◾സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്കു സൗജന്യങ്ങള്‍ നല്കിയാല് സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ചു മാത്രമേ സൗജന്യങ്ങള്‍ നല്‍കാവൂ. ശ്രീലങ്കയിലേതടക്കം സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിനു പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്ഥാനങ്ങളോട് ആശ്യപ്പെട്ടു.
◾കിഫ്ബിക്ക് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം. അനുമതി നല്കിയ പദ്ധതികള്‍ക്കുള്ള ധനസമാഹരണം അസാധ്യമായിരിക്കെ, കിഫ്ബി ഫണ്ട് വിനിയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. 82,342 കോടി രൂപയുടെ 1,073 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അനുമതി നല്‍കിയിത്.
ആകെ അനുവദിച്ച 82342 കോടി രൂപയില്‍ ചെലവഴിച്ചത് 27050.85 കോടി രൂപയാണ്.
◾സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റെയില്‍വേയുടെ ഒരിഞ്ചു ഭൂമിപോലും അനുവദിക്കരുതെന്ന് ദക്ഷിണറെയില്‍വേ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്കി. നിലവിലെ അലൈന്മെന്റ് കൂടിയാലോചനകളില്ലാതെയാണ് തയാറാക്കിയത്. സില്‍വര്‍ ലൈനിനായി ഭൂമി അനുവദിച്ചാല്‍ ഭാവിയില്‍ റെയില്‍ വികസനത്തിന് തടസമാകും. റെയില്‍വേ നിര്‍മ്മിതികളിലും ട്രെയിന്‍ സര്‍വീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും. സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455, *www.ksfe.com*
◾ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെതിരെ എല്‍ഡിഎഫ് ജനുവരി ഒമ്പതിനു രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. സെപ്റ്റംബര്‍ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബില്‍ പാസാക്കിയത്. അതേസമയം, നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാരിന് പരിഹരിക്കാവുന്ന വിഷയം ഗവര്‍ണറുടെ മുന്നിലെത്തിച്ചു സങ്കീര്‍ണമാക്കിയെന്നാണ് യുഡിഎഫ് ആരോപണം.
◾കാനം രാജേന്ദ്രന് അന്തരിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന്. വൈകിട്ട് മൂന്നിന് തൃക്കാക്കരയിലും അഞ്ചിന് പിറവത്തുമാണ് പരിപാടികള്‍. നാളെ ഉച്ചയ്ക്കുശേഷം മറ്റു രണ്ടു മണ്ഡലങ്ങളിലെ പരിപാടി നടക്കും.
◾പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷരെ അവഹേളിച്ച മന്ത്രി സജി ചെറിയാന് പഴയ തലമുറയിലെ ആര് ഷോയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. ബിഷപ്പുമാരെ അവഹേളിച്ച് സംസാരിച്ചത് ആ സമുദായത്തെ മാത്രമല്ല, കേരളത്തെ അപമാനിക്കുന്നതിനു തുല്യമാണ്. സജി ചെറിയാന് നേരത്തെ ഭരണഘടനയെ അവഹേളിച്ചയാളാണ്. അധിക്ഷേപിക്കുന്നവര്‍ക്ക് പിണറായി സ്ഥാനം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾മന്ത്രിമാര്‍ ഔദ്യോഗിക വസതി മാറുന്ന തിരക്കില്‍. സൗകര്യമില്ലെന്നു പറഞ്ഞ് ഔദ്യോഗിക വസതിയായ നിള ഒഴിഞ്ഞ മന്ത്രി വീണ ജോര്‍ജ് രാജിവച്ച മന്ത്രി അഹമ്മദ് തേവര്‍കോവില്‍ താമസിച്ചിരുന്ന തൈക്കാട് ഹൗസിലേക്കു മാറും. നിളയിലേക്ക് കടന്നപ്പള്ളി രാമചന്ദ്രന് എത്തും. ഗവര്‍ണര്‍ താമസിക്കുന്ന രാജ്ഭവന് അരികിലുള്ള മന്മോഹന് ബംഗ്ലാവിലേക്ക് വാടക വീട്ടിലായിരുന്ന മന്ത്രി സജി ചെറിയാനും എത്തും. കുടപ്പനക്കുന്നിലെ സ്വന്തം വീട് ഔദ്യോഗിക വസതിയാക്കാനാണു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ തീരുമാനം.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ സ്പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾ജാതി സെന്‍സസിനെതിരെ എന്‍എസ്എസ്. ജാതി സെന്‍സസില്‍നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണമെന്ന് പെരുന്നയില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കും വര്‍ഗീയതയ്ക്കും ജാതി സെന്‍സസ് കാരണമാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
◾മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവച്ചതിന് ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് സസ്പെന്ഷന്. പാതിരപ്പള്ളി ഹോംകോയിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ വി.ടി.ധനിഷ മോളെയാണ് സസ്പെന്‍ഡ് ചെയ്തത്. സീനിയോറിറ്റി മറികടന്ന് സിഐടിയു അംഗങ്ങളായ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആരോഗ്യ മന്ത്രിക്കു പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് സസ്പെന്‍ഷനെന്ന് ധനിഷ മോള് പറഞ്ഞു.
◾ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനപരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതിയില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയത്തില്‍ ആണ് കേരളത്തോട് നിശ്ചല ദൃശ്യ മാതൃക നല്കാന് നിര്‍ദ്ദേശിച്ചിരുന്നത്. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു. റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് ഭാരത് പര്‍വില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചിട്ടുണ്ട്.
◾
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ രണ്ടു പേര്‍ക്കെതിരെ വകുപ്പ് തല നടപടി. ചീഫ് നഴ്സിങ്ങ് ഓഫീസര്‍ സുമതിയെ തിരുവന്തപുരം എസ്എടി ആശുപത്രിയിലേക്കും നഴ്സിങ്ങ് സൂപ്രണ്ട് ബെറ്റി ആന്റണിയെ കോന്നിയിലേക്കും സ്ഥലം മാറ്റി. പരാതി കൈകാര്യം ചെയ്തതില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്പ്പറേഷന് അഴിച്ചെടുത്തു. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തന്നെ ഫ്ളക്സ് തിരികെ കെട്ടി. തെക്കേ ഗോപുരനടയിലുള്ള ബോര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചതു ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി തടഞ്ഞു. വാഹനത്തില്‍ കയറ്റിയ ഫ്ളക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടാതെ വിട്ടയക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞുപോയ നവകേരള സദസിന്റെയും ഐഎന്‍ടിയുസി സംസ്ഥാന സമ്മേളനത്തിന്റേയും ബോര്‍ഡുകള്‍ അഴിക്കാതെ മൂന്നാം തീയതി നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയുടെ ബോര്‍ഡുകള്‍ അഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി നിലപാട്. ഇതോടെ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ളക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടി.
◾പുതുവല്‍സരാഘോഷത്തിന്റെ മറവില്‍ അക്രമവും പൊലീസുകാര്‍ക്ക് മര്‍ദ്ദനവും. നാല് പേര് കസ്റ്റഡിയില്‍. ആറ്റിങ്ങല്‍ കൈപറ്റി മുക്കില്‍ മദ്യപിച്ച് അതിക്രമങ്ങള്‍ കാണിച്ചെന്ന പരാതിയെത്തുടര്‍ന്ന് എത്തിയ പൊലീസ് സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. പൊലീസുകാരായ മനു, ഹണി, സെയ്ദലി, അനില്‍കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ആക്രമികളായ നാലു പേരെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരെ ഫോണില്‍ വിളിച്ച് മന്ത്രി ചിഞ്ചുറാണി. ഇളയ കുട്ടിയായ മാത്യുവിനെയാണ് മന്ത്രി ഫോണില്‍ വിളിച്ച് സംസാരിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്. മികച്ച കുട്ടിക്കര്‍ഷകനുള്ള പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളാണ് ഇവരുടെ ഫാമിനെ തേടിയെത്തിയിരുന്നത്.
◾ദക്ഷിണ റെയില്‍വേ വിചാരിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ തടയാനാവില്ലെന്നു മന്ത്രി എം.ബി. രാജേഷ്. റെയില്‍വേയുടെ നിലപാട് നിരാശജനകമാണെന്നും രാജേഷ് പറഞ്ഞു.
◾കണ്ണൂര്‍ പയ്യമ്പലത്ത് പാപ്പാഞ്ഞി മാതൃകയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ അടക്കം പത്തു പേര്‍ക്കെതിരേയാണ് കേസ്.
◾ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട കുമഴി വനമേഖലയില്‍ ഇന്നലെയാണ് കാട്ടാന ചരിഞ്ഞത്. കഴിഞ്ഞ മാസം നാലിനാണ് കാട്ടാനയെ ബസ് ഇടിച്ചത്.
◾പത്തനംതിട്ടയില്‍ വ്യാപാരിയായ ജോര്‍ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര് പൊലീസ് കസ്റ്റഡിയില്‍. ജോര്‍ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. കടയില്‍ കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.
◾തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു പേര് മരിച്ചു. പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്.
◾കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിനിടിച്ചു മരിച്ചു. ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്ഹാന് (16) ആണ് മരിച്ചത്. വെള്ളയില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെയുള്ള ട്രാക്കിലായിരുന്നു അപകടം.
◾ആലപ്പുഴയില്‍ ഒന്നരവയസുകാരനെ മര്‍ദിച്ച കേസില്‍ അമ്മയും ആണ്‍സുഹൃത്തായ കൃഷ്ണകുമാറും കസ്റ്റഡിയില്‍. ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
◾കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെ ഒമ്പതു വയസുകാരനെ പൊലീസ് ലാത്തികൊണ്ട് മര്‍ദിച്ചു. അടിയേറ്റ ഒമ്പതുവയസുകാരന് ആശുപത്രിയില്‍ ചികിത്സതേടി. എരിവതൊട്ടു കടവ് ജംഗ്ഷനില്‍ അക്ഷയ് എന്ന ബാലനെയാണ് പോലീസ് അടിച്ചത്.
◾മൂന്നാറില്‍ പന്ത്രണ്ടുകാരിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റിലാണ് ജാര്‍ഖണ്ഡ് സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
◾തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. ശാന്തി( 75), മരുമകള്‍ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്.
◾ദക്ഷിണ കന്നഡയിലെ പുഞ്ചലക്കാട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ദേവശ്യപാദൂര്‍ സ്വദേശി ഗൗതം (26) ആണ് മരിച്ചത്.
◾കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും കുടുംബത്തിനും ജയ്ഹിന്ദ് ചാനലില്‍ എത്ര നിക്ഷേമുണ്ടെന്ന് ആരാഞ്ഞുകൊണ്ട് സിബിഐയുടെ നോട്ടീസ്. സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് ചാനലിനു നോട്ടീസ് നല്‍കിയത്.
◾തമോഗര്‍ത്തങ്ങളിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഐഎസ്ആര്‍ഒ നടത്തിയ എക്സ്പോസാറ്റ് വിക്ഷേപണം വിജയകരം. പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുളള ഉപഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരംഗങ്ങളിലൂടെയാണ് തമോഗര്‍ത്തങ്ങളുടെ അടക്കം പഠനം നടത്തുന്നത്. ഒപ്പം മലയാളി വിദ്യാര്‍ത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്.
◾ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ജനുവരി മൂന്നിനാരംഭിക്കുന്ന പാക്കിസ്ഥാന് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2009 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച വാര്‍ണര്‍ 161 ഏകദിനങ്ങളില്‍ നിന്നായി 22 സെഞ്ച്വറികളും 33 അര്‍ധ സെഞ്ചറികളുമുള്‍പ്പെടെ 6932 റണ്‍സ് നേടിയിട്ടുണ്ട്.
◾ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകള്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ 14,483 തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,642 കോടി രൂപയാണ് തട്ടിയെടുത്തത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5,396 കേസുകളിലായി 17,685 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് ‘ട്രെന്‍ഡ് ആന്‍ഡ് പ്രോഗ്രസ് ഓഫ് ബാങ്കിംഗ് ഇന്‍ ഇന്ത്യ 2022-23’ റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പുകളുടെ മൂല്യം ആറു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയിലാണ്. അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തട്ടിപ്പുകളുടെ എണ്ണം ഏകദേശം മൂന്നിരട്ടി വര്‍ധിച്ചു. ഇത്തരം തട്ടിപ്പുകള്‍ കൂടുന്നത് ബാങ്കിംഗ് മേഖലയിലുള്ള ഉപയോക്താക്കളുടെ വിശ്വാസ്യതയെ ബാധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട പണത്തിന്റെ അളവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 85 ശതമാനം കുറഞ്ഞു. ഈ കാലയളവില്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സംബന്ധമായ 12,069 തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്കിന്റെ ഒരു പ്രധാന നിര്‍ദേശം ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങള്‍ ധനസമാഹരണത്തിന് ബാങ്കുകളിന്മേലുള്ള ആശ്രിതത്വം കുറച്ച് കൂടുതല്‍ സ്വയംപര്യാപതമാകണമെന്നതാണ്.
◾ഓരോ ദിവസവും വ്യത്യസ്തമായ അപ്ഡേറ്റുകള് പുറത്തിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ കണ്ണിന് സുരക്ഷയൊരുക്കുന്ന കിടിലന്‍ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഡാര്‍ക്ക് തീമില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വാട്സ്ആപ്പിന് പ്രത്യേക നിറം നല്കുന്ന തരത്തിലാണ് സജ്ജീകരണം. ഇത് ആപ്പിന്റെ ഇന്റര്ഫേഴ്സിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനോടൊപ്പം, കണ്ണിന് സുരക്ഷയും ഒരുക്കും. ദീര്‍ഘനേരം വാട്സ്ആപ്പില്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും പുതിയ ഫീച്ചര്‍. ഇതോടെ, വാട്സ്ആപ്പ് കൂടുതല്‍ സുഗമമായി ഉപയോഗിക്കാനാകും. ആദ്യ ഘട്ടത്തില്‍ ഈ ഫീച്ചര്‍ വാട്സ്ആപ്പിന്റെ വെബ് വേര്‍ഷനില്‍ എത്തിയേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വാട്സ്ആപ്പ് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. തുടര്‍ന്ന് ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കളിലേക്ക് കൂടി എത്തുന്നതാണ്. നിലവില്‍, ഫീച്ചറുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
◾മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം ‘ഭ്രമയുഗം’ പ്രഖ്യാപനം മുതല്‍തന്നെ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ഭ്രമയുഗത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഭ്രമയുഗം. പ്രേക്ഷകര്‍ക്ക് ന്യുയര്‍ സമ്മാനമായാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത് ‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുല്‍. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ഭ്രമയുഗം’. അര്ജുന് അശോകന്, സിദ്ധാര്‍ഥ് ഭരതന്, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ഭ്രമയുഗം, കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമാണ് പൂര്‍ത്തീകരിച്ചത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.
◾ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോടൈ വാലിബന്. മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ജനുവരി 25നാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ചിത്രത്തിന്റെ ഗംഭീര ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്. 30 സെക്കന്‍ഡുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മാസ് ഗെറ്റപ്പിലുള്ള മോഹന്‍ലാലിന്റെ ലുക്കും ‘ഞാന്‍ മലൈക്കോട്ടൈ വാലിബന്’ എന്ന ഡയലോഗുമാണ് ടീസറിനെ വേറിട്ടതാക്കുന്നത്. ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധ സന്യാസികള്‍ക്കു സമാനമായ ജീവിതസാഹചര്യത്തില്‍ പറയുന്ന ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.
◾വരാനിരിക്കുന്ന ടോക്കിയോ ഓട്ടോ സലൂണ്‍ 2024 ല്‍ സുസുക്കി ഒമ്പത് വാഹനങ്ങള്‍ അവതരിപ്പിക്കുന്ന് റിപ്പോര്‍ട്ടുകള്‍. ഈ വാഹനങ്ങളിലൊന്ന് സ്പേഷ്യയുടെ പ്രത്യേക വകഭേദമായിരിക്കും. സുസുക്കി സ്പേഷ്യ കിച്ചണ്‍ കണ്‍സെപ്റ്റ് ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുമിച്ച് യാത്ര ചെയ്യാനും പാചകം ചെയ്യാനും കഴിയുന്ന തരത്തിലാണ് ഈ പ്രത്യേക വേരിയന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സുസുക്കി പറയുന്നു. പാചകം പ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന ഭാഗമായ ക്യാമ്പിംഗ് ആസ്വദിക്കുന്ന കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളതാണ് ഇത്. പിന് സീറ്റുകള്‍ക്കും ലഗേജ് കംപാര്ട്ട്മെന്റിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കിച്ചന് സ്പേസോടുകൂടിയ സ്പേഷ്യയെ സുസുക്കി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു സെറ്റ് പിന് സീറ്റുകളുള്ള ഒരു യൂട്ടിലിറ്റി വാഹനമാണ് സ്റ്റാന്‍ഡേര്‍ഡ് സ്പേഷ്യ. റിയര്‍ ആംറെസ്റ്റ്, ലഗേജ് സപ്പോര്‍ട്ട്, ലെഗ് സപ്പോര്‍ട്ട് എന്നിവയും നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്നു. പിന്നിലെ സണ്‍ഷെയ്ഡ്, സീറ്റ് വാമര്‍, ഹീറ്റര്‍ ഡക്റ്റ്, യുവി ഗ്ലാസ്, പവര്‍ സ്ലൈഡിംഗ് റിയര്‍ ഡോര്‍ എന്നിവയുണ്ട്. സൂപ്പര്‍ കാരിയുടെ കസ്റ്റം വേരിയന്റായ ‘മൗണ്ടന്‍ ട്രെയില്‍’ സുസുക്കി പ്രദര്‍ശിപ്പിക്കും. എന്നിരുന്നാലും, സ്വിഫ്റ്റ് കൂള്‍ യെല്ലോ റെവ് കണ്‍സെപ്റ്റ് ആയിരിക്കും പ്രധാന ആകര്‍ഷണം.
◾ഒളിച്ചുവെക്കപ്പെട്ട ചരിത്രവും അതില്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന കുടുംബവും- സിറിന് സാക്ക തന്റെ നൂറാം പിറന്നാള്‍ വരെയും ആ രഹസ്യം ഉളളില്‍ കൊണ്ടു നടന്നു. എന്നാല്‍ തനിക്കറിയുന്ന വഴികളിലൂടെ സിറിന് സാക്ക തന്റെ കുടുംബത്തിന്റെ രഹസ്യം വരയ്ക്കുന്നു. ഈ രഹസ്യങ്ങള്‍ അവധിക്കാലദ്വീപിന്റെ നാല് ചുവരുകളും കടന്ന് പല ജീവിതങ്ങളെയും പിടിച്ചുലയ്ക്കും. ‘ബ്രേക്ഫാസ്റ്റ് ടേബിള്‍’. ഡെഫ്നെ സുമന്. വിവര്‍ത്തനം: തെല്‍ഹത്ത് കെ.വി. ഡിസി ബുക്സ്. വില 450 രൂപ.
◾അലസമായ ജീവിതശൈലി മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഇന്ന് വ്യാപകമാണ്. അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ ഘടകങ്ങള്‍ ഹൃദ്രോഗം വഷളാക്കുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് രക്തത്തിലെ കൊഴുപ്പായ ട്രൈഗ്ലിസറൈഡിന്റെ ഉയര്‍ന്ന തോതാണ്. സാധാരണ കൊളസ്ട്രോള്‍ പരിശോധനയില്‍ ട്രൈഗ്ലിസറൈഡ് തോത് അറിയാന്‍ കഴിയില്ല. വിശദമായ ലിപിഡ് പ്രൊഫൈല്‍ വഴി മാത്രമേ ട്രൈഗ്ലിസറൈഡ് തോത് മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു ഡെസീലീറ്ററില് 150 മില്ലിഗ്രാമിന് താഴെയാണ് ട്രൈഗ്ലിസറൈഡിന്റെ സാധാരണ തോത്. 150 മുതല്‍ 199 ബോഡര്‍ലൈന്‍ തോതായും 200 മുതല്‍ 499 വരെ ഉയര്‍ന്ന തോതായും 500 ന് മുകളില്‍ വളരെ ഉയര്‍ന്ന തോതായും പരിഗണിക്കുന്നു. അമിതമായ തോതില്‍ മധുരമോ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണമോ കഴിക്കുമ്പോഴാണ് ട്രൈഗ്ലിസറൈഡ് കൊഴുപ്പ് രക്തത്തില്‍ അടിഞ്ഞു കൂടുന്നത്. ഹൃദ്രോഗത്തെ അകറ്റി നിര്‍ത്താനും ട്രൈഗ്ലിസറൈഡ് തോത് നിയന്ത്രിച്ച് നിര്‍ത്താനും ഭക്ഷണത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്താം. മധുരപലഹാരങ്ങള്‍, ഡിസേര്‍ട്ടുകള്‍, അമിതമായ തോതിലുള്ള ചോക്ലേറ്റ് എന്നിവയെല്ലാം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ വേണം. ബാര്‍ലി, ചെറുധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ പോലെ ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക. മിതമായ തോതില്‍ പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. മീനെണ്ണ അടങ്ങിയ ഗുളിക രണ്ട് നേരം കഴിക്കുന്നത് ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കും. നിത്യവുമുള്ള വ്യായാമം ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കാന്‍ സഹായകമാണ്. വയറിലെ ഉപകാരപ്രദമായ ബാക്ടീരിയകളെ സംരക്ഷിക്കാന്‍ യോഗര്‍ട്ട്, തൈര് പോലുള്ള പ്രോബയോടിക് ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും അത്യാവശ്യമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.19, പൗണ്ട് – 105.91, യൂറോ – 91.87, സ്വിസ് ഫ്രാങ്ക് – 98.97, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.86, ബഹറിന്‍ ദിനാര്‍ – 220.36, കുവൈത്ത് ദിനാര്‍ -270.06, ഒമാനി റിയാല്‍ – 215.73, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.65, ഖത്തര്‍ റിയാല്‍ – 22.85, കനേഡിയന്‍ ഡോളര്‍ – 62.79.