അയോധ്യക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്ന് അറിയിച്ചു കോൺഗ്രസ്. പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ നേരിട്ട് ക്ഷണം കിട്ടിയ നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് നേരിട്ട് ക്ഷണം ലഭിച്ചിട്ടുള്ളത്.
വ്യക്തിപരമായി ക്ഷണം ലഭിച്ച സന്ദർഭത്തിൽ നേതാക്കൾ പങ്കെടുക്കുമെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും ‘ഇന്ത്യ’ സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. ഇതിനെ തുടർന്നാണ് നേതാക്കൾ പങ്കെടുക്കുന്നില്ല എന്ന്അറിയിച്ചത്.അയോധ്യയിൽ നടക്കുന്നത് ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയാണ്. മതവിശ്വാസം തികച്ചും വ്യക്തിപരമായ കാര്യമാണ്. നിർമ്മാണം പൂർത്തിയാക്കുന്നതിനു മുൻപുള്ള ഈ ഉദ്ഘാടന ചടങ്ങ് തികച്ചും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഉദ്ഘാടന ചടങ്ങ് അതിവേഗത്തിൽ ആക്കുന്നത്. കോൺഗ്രസ് ജനങ്ങളോടൊപ്പം ആണെന്നും അറിയിപ്പിൽ പറയുന്നു.