പഞ്ചസാരകൊണ്ട് നിര്‍മ്മിക്കുന്ന സ്‌പോഞ്ചുപോലുള്ള ഒരു പലഹാരമാണ് കോട്ടണ്‍ കാന്റി അഥവാ പഞ്ഞി മിഠായി. അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം പഞ്ഞിമിഠായിയില്‍ കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈന്‍ ബി. നിറം കൂട്ടുന്നതിന് തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പരിശോധനയെ തുടര്‍ന്ന് പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍ക്കുന്നവരെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ സംഘത്തിലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേര്‍ത്ത് മിഠായി വില്‍ക്കുന്നുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഇതരസംസ്ഥാനങ്ങളോടും പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ അനുസരിച്ച്, റോഡാമൈന്‍ ബി ദീര്‍ഘകാലം ഭക്ഷണത്തില്‍ ഉപയോഗിച്ചാല്‍ കരള്‍ പ്രവര്‍ത്തനരഹിതമാകുകയോ അല്ലെങ്കില്‍ ക്യാന്‍സറിലേക്ക് നയിക്കുകയോ ചെയ്യുന്നു. കൂടാതെ ഒരു ചെറിയ കാലയളവില്‍ വലിയ അളവില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, അത് കടുത്ത വിഷബാധയ്ക്ക് കാരണമാകുന്നു.