mid day hd 28

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അഭിസംബോധനയോടെ പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ രാഷ്ട്രപതി രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും, ജമ്മു കാശ്മീര്‍ പുന:സംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമായിയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളിൽ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകൾ റെക്കോർഡ്‌ സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണർവ് നൽകിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. വന്ദേഭാരത് ട്രെയിനുകൾ റയിൽവേ വികസനത്തിൻ്റെ പുതിയ ഉദാഹരണമാണെന്നും, പത്ത് കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടുവെന്നും രാഷ്ട്രപതി പറഞ്ഞു.

ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്ന് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്ത് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്നും, കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണെന്നും മോദി പറഞ്ഞു. അതോടൊപ്പം കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണെന്നും പ്രതിപക്ഷം സഹകരിക്കണം. പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിർദേശങ്ങൾക്കായി ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലം ദുരിതപൂർണമായിരുന്നുവെന്നും, അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും. പമ്പയിൽ മാല ഊരി തിരികെ പോകേണ്ട അവസ്ഥ തീർത്ഥാടകർക്ക് ഉണ്ടായെന്നും വിൻസന്റ് എംഎൽഎ പറ‍ഞ്ഞതിന് മറുപടിയായി ശബരിമലയിൽ മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്നും. യഥാർഥ ഭക്തരാരും ദർശനം നടത്താതെ തിരികെ പോയിട്ടില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾക്ക് എതിരെ നടപടി എടുത്തോ എന്ന ജനീഷ് കുമാർ എംഎൽഎയുടെ ചോദ്യത്തിന് മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി. ശബരിമലയിൽ സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. കേസുകൾ എടുത്തിട്ടുണ്ട്. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വീഡിയോ വരുന്നു. കുഞ്ഞിൻ്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായെന്നും മന്ത്രി പറഞ്ഞു.

ഉത്പാദന ചെലവിന്‍റെ വര്‍ധനവും വിലതകര്‍ച്ചയും മൂലം കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബ്ബറിന്‍റെ താങ്ങുവില 300 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും താങ്ങുവില 300 ആയി ഉയര്‍ത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. എന്നാൽ റബര്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സമീപനമാണെന്നാണ് കൃഷി മന്ത്രി പി പ്രസാദ് മറുപടി നല്‍കി.

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മൂന്നാംദിവസവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണപക്ഷത്തിന്റെ വിമര്‍ശനം.ഗവര്‍ണര്‍ ഭീമന്റെ വഴി സിനിമയിലെ കൊസ്തേപ് എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി.മനു പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫിസിൽ കീഴടങ്ങി. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി മനുവിനോട് നിര്‍ദേശിച്ചിരുന്നു.

ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു. ഇതിനെ തുടർന്നാണ് ക്വാർട്ടേഴ്‌സിലും സുരക്ഷ ഏർപ്പെടുത്തിയത്.

അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികള്‍ക്കും ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു. ഇതേതുടർന്ന് കേസിന്റെ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലാക്കിയ കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയിൽ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യു കഴിഞ്ഞ 20 നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. സംഭവത്തിൽ മകൾ സിജിമോളെ കുമളി പഞ്ചായത്തിലെ താൽക്കാലിക ജോലിയിൽ നിന്നും നേരത്തെ പിരിച്ചു വിട്ടിരുന്നു. മകനായ കേരള ബാങ്കിൻ്റെ കുമളി ശാഖയിലെ കളക്ഷൻ ഏജൻ്റായ എം എം സജി മോനെയും കേരള ബാങ്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിനെതിരെ പത്തനംതിട്ട എസ്പിക്ക് പരാതി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എഎംവിഐമാരായ രണ്ട് പേരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് ഗിരീഷിനോട്‌ ഇന്ന് എസ് പി ഓഫീസിൽ ഹാജരാകാൻ നിർദേശം നല്‍കി. പരാതി വ്യാജമാണെന്നും കോടതിയിൽ തുടർച്ചയായി തോൽക്കുന്നതിന്റെ പ്രതികാരമാണിതെന്നും ഗിരീഷ് പ്രതികരിച്ചു.

റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാമെന്നും കോടതി പറഞ്ഞു. ചട്ടലംഘനം കണ്ടെത്തിയാൽ സിംഗിൾ ബെഞ്ചിന് ഉചിതമായ ഉത്തരവിടാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു സർക്കാര്‍ അപ്പീൽ നല്‍കിയത്.

കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ റീ ടെൻഡർ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. യാത്രാനിരക്ക് വർധനയിൽ പ്രതിഷേധിച്ച് നാളെ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് മുസ്ലിം ജമാഅത്ത് അറിയിച്ചു.

അഗളി ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ, പുതൂർ എസ്.ഐ വി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം തിരിച്ചെത്തി. ആന്റി നക്സൽ സ്‌ക്വാഡ് ഉൾപ്പെടെ 15 പേരാണ് കഴിഞ്ഞദിവസം വനത്തിലേക്ക് പോയത്. മാവോയിസ്റ്റിനെ തെരയുന്നതിനിടെ മടങ്ങിയപ്പോള്‍ വഴിതെറ്റുകയായിരുന്നുവെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു.

പി സി ജോർജും, മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അം​ഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ദില്ലിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

കോഴിക്കോട്ടെ കോറോണേഷൻ, മുക്കം അഭിലാഷ്, അന്നാസ് തുടങ്ങിയ സിനിമ തിയേറ്ററുകളുടെ ഉടമയായ കെ.ഒ ജോസഫ് ചങ്ങരംകുളത്തുള്ള സുഹൃത്തിന്റെ കെട്ടിട സന്ദർശനത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണു മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സൗകര്യം ഏർപ്പെടുത്തി. എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ക്രമീകരിച്ച ഫാസ്ടാഗ് സ്കാനറുകൾ വഴിയാണ് ഫീ സ്വീകരിക്കുക. എന്നാൽ നിലവിലെ പാർക്കിങ് നിരക്കുകളിൽ മാറ്റമുണ്ടാവില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിന് ഇഡി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.

തിരുവനന്തപുരം ജില്ലയിലെ സിറ്റി നോർത്ത് റേഷനിങ് ഓഫീസറായിരുന്ന പ്രസന്ന കുമാർ റേഷൻ കടക്കാരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസ്സിൽ തിരുവനന്തപുരം വിജിലൻസ് കോടതി നാല് വർഷം തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.

കോഴിക്കോട് വടകരയിൽ ഛര്‍ദിയെ തുടർന്ന് കുഴഞ്ഞ് വീണ വടകര കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശന്‍റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകൾ ഇവ മരിച്ചു. ഛര്‍ദിച്ചശേഷം കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കാസർകോട് 59കാരനിൽ നിന്ന് പണം തട്ടിയ ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെ മേൽപ്പറമ്പ് പൊലീസ് പിടികൂടി. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് നിന്ന് തട്ടിയെടുത്തത്. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ മാങ്ങാട് സ്വദേശി പരാതി നൽകുകയുമായിരുന്നു, അറസ്റ്റിലായ സംഘം റിമാൻ്റിലായി.

ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖില്‍ വന്‍ തീപിടിത്തം. മലയാളികളുടേത് ഉള്‍പ്പെടെ നിരവധി കടകള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തോഷഖാന കേസിൽ ഇസ്ലാമാബാദ് കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇന്നലെ 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു.

മാലദ്വീപിലെ പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് കുത്തേറ്റു. പാര്‍ലമെന്‍റംഗങ്ങള്‍ നടുറോഡില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. മാലദ്വീപിലെ സമീപകാലത്തെ ക്രമസമാധാന തകര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ട്രോഫി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാൾ രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുത്തശേഷം ത്രിപുരയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ സഞ്ചരിക്കവെ വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് രണ്ട് തവണ ഛര്‍ദ്ദിക്കുകയും വായില്‍ പൊള്ളലും കുടലില്‍ നീര്‍ക്കെട്ടുമുണ്ടായി അവശനിലയിലാവുകയുമായിരുന്നു. മായങ്കിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ മായങ്കിന്‍റെ മാനേജര്‍ നല്‍കിയ പരാതിയിൽ ത്രിപുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആഗോള കാറോട്ട മത്സരമായ ഫോർമുല ഇ യുടെ മത്സരം ദറഇയ്യയിൽ സമാപിച്ചപ്പോൾ ജാഗ്വാർ താരം നിക്ക് കാസിഡി ചാമ്പ്യനായി. മെക്സിക്കോ സിറ്റിയിൽ നടന്ന ഓപ്പണിങ് റേസിലെ ജേതാവ് പോർഷെയുടെ പാസ്കൽ വെർലീനേക്കാൾ 19 പോയിൻറ് അധികം നേടി 57 പോയിൻറിലാണ് കാസഡിയുടെ ജയം. 18 പോയിേൻറാടെ എൻവിഷൻ റേസിങ്ങിെൻറ റോബിൻ ഫ്രിജൻസ് രണ്ടാം സ്ഥാനത്തും നിസാെൻറ ഒലിവർ റൗളണ്ട് പോൾ മൂന്നാം സ്ഥാനത്തുമെത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *