഇപ്പോഴിതാ ചിത്രം 200 കോടി നേട്ടവുമായി മലയാളത്തിന്റെ അഭിമാനമായിമാറിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രം 50 കോടി കളക്ഷനാണ് നേടിയത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്സ്. 2006ല്‍ എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തു നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാള്‍ ഗുണ കേവ്സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തില്‍ ഇതുവരെയിറങ്ങിയ സര്‍വൈവല്‍- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

https://dailynewslive.in/ മലയാളി താരം അനുപമ പരമേശ്വരന് ഇന്ന് ഏറ്റവും തിരക്കുള്ളത് തെലുങ്കിലാണ്. അവരുടെ റിലീസിന് തയ്യാറായിരിക്കുന്ന അടുത്ത ചിത്രവും തെലുങ്കില്‍ത്തന്നെ. മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ടില്ലു സ്‌ക്വയര്‍’ എന്നാണ്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധു ജൊന്നലഗഡ്ഡ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഓ മൈ ലില്ലി’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സിദ്ധുവും രവി ആന്റണിയും ചേര്‍ന്നാണ്. സംഗീതം അച്ചു രാജാമണി. ശ്രീറാം ചന്ദ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസ് തീയതി പല കുറി മാറ്റിവെക്കപ്പെട്ട സിനിമയാണ് ടില്ലു സ്‌ക്വയര്‍. പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കാരണം. ഫെബ്രുവരി 9 ന് എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ആ ദിവസവും എത്തിയില്ല. മാര്‍ച്ച് 29 ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

https://dailynewslive.in/ 2024 ഫെബ്രുവരിയില്‍ ഒരിക്കല്‍ കൂടി, മാരുതി സുസുക്കി വാഗണ്‍ആര്‍ ഹാച്ച്ബാക്ക് വിഭാഗത്തിലെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ കാലയളവില്‍ മാരുതി വാഗണ്‍ആര്‍ മൊത്തം 19,412 യൂണിറ്റ് കാറുകള്‍ വിറ്റു. ഇക്കാലയളവില്‍ മാരുതി വാഗണ്‍ആറിന്റെ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 14.94 ശതമാനം വളര്‍ച്ചയുണ്ടായി. മാരുതി വാഗണ്‍ആറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില മുന്‍നിര മോഡലില്‍ 5.54 ലക്ഷം മുതല്‍ 7.38 ലക്ഷം രൂപ വരെയാണ്. വാഗണ്‍ ആര്‍ സിഎന്‍ജി വേരിയന്റിന്റെ മൈലേജ് 34.05 കിമി ആണ്. 17,517 യൂണിറ്റ് കാര്‍ വിറ്റഴിച്ച് ഹാച്ച്ബാക്ക് സെഗ്മെന്റില്‍ മാരുതി ബലേനോ രണ്ടാം സ്ഥാനത്താണ്. 13,165 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ച് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മാരുതി സ്വിഫ്റ്റ്. ഈ പട്ടികയില്‍ 11,723 യൂണിറ്റുകള്‍ വിറ്റ് മാരുതി ആള്‍ട്ടോ നാലാം സ്ഥാനത്താണ്. 6,947 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ ടിയാഗോ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ടാറ്റ ടിയാഗോ 2023 ഫെബ്രുവരിയില്‍ മൊത്തം 7,457 യൂണിറ്റ് കാറുകള്‍ വിറ്റു. ടിയാഗോയുടെ ഇലക്ട്രിക് വേരിയന്റും ഈ വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഹാച്ച്ബാക്ക് കാര്‍ വില്‍പ്പന പട്ടികയില്‍ 5,131 യൂണിറ്റുകള്‍ വിറ്റഴിച്ച് ഹ്യുണ്ടായ് ഐ20 ആറാം സ്ഥാനത്താണ്. 4,947 യൂണിറ്റുകള്‍ വിറ്റഴിച്ച് ഹ്യുണ്ടായ് ഐ10 നിയോസ് ഈ കാര്‍ വില്‍പ്പന പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 4,581 യൂണിറ്റ് കാര്‍ വിറ്റ ടൊയോട്ട ഗ്ലാന്‍സ ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അതേസമയം, കഴിഞ്ഞ മാസം 4,568 യൂണിറ്റുകള്‍ വിറ്റഴിച്ച് ടാറ്റ ആള്‍ട്രോസ് ഈ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. അതേസമയം 3,566 യൂണിറ്റ് കാര്‍ വിറ്റ മാരുതി സെലേറിയോ പത്താം സ്ഥാനത്താണ്.

https://dailynewslive.in/ അമ്മയ്ക്കുവേണ്ടി ആനുകാലികങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങുകയും പിന്നീട് ജീവിതം തന്നെ അതിനുവേണ്ടി ഹോമിക്കുകയും ചെയ്ത അവധൂതസമാനനായ ഒരാളുടെ ജീവിതം. തന്റെ വിപുലമായ പുസ്തകശേഖരത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായ അയാള്‍ തനിക്കുശേഷം അവയെല്ലാം അന്യാധീനപ്പെടുമെന്നു ഭയക്കുന്നു. അത് ഏറ്റെടുക്കാന്‍ ആരെങ്കിലും വന്നെങ്കിലെന്ന് അയാളാശിച്ചു. ഒരു ചാനല്‍ അയാളുടെ ജീവിതം പരമ്പരയായി ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്നു. പ്രമേയവൈവിധ്യവും നൂതനശൈലിയും സവിശേഷതയായുള്ള അഷ്ടമൂര്‍ത്തിയുടെ പുതിയ നോവല്‍. ‘ക്യൂറേറ്റര്‍’. മാതൃഭൂമി. വില 229 രൂപ.

https://dailynewslive.in/ കോവിഡ് അണുബാധയോട് അനുബന്ധിച്ച് ശരീരത്തിലെ അയണിന്റെ തോത് കുറയുന്നത് ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നതായി കേംബ്രിജ് സര്‍വകലാശാലയുടെ പഠനം. ദീര്‍ഘകാല കോവിഡിന്റെ ചികിത്സയില്‍ നിര്‍ണ്ണായകമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് പഠനം. 214 പേരില്‍ ഒരു വര്‍ഷത്തിലധിക കാലയളവിലാണ് പഠനം നടത്തിയത്. ഇവരില്‍ 45 ശതമാനം പേര്‍ക്ക് മൂന്ന് മുതല്‍ 10 മാസം വരെ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. നേച്ചര്‍ ഇമ്മ്യൂണോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ഒരു അണുബാധയുണ്ടാകുമ്പോള്‍ രക്തപ്രവാഹത്തില്‍ നിന്ന് അയണ്‍ നീക്കം ചെയ്തു കൊണ്ടാണ് ശരീരം ഇതിനോട് പ്രതികരിക്കുന്നത്. രക്തത്തിലെ അയണ്‍ ഉപയോഗപ്പെടുത്തി അണുക്കള്‍ അതിവേഗം വളരുന്നത് തടയാനാണ് ഇത്. അണുബാധയ്ക്ക് ശേഷം നീര്‍ക്കെട്ട് കുറയുകയും അയണിന്റെ തോത് പൂര്‍വസ്ഥിതിയിലാകുകയും ചെയ്യും. എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ ചിലരില്‍ ഈ പുനസ്ഥാപനം വൈകാറുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ചുവന്ന രക്തകോശങ്ങള്‍ക്ക് ആവശ്യത്തിന് അയണ്‍ ലഭിക്കാതാകുന്നതോടെ ഇവയുടെ ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷിയില്‍ കുറവ് വരുന്നു. ഇത് ശരീരത്തിന്റെ ചയാപചയത്തെയും ഊര്‍ജ്ജോത്പാദനത്തെയുമെല്ലാം ദോഷകരമായി ബാധിക്കുന്നു. പ്രതിരോധശേഷിയില്‍ പങ്കുവഹിക്കുന്ന ശ്വേതരക്ത കോശങ്ങളുടെ പ്രവര്‍ത്തനത്തിലും അയണ്‍ മുഖ്യമാണ്. ദീര്‍ഘകാല കോവിഡ് വരുന്നവരില്‍ അത്യധികമായ ക്ഷീണവും ഊര്‍ജ്ജമില്ലായ്മയുമൊക്കെ അനുഭവപ്പെടുന്നതിന്റെ കാരണം ഇതാകാമെന്ന് ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. നീര്‍ക്കെട്ട് നിയന്ത്രിക്കുന്നതിലൂടെയും അയണ്‍ സപ്ലിമെന്റുകള്‍ അടക്കമുള്ള മാര്‍ഗ്ഗങ്ങളിലൂടെയും ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങളെ മറികടക്കാനായേക്കുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.00, പൗണ്ട് – 105.31, യൂറോ – 90.03, സ്വിസ് ഫ്രാങ്ക് – 93.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.04, ബഹറിന്‍ ദിനാര്‍ – 220.26, കുവൈത്ത് ദിനാര്‍ -269.95, ഒമാനി റിയാല്‍ – 215.63, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.60, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 61.15.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *