2024 പുതുവല്‍സരത്തിലെ വിശേഷങ്ങളുമായി എഡിറ്റര്‍ ഫ്രാങ്കോ ലൂയിസ്.

പേരു മാറുമോ?
നിങ്ങളുടേയോ എന്റേയോയല്ല, രാജ്യത്തിന്റെ പേര്. രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളുടെ ‘ഇന്ത്യ’ മുന്നണിയുടെ കഥ കഴിയുമോ?
സംഭവ ബഹുലമായ 2023 കടന്നുപോയി. പിന്നിട്ടതിനേക്കാള്‍ വലിയ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനിരിക്കുന്ന 2024 ലേക്കു പ്രവേശിക്കുകയാണ്. പുതുവല്‍സരത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് അഭിമുഖീകരിക്കാനിരിക്കുന്ന വെല്ലുവിളിലേക്കാണ്. ഓരോന്നും സ്വന്തം ഭാവിയേയും ജീവിതത്തേയും ബാധിക്കുന്നവയാണ്. പുതുവല്‍സരത്തില്‍ വരാനിരിക്കുന്ന സംഭവങ്ങള്‍ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തെ സ്വാധീനിക്കുമെന്നല്ല, ഇളക്കി മറിക്കുകതന്നെ ചെയ്യും. ഈ ആശങ്കയാണ് ഓരോരുത്തരേയും അലട്ടുന്നത്.
ഓരോ ദിവസത്തേയും വളരെ പ്രത്യാശയോടെ, വരവേല്‍ക്കുന്നവരാണു നാമെല്ലാം. എന്നാല്‍ പുതുവല്‍സരത്തില്‍ നേരിടാനുള്ള സുപ്രധാന സംഭവ വികാസങ്ങളും ചരിത്ര മുഹൂര്‍ത്തങ്ങളും എന്തെല്ലാമാണ്?  പ്രത്യാശയുടെ വെള്ളിവെളിച്ചം കാണാനാകുമോ?

ലോക്സഭയിലേക്ക്
ഏപ്രില്‍, മേയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് പുതുവല്‍സരത്തില്‍ നമുക്കു മുന്നില്‍ എത്തുന്ന ഏറ്റവും സുപ്രധാന സംഭവം. രാജ്യത്തിന്റെ അഞ്ചു വര്‍ഷത്തെ ഭാഗധേയം നിര്‍ണയിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമോ? മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്നാണ് അമിത് ഷായുടെ പ്രവചനം.
ബിജെപിക്കെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രണ്ടു ഡസന്‍ പാര്‍ട്ടികളെ ചേര്‍ത്തുകെട്ടിയുണ്ടാക്കിയ ഇന്ത്യ മുന്നണി അട്ടിമറി വിജയം നേടുമോ?  പ്രധാനമന്ത്രിക്കസേരയ്ക്കായി കടിപിടി കൂടുന്ന അര ഡസന്‍ നേതാക്കളെങ്കിലും ഇന്ത്യാ മുന്നണിയിലെ ഓരോ പാര്‍ട്ടിയിലുമുണ്ട്. പക്ഷേ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കണമെന്നാണ് അവസാനം ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. പ്രധാനമന്ത്രിക്കസേര സ്വപ്നം കണ്ടിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
ലോക്സഭാ

തെരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റമാണു കണ്ടത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും ബിജെപി പിടിച്ചെടുത്തു. മധ്യപ്രദേശിലെ ഭരണം ബിജെപി നിലനിര്‍ത്തി. തെലുങ്കാനയില്‍ അധികാരത്തിലെത്തിയതു കോണ്‍ഗ്രസിനു സമാശ്വാസ വിജയമായി. മിസോറാമില്‍ നാലു വര്‍ഷംമുമ്പു രൂപീകരിച്ച പാര്‍ട്ടിയാണു ഭരണം പിടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ വോട്ട് ഏകീകരിക്കാന്‍ ഇന്ത്യാ മുന്നണിക്കും കോണ്‍ഗ്രസിനും കഴിഞ്ഞില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും അധികാരക്കസേരയ്ക്കുവേണ്ടിയുള്ള കോണ്‍ഗ്രസിലെ കലഹമാണ് വിനയായത്. ഛത്തീസ്ഗഡില്‍ അവസാനഘട്ടത്തില്‍ മോദിയും അമിത് ഷായും എന്‍ഫോഴ്സ്മെന്റിനെ ഇറക്കിവിട്ട് 508 കോടി രൂപയുടെ വാതുവയ്പു കേസും കല്‍ക്കരി ഖനി കേസും മദ്യ ഇടപാടു കേസുമെല്ലാം എടുത്തു വീശി കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗലിനെ തറയിലൊട്ടിച്ചു. എന്‍ഫോഴ്സ്മെന്റ്, ആദായ നികുതി വകുപ്പ്, സിബിഐ തുടങ്ങിയ ഏജന്‍സികളെ പ്രതിപക്ഷത്തെ വേട്ടയാടുന്ന വേട്ടപ്പട്ടികളാക്കി. ഭരണ നിര്‍വഹണ വിഭാഗങ്ങളെയെല്ലാം പിടിച്ചടക്കിയ സംഘപരിവാറിന്റെ കൈകള്‍ നീതിന്യായ മേഖലയിലേക്കും നീളുകയാണ്.
ഇന്ത്യ മുന്നണിയുടെ രൂപീകരണം യഥാര്‍ത്ഥത്തില്‍ ബിജെപിയേയും മോദിയേയും വിറളി പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യ എന്ന പേരിനോടു വൈമുഖ്യമുണ്ടായത്. ആ പേരുതന്നെ മായ്ച്ചുകളഞ്ഞ് ഭാരതം എന്നു സ്ഥാപിച്ചെടുക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ഈ ശ്രമം ശക്തമാകുകയേയുള്ളൂ. വീണ്ടും ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഭാരതം എന്നാക്കിയാല്‍ അദ്ഭുതപ്പെടാനില്ല. രാജ്യത്തിന്റെ പേരുമാറ്റം ഭീമമായ സാമ്പത്തിക ചെലവുള്ള കാര്യംകൂടിയാണ്.
പാര്‍ലമെന്റില്‍ തിരുവായ്ക്ക് എതിര്‍വായില്ലാത്ത അവസ്ഥയാണ്. പ്രതിപക്ഷത്തിനു സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ല. സംസാരിച്ചവരെയെല്ലാം കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്തു പുറത്താക്കുന്നു. പാഠപുസ്തകങ്ങളില്‍ അടക്കം ചരിത്രം വളച്ചൊടിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഇനിയും വര്‍ധിക്കുകയേയുള്ളൂ.
ഇതിനെല്ലാമിടയിലാണ് ഏകീകൃത സിവില്‍ കോഡും ഒറ്റ തെരഞ്ഞെടുപ്പും ബിജെപി വിഷയമാക്കുന്നത്. ജാതി സെന്‍സസും മണിപ്പൂര്‍ വംശഹത്യയും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം പ്രതിപക്ഷം ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു തീവ്രവര്‍ഗീയതയും കപട ദേശീയതയും ആളിക്കത്തിച്ചു വോട്ടു നേടുകയെന്ന തന്ത്രവും സംഘപരിവാര്‍ പതിവുപോലെ പരീക്ഷിക്കും.
മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിളംബരം ചെയ്യുന്ന ‘വികസിത ഭാരത സങ്കല്‍പ യാത്ര’ രാജ്യമെങ്ങും ഒന്നര മാസമായി പര്യടനത്തിലാണ്. രാജ്യത്തെ 2,60,000 ഗ്രാമപഞ്ചായത്തുകളിലും നാലായിരം നഗരസഭകളിലും ഈ യാത്ര എത്തും. ജനുവരി 25 ന് പര്യടനം പൂര്‍ത്തിയാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു വോട്ടര്‍മാരെ സ്വാധീനിക്കാന്‍  ജനങ്ങളുടെ ചെലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണതന്ത്രമാണിത്. കേരളത്തിലെ നവകേരള സദസുപോലെത്തന്നെ.
ചാന്ദ്രയാന്‍ ദൗത്യവുമായി ശാസ്ത്രരംഗത്തു മുന്നേറുന്ന രാജ്യമാണിത്. അതേസമയം, 3,000 വര്‍ഷം പഴക്കമുള്ള പുരാണകഥകളില്‍ അഭിരമിപ്പിച്ച് ചരിത്രവത്കരിക്കാനാണു ഒരു വിഭാഗം ശ്രമിക്കുന്നത്. സംസ്‌കാരത്തെ പിറകോട്ട് ആട്ടിപ്പായിക്കുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളിലേക്കും ബാലികാ ബലാല്‍സംഗം അടക്കമുള്ള നരഭോജി സംസ്‌കാരത്തിലേക്കും അധപതിക്കുന്ന കാഴ്ച സാംസ്‌കാരിക സമ്പന്നരെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍പോലും വര്‍ധിച്ചുവരുന്നു.

കേരളത്തിലെ കളം
കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ജനുവരി മൂന്നിന് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുകയാണ്. രണ്ടു ലക്ഷം സ്ത്രീകളെ അണിനിരത്തിയുള്ള സമ്മേളനമെന്നാണ് ബിജെപിയുടെ അവകാശവാദം. തൃശൂര്‍ നഗരത്തില്‍ മോദിയുടെ റോഡ് ഷോയ്ക്കിടെ മിനി തൃശൂര്‍ പൂരവുമെല്ലാം ഒരുക്കുന്നുണ്ട്. നിയമസഭയിലും പാര്‍ലമെന്റിലും 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കു സംവരണം ചെയ്തുകൊണ്ടുള്ള ബില്‍ പാസാക്കിയ ബിജെപി സര്‍ക്കാരിനേയും മോദിയേയും അഭിനന്ദിക്കാനെന്ന പേരിലാണ് വനിതകളെ മുന്നില്‍ നിര്‍ത്തി ബിജെപി അങ്കത്തിനിറങ്ങുന്നത്. 13 വര്‍ഷം മുമ്പ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തയാറാക്കിയ വനിതാ സംവരണ നിയമമാണ് ഇപ്പോള്‍ പാസാക്കിയത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കേരളത്തിലെ എല്‍ഡിഎഫിനു നേട്ടമുണ്ടാകുമോ? തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളുടെ ചെലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ നവകേരള സദസ് എന്ന രാഷ്ട്രീയ പ്രചാരണം അവരുടെ പ്രതിച്ഛായ മെച്ചമാക്കിയോ? കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ശമ്പളം നല്‍കാന്‍പോലും കഴിയാത്ത നിലയിലാണു സര്‍ക്കാര്‍.
ഇതേസമയം,

സംസ്ഥാന സര്‍ക്കാരിന്റെ വെറുപ്പിക്കല്‍ നടപടികള്‍ വോട്ടാക്കാമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ മല്‍സരിക്കാനെത്തുന്നത് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്.
നാലു മാസം കഴിഞ്ഞുള്ള ലോക്സഭാ തെരഞ്ഞെടുപ്പു ഫലം അടുത്ത വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകകൂടിയാകും.

വിലവര്‍ധന
തെരഞ്ഞെടുപ്പിനു പിറകേ വിലവര്‍ധന ഉറപ്പാണ്. വിിലക്കയറ്റത്തെ എങ്ങനെ നേരിടുമെന്ന് ഓരോ കുടുംബവും തല പുകയ്ക്കേണ്ടിവരും. പെട്രോള്‍, ഡീസല്‍, പാചകവാതകം, രാസവളം തുടങ്ങിയവയുടെ അടിക്കടിയുള്ള വില വര്‍ധന തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടു മാസമായി കേന്ദ്ര സര്‍ക്കാര്‍ നിറുത്തിവച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു കഴിയുന്നതോടെ അത്തരം നിയന്ത്രണങ്ങളെല്ലാം നീക്കും. പച്ചക്കറിയും പലചരക്കിനങ്ങളും അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ വീടിനും കാറിനും വരെ വന്‍ വിലവര്‍ധനയാണ്. വിലവര്‍ധനയുടെ തോത് തെരഞ്ഞെടുപ്പു കഴിയുന്നതോടെ കുതിച്ചുയരും.
കേരളത്തില്‍ വൈദ്യുതി നിരക്ക് ഓരോ മാസവും വര്‍ധിപ്പിക്കുന്ന നിലയിലാണ്. റവന്യ, തദ്ദേശ സ്ഥാപനങ്ങള്‍, കോടതി, രജിസ്ട്രേഷന്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലും അപേക്ഷാ ഫീസുകള്‍ മുതല്‍ എല്ലാ ഇടപാടുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ വന്‍തോതില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കെട്ടിട നികുതി ഉള്‍പെടെ എല്ലാം ഇനിയും വര്‍ധിപ്പിക്കാനാണു സാധ്യത.
വില വര്‍ധനയുണ്ടെങ്കിലും അടിസ്ഥാന വിഭാഗമായ കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനമില്ല. പച്ചക്കറി മുതല്‍ റബര്‍ വരെയുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായവില ലഭിക്കുന്നില്ല. അദാനി പോലുള്ള വന്‍ കോര്‍പറേറ്റുകള്‍ ലോക കോടീശ്വരന്മാരുടെ മുന്‍നിരയിലേക്കു വളരുന്നു.
വിലക്കയറ്റം മൂലമുള്ള നാണ്യപ്പെരുപ്പ നിരക്ക് ഇക്കഴിഞ്ഞ നവംബറില്‍ 5.55 ശതമാനമായിരുന്നെന്നാണു സര്‍ക്കാരിന്റെ കണക്ക്. ഇതില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വിലവര്‍ധന നിരക്ക് 8.7 ശതമാനമായിരുന്നു. 2001- 02 ല്‍ നൂറ് എന്ന തോതിലുണ്ടായിരുന്ന നാണ്യപ്പെരുപ്പ ഇന്‍ഡക്സ് 2022- 23 ല്‍ 331 ആയി. ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ 348 കടക്കുമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്.

രാമക്ഷേത്രം
മുന്നൂറു കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി തീര്‍ന്നിട്ടില്ലെങ്കിലും പ്രതിഷ്ഠാകര്‍മം നടത്തി ഭക്തര്‍ക്കു തുറന്നു കൊടുക്കുകയാണ്. ജനുവരി 22 ന് രാമക്ഷേത്രം  തുറക്കുകയാണ്. ബാബറി മസ്ജിദ് തകര്‍ത്തതു മുതല്‍ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാനുള്ള മുതലെടുപ്പാണ് അയോധ്യയില്‍. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മവും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരം നേടാന്‍ ഭൂരിപക്ഷ വര്‍ഗീയതയെ ഇളക്കിവിടുന്ന ബിജെപി തന്ത്രംതന്നെ.
ജനുവരി 22 ന് ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയും നാലായിരം സന്യാസിമാരും പൂജ നടത്തിയാണ് ക്ഷേത്രം തുറക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കു ക്ഷണമുണ്ടെങ്കിലും ബിജെപിയുടെ മുതലെടുപ്പു തന്ത്രത്തില്‍ കുരുങ്ങരുതെന്നു വാദിക്കുന്നവരാണ് അധികവും. പങ്കെടുത്തില്ലെങ്കില്‍ ഭൂരിപക്ഷ സമുദായത്തിന്റെ മതവികാരത്തെയാണു ബഹിഷ്‌കരിച്ചതെന്ന് ബിജെപി പ്രചാരണം നടത്തുകയും ചെയ്യും.
ബിജെപി നേതാവ് ഡോ. സുബ്രഹ്‌മണ്യം സ്വാമി മോദിക്കെതിരേ ഉന്നയിച്ച ഒരു സംശയം രസകരമാണ്. ‘ഭാര്യയെ വീണ്ടെടുക്കാന്‍ യുദ്ധം നയിച്ച ശ്രീരാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കാന്‍ ഭാര്യയെ ഉപേക്ഷിച്ചയാള്‍ക്ക് എന്തു യോഗ്യതയാണുള്ളത്?
ശ്രീരാമമന്ദിര്‍ എന്ന രാമക്ഷേത്രത്തെ രാജ്യത്തെ ഏറ്റവും വലിയ ഹിന്ദു തീര്‍ത്ഥ കേന്ദ്രമാക്കാനുള്ള യത്നത്തിലാണു മോദി സര്‍ക്കാര്‍. അയോദ്ധ്യയില്‍ ആധുനിക സംവിധാനങ്ങളുമായി രാജ്യാന്തര വിമാനത്താവളവും പ്രൗഡഗംഭീരമായ റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നത് റോഡ് ഷോ നടത്തിക്കൊണ്ടാണ്. മൂവായിരം വര്‍ഷം മുമ്പു ശ്രീരാമനേയും സീതയേയും മുഖ്യകഥാപാത്രങ്ങളാക്കി രാമായണം മഹാകാവ്യം രചിച്ച വാത്മീകി മഹര്‍ഷിയുടെ നനാമധേയത്തിലാണ് വിമാനത്താവളം. അയോദ്ധ്യയിലെ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്തെ പ്രാകൃത നിര്‍മിതികളെല്ലാം നീക്കം ചെയ്ത് മനോഹരമായ റോഡുകളും പൂന്തോട്ടങ്ങളും കെട്ടിടങ്ങളുമെല്ലാം നിര്‍മിക്കുന്നുണ്ട്. ഇതിനെല്ലാമായി ആയിരം കോടിയിലേറെ രൂപ ചെലവു വരും. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചു വോട്ടു വശത്താക്കാനുള്ള ബിജെപിയുടെ തുറുപ്പു ചീട്ടാണ് രാമക്ഷേത്രം.

പുകയാക്രമണം

രാജ്യ

തലസ്ഥാനമായ ഡല്‍ഹി നിറയെ പുകയും അന്തരീക്ഷ മലിനീകരണവുമാണ്. അതിനിടയിലാണു വന്‍ സുരക്ഷാ സന്നാഹങ്ങളുള്ള പാര്‍ലമെന്റില്‍ പുകയാക്രമണമുണ്ടായത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിട്ടും ഭഗത് സിംഗ് ഫാന്‍ ഗ്രൂപ്പ് എന്ന ആറംഗ സംഘം ഭരണകൂടത്തെ വിറപ്പിച്ചു.
വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍പോലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പേടിയാണ്, അപമാനമാണ്. വിശദീകരണം ആവശ്യപ്പെട്ട പ്രതിപക്ഷ എംപിമാരെയെല്ലാം കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്ത് പുറത്താക്കി. ജനാധിപത്യമല്ല, ഏകാധിപത്യംതന്നെയെന്നു വിളംബരം ചെയ്യാന്‍ ഒരു സങ്കോചവുമില്ല.
തൊഴിലില്ലായ്മ, വിലക്കയറ്റ, കര്‍ഷക ദ്രോഹ നയങ്ങള്‍, മണിപ്പൂര്‍ അടക്കമുള്ള സ്ഥലങ്ങളിലെ വംശഹത്യകള്‍, ഏകാധിപത്യ ഭരണ ശൈലി തുടങ്ങിയവയ്ക്കെതിരേ പ്രതികരിക്കാനാണു പാര്‍ലമെന്റില്‍ പുകയാക്രമണം നടത്തിയതെന്നാണ് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയത്.
ഈ വിഷയം കേന്ദ്ര സര്‍ക്കാരും നീതിപീഠങ്ങളും ഇനി എങ്ങനെ കൈകാര്യം ചെയ്യും. അതിന്റെ വിശദാംശങ്ങള്‍ അടുത്ത മാസങ്ങളില്‍ കാണാം.

യുവജന പലായനം
വിലക്കയറ്റവും തൊഴിലില്ലായ്മയുംമൂലം പൊറുതിമുട്ടിയ യുവജനങ്ങള്‍ കടുത്ത സമ്മര്‍ദത്തിലാണ്. തൊഴില്‍തേടി ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകുന്നവരേക്കാള്‍ കൂടുതല്‍ പേരാണ് യൂറോപ്പിലേക്കു പലായനം ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ വിദേശികള്‍ക്കു ജോലി നല്‍കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നു. എന്നിട്ടും കൂടുതല്‍ പേര്‍ അങ്ങോട്ടു പോകുകയാണ്.
ലോകത്തെ 229 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി പോകുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. 2017 നുശേഷം 2022 വരെ 30.13 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ത്യ വിട്ടുപോയത്. 2022 ല്‍ ഏഴര ലക്ഷം പേരാണ് ഇന്ത്യയോടു ബൈബൈ പറഞ്ഞത്. മുന്‍ വര്‍ഷത്തേക്കാള്‍ 69 ശതമാനം കൂടുതല്‍ പേരാണ് 2022 ല്‍ രാജ്യം വിട്ടുപോയത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പാര്‍ലമെന്റില്‍ വച്ച കണക്കാണിത്. മികച്ച തൊഴിലവസരങ്ങളും ശമ്പളവും സംസ്‌കാരവും തേടിപ്പോകുന്നതു സ്വാഭാവികമാണ്. മികച്ചത് ഒരുക്കാന്‍ ഭരണാധികാരികള്‍ക്കു കഴിയുന്നില്ലെങ്കില്‍ ഈ പലായനം വര്‍ധിക്കും. സമീപ ഭാവിയില്‍ ഇന്ത്യ വയോധികരുടെ രാജ്യമായി മാറും. വലിയൊരു വിപത്താണത്.

ജനസംഖ്യ
ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനയെ മറി കടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയ വര്‍ഷമാണു കടന്നു പോയത്. ഡിസംബര്‍ 15 ലെ കണക്കനുസരിച്ച് ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളതെങ്കില്‍ ഇന്ത്യയിലെ ജനസംഖ്യ 142.8 കോടിയാണ്. ജനസംഖ്യ കുറയ്ക്കാന്‍ കടുത്ത നടപടികളെടുത്തിരുന്ന ചൈന ജനസംഖ്യ വര്‍ധിപ്പിക്കാന്‍ പ്രോല്‍സാഹനം നല്‍കുകയാണിപ്പോള്‍. ചൈന മാത്രമല്ല, റഷ്യയും ഉത്തര കൊറിയയും അടക്കമുള്ള രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഓരോ കുടുംബത്തോടും നാലു കുഞ്ഞുങ്ങളെയെങ്കിലും പ്രസവിച്ചു വളര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

ലോകമെങ്ങും ഭരണമാറ്റം
ഇന്ത്യയില്‍ മാത്രമല്ല, പ്രധാന ലോകരാജ്യങ്ങളിലെല്ലാം ഈ വര്‍ഷം തെരഞ്ഞെടുപ്പു നടക്കുകയാണ്. ചൈനയിലും റഷ്യയിലും അമേരിക്കയിലുമെല്ലാം തെരഞ്ഞെടുപ്പു നടക്കും. ലോകക്രമത്തെത്തന്നെ മാറ്റി മറിക്കാന്‍ കഴിവുള്ള രാജ്യങ്ങളാണിവ. ജനുവരിയില്‍ ചൈനീസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കും. 2012 മുതല്‍ പതിനൊന്നു വര്‍ഷമായി തുടരുന്ന ഷി ചിന്‍ പിംഗ് അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന കാഴ്ച ഇക്കുറിയും കാണാം. മാര്‍ച്ചു മാസത്തില്‍ നടക്കുന്ന റഷ്യന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍തന്നെ വീണ്ടും പ്രസിഡന്റായേക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പ്രചാരണമുണ്ടെങ്കിലും പ്രതിയോഗികളെ ഇല്ലാതാക്കി പുടിന്‍ മുന്നേറുകയാണെന്നാണു റിപ്പോര്‍ട്ട്. മാര്‍ച്ചു മാസത്തില്‍തന്നെയാണു യുക്രേനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ മാസത്തിലാണ്.

യുദ്ധവും സമാധാനവും
അശാന്തിയുടെ ഒരു വര്‍ഷമാണ് കടന്നു പോയത്. 2021 നവംബറില്‍ റഷ്യ ഉക്രെയിനില്‍ ആരംഭിച്ച യുദ്ധം രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇപ്പോഴും യുദ്ധം തുടരുകയാണ്. ഇരു രാജ്യങ്ങളിലേയും അഞ്ചു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. മൂന്നു മാസം മുമ്പ് ഗാസയില്‍ പുതിയ യുദ്ധമുഖം തുറന്നിരിക്കുന്നു. ഇസ്രയേല്‍ – ഹാമാസ് യുദ്ധത്തില്‍ മുപ്പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. യുദ്ധംമൂലം പല മേഖലയിലും വിലക്കയറ്റവും ക്ഷാമവുമുണ്ടായി. ലോകരാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെപോലും പ്രതികൂലമായി ബാധിച്ചു. യുദ്ധം തുടര്‍ന്നാല്‍ കെടുതികള്‍ ഇനിയും വര്‍ധിക്കും. പുതുവല്‍സരത്തില്‍ ഈ യുദ്ധക്കെടുതികള്‍ക്കെല്ലാം അറുതിയാകട്ടെ; പുതിയ യുദ്ധമുഖങ്ങള്‍ തുറക്കാതിരിക്കട്ടെ.

ഒളിമ്പിക്സ്
പുതുവല്‍സരത്തില്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഒളിമ്പിക്സിന്റെ വര്‍ണശബളിമയാര്‍ന്ന ലോകവിസ്മയ കാഴ്ചകളാണ്. ആഡംബര നഗരമായ പാരീസിലാണ് ഒളിമ്പിക്സ്. ജൂലൈ 26 ന് ആരംഭിക്കുന്ന സമ്മര്‍ ഒളിമ്പിക്സ് അവിസ്മരണീയമായ ദൃശ്യവിരുന്നായിരിക്കും സമ്മാനിക്കുക. 48 വിഭാഗങ്ങളിലുള്ള 329 ഇനങ്ങളിലായി ഏറ്റവും കാര്യശേഷിയുള്ളവരായി തെരഞ്ഞെടുക്കപ്പെട്ട 10,500 കായികതാരങ്ങളാണു മാറ്റുരയ്ക്കുക.

പുതുവല്‍സരം ഐശ്വര്യവും നന്മകളും നിറഞ്ഞതാകട്ടെയെന്ന് ആശംസിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *