◼️ദേശീയപാതാ റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ടെന്‍ഡര്‍ 21 ാം തീയതി ആയതിനാല്‍ സാവകാശം വേണമെന്ന് ദേശീയ പാത അതോറിറ്റി വാദിച്ചു. എന്നാല്‍ അതിനുമുന്‍പ് താത്കാലിക പണികള്‍ പൂര്‍ത്തിയാക്കണണമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. 90 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ള ദേശീയപാതയിലെ കുഴിയില്‍ വീണ് യാത്രക്കാര്‍ മരിക്കാന്‍ ഇടയാകരുത്. റോഡു തകര്‍ന്നതു കണ്ടാല്‍ ജില്ലാ കളക്ടര്‍ മാത്രമല്ല, വില്ലേജ് ഓഫീസറും റിപ്പോര്‍ട്ടു ചെയ്യണമെന്നാണു വ്യവസ്ഥയെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടി.
◼️ഗവര്‍ണര്‍ ഒപ്പുവച്ചില്ല. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. സംസ്ഥാന സര്‍ക്കാരും കേരള ഗവര്‍ണറും തമ്മില്‍ പോര്. ചീഫ് സെക്രട്ടറി അനുനയ സന്ദര്‍ശനം നടത്തി ഒപ്പിടണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും കണ്ണുമടച്ച് ഒപ്പിടില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉറച്ചുനിന്നു. ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. ഒപ്പിടുമെന്ന പ്രതീക്ഷയില്‍ അര്‍ധരാത്രിവരെ നിയമ വകുപ്പ് ഉദ്യോഗസ്ഥരും പ്രസ് ജീവനക്കാരും കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
◼️ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍. രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ നാറാത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുദര്‍ശനം. ദീര്‍ഘകാലം ബര്‍ലിനില്‍ പത്രപ്രവര്‍ത്തകനായിരുന്നു. അവസാന കാലത്ത് പ്രമേഹം മൂര്‍ച്ഛിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിട്ടു. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളുടെ ഷട്ടറുകളാണ് കൂടുതല്‍ ഉയര്‍ത്തിയത്. ശിരുവാണി, മലമ്പുഴ, പമ്പ, മാട്ടുപെട്ടി, ബാണാസുരസാഗര്‍, കാഞ്ഞിരപ്പുഴ, പാംബ്ല ഡാമുകളില്‍നിന്നു വെള്ളം തുറന്നുവിട്ടു.
◼️വീണ്ടും മഴ ഭീഷണി. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത. 12 ാം തിയതി വരെ ശക്തമായ മഴ ഉണ്ടാകും. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.
◼️ചേര്‍ത്തല പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ വെടിമരുന്നു പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. വെടിമരുന്നു സൂക്ഷിച്ച കെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു. പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ ക്ഷേത്രമായ ഇവിടെ സപ്താഹയജ്ഞത്തിനായി സൂക്ഷിച്ച കതിനയ്ക്കാണ് തീപിടിച്ചത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️അവയവദാനത്തിന് സമഗ്ര നിയമം തയാറാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിനു കീഴിലാക്കും. അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടര്‍ ചികിത്സ എന്നിവയില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. മന്ത്രി പറഞ്ഞു.
◼️വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വീണ്ടും കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവി രാമന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് എന്നിവരാണ് അംഗങ്ങള്‍. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചെങ്കിലും വീണ്ടും പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു.
◼️തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശി ആദംഅലിയാണു പിടിയിലായത്. വീട്ടമ്മയുടെ കൈകാലുകള്‍ കെട്ടി കിണറ്റിലെറിയാന്‍ ചുമന്നു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതിയെ പിടികൂടിയത്.
◼️കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഒരു നിക്ഷേപകനു നിക്ഷേപത്തുകയുടെ പകുതിയോളം കൈമാറി. ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സ തടസപെട്ട മാപ്രാണം സ്വദേശി ജോസഫിന്റെ കുടുംബത്തിനാണ് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ആര്‍ ബിന്ദു കൈമാറിയത്. സിപിഎം നേതാക്കള്‍ ക്രമക്കേടു നടത്തിയ ബാങ്കിലെ പത്തര ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ പകുതിയോളം തിരിച്ചുകൊടുക്കാനാണ് മന്ത്രിയും സിപിഎം നേതാക്കളും സഹിതം ബാങ്ക് ജീവനക്കാര്‍ എത്തിയത്. സുരേഷ് ഗോപി കഴിഞ്ഞ ദിവസം ജോസഫിന്റെ വീട് സന്ദര്‍ശിച്ച് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.
◼️ചികില്‍സ വേണമെങ്കില്‍ വീട്ടില്‍വന്നു കാണണമെന്നു പറഞ്ഞ ഡോക്ടര്‍മാരാണ് തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഹാജര്‍ രേഖപ്പെടുത്തി മുങ്ങുന്നവരെ സംരക്ഷിക്കാനാവില്ല. ഡോക്ടര്‍മാരുടെ സംഘടനകള്‍ ഡോക്ടര്‍മാര്‍ക്കുവേണ്ടി വാദിക്കുന്നതു സ്വാഭാവികമാണെന്നും മന്ത്രി.
◼️ആവിക്കല്‍ സമരത്തിനു പിറകില്‍ തീവ്രവാദികളാണെന്ന് സിപിഎം. എല്ലാ പാര്‍ട്ടികളും അംഗീകരിച്ച പദ്ധതിയാണ് ആവിക്കലിലേത്. നാടിന്റെ നന്മയ്ക്കായി നടപ്പാക്കുന്ന പദ്ധതിയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
◼️പന്തിരിക്കര ഇര്‍ഷാദ് കൊലപാതകക്കേസില്‍ കല്‍പ്പറ്റ സിജെഎം കോടതിയില്‍ കീഴടങ്ങിയ മൂന്നു പ്രതികളെ കേസ് നടക്കുന്ന അധികാര പരിധിയിലെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. പ്രതികളെ പൊലീസ് സുരക്ഷയില്‍ കൊണ്ടുപോകണം. കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യം കോടതി തള്ളി.
◼️ഖത്തറില്‍നിന്ന് എത്തിയ ശേഷം കാണാതായ കോഴിക്കോട് വളയം സ്വദേശി റിജേഷ് നാദാപുരം കോടതിയില്‍ ഹാജരായി. സഹോദരിയുടെ ബംഗളുരുവിലെ വീട്ടിലായിരുന്നു താനെന്ന് റിജേഷ് മൊഴി നല്‍കി. ഇയാളെ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
◼️ഭര്‍ത്താവിന്റെ ചികില്‍സയ്ക്കായി വീടുവില്‍ക്കാന്‍ ശ്രമിച്ച സ്ത്രീയില്‍നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ക്ലര്‍ക്കിനെ വിജിലന്‍സ് പോലീസ് പിടികൂടി. മുടങ്ങിയ കെട്ടിട നികുതി അടയ്ക്കാന്‍ കൈക്കൂലി വാങ്ങിയ അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക് പത്തനംതിട്ട അടൂര്‍ പറക്കോട് സ്വദേശി മനോജാണ് അറസ്റ്റിലായത്. കൈക്കൂലി വാങ്ങിയ പഞ്ചായത്തിലെ ഓവര്‍സിയര്‍ സജിനെതിരെ വിജിലന്‍സ് സംഘം അന്വേഷണം തുടങ്ങി. റവന്യൂ വകുപ്പ് മുന്‍ ഉദ്യോഗസ്ഥയും അടിമാലി പൊളിഞ്ഞപാലം സ്വദേശിയുമായ ജയയാണ് പരാതിക്കാരി.
◼️ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ നടപടി തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉചിതമായ അച്ചടക്ക നടപടിയെടുക്കാന്‍ സിപിഎം ജില്ലാ ഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തി.
◼️കാനം പക്ഷത്തിനു കോട്ടയത്തു തിരിച്ചടി. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി. ബിനു തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ ഔദ്യോഗിക പക്ഷത്തെ വി.കെ. സന്തോഷ് കുമാറിനെ തോല്‍പ്പിച്ചാണ് ബിനു ജില്ലാ സെക്രട്ടറിയായത്. കെ ഇ ഇസ്മയില്‍ പക്ഷക്കാരനാണ് ബിനു.
◼️സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 213 സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◼️യുവമോര്‍ച്ചയുടെ തിരംഗ് യാത്രക്കിടെ ദേശീയ പതാകയെ അവഹേളിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ദേശീയപതാക പൊതുമധ്യത്തില്‍ താഴ്ത്തിപിടിക്കുകയും നിലത്തു മുട്ടിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.
◼️കോഴിക്കോടുനിന്ന് കോയമ്പത്തൂരിലേക്കു കൊണ്ടുപോകുകയായിരുന്ന ഒന്നര കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായി. തമിഴ്നാട് മധുര സ്വദേശികളായ ശ്രീധര്‍, മഹേന്ദ്ര കുമാര്‍ എന്നിവരാണ് തുണി ബെല്‍റ്റില്‍ പൊതിഞ്ഞ് അരയില്‍ കെട്ടിയ സ്വര്‍ണക്കട്ടികളുമായി കസ്റ്റംസിന്റെ പിടിയിലായത്.
◼️എറണാകുളം ഐലന്റ് ജെട്ടിയില്‍ ബോട്ടു യാത്രക്കാരന്‍ കായലിലേക്കു ചാടി. വൈപ്പിനില്‍നിന്ന് കയറിയ യാത്രക്കാരനാണ് ബോട്ടില്‍ നിന്ന് ചാടിയത്. തിരച്ചില്‍ നടത്തിയെങ്കിലും ചാടിയയാളെ കണ്ടെത്താനായില്ല.
◼️കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചുകാരി പ്രസവിച്ചു. 2016 ല്‍ കുളത്തൂപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്.
◼️ബിഹാറില്‍ ഇന്നു നിര്‍ണായക തീരുമാനം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎ വിട്ടേക്കും. ഇന്ന് പാര്‍ട്ടി എം എല്‍ എമാരുടെയും നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളുമായി നിതീഷ് സംസാരിച്ചിരുന്നു.
◼️മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് വേദിയായ ടിവി പരിപാടിയുടെ വാര്‍ത്താ അവതാരകയെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി. വാര്‍ത്താ അവതാരക നവികാ കുമാറിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
◼️ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുഭവങ്ങളുടെ പാഠപുസത്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ വെങ്കയ്യനായിഡുവിന് നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രമന്ത്രി, ജനപ്രതിനിധി, ബിജെപി അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ പ്രശംസനീയമായ പ്രകടനമാണ് വെങ്കയ്യനായിഡു കാഴ്ചവച്ചതെന്ന് മോദി പറഞ്ഞു. ഒന്നാം വയസില്‍ വെങ്കയ്യ നായിഡുവിന് അമ്മയെ നഷ്ടപ്പെട്ടതു ഡെറിക് ഒബ്രിയാന്‍ എംപി വിവരിച്ചപ്പോള്‍ വെങ്കയ്യനായിഡു വിതുമ്പി. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രസംഗിച്ചു.
◼️എയര്‍ ഇന്ത്യ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവു പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് ഇളവ്. യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.
◼️കര്‍ണാടകത്തിലെ ലൈംഗിക തൊഴിലാളികളെ കൊലപ്പെടുത്തിയിരുന്ന സീരിയല്‍ കില്ലറും കാമുകിയും പിടിയില്‍. സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളില്‍ വലിച്ചെറിഞ്ഞ പ്രതികള്‍ നാലാമത്തെ കൊലപാതകത്തിന് ഒരുങ്ങുന്നതിനിടെയാണ് ചന്ദ്രകലയും കാമുകന്‍ സിദ്ധലിംഗപ്പയും അറസ്റ്റിലായത്. ജൂണ്‍ എട്ടിന് മാണ്ഡ്യയിലെ കനാലിനു സമീപം സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം.
◼️ചൈനീസ് വ്യവസായ ഭീമന്മാരെ ഒതുക്കാന്‍ ഇന്ത്യ. 12,000 രൂപയില്‍ കുറവുള്ള ചൈനയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്താനാണു നീക്കം. റിയല്‍മി, ഷവോമി തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളുടെ കച്ചവടം പൂട്ടിക്കാനാണു നീക്കം.
◼️അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടെന്നും നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റെന്നും ഐക്യരാഷ്ട്ര സഭ. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് താലിബാന്‍ സര്‍ക്കാരിനോട് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചു.
◼️ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബര്‍മിംഗ്ഹാമില്‍ പ്രൗഢോജ്വലമായ സമാപനം. ഇന്നലെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയുമായിറങ്ങിയ അഞ്ചിനങ്ങളില്‍ ഇന്ത്യക്ക് നാലിലും സ്വര്‍ണം.ബാഡ്മിന്റണില്‍ വനിതകളുടെ സിംഗിള്‍സില്‍ പി.വി.സിന്ധുവും പുരുഷന്‍മാരുടെ സിംഗിള്‍സില്‍ ലക്ഷ്യസെന്നും പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി – സാത്വിക് സായ് രാജ് സഖ്യവും സ്വര്‍ണം നേടി. ടേബിള്‍ ടെന്നീസിലെ പുരുഷ സിംഗിള്‍സില്‍ ശരത് കമാലിലൂടെ ഇന്ത്യ ഇന്നലെ നാലാമത്തെ സ്വര്‍ണം നേടി. അതേസമയം പുരുഷ ഹോക്കി ഫൈനലില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ ഇന്ത്യ നാണംകെട്ടു. എതിരില്ലാത്ത ഏഴ് ഗോളിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം വെള്ളിയില്‍ ഒതുങ്ങി. 66 സ്വര്‍ണമടക്കം 178 മെഡലുകളോടെ ഓസ്‌ട്രേലിയ ഒന്നാം സഥാനത്തും 57 സ്വര്‍ണമടക്കം 176 മെഡലുകളോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമെത്തി. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും നേടി മെഡല്‍ നേട്ടം 61 ല്‍ എത്തിച്ച ഇന്ത്യയുടെ സ്ഥാനം 26 സ്വര്‍ണമടക്കം 92 മെഡലുകള്‍ നേടിയ കാനഡക്കു പിന്നില്‍ നാലാമതാണ്.
◼️ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയും വൈസ് ക്യാപ്റ്റനായി കെ.എല്‍രാഹുലും ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനെയും മലയാളി താരം സഞ്ജു സാംസണെയും പരിഗണിച്ചില്ല. പരുക്കിനെ തുടര്‍ന്നു പേസര്‍മാരായ ജസ്പ്രീത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയും ഒഴിവാക്കി.
◼️ആഗോള സാമ്പത്തികഞെരുക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ജൂലായില്‍ കയറ്റുമതി വരുമാനം 0.76 ശതമാനം ഇടിഞ്ഞ് 3,524 കോടി ഡോളറിലെത്തിയതാണ് ആശങ്ക. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വരുമാനമാണിത്. ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് കയറ്റുമതി വിഭാഗങ്ങളില്‍ ഏഴും കഴിഞ്ഞമാസം തളര്‍ന്നു. എന്‍ജിനിയറിംഗ് ഉത്പന്നങ്ങള്‍ (2.5 ശതമാനം), പെട്രോളിയം ഉത്പന്നങ്ങള്‍ (7.1 ശതമാനം), ജെം ആന്‍ഡ് ജുവലറി (5.2 ശതമാനം), ഫാര്‍മസ്യൂട്ടിക്കല്‍സ് (1.4 ശതമാനം), റെഡിമെയ്ഡ് വസ്ത്രങ്ങള്‍ (0.6 ശതമാനം), കോട്ടണ്‍നാര് (28.3 ശതമാനം), പ്ലാസ്റ്റിക് (3.4 ശതമാനം) എന്നിവയാണവ. കെമിക്കല്‍സ് (7.9 ശതമാനം), ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ (46.1 ശതമാനം), അരി (30.2 ശതമാനം) എന്നിവ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും മൊത്തം കയറ്റുമതി തളര്‍ച്ചയെ തടയാനായില്ല. കഴിഞ്ഞമാസം ഇറക്കുമതി 4,615 കോടി ഡോളറില്‍ നിന്ന് 6,626 കോടി ഡോളറിലേക്ക് കുതിച്ചുയര്‍ന്നു.
◼️പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവരില്‍ നിന്നും ഉപയോക്താക്കളുടെ അക്കൗണ്ട് രക്ഷിക്കുകയാണ് വാട്ട്സ്ആപ്പിന്റെ ലക്ഷ്യം. ഇതിനാവശ്യമായ ഫീച്ചര്‍ ചേര്‍ക്കാന്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലോഗിന്‍ അപ്രൂവല്‍ എന്നാണ് ഈ ഫീച്ചറിന്റെ പേര്. നിലവില്‍ വാട്ട്സ്ആപ്പ് ഈ ഫീച്ചര്‍ ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഒരു ഉപയോക്താവ് മറ്റൊരു സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഏതെങ്കിലും അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് വാട്ട്‌സാപ്പിനുള്ളില്‍ നിന്ന് അലര്‍ട്ടുകള്‍ ലഭിക്കും. ലോഗിന്‍ അപ്രൂവല്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇന്‍-ആപ്പ് അലര്‍ട്ട് നല്‍കുമ്പോള്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.
◼️നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ആദ്യ ഇന്ത്യന്‍ വെബ് സീരിസ് ‘ഡല്‍ഹി ക്രൈമിന്റെ’ സെക്കന്റ് സീസണ്‍ എത്തുന്നു. ആദ്യ സീസണിലെ സസ്പെന്‍സുകള്‍ അഴിച്ചുകൊണ്ടായിരിക്കും സെക്കന്റ് സീസണ്‍ എത്തുക. നെറ്റ്ഫ്ലിക്സില്‍ ആഗസ്റ്റ് 26-ണ് സീരിസിന്റെ സംപ്രേഷണം ആരംഭിക്കുക. നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി ക്രൈം ഇന്റര്‍നാഷ്ണല്‍ എമ്മി പുരസ്‌കാരത്തിന് അര്‍ഹത നേടിയിരുന്നു. മികച്ച ഡ്രാമാ സീരിസ് എന്ന വിഭാഗത്തിലാണ് പുരസ്‌ക്കാരം ലഭിച്ചത്. റിച്ചീ മെഹ്തയാണ് സീരീസിന്റെ സംവിധായകന്‍. ഷെഫാലി ഷായാണ് സീരീസിലെ പ്രധാന കഥാപാത്രത്തില്‍ എത്തുന്നത്. നിര്‍ഭയ കേസ് അന്വേഷിക്കുന്ന കമ്മീഷണറുടെ വേഷമാണ് ഷെഫാലി അവതരിപ്പിച്ചിരിക്കുന്നത്.
◼️ഫഹദ് ഫാസിലിന്റേതായി ഒടുവില്‍ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘മലയന്‍കുഞ്ഞ്’. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മലയന്‍കുഞ്ഞ് ഓഗസ്റ്റ് 11ന് ഒടിടിയില്‍ എത്തും. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും. 30 അടി താഴ്ചയില്‍ അകപ്പെട്ട അനിക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് മലയന്‍കുഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഫഹദിന്റെ മറ്റൊരു മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്ന ചിത്രം എന്ന പ്രത്യേകതയും മലയന്‍കുഞ്ഞിന് ഉണ്ട്.
◼️കഴിഞ്ഞമാസം (ജൂലായ്) ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ടോപ്പ് 10 പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ടാറ്റാ മോട്ടോഴ്‌സിന്റെ പുതുപുത്തന്‍ എസ്.യു.വി പഞ്ച്. 11,007 യൂണിറ്റുകളുടെ വില്പനയുമായി പത്താംസ്ഥാനത്താണ് പഞ്ച്. ടാറ്റയുടെ കോംപാക്റ്റ് എസ്.യു.വിയായ നെക്‌സോണ്‍ 14,214 യൂണിറ്റ് വില്പനയുമായി നാലാം സ്ഥാനത്തുണ്ട്. ടോപ്പ് 10ല്‍ ആറു മോഡലുകളും മാരുതി സുസുക്കിയുടേതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളും മാരുതിയുടെ താരങ്ങള്‍ സ്വന്തമാക്കി. 22,588 യൂണിറ്റുകളുമായി വാഗണ്‍ ആറാണ് ഒന്നാമത്. 17,960 പുതിയ ഉപഭോക്താക്കളുള്ള സ്വിഫ്റ്റാണ് രണ്ടാമത്. 17,539 യൂണിറ്റുകളുമായി ബലേനോ മൂന്നാംസ്ഥാനം സ്വന്തമാക്കി. 13,747 യൂണിറ്റുകളുമായി മാരുതി ഡിസയര്‍ അഞ്ചാംസ്ഥാനം നേടി. മാരുതി ഈക്കോയ്ക്കാണ് ആറാംസ്ഥാനം; 13,048 യൂണിറ്റുകള്‍. മാരുതി എസ്-പ്രസോ 11,268 യൂണിറ്റുകളുമായി ഒമ്പതാംസ്ഥാനത്തുണ്ട്. ഏഴും എട്ടും സ്ഥാനങ്ങളില്‍ യഥാക്രമം ഹ്യുണ്ടായിയുടെ ക്രെറ്റയും വെന്യുവുമാണ്. ക്രെറ്റ 12,625 പുതിയ ഉപഭോക്താക്കളെ നേടിയപ്പോള്‍ വെന്യു സ്വന്തമാക്കിയത് 12,000 പേരെ.
◼️തികച്ചും ഉദ്വേഗജനകമായ നോവലാണ് തമ്പി പാവക്കുളത്തിന്റെ ‘താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍’. ഭൂട്ടാന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറിന്റെ സ്വഭാവമാണുള്ളത്. ഗ്രീന്‍ ബുക്സ്. വില 209 രൂപ.
◼️ഇന്ത്യയിലെ അര്‍ബുദകേസുകളില്‍ പൊതുവായി കാണുന്ന അര്‍ബുദമാണ് കുടലിനെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍. സാധാരണ 50 വയസ്സിന് മുകളിലുള്ളവരെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍ ഇപ്പോള്‍ ജീവിതശൈലി മാറ്റങ്ങളുടെയും മറ്റും ഭാഗമായി യുവാക്കളിലും കണ്ടു വരുന്നുണ്ട്. മലദ്വാരത്തിലൂടെ ഒരു ട്യൂബ് കയറ്റി വിട്ടുള്ള കൊളോണോസ്‌കോപ്പി പരിശോധന വഴിയാണ് കോളന്‍ അര്‍ബുദം കണ്ടെത്തുന്നത്. എന്നാല്‍ ആദ്യ ഘട്ടങ്ങളില്‍ തന്നെ ഈ അര്‍ബുദം കണ്ടെത്താന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ബിസിഎ എന്നാണ് ഈ ലക്ഷണങ്ങളെ ചുരുക്കത്തില്‍ പറയുന്നത്. ഇതിലെ ‘ബി’ ബ്ലീഡിങ് അഥവാ രക്തസ്രാവത്തെ കുറിക്കുന്നു. മലദ്വാരത്തിലൂടെ രക്തമൊഴുകുന്നത് ഈ അര്‍ബുദത്തിന്റെ ഒരു ലക്ഷണമാണ്. ഇതിനാല്‍ എപ്പോഴും മലവിസര്‍ജനം നടത്തിയ ശേഷം രക്തത്തിന്റെ സാന്നിധ്യം മലത്തിലുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. വയറ്റില്‍ നിന്ന് പോകുന്നതില്‍ എന്തെങ്കിലും മാറ്റം അഥവാ ചേഞ്ച് വരുന്നുണ്ടോ എന്നതിനെ കുറിക്കുന്നതാണ് ‘സി’. മൂന്ന് നാലാഴ്ചകളോളം മലവിസര്‍ജ്ജനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ തുടര്‍ച്ചയായി കണ്ടെത്തിയാല്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കാം. അബ്ഡോമിനല്‍ പെയിന്‍ അഥവാ വയര്‍ വേദനയെ കുറിക്കുന്നതാണ് ‘എ’. ഇതിനൊപ്പം അതികഠിനമായ ക്ഷീണവും വയറില്‍ മുഴ പോലത്തെ തോന്നലും വരും. ഈ ലക്ഷണങ്ങളെല്ലാം മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. കാരണമില്ലാത്ത ഭാരനഷ്ടത്തിനും കോളന്‍ അര്‍ബുദം വഴിവയ്ക്കും. പ്രത്യേകിച്ച് ഭക്ഷണനിയന്ത്രണമോ വ്യായാമമോ കൂടാതെ തന്നെ ഭാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതും കോളന്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങളിലൊന്നായി എടുക്കണം. ഈ അര്‍ബുദബാധിതരില്‍ മലവിസര്‍ജ്ജനത്തിന് ശേഷവും വയര്‍ പൂര്‍ണമായും ഒഴിഞ്ഞതായ തോന്നല്‍ ഉണ്ടാവുകയില്ല. കുടലിലെ അര്‍ബുദം കണ്ടെത്തുന്നതിനുള്ള രക്തപരിശോധന വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചില്‍ നടക്കുന്നുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ ഈ രക്തപരിശോധനയിലൂടെ നേരത്തെ അര്‍ബുദ രോഗനിര്‍ണയം നടത്താന്‍ സാധിച്ചേക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
1812ല്‍ ഇംഗ്ലണ്ടിലാണ് അയാള്‍ ജനിച്ചത്. അവന് അച്ഛന്‍ മാത്രമാണുണ്ടായിരുന്നത്. ഒരു ബിസിനസ്സില്‍ തകര്‍ന്ന് അവന്റെ അച്ഛന്‍ ജയിലിലായി. പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അവന്‍ തെരുവിലേക്ക് എറിയപ്പെട്ടു. ഒരുപാട് നാളത്തെ അലച്ചിലിനൊടുവില്‍ അവന്‍ ഒരു ചെറിയ ജോലി തരപ്പെടുത്തി. ഒരു ഉത്പന്നം കയറ്റുമതി ചെയ്യുന്ന കുപ്പികളുടെ പുറത്ത് ഉള്ളടക്കത്തെപ്പറ്റിയുള്ള ലേബല്‍ ഒട്ടിക്കുക. അവന്റെ പണിപ്പുരയുടെ മൂലയില്‍ തന്നെ കിടക്കാനൊരിടവും ആ കമ്പനി അവന് നല്‍കി. നിറയെ അഴുക്കുകൂമ്പാരങ്ങള്‍ നിറഞ്ഞതായിരുന്നു ആ പണിസ്ഥലം. ഒപ്പം നിറയെ എലികളും. തന്റെ ലോകത്ത് ചെറിയ ജോലികള്‍ ചെയ്യുമ്പോഴും അവനൊരു സ്വപ്നമുണ്ടായിരുന്നു. ഒരു എഴുത്തുകാരനാകണം. വെറും നാലാംക്ലാസ്സ് മാത്രം വിദ്യാഭ്യാസയോഗ്യതയുളള തനിക്ക് ഇതൊരു അതിമോഹമാണെന്ന് അവന് നല്ല ബോധ്യമായിരുന്നു. എങ്കിലും ആ അതിമോഹത്തെ അവന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. രാത്രികള്‍ തന്റെ സ്വപ്നത്തിനായി അവന്‍ മാറ്റിവെച്ചു. താന്‍ എഴുതിയതെല്ലാം ആരും കാണാതെ ചില പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുത്തു. ഒരു സ്ഥലത്ത് നിന്നും മറുപടിയൊന്നും വന്നില്ലെങ്കിലും അവന്‍ തന്റെ എഴുത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം ഒരു പത്രാധിപരില്‍ നിന്ന് ഒരു അനുകൂലമായ ഒരു മറുപടി ലഭിച്ചു. പിന്നെ ഒന്നിനു പിറകെ ഒന്നൊന്നായി കൃതികള്‍ പുറത്തുവന്നു. അന്നത്തെ സമൂഹികാവസ്ഥയെ അപഗ്രഥനം ചെയ്തും വിമര്‍ശിച്ചും ധാരാളം കൃതികള്‍ ജനശ്രദ്ധപിടിച്ചുപറ്റി. വെറും നാലാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള അയാളുടെ കൃതികള്‍ പഠന വിഷയമായി മാറി.. ലോകം അത്ഭുതത്തോടെ അദ്ദേഹത്തെ ഇങ്ങനെ വിളിച്ചു. ചാള്‍സ് ഡിക്കന്‍സ്. ജന്മസിദ്ധമായ കഴിവുകള്‍ നമുക്ക് ധാരാളം ഉണ്ടാകും. അവയെ നിരന്തരപരിശ്രമത്തിലൂടെ രാകി മിനുക്കാന്‍ ശ്രമിച്ചാല്‍ നാം ഉയരങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും – ശുഭദിനം.