mid day hd 12

 

ഡല്‍ഹി അതിര്‍ത്തിയിലേക്കു കൂടുതല്‍ കര്‍ഷകര്‍. ശംഭു അതിര്‍ത്തിയില്‍ കിലോ മീറ്ററുകളോളം നീളത്തില്‍ ട്രാക്ടറുകള്‍ നിരന്നു. പോലീസും പ്രതിരോധം ശക്തമാക്കിയതോടെ യുദ്ധസമാനമായ സ്ഥിതി. എന്തു തടസമുണ്ടായാലും സമരവുമായി മുന്നോട്ടുപോകുമെന്നു കര്‍ഷകര്‍. ഒരു വര്‍ഷത്തിലേറെ നീണ്ട സമരം അവസാനിപ്പിച്ച രണ്ടു വര്‍ഷംമുമ്പുണ്ടാക്കിയ ഒത്തുതീര്‍പ്പിലെ മുഖ്യവ്യവസ്ഥയായ താങ്ങുവില വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. കര്‍ഷകരെ നേരിടാന്‍ ദേശീയ പാത അടച്ചു. ചിലയിടങ്ങളില്‍ പോലീസ് റോഡുകള്‍ ജെസിബികൊണ്ട് കുഴിച്ച് കിടങ്ങുണ്ടാക്കി. ഗതാഗതം തടഞ്ഞു. ഇതേസമയം കര്‍ഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധം ആരംഭിച്ചു. കോണ്‍ഗ്രസ് പിസിസികളുടെ നേതൃത്വത്തില്‍ 16 ന് പ്രതിഷേധ പരിപാടികള്‍ നടത്തും.

കേരളീയം പരിപാടിയുടെ കണക്കുകള്‍ നിയമസഭയിലും രഹസ്യമാക്കി സര്‍ക്കാര്‍. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നായിരുന്നു എംഎല്‍എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. നവകേരള കേരള സദസില്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ ഓടിയതിന്റെ ചെലവ് സംബന്ധിച്ചും കൃത്യമായ കണക്കുകളില്ല. എല്ലാം സ്‌പോണ്‍സര്‍ഷിപ്പിലെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം.

ഇടതു മുന്നണിയില്‍ ഒരു തര്‍ക്കവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആര്‍ജെഡിക്ക് പ്രത്യേക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. സിപിഎമ്മിന്റെ 16 സീറ്റില്‍ ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുത്തു. 15 സീറ്റുകളില്‍ സിപിഎം മത്സരിക്കും. സിപിഐ നാലിടത്തു മല്‍സരിക്കും. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1961നു ശേഷം മണിപ്പൂരില്‍ കുടിയേറി സ്ഥിരതാമസമാക്കിയവരെ നാടു കടത്തുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍സിംഗ്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തൃപ്പൂണിത്തുറയില്‍ വെടിക്കോപ്പ് പൊട്ടിത്തെറിച്ച തകര്‍ന്ന 15 വീടുകളുടെ ഉടമകള്‍ നഷ്ടപരിഹാരം തേടി ഹൈക്കോടതിയിലേക്ക്. 150 ലേറെ വീടുകള്‍ ഭാഗീകമായി തകര്‍ന്നെന്നാണ് കണക്കുകള്‍. കോടതിയെ സമീപിച്ചില്ലെങ്കില്‍ നീതി ലഭിക്കില്ലെന്നു നിയമോപദേശം ലഭിച്ചതോടെയാണ് നഷ്ടം സംഭവിച്ചവര്‍ കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

കണ്ണൂര്‍ കൊട്ടിയൂരില്‍നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടുവ ചത്തത്. കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പി വേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്.

നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മാനന്തവാടിയിലെ കൊലയാളി മോഴയാനയായ ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴയാനയും. കാണാന്‍ ഒരുപോലുള്ള ആനകളാണ്. കൊലയാളി ആനയുടെ കഴുത്തില്‍ റേഡിയോ കോളറുണ്ട്. ആനയെ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥ കേന്ദ്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശിവക്ഷേത്രമായിരുന്നെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയായ ആര്‍.വി. ബാബുവിന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വീഴ്ചവരുത്തിയ കാസര്‍ഗോഡ് ജില്ലയിെ മണ്ഡലം പ്രസിഡന്റുമാരെ നീക്കം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ കെ പി ബാലകൃഷ്ണന്‍(കാഞ്ഞങ്ങാട്), രവി പൂജാരി(കുമ്പള), ബാബു ബന്ദിയോട്(മംഗല്‍പാടി), മോഹന്‍ റൈ(പൈവെളിഗെ), എ.മൊയ്ദീന്‍ കുഞ്ഞ്(മടിക്കൈ) എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്‌കാന്‍ ചെയ്യാന്‍ എത്തി അക്രമാസക്തനായ യുവാവിനെ ആശുപത്രി ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ആക്രമണത്തില്‍ ഒരു ജീവനക്കാരിക്ക് മര്‍ദനമേറ്റു. യന്ത്രസാമഗ്രികള്‍ തകര്‍ത്തിട്ടുമുണ്ട്.

കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ഗണപതി ഹോമം. സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടില്‍പാലം പൊലീസ് സ്ഥലത്തെത്തി. പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇന്നും സ്‌കൂളിലേക്ക് മാര്‍ച്ചു നടത്തി. പൂജ നടത്തിയതു തന്റെ അറിവോടെയല്ലെന്നും രാത്രി നാട്ടുകാര്‍ അറിയിച്ചപ്പോള്‍ പൂജ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി.കെ. സജിത. സ്‌കൂളില്‍ അതിക്രമിച്ചുകയറിയവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സമരാഗ്‌നി പ്രചരണ വീഡിയോക്കു ബിജെപി നേതാവായ കര്‍ഷകന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് കെപിസിസി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ക്കെതിരേ പത്തനംതിട്ട പുല്ലാട് സ്വദേശി അജയകുമാര്‍ പോലീസില്‍ പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വീഡിയോയിലാണ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ അജയകുമാറിന്റെ ദൃശ്യം ഉപയോഗിച്ചത്.

പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി ആഴകടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. പൊന്നാനി സ്വദേശി അബ്ദുള്ളക്കുട്ടിയുടെ ഭാരത് എന്ന ബോട്ടിലെ മത്സ്യ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ച

കോഴിക്കോട് കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അഞ്ചു പോലീസുകാര്‍ ഉള്‍പെടെ 22 പേര്‍ക്ക് പരിക്കേറ്റു. പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.

കൊല്ലം ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിനു (41)ആണ് മരിച്ചത്.

നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍. ഉദിയന്‍കുളങ്ങര അഴകിക്കോണം സ്വദേശി അജികുമാര്‍ (45) ആണ് മരിച്ചത്.

വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്.

മോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ഇന്ത്യയും യുഎഇയും തമ്മില്‍ എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. നിക്ഷേപ ഉടമ്പടി, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ ഇന്റര്‍ലിങ്കിങ് എന്നിങ്ങനെയുള്ള ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമല്‍ ഖാലിദ് സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ അറിയിച്ചു. ഉമര്‍ഖാലിദിന്റെ ജാമ്യാപേക്ഷ പരി?ഗണിക്കുന്നത് സുപ്രീംകോടതി നിരവധി തവണ മാറ്റിവച്ചിരുന്നു.

കല്യാണ ദിവസം കുതിരപ്പുറത്തു കയറിയത്തിന് ദളിത് യുവാവിന് മര്‍ദനം. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലാണ് സംഭവം. താക്കൂര്‍ സമുദായത്തില്‍ പെട്ടവരാണ് യുവാവിനെ മര്‍ദിച്ചത്. താക്കൂര്‍ സമുദായത്തില്‍പെട്ടവര്‍ക്കു മാത്രമേ കുതിരപ്പുറത്തു കയറാവൂവെന്നാണ് ഗുജറാത്തിലെ ജാതിവിവേചനം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഭാരവാഹികളാണ് അറസ്റ്റിലായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *