കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് സുപ്രീംകോടതി. കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച നടത്തണമെന്നാണു സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ചിനിടെ സംഘര്‍ഷം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനു കര്‍ഷകര്‍ ട്രാക്ടറുകളിലാണു ഡല്‍ഹിയിലേക്ക് ഒഴുകുന്നത്. പഞ്ചാബില്‍നിന്നുള്ള മാര്‍ച്ച് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ തടഞ്ഞു. അതിര്‍ത്തിയായ അമ്പാലയില്‍ സമരക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സമരക്കാരെ നേരിടാന്‍ ഹരിയാന പോലീസ് ബാരിക്കേഡുകളും മുള്ളുവേലികളും ജലപീരങ്കികളും സജ്ജമാക്കിയിട്ടുണ്ട്. അറസ്റ്റു ചെയ്യുന്ന കര്‍ഷകരെ അടച്ചിടാന്‍ ഡല്‍ഹി ബാവനയിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയം താത്കാലിക ജയിലാക്കാന്‍ വിട്ടുതരണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നിരാകരിച്ചു. ചട്ടിയും കലവും കുടിവെള്ളവും അടക്കമുള്ള സന്നാഹങ്ങളുമായാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തു വ്യാപാര സ്ഥാപനങ്ങള്‍ തുറന്നില്ല. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു.
മാസപ്പടി കേസില്‍ കെഎസ്‌ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് കേന്ദ്രസര്‍ക്കാര്‍. വിശദീകരണം നല്‍കണമെന്ന ആര്‍ഒസി നോട്ടീസ് കെഎസ്‌ഐഡിസി അവഗണിച്ചു. ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ കെഎസ്‌ഐഡിസിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ മറുപടി നല്‍കിയില്ല. ഇക്കാര്യം കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
അവശ്യസാധനങ്ങള്‍ പോലും വിതരണം ചെയ്യാനില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്നു ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിന് അനുമതി ലഭിച്ചില്ല. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേന്ദ്ര നിലപാടുകള്‍ കാരണം സാമ്പത്തിക പ്രയാസം ഉണ്ടെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി ജി.ആര്‍. അനില്‍ മറുപടി നല്‍കി. തുടര്‍ന്ന് പ്രതിപക്ഷവും മന്ത്രിയും തമ്മില്‍ സഭയില്‍ വാഗ്വാദമുണ്ടായി.
തൃപ്പൂണിത്തുറ പടക്ക സ്‌ഫോടനത്തില്‍ തകര്‍ന്ന എട്ടു വീടുകള്‍ക്കും ഭാഗികമായി തകരുകയോ ബലക്ഷയമുണ്ടാകുകയോ ചെയ്ത 40 വീടുകള്‍ക്കും പുതിയകാവ് ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍. വെടിക്കെട്ടിന്റേയും സ്‌ഫോടനത്തിന്റെയം ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വീട് തകര്‍ന്നവര്‍ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലര്‍മാരും ഇതേ ആവശ്യം ഉന്നയിച്ചു.
14 വര്‍ഷം മുമ്പ് പാലക്കാട് പെരുവമ്പ് സ്വദേശി രാജേന്ദ്രനെ ആള്‍ക്കൂട്ട കൊലപാതകം നടത്തിയ കേസിലെ എട്ടു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്. പെരുവമ്പ് സ്വദേശികളായ വിജയന്‍, കുഞ്ചപ്പന്‍, ബാബു, മുരുകന്‍, മുത്തു, രമണന്‍, മുരളീധരന്‍, രാധാകൃഷ്ണന്‍ എന്നിവരെയാണ് പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മനോദൗര്‍ബല്യമുള്ള രാജേന്ദ്രനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തയത്. രാജേന്ദ്രന്റെ വീടിനു സമീപമുള്ള ഓലപ്പുര ആരോ കത്തിച്ചിരുന്നു. ഇത് രാജേന്ദ്രനാണ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി. വനം വകുപ്പ് സംഘം സ്ഥലത്തെത്തി കടുവയെ മയക്കുവെടി വച്ചു പിടികൂടി.
വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍നിന്നുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തി. മലയോര മേഖലകളില്‍നിന്നുള്ള 15 എംഎല്‍എമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
വയനാട്ടില്‍ ഇന്നു ഹര്‍ത്താല്‍. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്കിറങ്ങി ജനങ്ങളെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയുന്നില്ല. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. വ്യാപാരി ഹര്‍ത്താല്‍ മൂലം കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
മാനന്തവാടിയില്‍ ആളെക്കൊല്ലി ആന ബേലൂര്‍ മഖ്‌നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ദൗത്യവുമായി നാലാം ദിവസവും വനംവകുപ്പ് വനാതിര്‍ത്തിയില്‍. ആന ഇരുമ്പുപാലം എന്ന സ്ഥലത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ബേഗൂല്‍, ചേലൂര്‍, ബവാലി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിരുവനന്തപുരത്തെ റോഡ് പണി വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം. അനാവശ്യ വിവാദം ഉണ്ടാക്കാന്‍ പാടില്ലായിരുന്നെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
റേഷന്‍ കടകളില്‍ സ്ഥാപിക്കാനുള്ള മോദി സര്‍ക്കാരിന്റെ ഗ്യാരന്റി എന്ന പ്രചാരണ ഫ്‌ള്ക്‌സ് ബോര്‍ഡുകള്‍ തിരുവനന്തപുരത്ത് എത്തി. മോദിയുടെ ഫോട്ടോയ്ക്കു താഴെ എല്ലാവര്‍ക്കും ഭക്ഷണം, ഏവര്‍ക്കും പോഷണം എന്നു മലയാളത്തില്‍ എഴുതിയ ബോര്‍ഡ് റേഷന്‍ കടകളില്‍ വയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ബോര്‍ഡുകള്‍ എഫ്‌സിഐ ഗോഡൗണുകളിലും ഓഫീസുകളിലും പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം നാലാഞ്ചിറയില്‍നിന്നു കാണാതായ 12 വയസുകാരന്‍ കോണ്‍വന്റ് ലൈനില്‍ ജിജോയുടെ മകന്‍ ജോഹിനെ കുറവംകോണത്തുനിന്നു കണ്ടെത്തി. കുട്ടിയെ പരിചയമുളളയാള്‍ തിരിച്ചറിഞ്ഞ് വിവരം അറിയിക്കുകയായിരുന്നു. നാലാഞ്ചിറയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള കുറവംകോണത്തേക്ക് കുട്ടി നടന്നു പോകുകയായിരുന്നു.
പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയെന്ന് പോലീസ്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്ന് പൊലീസ് പറയുന്നു.
കണ്ണൂരില്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. കപ്പക്കടവ് സ്വദേശി മുഹമ്മദ് സഫ്വാനാണ് അറസ്റ്റിലായത്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
ഇടുക്കി ചിന്നക്കനാലില്‍നിന്നു നാട് കടത്തിയ കാട്ടാന അരിക്കൊമ്പന്‍ ചരിഞ്ഞെന്നു വ്യാജപ്രചാരണം. എന്നാല്‍ ആന ആരോഗ്യവാനായി അപ്പര്‍ കോതയാര്‍ വനമേഖലയിലുണ്ടെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.
പത്തനംതിട്ട മൂഴിയാര്‍ കൊച്ചാണ്ടിയില്‍ മധ്യവയസ്‌കന്‍ അജി വീട്ടില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സഹോദരന്‍ മഹേഷിനെ (43) പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ച ശേഷം ഉണ്ടായ വഴക്കിനെത്തുടര്‍ന്നാണു കൊലപാതകം നടന്നത്.
രാമായണവും മഹാഭാരതവും സാങ്കല്‍പിക കഥയാണെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞ അധ്യാപികയെ പിരിച്ചുവിട്ടു. മംഗലാപുരത്തെ കോണ്‍വെന്റ് സ്‌കൂളിലാണ് സംഭവം. ബിജെപി ഉള്‍പ്പെടെയുള്ള സംഘനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് പിരിച്ചുവിട്ടത്.
മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹ തട്ടിപ്പിന് ഇരയായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥ നീതിക്കായി കോടതിയില്‍. ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട രോഹിത് രാജ് എന്നയാളെ വിവാഹം ചെയ്ത ഡിഎസ്പി ശ്രേഷ്ഠ താക്കൂര്‍ ആണ് വിവാഹ മോചനത്തിനും വഞ്ചനയ്ക്കും നഷ്ടപരിഹാരത്തിനുമായി ലക്‌നോവിലെ കോടതിയെ സമീപിച്ചത്.
നാട്ടിലേക്കു പണമയക്കാനുള്ള ഫീസ് യു.എ.ഇയിലെ എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ പതിനഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കുന്നു. ശരാശരി രണ്ടര ദിര്‍ഹത്തിന്റെ വര്‍ദ്ധനയാണുണ്ടാകുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും. അബുദാബി സായിദ് സ്‌പോര്‍സ് സിറ്റി സ്റ്റേഡിയത്തില്‍ ഇന്നു നാലിന് ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന അഹ്‌ലന്‍ മോദി പരിപാടിയില്‍ പങ്കെടുക്കും. നാളെ അബുദാബി ഹിന്ദു ക്ഷേത്രം സമര്‍പ്പണ ചങ്ങിലും പങ്കെടുക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.