Screenshot 2024 02 27 20 21 14 990 com.android.chrome edit

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇതിനാല്‍ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.

ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടമില്ലാത്തത് കാരണം മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്ക് ശമ്പളം ലഭിച്ചെന്ന് സൂചന. ഭൂരിപക്ഷം സർക്കാർ ജീവനക്കാർക്കും എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് ജീവനക്കാർ പ്രതിസന്ധിയിലായത്.

സിദ്ധാര്‍ത്ഥിന്‍റെ ഹോസ്റ്റലില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. സിദ്ധാര്‍ത്ഥനെ ആക്രമിച്ച പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിൽ കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായി എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. സിദ്ധാര്‍ത്ഥനെ ആക്രമിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി.

സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി സർവകലാശാല ഡീൻ ഡോ. എംകെ നാരായണൻ. സിദ്ധാർത്ഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. നടപടി ക്രമങ്ങൾക്ക്‌ വീഴ്ച ഉണ്ടായിട്ടില്ല. സംഭവത്തിൽ സർവകലാശാലയ്ക്ക് തെറ്റ് പറ്റിയിട്ടില്ല, ആരേയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഡീൻ എംകെ നാരായണൻ വ്യക്തമാക്കി.

സിദ്ധാർത്ഥിനെ മർദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി.  സിൻജോ ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.സിദ്ധാർത്ഥനെ മർദിച്ച് കൊന്നതാണെന്ന് കോളജിലെ ഒരു വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി മുൻപ് പോക്സോ കേസിൽ പ്രതി. 2022ൽ ഇയാളെ പോക്സോ കേസിൽ റിമാൻഡ് ചെയ്തിരുന്നു. ആർപിഎഫിൻ്റെ പിടിച്ചുപറിക്കേസിലും ഇയാൾ പ്രതിയാണ്. ഹസൻ കുട്ടി എന്ന പ്രതി  കുട്ടിയെ തട്ടികൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തിനാണെന്ന്പൊലീസ് സ്ഥിരീകരിച്ചു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എസ്.എഫ്.ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാര്‍ത്ഥിന്‍റെ മാതാപിതാക്കള്‍ ആരോപിക്കുന്നതെന്നും, ഈ സംഭവങ്ങൾക്കെല്ലാം ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകർ കൂട്ടുനിന്നത് വളരെ ഗൗരവമുള്ളതാണെന്നും കത്തില്‍ പറയുന്നു.

പൂക്കോട് കോളേജിലെ ഹോസ്റ്റലിൽ അലിഖിത നിയമങ്ങളാണെന്ന് റിമാൻഡ് റിപ്പോര്‍ട്ട്. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയെന്നും, എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും, കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു.

സിദ്ധാർഥിന് മർദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചുവെന്ന് സസ്പെന്‍ഷനിലായ മുന്‍ വി സി ശശീന്ദ്രനാഥ്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീൻ തന്നോട് പറഞ്ഞതെന്നും റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥന്റെ മരണം കൊലപാതകമാണെന്നും, പ്രതികളെ സംരക്ഷിക്കാൻ സിപിഎം ശ്രമം നടത്തുന്നുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വാര്‍ഡനാരാണെന്ന് ചോദിക്കുമ്പോൾ താനാണെന്ന് പറയുന്ന ആൾ ഹോസ്റ്റലിന്റെ കാര്യങ്ങൾ അറിയണമെന്നും അസിസ്റ്റന്റ് വാര്‍ഡനും, വാര്‍ഡനും ഹോസ്റ്റലിൽ കയറാറില്ലെന്നും. ഹോസ്റ്റലിൽ എന്ത് നടന്നാലും ഡീൻ ഉത്തരവാദിയാണ്, ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സിദ്ധാർത്ഥന്റെ അമ്മാവനും വ്യക്തമാക്കി.

നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റസ് രോഗബാധയിൽ ആശങ്ക തുടരുന്നു. പോത്തുകല്ല് മേഖലയിൽ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്കാണ്. അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്നും, സ്വയം ചികിത്സ ഒഴിവാക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

 

കേരള തീരത്തും തെക്കൻ തമിഴ് നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കുമെന്നും അറിയിപ്പിലുണ്ട്.

കൊയിലാണ്ടിയിൽ 20 പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോളേജ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ, കോളേജ് യൂണിയൻ ചെയർമാനെയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും കേസിൽ പ്രതി ചേർത്തു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഉള്ള വ്യക്തി വൈരാഗ്യമാണ് മർദ്ദന കാരണം എന്ന് എഫ്ഐആറിൽ പറയുന്നു.

കോഴിക്കോട് ദേവഗിരി സേവിയോ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മെഡിക്കല്‍ കോളേജ് കാമ്പസിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂര മര്‍ദ്ദനം. നിസാര കാരണത്തിനാണ് മര്‍ദ്ദനമെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

മലപ്പുറത്തെ വൈറൽ ഹെപ്പറ്റൈറ്റസ് രോഗബാധയിൽ ആശങ്ക. പോത്തുകല്ല് മേഖലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്കാണ്. രോഗം നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്വയം ചികിത്സ ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ സംയുക്ത റാലി ബിഹാറിലെ പാറ്റ്നയില്‍ നടന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ റാലിയിൽ പങ്കെടുത്തു. ബിഹാറിൽ നിന്ന് തുടങ്ങുന്ന ഈ കൊടുംങ്കാറ്റ് രാജ്യം മുഴുവൻ വീശിയടിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് 30 വർഷത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹർഷ് വർധൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താൻ രാഷ്ട്രീയം മതിയാക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. ഇന്നലെ മന്ത്രിസഭ യോഗത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ മന്ത്രിമാരായ രോഹിത്ത് താക്കൂർ, ജഗത് നേഗി എന്നിവർ ഇറങ്ങിപ്പോയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനത്തേക്ക് വീണ്ടും നിരീക്ഷകരെ അയച്ചേക്കും.

2022 ഒക്ടോബറിൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ട നിലയിൽ. കശ്മീരിലെ പുല്‍വാമ സ്വദേശിയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്‍റെ സെക്രട്ടറി ജനറലാണ് ഇയാൾ. പാകിസ്ഥാനിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മരണ കാരണം വ്യക്തമല്ലെന്ന് പാക് അധികൃതർ അറിയിച്ചു.

ബിജെപി നേതാവ് ഡോ ഹര്‍ഷവര്‍ധന്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. ഒരു തവണ ഡല്‍ഹി ആരോഗ്യമന്ത്രിയും രണ്ട് തവണ കേന്ദ്ര ആരോഗ്യമന്ത്രിയുമായിരുന്നു.ഇത്തവണ അദ്ദേഹത്തിന് ബിജെപി സീറ്റ് ലഭിച്ചില്ല. പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും നേതാക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു. മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനും സന്തോഷം അറിയിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *