web cover 47

◼️എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ എന്താണു തെറ്റെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസകിനോട് ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ക്കെതിരെ തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്കു മാറ്റി. തുടര്‍നടപടികള്‍ക്കു സ്റ്റേ ഇല്ല. സാക്ഷിയുടെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റിന് അധികാരമുണ്ടെന്നു കോടതി നിരീക്ഷിച്ചു. തന്നെ കുറ്റാരോപിതനായിട്ടാണ് വിളിപ്പിക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. രണ്ടു സമന്‍സും രണ്ടു രീതിയിലാണ്. വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടത് എന്തിനാണെന്നു കോടതി എന്‍ഫോഴ്സ്മെന്റിനോടു ചോദിച്ചു. ഉദ്യോഗസ്ഥരുടെ വിവേചനാധികാരമാണെന്ന് എന്‍ഫോഴ്സ്മെന്റിന്റെ അഭിഭാഷകന്‍ വാദിച്ചു.

◼️ലോകായുക്ത നിയമഭേദഗതി ബില്ലില്‍ ഉടക്കി സിപിഐ. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും മുമ്പ് ചര്‍ച്ച വേണമെന്നാണു സിപിഐ നിലപാട്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മാറ്റിവച്ചുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നിയമസഭയില്‍ ബില്‍ പാസാക്കാമെന്നാണു മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ സഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് എല്‍ഡിഎഫില്‍ ചര്‍ച്ച വേണമെന്ന് സിപിഐ ആവശ്യപ്പെടുമെന്നാണു റിപ്പോര്‍ട്ട്.

◼️

സൗജന്യ ഓണക്കിറ്റ് വിതരണം 17 നു ശേഷം തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍. സാധനങ്ങളുടെ പാക്കിംഗ് പുരോഗമിക്കുകയാണ്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് ലഭിക്കുക.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിലും മുന്‍ ഡയറക്ടര്‍മാരുടേയും ഉദ്യോഗസ്ഥരുടെയും വീടുകളിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചത് ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്ക്. ഇന്നലെ രാവിലെ എട്ടിനാണ് റെയ്ഡ് ആരംഭിച്ചത്. പ്രതികളുടെ വീടുകളില്‍നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചു. ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ.കെ ദിവാകരന്‍, സെക്രട്ടറി ആയിരുന്ന സുനില്‍ കുമാര്‍, മുന്‍ ശാഖ മാനേജര്‍ ബിജു, കരീം എന്നിവരുടെ വീടുകളിലും ബാങ്ക് ഓഫീസിലും 75 പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

◼️കാഷ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്കു വീരമൃത്യു. ആക്രമണം നടത്തിയ രണ്ടു ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെ രജൗരിയിലെ പാര്‍ഗല്‍ സൈനിക ക്യാമ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടന്നു. സൈന്യം ഇവരെ നേരിട്ടതോടെ ഏറ്റുമുട്ടലായി.

◼️ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ 16 ഇടങ്ങളില്‍ ഉറപ്പുള്ള ടാറിംഗ് നടത്തണമെന്ന് ദേശീയപാതാ അതോറിറ്റി കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനു നിര്‍ദേശം നല്‍കി. രണ്ടു മെഷീനുകള്‍ ഉപയോഗിച്ച് കൂടുതല്‍ ഉറപ്പുള്ള ഹോട്ട് മിക്സിംഗ് ടാറിടണമെന്നാണ് നിര്‍ദേശം.

◼️കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ പൊളിച്ചു മാറ്റാതെ ബലപ്പെടുത്താമെന്നാണ് മദ്രാസ് ഐഐടി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ആറു മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഐഐടി വിദഗ്ധര്‍ കെഎസ്ആര്‍ടിസി സിഎംഡി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️ഹെല്‍മെറ്റില്‍ കൃത്രിമമായി ക്യാമറ ഘടിപ്പിച്ചാല്‍ നിയമ വിരുദ്ധമാണെന്നു ഗതാഗതമന്ത്രി ആന്റണി രാജു. കമ്പനികള്‍ ഘടിപ്പിച്ച ക്യാമറ ഉള്ള ഹെല്‍മറ്റുകള്‍ ഉപയോഗിക്കാം. ക്യാമറ ഹെല്‍മെറ്റില്‍ വയ്ക്കാതെ വസ്ത്രത്തിലോ മറ്റെവിടെയെങ്കിലുമോ വച്ചുകൂടേയെന്നും മന്ത്രി ചോദിച്ചു.

◼️മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ ഈ മാസം 22 ന് മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതാണ്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൂന്നാഴ്ചയായി മല്‍സ്യത്തൊഴിലാളികള്‍ തിരുവനന്തപുരത്ത് സമരത്തിലാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കുക, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

◼️

സംസ്ഥാനത്ത് അതിദരിദ്രര്‍ 64,006 പേര്‍. ഇവരില്‍ 8553 പേരും മലപ്പുറം ജില്ലയില്‍. കുടുംബശ്രീ നടത്തിയ പഠന സര്‍വേയിലാണ് ഈ വിവരം. അതിദാരിദ്ര്യ ലഘൂകരണത്തിന് ത്രിതല പദ്ധതി തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു സര്‍വ്വേ.

◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനു ഗൂഡാലോചന ആരോപിച്ച് കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടു ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പോലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഫിഖില്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവര്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

◼️തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണര്‍. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പുരസ്‌കാരം സമ്മാനിക്കും.

◼️ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. ദിലീപിന് 2017 ലാണു ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനു തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.

◼️നടിയെ ആക്രമിച്ച കേസിലെ അതിജിവിതയ്ക്കു കൂടുതല്‍ അവസരങ്ങളും സിനിമകളും കിട്ടിയെന്ന് കേരളാ ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇങ്ങനെ പരാമര്‍ശം ഉണ്ടായത്. വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു.

◼️പതിമ്മൂന്നു വയസുള്ള മകനെ ലൈംഗികമായി ഉപയോഗിച്ചെന്ന് ആരോപിച്ചുള്ള കടയ്ക്കാവൂര്‍ പോക്സോ കേസ് റദ്ദാക്കണമെന്ന അന്വേഷണ റിപ്പോര്‍ട്ടും ഹൈക്കോടതി ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ പതിമ്മൂന്നു വയസുകാരന്‍ മകന്‍ സുപ്രീം കോടതിയില്‍. തന്റെ ഭാഗം കേട്ടില്ലെന്നും അമ്മയെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബറില്‍ തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു.

◼️മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.

◼️വ്ളോഗര്‍ റിഫ മെഹ്നു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് മെഹ്നാസ് മൊയ്തുവിനെ അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ മെഹ്നാസിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ കാസര്‍കോട്ടെ മെഹ്നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കും.

◼️തളിപ്പറമ്പില്‍ വെട്ടാന്‍ കൊണ്ടുവന്ന പോത്തിന്റെ പരാക്രമത്തില്‍ നാലു പേര്‍ക്കു പരിക്ക്. കെട്ടുപൊട്ടിച്ചോടിയ പോത്ത് വഴിയേ കണ്ടവരെയെല്ലാം ആക്രമിച്ചു. കുത്തേറ്റ് നാലു പേര്‍ക്ക് പരിക്കേറ്റു.

◼️തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങള്‍ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠകള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ്. തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതി തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആദ്യ ഘട്ടത്തില്‍ 25 ശിശു പരിപാലന കേന്ദ്രങ്ങളാണ് വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

◼️കായംകുളത്ത് ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്കു മടങ്ങിയ പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ക്ക് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റു. കായംകുളം സ്റ്റേഷനിലെ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്.

◼️പന്ത്രണ്ടു ലക്ഷം രൂപയ്ക്കാണ് ആനക്കൊമ്പ് വില്‍ക്കാന്‍ കരാറുറപ്പിച്ചിരുന്നതെന്ന് ആനക്കൊമ്പുമായി പിടിയിലായ കട്ടപ്പന സുവര്‍ണ്ണഗിരിയിലെ താമസക്കാരനും ടിപ്പര്‍ ഡ്രൈവറുമായ അരുണ്‍. ബന്ധുവിന്റെ കൈയ്യില്‍നിന്നു വാങ്ങിയ ആനക്കൊമ്പ് മറിച്ചുവില്‍ക്കാന്‍ കുമളിക്ക് കൊണ്ടുപോവുകയായിരുന്നു. ആനക്കൊമ്പിന് എട്ടു കിലോ നാനൂറു ഗ്രാം തൂക്കവും 124 സെന്റീ മീറ്റര്‍ നീളവുമുണ്ട്.

◼️അട്ടപ്പാടി മധുകൊലക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിനു തെളിവുകളുമായി പ്രോസിക്യൂഷന്‍. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും സാക്ഷികളുമായി ബന്ധപ്പെട്ടതിനുള്ള രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാംപ്രതി അബ്ബാസിന്റെ മകളുടെ മകന്‍ ഷിഫാനെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. അബ്ബാസ് ഒളിവിലാണ്.

◼️കോഴിക്കോട് വടകരയില്‍ തെങ്ങ് ഒടിഞ്ഞുവീണ് രണ്ടു കുട്ടികള്‍ക്കു പരിക്ക്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുതിയാപ്പില്‍ നിന്ന് സ്‌കൂളില്‍ പോവുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്കു തെങ്ങ് നടുവൊടിഞ്ഞു വീഴുകയായിരുന്നു

◼️കരുളായി വനത്തില്‍നിന്ന് ആനക്കൂട്ടത്തില്‍നിന്നു വഴിതെറ്റി കുട്ടിക്കൊമ്പന്‍ നാട്ടിലെത്തി. രാത്രി ഒമ്പതോടെയാണ് കരുളായി വളയംകുണ്ടിലെത്തിയ കുട്ടിക്കൊമ്പനെ നാട്ടുകാര്‍ തടഞ്ഞുവച്ച് വനം അധികൃതരെ വിവരം അറിയിച്ചത്. വനപാലകര്‍ സ്ഥലത്തെത്തി ആനക്കുട്ടിയെ കൂട്ടിക്കൊണ്ടുപോയി വളയംകുണ്ടിലെ വനാതിര്‍ത്തിയില്‍ ആനകൂട്ടത്തിനരികില്‍ വിട്ടു.

◼️തൊടുപുഴയിലെ ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. രക്തസ്രാവം മൂലം ആശുപത്രിയില്‍ എത്തിയ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രസവിച്ചെന്നു യുവതിയും ഭര്‍ത്താവും സമ്മതിച്ചത്. കുഞ്ഞു മരിച്ചെന്ന് അറിയിച്ചതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഭാര്യ ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഭര്‍ത്താവു പറയുന്നത്.

◼️‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരാമര്‍ശത്തില്‍ രാഷ്ട്രീയമില്ലെന്നു കുഞ്ചാക്കോ ബോബന്‍. വഴിയില്‍ കുഴിയുണ്ട് എന്ന വാചകത്തിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചതോടെയാണ് വിശദീകരണവുമായി കുഞ്ചാക്കോ ബോബന്‍ കുറിപ്പെഴുതിയത്. ‘പരസ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേര്‍ന്നു നില്‍ക്കുന്നതിനാലാണ് അങ്ങനെ പരസ്യം നല്‍കിയത്. തമിഴ്നാട്ടിലെ സംഭവമാണ് ചിത്രത്തിനാധാരം.’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

◼️ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ്, സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ പങ്കെടുത്തു.

◼️വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാതെ അന്ധവിശ്വാസം വളര്‍ത്തി പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയരുതെന്ന് രാഹുല്‍ ഗാന്ധി. കറുത്ത വസ്ത്രം അണിഞ്ഞ് കോണ്‍ഗ്രസ് വിലക്കയറ്റത്തിനെതിരെ നടത്തിയ പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്‍മ്മന്ത്രവാദം എന്നു പരിഹസിച്ചിരുന്നു.

◼️മംഗ്ലൂരു സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

◼️കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്ന് അഭ്യൂഹം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കെതിരേ സംഘപരിവാര്‍ രംഗത്തിറങ്ങിയെന്നാണ് വിവരം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അടക്കമുള്ളവരുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

◼️സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് പരുക്ക്. ‘ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. നടിയുടെ ഇടത് കാല്‍ ഒടിഞ്ഞിട്ടുണ്ട്. നടിതന്നെയാണ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.

◼️ഏഷ്യന്‍ സ്പ്രിന്റ് റാണി എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പീന്‍സിന്റെ കായികതാരം ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസായിരുന്നു. 1980 കളില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിതാ കായികതാരമായിരുന്ന ലിഡിയ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

◼️ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രമുഖതാരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ഫില്‍ സിമ്മണ്‍സ്. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗമാകാന്‍ താത്പര്യം കാണിക്കുന്നില്ലെന്ന് വിന്‍ഡീസ് പരിശീലകന്‍ ആരോപിച്ചു. പണത്തിന്റെ പിന്നാലെ പായുകയാണ് താരങ്ങള്‍. അവര്‍ക്ക് സ്വന്തം ദേശീയ ടീമിനേക്കാള്‍ വലുത് മറ്റ് രാജ്യങ്ങളിലുള്ള ക്ലബ്ബുകളാണ്. കളിക്കണമെന്ന് താരങ്ങളോട് യാചിക്കാനൊന്നും പറ്റില്ലല്ലോ എന്നും സിമ്മണ്‍സ് തുറന്നടിച്ചു.

◼️കേന്ദ്രസര്‍ക്കാരില്‍ നിന്ന് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2021-22) വരുമാനത്തില്‍ രേഖപ്പെടുത്തിയത് 64 ശതമാനം വളര്‍ച്ച. രജിസ്ട്രാര്‍ ഒഫ് കമ്പനീസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍വര്‍ഷത്തെ 12,104 കോടി രൂപയില്‍ നിന്ന് 19,815.9 കോടി രൂപയിലേക്കാണ് കഴിഞ്ഞവര്‍ഷം വരുമാനം കുതിച്ചത്. അതേസമയം, എയര്‍ ഇന്ത്യയുടെ നഷ്ടം കഴിഞ്ഞവര്‍ഷം 7,017.4 കോടി രൂപയില്‍ നിന്ന് 9,556.5 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 80 ശതമാനം വളര്‍ച്ചയുമായി 1.15 കോടിയോളം യാത്രക്കാരെയാണ് എയര്‍ ഇന്ത്യ കൈകാര്യം ചെയ്തത്. സീറ്റുകളുടെ ബുക്കിംഗ് അനുപാതം (ലോഡ് ഫാക്ടര്‍) 73.5 ശതമാനമായിരുന്നു. 73.6 ശതമാനവുമായി ഏറ്റവും വലിയ കമ്പനിയായ ഇന്‍ഡിഗോ കൈകാര്യം ചെയ്തത് അഞ്ചുകോടി യാത്രക്കാരെ. ടാറ്റാ ഗ്രൂപ്പിന് കീഴിലെ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയുടെ സംയുക്ത വിപണിവിഹിതം 20.6 ശതമാനമാണ്.

◼️രാജ്യത്ത് ഇന്ധന ഉപഭോഗം കഴിഞ്ഞമാസം ജൂണിലെ 18.68 മില്യണ്‍ ടണ്ണില്‍ നിന്ന് 5.7 ശതമാനം കുറഞ്ഞ് 17.62 മില്യണ്‍ ടണ്ണിലെത്തിയെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോര്‍ട്ട്. കഴിഞ്ഞര്‍ഷം ജൂലായെ അപേക്ഷിച്ച് ഉപഭോഗത്തില്‍ 6.1 ശതമാനം വര്‍ദ്ധനയുണ്ട്. ജൂണിനെ അപേക്ഷിച്ച് എല്‍.പി.ജി., നാഫ്ത എന്നിവയുടെ ഡിമാന്‍ഡ് ഉയര്‍ന്നു. പെട്രോള്‍, എ.ടി.എഫ്., ഡീസല്‍, ബിറ്റുമെന്‍ എന്നിവയുടെ ഉപഭോഗം കുറഞ്ഞു. 2021 ജൂലായെ അപേക്ഷിച്ച് പെട്രോളിന്റെ ഉപഭോഗം 6.8 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

◼️‘കെജിഎഫ്’ എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാര്‍’ ഈ മാസം അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പ്രശാന്ത് നീലിന്റെ തീരുമാനം. അടുത്ത വര്‍ഷമായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന. പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്.

◼️പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജിന്റെ നായികയായി നയന്‍താര എത്തുന്ന ചിത്രമാണ്. ഈ വര്‍ഷം ഓണം റിലീസ് ആയി ഗോള്‍ഡ് പ്രേക്ഷകന് മുന്നില്‍ എത്തുമെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

◼️ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയും യുകെ ആസ്ഥാനമായുള്ള ട്രയംഫ് മോട്ടോര്‍സൈക്കിളും 350 സിസി സെഗ്മെന്റില്‍ മത്സരിക്കുന്ന പുതിയ മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണ് എന്ന് റിപ്പോര്‍ട്ട്. ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ഒരു മോഡലാണ് ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വികസന ഘട്ടത്തിലുള്ള ഈ മോട്ടോര്‍സൈക്കിള്‍ അടുത്തിടെ യുകെയില്‍ പരീക്ഷണം നടത്തിയിരുന്നു. മോഡലിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ഈ വര്‍ഷം ഇന്ത്യന്‍ വിപണികളില്‍ ഇത് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

◼️അതീവ രഹസ്യമായ പലതും മറവിക്കു വിട്ടു കൊടുക്കാതെ വരമൊഴിയിലേയ്ക്ക് പിടിച്ചെടുക്കുകയാണ് ഈ കഥകളില്‍. ‘ചെങ്ങഴിനീര്‍പ്പൂവ്’. എസ്.പി രമേഷ്. കറന്റ് ബുക്സ് തൃശൂര്‍. വില 71 രൂപ.

◼️മദ്ധ്യവയസിലേക്ക് കടക്കുമ്പോള്‍ തൊട്ട് എല്ലുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ സ്വയം പരിഹരിച്ച് മുന്നേറാനുള്ള ശരീരത്തിന്റെ കഴിവ് കുറഞ്ഞുതുടങ്ങുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ എല്ലിന്റെ ആരോഗ്യത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ഈ ഘട്ടത്തില്‍ ആവശ്യമാണ്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് ഇത് സാധ്യമാവുക. കാത്സ്യത്തിന്റെ നല്ലൊരു സ്രോതസ് എന്ന നിലയില്‍ സോയാബീന്‍സ് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഇത് അനുയോജ്യമാണ്. കൊളസ്ട്രോള്‍ ലെവല്‍ കുറവായതിനാലും ഗ്ലൂട്ടന്‍ കുറവായതിനാലും ഇത് ആരോഗ്യത്തിന് തീര്‍ത്തും യോജിച്ചതുമാണ്. ലെറ്റൂസ്, കാബേജ്, ചീര, ബ്രൊക്കോളി, കോളിഫ്ളവര്‍ തുടങ്ങിയ ഇനത്തില്‍ പെടുന്ന പച്ചക്കറികളും എല്ലുകളുടെ ബലം കൂട്ടാന്‍ നല്ലതാണ്. ഇവയും കാത്സ്യത്താല്‍ സമ്പന്നമാണ്. പാലും പാലുത്പന്നങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍- കാത്സ്യം എന്നിവയുടെ മികച്ച സ്രോതസുകളാണിവ. കട്ടത്തൈര്, ചീസ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. മത്സ്യം കഴിക്കുന്നവരാണെങ്കില്‍ കൊഴുപ്പടങ്ങിയ മത്സ്യങ്ങളും ഡയറ്റിലുള്‍പ്പെടുത്താം. കാത്സ്യത്തിന് പുറമെ വൈറ്റമിന്‍ -ഡിയുടെ നല്ല ഉറവിടമാണ് കൊഴുപ്പുള്ള മത്സ്യങ്ങള്‍. ഇവ എല്ലിന് വളരെ നല്ലതാണ്. ബദാമും എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാകുന്ന ഭക്ഷണമാണ്. ദിവസവും എന്ന നിലയില്‍ ഭൂരിപക്ഷം പേരും കഴിക്കുന്ന ഒന്നാണ് മുട്ട. ഇതും എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നതിന് സഹായകമാണ്. ഇതിലടങ്ങിയിരിക്കുന്ന കാത്സ്യം, വൈറ്റമിന്‍-ഡി എന്നിവയാണ് എല്ലിന് ഗുണകരമാകുന്നത്. ഭക്ഷ്യയോഗ്യമായ വിവിധയിനം വിത്തുകളുണ്ട്. മത്തന്‍ കുരു, സൂര്യകാന്തി വിത്ത് എല്ലാം ഇത്തരത്തിലുള്ളതാണ്. ഇവയെല്ലാം എല്ലിന് വളരെയധികം നല്ലതാണ്. പയറുവര്‍ഗങ്ങളും എല്ലിന്റെ ബലം കൂട്ടാന്‍ സഹായിക്കുന്നതാണ്. ബീന്‍സ് – പയര്‍ എന്നിവയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും നല്ലത്. പതിവായി തന്നെ പയറുവര്‍ഗങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. ഇവയിലുള്ള ഫൈബറും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.43, പൗണ്ട് – 97.11, യൂറോ – 82.03, സ്വിസ് ഫ്രാങ്ക് – 84.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.39, ബഹറിന്‍ ദിനാര്‍ – 210.70, കുവൈത്ത് ദിനാര്‍ -259.22, ഒമാനി റിയാല്‍ – 206.57, സൗദി റിയാല്‍ – 21.13, യു.എ.ഇ ദിര്‍ഹം – 21.63, ഖത്തര്‍ റിയാല്‍ – 21.82, കനേഡിയന്‍ ഡോളര്‍ – 62.22.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *