സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനല്‍ സീരിസ് വരുന്നു. ‘ജയ് മഹേന്ദ്രന്’ എന്ന് പേരിട്ടിരിക്കുന്ന സീരിസ്, ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സൈജു കുറുപ്പ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിസിന്റെ രസകരമായ ടീസര്‍ സോണിലിവ് പുറത്തുവിട്ടു. ശ്രീകാന്ത് മോഹനാണ് സംവിധാനം. കഥ, തിരക്കഥ, സംവിധാനം രാഹുല്‍ റിജി നായര്‍. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാന്‍ മിടുക്കുള്ള ഓഫീസര്‍ മഹേന്ദ്രനാണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. എന്നാല്‍ ഇതേ രാഷ്ട്രീയക്കളികളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. അതോടെ അയാള്‍ക്ക് തന്റെ ഓഫിസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സല്‍പ്പേര് വീണ്ടെടുക്കാനും മഹേന്ദ്രന് കഷ്ടപ്പെടുന്നു. വേണ്ടിവന്നാല്‍ അതിന് സിസ്റ്റത്തെ മുഴുവന്‍ അട്ടിമറിക്കാനും അയാള്‍ തയ്യാറാകും. ഈ തീക്കളിയില്‍ മഹേന്ദ്രന് ജയിക്കുമോ തോല്‍ക്കുമോ എന്നതാണ് സീരിസിന്റെ കൗതുകം. സൈജു കുറുപ്പ്, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന് ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്, സിദ്ധാര്‍ഥ ശിവ, രാഹുല്‍ റിജി നായര്‍ എന്നിവരാണ് അഭിനേതാക്കള്‍.