cover 32

സീതാസ്വയംവരം

മിത്തുകള്‍, മുത്തുകള്‍ – 16
രാമായണം കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്

വനമധ്യത്തില്‍ വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം മുടക്കാന്‍ തുനിഞ്ഞ രാക്ഷസന്മാരെ രാമലക്ഷ്മണന്മാര്‍ വകവരുത്തി. വിജയകരമായി യാഗം പൂര്‍ത്തിയാക്കിയശേഷം വിശ്വാമിത്രന്‍ ഊരുചുറ്റാനിറങ്ങുകയാണ്. രാമനെയും ലക്ഷ്മണനെയും കൂടെക്കൂട്ടി.

കുറെ ദൂരം പോയപ്പോള്‍ വനത്തില്‍ത്തന്നെ പഴകി ദ്രവിച്ച ഒരാശ്രമം കണ്ടു. ആളൊഴിഞ്ഞ പര്‍ണശാല. വര്‍ഷങ്ങളായി ആരും കടന്നു ചെന്നിട്ടില്ലെന്ന് ആശ്രമത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലും പൊന്തക്കാടും സാക്ഷ്യപ്പെടുത്തി. ആശ്രമത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ജീവന്‍ തുടിക്കുന്ന കരിങ്കല്‍ ശില്‍പം കണ്ട് രാമലക്ഷണമണന്‍മാര്‍ക്കു കൗതുകം.
ഒന്നാന്തരം ശില്‍പം. സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമാണ്. വടിവൊത്ത ശരീരം. തലനാരിഴപോലും അതിസൂക്ഷ്മമായി കൊത്തിവച്ചിരിക്കുന്നു.

രാമലക്ഷ്മണന്മാര്‍ ശില്‍പത്തെ സൂക്ഷിച്ചുനോക്കുന്നതു കണ്ടപ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു:

‘ഇത് അഹല്യശിലയാണ്. ഗൗതമുനിയുടെ പത്‌നിയായിരുന്നു അഹല്യ. മുനിയറിയാതെ അവള്‍ ഇന്ദ്രനുമായി ലോഹ്യത്തിലായി. സംഭവമറിഞ്ഞ മുനി അവളെ ശപിച്ചു. അങ്ങനെയാണ് അവള്‍ ഒരു കരിങ്കല്‍ ശില്‍പമായി മാറിയത്. വര്‍ഷങ്ങളായി ഈ ശില ഇവിടെ നില്‍ക്കുന്നു. അവളെ ശാപത്തില്‍നിന്നു രക്ഷിക്കാന്‍, രാമാ നിനക്കു മാത്രമേ കഴിയൂ. നിന്റെ പാദ സ്പര്‍ശമേറ്റാല്‍ അവള്‍ക്കു ശാപമോക്ഷം ലഭിക്കും’.

ഉടനേ രാമന്‍ ആ കരിങ്കല്‍ പ്രതിമയെ കാല്‍കൊണ്ടു തൊട്ടു. പെട്ടെന്ന് ആ പ്രതിമ ജീവനുള്ള സുന്ദരിയായി മാറി. അവള്‍ രാമന്റെ കാല്‍ക്കല്‍ വീണു നന്ദിപറഞ്ഞു സ്ഥലംവിട്ടു. വിശ്വാമിത്രനും രാമലക്ഷ്മണന്‍മാരും യാത്ര തുടര്‍ന്നു. ‘നമുക്ക് മിഥിലയിലേക്കു പോകാം’. വിശ്വാമിത്രന്‍ പറഞ്ഞു.

”ശരി, അങ്ങനെയാകാം. അവിടെയെന്താണു പ്രത്യേകത.’ ശ്രീരാമനു സംശയം.

‘അവിടെ ഭരിക്കുന്നതു ജനകരാജാവാണ്. രാജകൊട്ടാരത്തില്‍ അതിവിശിഷ്ടമായ ഒരു വില്ലുണ്ട്. പരമശിവന്റെ ത്രൈയബകം എന്ന വില്ല്. ശക്തരായ ദേവന്മാര്‍ക്കുപോലും അതെടുത്തു കുലയ്ക്കാനാവില്ലത്രെ. അത്രയും ഭാരമുണ്ടതിന്. പക്ഷേ, നിനക്കതിനു കഴിയുമെന്നാണ് എനിക്കു തോന്നുന്നത്. നമുക്കൊന്നു നോക്കിക്കളയാം. പിന്നെ, വില്ലെടുത്തു കുലയ്ക്കുന്ന വീരനുമാത്രമേ ജനക രാജാവിന്റെ പുത്രിയായ സീതയെ വിവാഹംകഴിച്ചു കൊടുക്കൂവെന്നാണ് അദ്ദേഹത്തിന്റെ ശപഥം’. – വിശ്വാമിത്രന്‍ വിവരിച്ചു.

വില്ലിനെക്കുറിച്ചുള്ള വിശദീകരണം കേട്ടപ്പോള്‍ രാമനു കൗതുകമായി. അത്ര വമ്പന്‍ വില്ലാണെങ്കില്‍ ഒരുകൈ നോക്കിയിട്ടുതന്നെ കാര്യം. മിഥിലയിലേക്കുതന്നെ പോകാം.

കുറെ യാത്രചെയ്തു മിഥിലാപുരിയിലെത്തി. കൊട്ടാരത്തിനരികില്‍ എത്തിയപ്പോഴേക്കും വിശ്വാമിത്ര മഹര്‍ഷി
വരുന്നെന്നറിഞ്ഞു ജനക രാജാവ് പുറത്തേയ്ക്കിറങ്ങിവന്നു, മഹര്‍ഷിയെ സ്വീകരിക്കാന്‍.

രാജകീയ പരിചരണങ്ങളോടെ വിശ്വാമിത്രനെ രാജസദസില്‍ സ്വീകരിച്ചിരുത്തി. കുശലാന്വേഷണങ്ങള്‍ക്കിടെ മഹര്‍ഷി ശ്രീരാമനെയും ലക്ഷ്മണനെയും പരിചയപ്പെടുത്തി.

‘ദശരഥരാജാവിന്റെ വീരപുത്രന്മാരാണ്. യാഗം മുടക്കാന്‍ രാക്ഷസന്മാരെ കൊന്നൊടുക്കി എന്റെ മാനം കാത്തവരാണിവര്‍. വിശ്വവിഖ്യാതമായ ത്രൈയംബകം ഇവര്‍ക്കൊന്നു കാണിച്ചുകൊടുക്കണം’. വിശ്വാമിത്രന്‍ പറഞ്ഞു.

”തീര്‍ച്ചയായും അതിനു സന്തോഷമേയുള്ളൂ. ഇപ്പോള്‍ത്തന്നെ അതു കാണാം’. രാജാവ് മന്ത്രിക്കു നിര്‍ദേശങ്ങള്‍ നല്‍കി.

കുറച്ചുകഴിഞ്ഞപ്പോള്‍ ചക്രങ്ങള്‍ ഘടിപ്പിച്ച നീളമേറിയ ഒരു തള്ളുവണ്ടിയില്‍ വലിയൊരു പെട്ടി പരിചാരകര്‍ അവിടെ എത്തിച്ചു. നൂറോളം പേര്‍ ചേര്‍ന്ന് ഉന്തിത്തള്ളിയാണ് അത് അവിടെ കൊണ്ടുവന്നത്. വണ്ടിയില്‍ നീളമേറിയ ഒരു ഇരുമ്പുപെട്ടിയുണ്ടായിരുന്നു.

‘അതാ ആ ഇരുമ്പുപെട്ടിയിലാണു ത്രൈയംബകം വില്ല്. നമുക്കു നോക്കാം’. – ജനക രാജാവ് രാമനോടായി പറഞ്ഞു.

അവര്‍ പെട്ടിതുറന്നു. ശ്രീരാമന്‍ വിശ്വാമിത്ര മഹര്‍ഷിയുടെ അനുഗ്രഹം വാങ്ങി. ഇരുമ്പുപെട്ടിയിലിരിക്കുന്ന വില്ലിനെ വണങ്ങി. എല്ലാവരും വീര്‍പ്പടക്കി നില്‍ക്കുകയാണ്. ശ്രീരാമന് ആ ഭീമന്‍വില്ല് എടുത്തുയര്‍ത്താനെങ്കിലും കഴിയുമോ? പുരികക്കൊടികള്‍ വളച്ചു വില്ലുപോലെയാക്കി എല്ലാവരും അതിസൂക്ഷ്മമായി ഉദ്വേഗത്തോടെ നോക്കുകയാണ്.

അടുത്ത ക്ഷണത്തില്‍ രാമന്‍ ഒരു പൂമാലയെടുക്കുന്ന ലാഘവത്തോടെ പെട്ടിയില്‍നിന്നു വില്ലെടുത്തു. വടിപോലെ അതു നിലത്തു കുത്തി നിര്‍ത്തി. പിന്നെ, അതിന്റെ നിലത്തുമുട്ടിയ അറ്റത്തു കാലിന്റെ പെരുവിരല്‍കൊണ്ടു ചവിട്ടിപ്പിടിച്ച് വില്ലുവളച്ചു. വില്ലിന്റെ ഒരറ്റത്തുകെട്ടിയിരുന്ന ഞാണെടുത്ത് മറ്റേ അറ്റുത്തു വലിച്ചു കെട്ടി.

എല്ലാവരും ഹര്‍ഷാരവം മുഴക്കവേ ശ്രീരാമന്‍ ഞാണ്‍ വലിച്ചുവിട്ടു. ഇടിമുഴങ്ങുന്ന ശബ്ദത്തോടെ ആ വില്ല് രണ്ടായി മുറിഞ്ഞുവീണു. സംപ്രീതരായ ദേവന്മാര്‍ സ്വര്‍ഗത്തില്‍നിന്നു പുഷ്പവൃഷ്ടി നടത്തി. എല്ലാവുരം ആഹ്‌ളാദംകൊണ്ട് ആര്‍പ്പുവിളിച്ചു.

വാഗ്ദാനമനുസരിച്ചു ശ്രീരാമന്റെയും സീതയുടെയും പാണിഗ്രഹണത്തിന് ഒരുക്കം തുടങ്ങി. ദശരഥ രാജാവിനെ വിവരം ധരിപ്പിച്ചു. മകനായ ശ്രീരാമനുണ്ടായ ഈ ഭാഗ്യത്തില്‍ അവര്‍ക്കു സന്തോഷം. ഉടനേ അവര്‍ മിഥിലയിലെത്തി. എല്ലാവരുടെയും സാന്നിധ്യത്തില്‍ രാമന്‍ സീതയെ വിവാഹം ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *