മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനി അക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നു ഹൈക്കോടതി. നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് കോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജി 24 ലേക്കു മാറ്റി.
കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമര്‍പ്പിച്ച ഹര്‍ജിയെ വിമര്‍ശിച്ച് ഹൈക്കോടതി. കെ ഫോണ്‍മൂലം പൊതുജനത്തിന് ബാധ്യതയായത് എങ്ങനെയാണെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഹര്‍ജിയിലെ ലോകായുക്തയെ വിമര്‍ശിച്ചുള്ള പാരമര്ശത്തേയും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിനു നോട്ടീസ് അയക്കാതെ കോടതി സര്‍ക്കാരില്‍നിന്ന് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയാണു ചെയ്തത്. ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ എല്‍ഡിഎഫ് സുപ്രീം കോടതിയെ സമീപിക്കും. രാജ്ഭവന് മുന്പില് കുടില്‍ കെട്ടി സമരം നടത്തുമെന്ന് ഇടുക്കിയിലെ എല്‍ഡിഎഫ് മുന്നറിയിപ്പു നല്കി. പരിസ്ഥിതി സംഘടനകളില്‍നിന്നു പണം വാങ്ങിയാണ് ഡീന്‍ കുര്യാക്കോസ് എംപി അടക്കമുള്ളവര്‍ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വര്‍ഗീസ് ആരോപിച്ചു.
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ മാതാവിനു സ്വര്‍ണകിരീടം സമര്‍പ്പിച്ചു. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരോടൊപ്പം എത്തിയാണ് സുരേഷ് ഗോപി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. മകളുടെ വിവാഹത്തോടനുബന്ധിച്ചാണഉ സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാര്‍ത്ഥിച്ചശേഷമാണ് സുരേഷ് ഗോപിയും കുടുംബവും മടങ്ങിയത്.
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ കെ കെ ശൈലജ എംഎല്‍എയുടെ പുസ്തകം ‘മൈ ലൈഫ് ആസ് Z കോമറേഡി’ന്റെ മലയാളം പരിഭാഷ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടാണ് പ്രകാശനം നിര്‍വഹിച്ചത്. എസ് സിത്താരയാണ് പരിഭാഷപ്പെടുത്തിയത്.
തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് അഞ്ചിന് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് ഫെസ്റ്റിവല്‍. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്താണു ക്യൂറേറ്റഡ് സയന്‍സ് എക്സിബിഷന്. 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിനു മുകളിലുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്.
സംഗീത സംവിധായകന് കെ.ജെ.ജോയ് ചെന്നൈയില്‍ അന്തരിച്ചു. 77 വയസായിരുന്നു. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.
ഭാര്യയുടെ ഗാര്‍ഹിക പീഡനപരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്റ്റേഷനില്‍ എസ്ഐ റെജി കുനിച്ചു നിര്‍ത്തി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്ി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ കാക്കനാട് സ്വദേശി ബിബിന്‍ തോമസിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പന്തീരായിരം രൂപയുടെ ജോലിക്ക് അമ്പതിനായിരം രൂപ കോഴ ആവശ്യപ്പെട്ട രണ്ടു കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. മുക്കം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതിനാണു നടപടി. കരീം പഴങ്കല്‍, ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.
തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെ വിജയിപ്പിക്കണമെന്നു ചുവരെഴുത്ത്. വെങ്കിടങ്ങിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പേ ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
തൃക്കുന്നപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് ആന്ധ്രയിലെ അയ്യപ്പ ഭക്തരുടെ വെള്ളിക്കിരീടം. ആന്ധ്രയില്‍നിന്ന് കുമാരവേല്‍ സ്വാമിയുടെ നേതൃത്വത്തില്‍ മുന്നൂറോളം വരുന്ന അയ്യപ്പഭക്തരാണ് ധര്‍മശാസ്താവിന്റെ മകനായ സത്യകനു വെള്ളിക്കിരീടം ചാര്‍ത്തിയത്.
സിറോ മലബാര്‍ സഭയിലെ മുഴുവന്‍ പളളികളിലും ഏകീകൃത കുര്‍ബാന നിര്‍ബന്ധമായും നടപ്പാക്കണമെന്ന് സിറോ മലബാര്‍ സഭാ സിനഡ്. എറണാകുളം അങ്കമാലി അതിരൂപതയടക്കമുള്ള പള്ളികളിലും ഏകീകൃത കുര്‍ബാന വേണമെന്നാണു നിര്‍ദേശം.
വൈക്കത്തെ സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവമായിരുന്ന യുവതിയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായരെയാണ് ആലപ്പി ധന്‍ബാദ് എക്സ്പ്രസ്സിലെ ശുചിമുറിയില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്.
ആലപ്പുഴയില്‍ മത്സ്യക്കുളത്തിലെ മോട്ടോറില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ പഴവീട് ചിറയില്‍ രാജന് – അനിത ദമ്പതികളുടെ മകന് അഖില്‍ രാജ് എന്ന മണികണ്ഠനാണു മരിച്ചത്. 29 വയസായിരുന്നു. ചെറുതനയില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ കൃഷി ചെയ്യുകയായിരുന്നു അഖില്‍.
വീട്ടില്‍ മദ്യപാനം എതിര്‍ത്ത അമ്മയെ മകന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തഴക്കര കല്ലിമേല്‍ ബിനീഷ് ഭവനം പരേതനായ മോഹനന് ആചാരിയുടെ ഭാര്യ ലളിതയാണ്(60) കൊല്ലപ്പെട്ടത്. മകന് ബിനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നു വൈകിട്ടോടെ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തും. കലാപം നടന്ന പ്രദേശങ്ങളിലൂടെ രാഹുല്‍ ഗാന്ധി കടന്നുപോകന്നുണ്ട്. മണിപ്പൂരിലെ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുല്‍ ഇന്നലെ ബസ്സില്‍ സഞ്ചരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ കിടക്ക, ലിഫ്റ്റ്, കോണ്‍ഫറന്‍സ് റൂം, സ്ക്രീന്‍, ശുചിമുറി എന്നിവ അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍. ബസില്‍നിന്ന് ഇറങ്ങാനും കയറാനും മാത്രമല്ല ലിഫ്റ്റ്. ബസിന്റെ മുകളിലേക്ക് ഉയര്‍ന്ന് അവിടെനിന്ന് രാഹുലിനു ജനങ്ങളോടു പ്രസംഗിക്കാനുള്ള സംവിധാനവും ഉണ്ട്. യാത്രക്കിടെ ബസില്‍ തെരഞ്ഞെടുത്തവരുമായി രാഹുല്‍ സംവദിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ബസിനു പുറത്തുള്ള സ്ക്രീനില്‍ ദൃശ്യമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ക്കുന്‍ ഖാര്‍ഗെയുടെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയയുടെയും ചിത്രങ്ങളും ബസിലുണ്ട്.
മൂടല്‍മഞ്ഞുമൂലം ഡല്‍ഹിയില്‍നിന്നുള്ള 84 വിമാന സര്‍വീസുകള്‍ റദ്ദാക്കി. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പെടെ 168 വിമാന സര്‍വീസുകള്‍ വൈകി.
ഹൈദരാബാദില്‍ ചൈനീസ് പട്ടം കഴുത്തില്‍ കുടുങ്ങി സൈനികന് മരിച്ചു. കാഗിത്തല കോട്ടേശ്വര് റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെങ്ങും പട്ടം പറത്തല്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. ബൈക്കില്‍ വരികയായിരുന്ന കോട്ടേശ്വറിന്റെ കഴുത്തില്‍ പട്ടത്തിന്റെ ചില്ലു പതിച്ച പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് മരിച്ചത്.
വാഹനാപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്താതെ പണം കവര്‍ന്ന് കടന്നുകളഞ്ഞ മൂന്നു പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ആഗ്ര സ്വദേശിയും വ്യാപാരിയുമായ ധര്‍മ്മേന്ദ്രകുമാര്‍ ഗുപ്ത മരിച്ചത്. ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ കവര്‍ന്നവര്‍ ആളെ റോഡില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇതിനു പിറകേ, രക്തം വാര്‍ന്ന് ധര്‍മേന്ദ്രകുമാര്‍ മരിച്ചു.
ഇന്‍ഡിഗോ വിമാനം വൈകുമെന്ന് അറിയിച്ച പൈലറ്റിനെ മര്‍ദിച്ച യാത്രക്കാരനെ ഡല്‍ഹിയില്‍ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി ഒരു മണിയ്ക്കാണ് സംഭവം. യാത്രക്കാരനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ഭാഗമായി വിമാനം ഏഴു മണിക്കൂറാണു വൈകിയത്.