ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എല്‍ വണ്‍ ലക്ഷ്യത്തിലെത്തി. ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചതോടെ ഇന്ത്യ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി മാറി. ബെംഗളുരൂവിലെ ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് ടെലിമെട്രി നെറ്റ്‌വര്‍ക്കില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 127 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ എത്തുന്നത്. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രാഷ്ട്രപതി ദ്രൗപദി മുര്‍മുയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു.
സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളേജുകളില്‍കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്‍ഡ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമുണ്ട്. കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ യുജിസിയുടെ എതിര്‍വാദങ്ങള്‍ക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രിയ വര്‍ഗീസിനെ നിയമനം ചട്ടവിധേയമാണെന്നാണ് സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍വകലാശാല നിലപാട് അറിയിച്ചത്.
കേരളത്തില്‍ അടുത്ത നാലു ദിവസംകൂടി മഴയ്ക്കു സാധ്യത. ലക്ഷദ്വീപിനു മുകളില്‍ ചക്രവാതചുഴിയുള്ളതിനാല്‍ വിദര്‍ഭ വരെ ന്യുനമര്‍ദ്ദ പാത്തി രൂപംകൊണ്ടിട്ടുണ്ട്.
സര്‍ക്കാരുമായി ഭിന്നതയുണ്ടെങ്കിലും നയപ്രഖ്യാപന പ്രസംഗം വായിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ ഭരണഘടനാ ബാധ്യതകളും നിറവേറ്റും. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് റൂട്ട് മാറ്റുന്നതും വിഷയമല്ല. എന്നാല്‍, ഈ നാടകം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഉന്നാവോ സംഭവം പോലെയാണ് ഇടുക്കി വണ്ടിപ്പെരിയാറില്‍ സംഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. ഇരയുടെ കുടുംബത്തെ ആക്രമിക്കുന്നത് പൊലീസ് നോക്കിനില്‍ക്കുകയാണ്. ഡിവൈഎഫ്‌ഐകാരനായ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തി. സതീശന്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഇതോടെ കിടാരി നഷ്ടപ്പെടുന്ന കര്‍ഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്ന മുന്‍ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന ആസ്ഥാനത്ത് പ്രതിഷേധവുമായി വിശ്വാസികള്‍. ചുമതലകളില്‍നിന്ന് നീക്കിയാല്‍ പോരെന്നും ഭദ്രാസനത്തില്‍നിന്നു തന്നെ നീക്കണമെന്നുമാണ് ആവശ്യം.
പത്തനംതിട്ട നിലയ്ക്കലില്‍ മരിച്ചെന്ന് കരുതിയ ആള്‍ തിരിച്ചെത്തി. മഞ്ഞത്തോട് സ്വദേശി രാമന്‍ ബാബുവാണു തിരിച്ചെത്തിയത്. ഡിസംബര്‍ 30 ന് നിലയ്ക്കല്‍ എം. ആര്‍. കവലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രാമന്‍ ബാബുവാണെന്ന് കരുതി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മറവു ചെയ്തിരുന്നു. അന്നു മരിച്ചത് ആരെന്നു കണ്ടെത്താന്‍ പോലീസ് പുതിയ കേസെടുക്കേണ്ട അവസ്ഥയിലാണ്.
കൊച്ചിയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പിച്ച ശേഷം റിട്ടയേഡ് എസ്‌ഐ തൂങ്ങി മരിച്ചു. ചേരനല്ലൂര്‍ സ്വദേശി കെ.വി ഗോപിനാഥന്‍ (60) ആണ് മരിച്ചത്. ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിഭാഷകനായ മകന്‍ അമര്‍ ഉച്ചഭക്ഷണത്തിനു വീട്ടിലെത്തിയപ്പോഴാണ് അമ്മയും മുത്തശിയും വെട്ടേറ്റു കിടക്കുന്നതും അച്ഛന്‍ തൂങ്ങിമരിച്ചതും കണ്ടത്.
കാസര്‍കോട് പൊലീസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. എ.ആര്‍ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് (40) ആണ് മരിച്ചത്. കറന്തക്കാട് താളിപടപ്പിലെ പൂട്ടികിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധി അപേക്ഷിച്ചിരുന്നുമില്ല.
പത്തനംതിട്ട മൈലപ്രയില്‍ മോഷണത്തിനിടെ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രതികള്‍ കവര്‍ന്നെടുത്ത വ്യാപാരിയുടെ സ്വര്‍ണ്ണമാല പണയംവയ്ക്കാന്‍ സഹായിച്ച ആളാണ് ഇപ്പോള്‍ കസ്റ്റഡിയിലായത്.
കാസര്‍ഗോഡ് പള്ളിക്കരയില്‍ റെയില്‍വെ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എവി ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം.
സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം. പ്രദേശത്തെ പന്നി ഫാം ആക്രമിച്ച കടുവ ഏകദേശം അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ കൊന്നു. ഫാമില്‍നിന്ന് അമ്പത് മീറ്റര്‍ മാറി വനാതിര്‍ത്തിയിലെ കുറ്റിക്കാട്ടിലാണ് പന്നികളുടെ ജഡം കൂട്ടത്തോടെ കണ്ടെത്തിയത്.
ഇന്ത്യാ മുന്നണിയുടെ സഖ്യ ചര്‍ച്ചകളില്‍ വൈകാതെ വെളുത്ത പുക കാണുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സഖ്യത്തില്‍ പല കക്ഷികളുണ്ടാകുമ്പോള്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. വയനാട് ലോക്‌സഭ സീറ്റില്‍ സിപിഐയുടെ പ്രയാസം മനസിലാകും. ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി അധിര്‍ രഞ്ജന്‍ ചൗധരിയുടെ അഭിപ്രായം കോണ്‍ഗ്രസിന്റെ നയമല്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. 11 പ്രതികളെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്ത്രയും പ്രത്യേകം സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വാദം കേട്ടത്.
ഭോപ്പാലില്‍ അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്.
മലയാളി പുരോഹിതരുടെ നേതൃത്വത്തില്‍ നടക്കുന്ന ഹോസ്റ്റലിന്റെ മാനേജര്‍ മാനേജര്‍ അനില്‍ മാത്യുവിനെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ പെണ്‍കുട്ടികളെ കാണാതായതായെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ വാദം തെറ്റാണെന്നും കുട്ടികള്‍ അവധിക്കായി വീടുകളിലേക്കു പോയതാണെന്നും ഭോപ്പാല്‍ ജില്ലാ കളക്ടറും ഭോപ്പാല്‍ പൊലീസും വ്യക്തമാക്കി.
നീലഗിരിയില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്നു വയസുകാരി കൊല്ലപ്പെട്ടു. പന്തല്ലൂര്‍ തൊണ്ടിയാളം സ്വദേശി നാന്‍സിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂര്‍ തൊണ്ടിയാളത്തില്‍ തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്.
യുഎഇ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയെ പുതിയ യുവജന വകുപ്പ് മന്ത്രിയായി നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് നിയമനം നടത്തിയത്.