ഇലക്ടറൽ ബോണ്ട് കേസിൽ വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ തന്നെ കൈമാറണമെന്ന് ഉത്തരവിട്ടു. കേസിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞുവെന്നും ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി ചോദിച്ചു. ഇലക്ടറൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ 15ന് പ്രസിദ്ധീകരിക്കണമെന്നും, ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
തൊണ്ണൂറ്റിയാറാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ എന്നീ ഏഴ് അവാര്‍ഡുകള്‍ നേടി ഓസ്കാര്‍ വേദിയിൽ തിളങ്ങി ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍. ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച സഹനടന്‍. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം.
കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിനാൽ കോൺഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യവും ഉണ്ടാകില്ലെന്നും, കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അന്ന് ആ കൊടുങ്കാറ്റിലും എൽ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
വടകരയിൽ അത്യുഗ്രമായ മത്സരമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്ന് കെകെ രമ എംഎൽഎ. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിക്കാൻ പോകുന്നതെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഇന്നലത്തെ ഷാഫിയുടെ എൻട്രിയോട് കൂടെ തന്നെ ഷാഫിയെ വടകര നെഞ്ചേറ്റിയിരിക്കുകയാണെന്നും കെകെ രമ വ്യക്തമാക്കി.
വടകരയില്‍ ടി.പി.വധം ഇത്തവണയും പ്രചാരണവിഷയമാക്കുമെന്ന് ഷാഫി പറമ്പില്‍. വടകര ടി.പിയുടെ മണ്ണാണെന്നും ഇത്തവണയും യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും തിരുത്താന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി.
കേരള സർവകലാശാല കലോത്സവത്തിനിടെ കെഎസ്യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും, കലോത്സവേദിയിൽ ഇടിച്ചു കയറിയതിന് കെഎസ്യു പ്രവർത്തകർക്കെതിരെയും കേസെടുത്ത് പൊലീസ്. യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്.
ഇന്ന് ചേർന്ന എംജി സര്‍വകലാശാലയുടെ സ്പെഷൽ സെനറ്റ് യോഗത്തിൽ വൈസ് ചാന്‍സിലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് എംജി സര്‍വകലാശാല സെനറ്റ് പ്രതിനിധിയെ അയക്കില്ലെന്ന് തീരുമാനം. കോടതിയിൽ കേസുകൾ നിൽക്കുന്നുവെന്ന കാരണം പറഞ്ഞാണ് സെർച്ച് കമ്മറ്റിയിലേക്ക് ആളെ കൊടുക്കാതിരിക്കുന്നത്. യുഡിഎഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു തീരുമാനം.
ദേശീയ പാത വികസനത്തിൽ സംസ്ഥാനത്തിൻ്റെ പങ്ക് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പുള്ളിമാൻ്റെ പുള്ളി മായ്ക്കാൻ ആവില്ല എന്നത് പോലെ തന്നെയാണ് ദേശീയ പാത വികസനത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ പങ്കും മായ്ക്കാൻ ആവില്ലെന്ന് തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കവെ മുഹമ്മദ് റിയാസ് പറഞ്ഞു.
എപി സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ മുഖപ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പ്രസ്താവന തിരുത്തണമെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെയാണെന്നുമാണ് മുഖപ്രസംഗത്തിലുള്ളത്. പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളി മുറ്റത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തെ തെമ്മാടിത്തമെന്നും മുസ്ലീം വിഭാഗമാണ് ഇതില്‍ ഉള്‍പ്പെട്ടതെന്നുമായിരുന്നു പിണറായി വിജയന്റെ ആരോപണം. ഇതിനെതിരെ മുഖപത്രമായ സുപ്രഭാതത്തില്‍ സമസ്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സിറാജ് ദിനപത്രത്തിലെ മുഖപ്രസംഗത്തിലും രൂക്ഷ വിമര്‍ശനം നടത്തുന്നത്.
പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്സനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.
ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ തന്റെ ചിത്രം സഹിതമുള്ള വിവരണം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഷമ മുഹമ്മദ്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെ വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതിയെന്നും, അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലൂടെ മറുപടി പറയുകയായിരുന്നു ഷമ.
ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല എന്നല്ല കെപിസിസി അധ്യക്ഷൻ പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഷമ പറഞ്ഞത് സത്യമാണ്. വനിതകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല. സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോൾ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഷമ പാവം കുട്ടിയാണ്, താനുമായി സംസാരിച്ചു. കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഉറച്ചു നിൽക്കുമെന്നും, ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാവില്ലെന്നും ഷമ വ്യക്തമാക്കിയതായി വിഡി സതീശൻ പറഞ്ഞു.
വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ അപകടമുണ്ടായ ശനിയാഴ്ച ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് ആൻഡമാൻ കമ്പനിയായ ജോയ് വാട്ടർ സ്പോർട്സ് വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടായ തിരയിൽ ആളുകൾ ഒരുവശത്ത് തിങ്ങികൂടിയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് കമ്പനിയുടെ വിശദീകരണം. സാധാരണ കോസ്റ്റൽ പൊലീസോ, ഗാർഡുകളോ മുന്നറിയിപ്പ് തരുന്നത് അനുസരിച്ച് പാലത്തിൽ സഞ്ചാരികളെ കയറ്റുന്നത് നിർത്തിവയ്ക്കാറുണ്ടെന്നും കമ്പനിയുടെ ടെക്ക്നിക്കൽ ഹെഡ് അറിയിച്ചു.
തൃശൂരിലെ മുരളീമന്ദിരത്തിലെത്തിയ പത്മജയെ ബിജെപി പ്രവര്‍ത്തകര്‍ ഷാളണിയിച്ച് സ്വീകരിച്ചു. കരുണാകരന്റെ സ്മൃതികുടീരവും പത്മജ സന്ദര്‍ശിച്ചു. രണ്ടാംഘട്ടത്തില്‍ തൃശൂരില്‍ തോല്‍പ്പിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് തീരുമാനിച്ചിരുന്നുവെന്നും, മുരളീധരൻ വടകരയിൽ നിന്നിരുന്നെങ്കിൽ ജയിച്ചുപോയേനേയെന്നും, ജാതക പ്രകാരം അദ്ദേഹത്തിന്റെ സമയം നോക്കണം എന്നാലെ അദ്ദേഹം ജയിക്കുമോയെന്ന് പറയാൻ പറ്റുകയുള്ളു എന്നും പത്മജ പറഞ്ഞു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറിനെ ഡയറക്ടറാക്കാൻ വേണ്ടി യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയെ സമീപിച്ചു. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം അഡീഷണൽ ഡയറക്ടറുടെ പ്രവർത്തി പരിചയം മതിയെന്നാണ് പുതിയതായി വരുത്തിയ ഭേദഗതി.
മലപ്പുറം പോത്തുകല്ലില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 350ഓളം പേര്‍ക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ പോത്തുകല്ല് പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോഴും മതിയായ സൗകര്യമൊരുക്കിയിട്ടില്ലെന്ന് പരാതി. മൂന്നാഴ്ചക്കിടെ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും വീഴ്ച വരുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് അടിയന്തിര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങി.
തൃശൂരിൽ ധീവര സമുദായകാരനായ ടി എൻ പ്രതാപനെ മാറ്റിയിടത്ത് സമുദായത്തിനകത്തെ മറ്റൊരാളെ പരിഗണിക്കാത്തതിൽ അതൃപ്തിയുമായി അഖില കേരള ധീവര സഭ. കോൺഗ്രസ് പാർട്ടിയാണ് സമുദായത്തെ എന്നും പരിഗണിച്ചിരുന്നതെന്നും സമുദായത്തിലെ ഒരാൾക്ക് സീറ്റ് അനുവദിച്ചതും കോൺഗ്രസാണെന്നും അഖില കേരള ധീവര സഭ അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി മമ്പറം ദിവാകരന്. യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസനുമായി സംസാരിച്ചതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനാര്‍ഥിയാകാനുള്ള നീക്കം ഉപേക്ഷിച്ചത്. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാമെന്ന ഉറപ്പ് ലഭിച്ചെന്നാണ് സൂചന.
പാലക്കാട് വീയ്യകുറിശ്ശിയിൽ സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെ പന്നി ഇടിച്ചിട്ടു. എൽകെജി വിദ്യാർത്ഥിയായ ആദിത്യനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവം.
മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ കളത്തിൽവെട്ടത്തിൽ റാഫി-റഹീല ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.
കല്‍പ്പറ്റ പനമരത്തിനടുത്ത കൂടല്‍ക്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന് തമ്പിയുടെ മൃതദേഹമാണ് ഫയര്‍ഫോഴ്സും പ്രാദേശിക സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്. കോൺഗ്രസിൽ നിന്ന് 65 കോടി രൂപ ആദായ നികുതി വകുപ്പ് ഈടാക്കിയതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി ആദായ നികുതി അപ്പീൽ ട്രിബ്യൂണൽ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പാര്‍ട്ടി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
ഗാസയിൽ അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. നസേറത്ത് അഭയാർഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ഷെല്ലാക്രമണം ഉണ്ടായത്. ഇസ്രയേൽ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. നെതന്യാഹുവിന്റെ നടപടികൾ ഇസ്രയേലിനെ സഹായിക്കുകയല്ല മറിച്ച് ദ്രോഹമാവുകയാണെന്നും, നിരപരാധികളായ ജനങ്ങളുടെ സുരക്ഷയിൽ നെതന്യാഹുവിന് ശ്രദ്ധയുണ്ടാകണമെന്നും ജോ ബൈഡൻ ആവശ്യപ്പെട്ടു.
ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം നടന്ന ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി ചുവന്ന ബാഡ്ജ് ധരിച്ചാണ് ബില്ലി ഐലിഷ്, മാര്‍ക് റഫാലോ തുടങ്ങിയ നിരവധി താരങ്ങള്‍ ഓസ്കാര്‍ അവാര്‍ഡ് ദാനത്തിനെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തില്‍ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആര്‍ട്ടിസ്റ്റ് 4 ഫയര്‍ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകള്‍. ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്ലാൻചെ, ഡ്രേക്ക്, ബെൻ എഫ്ലക്, ഈ വര്‍ഷത്തെ ഓസ്കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര് കത്തില്‍ ഒപ്പുവെച്ചിരുന്നു.
അനുവാദമില്ലാതെ കർണാടക മന്ത്രി കെ എച്ച് മുനിയപ്പയുടെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പോസ്റ്റർ റോഡരികിൽ വച്ച കോൺഗ്രസ് നേതാവായ രാജീവ് ഗൗഡയ്ക്ക് ബെംഗളുരു നഗരസഭ 50000 രൂപ പിഴയിട്ടു. ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബ്രഹത് ബെംഗളുരു മഹാനഗര പാലിക കോൺഗ്രസ് നേതാവിന് പിഴയിട്ടത്.