ഏഴാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ഡെയ്‌ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ സമ്മാനിക്കുന്ന പുതുവല്‍സര ഉപഹാരത്തില്‍ മികച്ച വിദ്യകളും വിഭവങ്ങളും. ഡെയ്‌ലി ന്യൂസിന്റെ ശക്തമായ വാട്‌സ്ആപ് ശ്രംഖലകള്‍ക്കു പുറമേ, നിലവിലുള്ള വെബ്‌സൈറ്റ് ശക്തമാക്കി. https://dailynewslive.in/ ല്‍ ക്‌ളിക്കു ചെയ്താല്‍ പുതിയ വാര്‍ത്തകള്‍ തല്‍സമയം അറിയാം. വെബ്‌സൈറ്റില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ മധ്യാഹ്ന വാര്‍ത്തകളും രാത്രി ഏഴരയോടെ രാത്രി വാര്‍ത്തകളുമുണ്ട്. ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡു ചെയ്യാവുന്ന മൊബൈല്‍ ആപ് സജ്ജമാക്കുന്നുണ്ട്. ഇതോടെ ഡെയ്‌ലി ന്യൂസിന്റെ ചക്രവാളങ്ങള്‍ ആകാശത്തോളം വിശാലമാകും. അതിവിശിഷ്ട പുരാണ കഥകളെ കോര്‍ത്തിണക്കി ‘മിത്തുകള്‍, മുത്തുകള്‍’ എന്ന കഥാപംക്തി പുതുവല്‍സരമായ ഇന്ന് ആരംഭിക്കും.
വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട അടൂര്‍ കണ്ണങ്കോട് ചരിഞ്ഞ വിളയില്‍ ഷെരീഫാണ് മരിച്ചത്. മരിയ ഹോസ്പിറ്റലിന് സമീപം എസ്.ഐ എം. മനീഷിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ഒന്നരയോടെ വാഹന പരിശോധന നടത്തിയപ്പോഴാണ് സംഭവം.
തദ്ദേശ സ്ഥാപനങ്ങളിലൂടെ കെ. സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു നാളെ തുടക്കമാകും. തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഈ മൊബൈല്‍ ആപിലൂടെ അപേക്ഷിക്കാം. സ്‌കാന്‍ ചെയ്താല്‍ ഭൂമി വിവരവും നിര്‍ക്കാവുന്ന കെട്ടിടത്തിന്റെ പരമാവധി വലുപ്പം അടക്കമുള്ള കാര്യങ്ങള്‍ അറിയാനാകും.
സുധീരന്റെ പ്രസ്താവനകള്‍ക്കു താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സുധീരന്റെ പ്രസ്താവനകള്‍ തള്ളിക്കളയുന്നതായും സുധാകരന്‍ പറഞ്ഞു. എന്നാല്‍ സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പ് അഞ്ചു ഗ്രൂപ്പായിയെന്നും നേതാക്കള്‍ക്കു സ്വന്തം കാര്യം നേടിയെടുക്കാന്‍ മാത്രമാണു താല്‍പര്യമെന്നുമാണ് സുധീരന്‍ ആരോപിച്ചിരുന്നത്.
വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നാളെ അമേരിക്കയിലേക്കു പോകും. ഇതിനായി അദ്ദേഹം കൊച്ചിയില്‍നിന്ന് ഡല്‍ഹിയില്‍ എത്തി. ഭാര്യയും ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം ഉണ്ടാകും. ന്യൂറോ സംബന്ധമായ ചികിത്സക്കാണ് അമേരിക്കയിലേക്കു പോകുന്നത്.
കോണ്‍ഗ്രസിനെക്കുറിച്ച് വിഎം സുധീരന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എംബി രാജേഷ്. കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ വഴിയൊരുക്കിയതെന്നും രാജേഷ് പറഞ്ഞു.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെ ഉണ്ടാകട്ടെയെന്ന് പിണറായി ആശംസിച്ചു.
ലോകത്തെ ഏറ്റവും വലിയ ഡാന്‍സിംഗ് ക്രിസ്മസ് ട്രീ എന്ന റെക്കോര്‍ഡ് കൊച്ചി മറൈന്‍ ഡ്രൈവിലെ ക്രിസ്മസ് ട്രീ സ്വന്തമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. സ്വിറ്റ്സര്‍ലാന്‍ഡിലെ 35 അടി ഉയരമുള്ള സിംഗിംഗ് ക്രിസ്മസ് ട്രീക്കാണ് നിലവില്‍ റെക്കോര്‍ഡുള്ളത്. കൊച്ചിയിലെ ഡാന്‍സിംഗ് ക്രിസ്മസ് ട്രീക്ക് 75 അടി ഉയരമുണ്ട്. ക്രിസ്തുമസ് ട്രീയുടെ ഓരോ നിശ്ചിത ഉയരത്തിലും ക്രിസ്തുമസ് പാപ്പമാര്‍ക്ക് നൃത്തം ചെയ്യാനാകും. ജിസിഡിഎ, കൊച്ചിന്‍ ഫ്ളവര്‍ ഷോ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍നിന്നായി ഒന്നര കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയില്‍ മുഹമ്മദ് ജിയാദ് (24), കാസര്‍കോട് പള്ളിക്കര സ്വദേശി അഷ്റഫ് (30) എന്നിവര്‍ പിടിയിലായി.. ബ്രെഡ് ടോസ്റ്ററിനകത്തും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
പുതുവത്സരത്തലേന്ന് വൈകുന്നേരം അഞ്ചിനു കടകള്‍ അടച്ചുപൂട്ടണമെന്ന മലപ്പുറം ജില്ലയിലെ അരീക്കോട് പൊലീസിന്റെ ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചു. ഹോട്ടലുകളും കൂള്‍ബാറുകളും രാത്രി എട്ടിന് അടക്കണമെന്നും ബോട്ട് സര്‍വീസ്ും പടക്കകടകളും വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കണമെന്നുമാണു പോലീസിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. അരീക്കോട് ഉത്തരകൊറിയയിലാണോയെന്ന ചോദ്യവുമാണു സാമൂഹ്യമാധ്യമങ്ങളില്‍ പോലീസിന്റെ ഉത്തരവ് പ്രചരിച്ചത്.
കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിക്കുമെന്ന് എസ്എഫ്‌ഐ. 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയിരിക്കുന്നത്.
കാഷ്മീരിലെ വിഘടനാവാദ സംഘടനയായ തെഹരിക് ഇ ഹൂറിയതിനെ യുഎപിഎ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു കണ്ടെത്തിയതിനാലാണു നിരോധനമെന്നാണു വിശദീകരണം.
കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചുവിറ്റ കേസില്‍ ബിജെപി എം പി പ്രതാപ് സിംഹയുടെ സഹോദരന്‍ വിക്രം സിംഹ അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ക്രൈം സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലോകത്ത് പുതുവല്‍സരം ആദ്യം പിറന്നത് പസഫികിലെ ചെറു ദ്വീപായ കിരിബാത്തിയിലാണ്. തൊട്ടു പിറകേ, ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം.