പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിൽ രാജന്‍റെ ഭാര്യ വത്സലയെ (64) കാട്ടാന ചവിട്ടിക്കൊന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയതിനെ തുടർന്നാണ് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. മൃതദേഹം കാട്ടിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കര്‍ഷകനായ പാലാട്ടിൽ എബ്രഹാം ആണ് മരിച്ചത്. കൃഷിയിടത്തിൽ കൊക്കോ പറിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കാട്ടുപോത്ത് ആക്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം. അധികൃതർ സ്ഥലത്തെത്താതെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.നാട്ടുകാരും കോൺഗ്രസ് നേതാക്കളും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധം തുടരുകയാണ്.
കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ,കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് നേതാക്കളും നാട്ടുകാരും ചേർന്ന് ശക്തമായ പ്രതിഷേധിക്കുന്നു.രണ്ടു ദിവസമായി കക്കയം മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും, കര്‍ഷകൻ കൊല്ലപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
വന്യജീവി ആക്രമണത്തില്‍ പ്രതികരിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുo. മരിച്ച രണ്ട് പേരുടെയും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കും. കോഴിക്കോടും തൃശൂരുo, വന്യജീവി ആക്രമണം നടന്ന രണ്ടിടങ്ങലിലും വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുo എന്നും മന്ത്രി പറഞ്ഞു .
മാത്യു കുഴല്‍നാടന്‍റേയും മുഹമ്മദ് ഷിയാസിന്‍റേയും ഇടക്കാല ജാമ്യം തുടരും.കോടതി ജാമ്യാപേക്ഷയിലെ വാദം ഇനി നാളെ കേൾക്കും.കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മരണത്തിൽ പ്രതിഷേധിച്ചതിനെതിരെ ഇന്നലെ രാത്രിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന വകുപ്പിന് പുറമെ മറ്റ് വകുപ്പുകളും ചേർത്താണ് പൊലീസ് കേസെടുത്തത്.
തട്ടിപ്പുകേസില്‍ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ സുധാകരൻ എംപി . ഈ കേസിൽ പ്രതിയാക്കി തന്റെ രാഷ്ട്രീയ ജീവിതം തകർക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഓലപ്പാമ്പ് കാട്ടിയാല്‍ ഭയപ്പെടുന്ന ജന്മമല്ല തന്റേതെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി.വ്യാജക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും എന്നും അദ്ദേഹം പറഞ്ഞു.
വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ ആണ് ട്രെയിന്‍ യാത്രക്കിടെ മോശമായി പെരുമാറിയതിന് പിടിയിലായത്. ഇന്നലെ രാവിലെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനില്‍ നടന്ന സംഭവത്തിൽ, വിദേശ വനിത പരാതി നൽകിയിരുന്നു. റെയില്‍വെ പൊലീസ് ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസിലെത്തിയാണ് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്തത്.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട്കോളേജ് ഡീൻ എം.കെ. നാരായണനെയും അസി. വാർഡൻ ഡോ. കാന്തനാഥനെയും സസ്പെന്‍ഡ് ചെയ്തു. ഇവരും നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ്, വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പിസി ശശീന്ദ്രൻ ഉത്തരവിറക്കിയത്.എത്രകാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്ന് വ്യക്തമാക്കിയിട്ടില്ല.
എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു.ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. വേനല്‍ക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അധികാരം നല്‍കുന്നതായിരുന്നു ബില്‍. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാനായിരുന്നു സർക്കാർ തീരുമാനം. ഏഴു ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി.
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരൻ. മുന്നണി നേതൃത്വം പോരായെന്നും സര്‍ക്കാരിനെ തിരുത്താൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലാകും. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയം മാത്രമല്ലെന്നും സംസ്ഥാനത്തെ നികുതി പരിവ് കാര്യക്ഷമമല്ലെന്നും സി ദിവാകരൻ വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജി സ്ഥാനം രാജി വെച്ച അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയിലേക്ക്. രാജികത്ത് രാഷ്ട്രപതിക്കും, ചീഫ് ജസ്റ്റിസിനും കൈമാറിയ ശേഷമാണ് ബിജെപിയില്‍ ചേരുന്ന കാര്യം അഭിജിത്ത് ഗംഗോപാധ്യായ പ്രഖ്യാപിച്ചത്. സ്ഥാനം രാജി വെച്ച് സിറ്റിങ് ജഡ്ജി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് അസാധാരണമാണ്.
മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് മസാല ബോണ്ട് കേസിൽ ഇ ഡി വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 12 ന് ഹാജരാകണം. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണo.ഇഡി തുടര്‍ച്ചയായി സമന്‍സ് അയച്ച്അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കാണിച്ച് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഡി.കെ. ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രിംകോടതി റദ്ദാക്കി. 2019 സെപ്തംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്നും അന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു.
ബെംഗളൂരുവില്‍ ബോംബ് സ്ഫോടനഭീഷണി.ഇ-മെയില്‍ വഴി സന്ദേശം വന്നിരിക്കുന്നത് വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്.ഷഹീദ് ഖാൻ എന്ന് പേരുള്ള ഒരു ഐഡിയിൽ നിന്ന്, ഇരുപത്തിയഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം എത്തിയിരിക്കുന്നത്. നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങി.
ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇസ്രയേലിലെ ഇന്ത്യൻ എംബസി. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇസ്രയേലിൽ ഉള്ളവർക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലി അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കും +972 35226748 എന്ന നമ്പറിൽ ബന്ധപ്പെടാം.