◾നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശ്വാസതടസം അനുഭവപ്പെട്ട് വെന്റിലേറ്ററിലായിരുന്നു. എണ്‍പതുകള്‍ മുതല്‍ തമിഴ് സിനിമയില്‍ സൂപ്പര്‍താരമായിരുന്ന വിജയകാന്തിനെ ക്യാപ്റ്റന്‍ എന്നാണ് ആരാധകര്‍ വിളിച്ചിരുന്നത്. രണ്ടു തവണ എംഎല്‍എയും ഒരു തവണ പ്രതിപക്ഷ നേതാവുമായിരുന്നു. വിജയ്കാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയില്‍ ആരാധകരുടെ വന്‍ തിരക്ക്.
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്സുമാരും പ്രതികളായുള്ള 750 പേജുള്ള കുറ്റപത്രം കുന്ദമംഗലം കോടതിയിലാണ് സമര്‍പ്പിച്ചത്. കേസില്‍ 60 സാക്ഷികളുണ്ട്.
◾
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റീസ് ജെ.ബി കോശി കമ്മിഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ‘മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിവിധ വകുപ്പുകള്‍ പഠിച്ചു. നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.’ പാലോളി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതുപോലെ ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
◾ജനുവരി മൂന്നിനു തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി മിനി തൃശൂര്‍ പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം തീരുമാനിച്ചു. മോദിയുടെ റോഡ് ഷോയ്ക്കിടെ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാണു മിനി പൂരം ഒരുക്കുക. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. പതിനഞ്ച് ആനകളും 200 മേളക്കാരും നിരക്കും. തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കവും പ്രതിസന്ധിയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
◾അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കേണ്ടതുണ്ടോയെന്നു തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കും. പങ്കെടുക്കരുതെന്നു മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരനും വി.എം. സുധീരനും പറഞ്ഞിരുന്നു.
◾സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്ത സംസ്ഥാന എക്സിക്യൂട്ടീവ് യോഗ തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. മുതിര്‍ന്ന നേതാവ് ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. ആരും എതിര്‍ത്തില്ല.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾നാലു പേരുടെ മരണത്തിനിടയാക്കിയ കൊച്ചി കുസാറ്റ് അപകടത്തിലെ ഉപസമിതി അന്വേഷണ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയന്‍. ചിലരെ രക്ഷിക്കാനുള്ള ശ്രമമാണ്. ഉപസമിതി അന്വേഷണം കാര്യക്ഷമമായി നടന്നില്ല. വിശദീകരണം ചോദിച്ച് നടപടി അവസാനിപ്പിക്കാനാണു നീക്കമെന്നും അവര്‍ ആരോപിച്ചു.
◾മത സൗഹാര്‍ദ്ദതിനെതിരായ ഒരു വാക്കുപോലും തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നില്ലെന്ന് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. മീഡിയ വളച്ചൊടിക്കുന്ന വാര്‍ത്ത കണ്ടു മന്ത്രി വി അബ്ദുറഹ്‌മാന്‍ പ്രതികരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ആഘോഷം അടക്കം ക്രൈസ്തവരുടെ ആഘോഷങ്ങളുമായി സഹകരിക്കരുതെന്ന പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണു മന്ത്രി സമസ്ത നേതാവിനെ വിമര്‍ശിച്ചത്. മതപണ്ഡിതന്‍മാര്‍ എന്തു പറയണമെന്ന് തീരുമാനിക്കലാണോ മന്ത്രിയുടെ പണിയെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരും ഫേസ്ബുക്കിലൂടെ പരിഹസിച്ചു.
◾പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍ തിരുവനന്തപുരത്ത് അന്തരിച്ചു. 51 വയസായിരുന്നു. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രശാന്ത് നാരായണന്റെ ഛായാമുഖി എന്ന നാടകം വളരെ പ്രശസ്തമായിരുന്നു.
◾കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ച ജനസേവനം ഷാജി എന്ന നവാസ് ഷാ ഹുസൈന്‍ നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനിയും കേരള കോണ്‍ഗ്രസിന്റെ ആദ്യ കാല നേതാവുമായിരുന്ന പരേതനായ മുല്ലശ്ശേരില്‍ ജലാലുദ്ദീന്റെ മകനാണ് ഷാജി.
◾ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ റിട്ടയേഡ് എസ്. ഐ. മരിച്ചു. ചെങ്ങമനാട് എസ്ഐയായിരുന്ന കുത്തിയതോട് തച്ചില്‍ വീട്ടില്‍ ജോസഫ് എന്ന 65 കാരനാണ് മരിച്ചത്.
◾കാസര്‍ഗോഡ് ബേഡകത്ത് ഭര്‍തൃ വീട്ടില്‍ മുര്‍സീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
◾മാനന്തവാടി കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിനിലം വിമലനഗര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റു ചെയ്തത്. വൈദ്യുതി ഉപയോഗിച്ചു മീന്‍ പിടിക്കുന്നതിനിടെയാണ് അഭിജിത്ത് എന്ന 14 കാരന്‍ ഷോക്കേറ്റു മരിച്ചത്.
◾കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ തട്ടി കൊണ്ടുപോയി മര്‍ദിച്ച് റോഡരികില്‍ തള്ളിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. കിഴക്കോത്ത് ആവിലോറ പാറക്കല്‍ അബ്ദു റസാഖ് (51), സക്കരിയ (36), റിയാസ് (29) എന്നിവരെയാണ് കൊടുവളളി പോലീസ് പിടികൂടിയത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി വാസുദേവനെ (88) ആണ് അയിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
◾ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനം. ഭീഷണിയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നതായി ഇസ്രായല്‍ എംബസി അധികൃതര്‍ വെളിപെടുത്തി. രണ്ട് മാസം മുന്‍പ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
◾മധ്യപ്രദേശിലെ ഗുണയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ബിജെപി നേതാവിന്റെ ഫിറ്റനസ് ഇല്ലാത്ത ബസിനു തീ പിടിച്ചാണ് ആളുകള്‍ മരിച്ചത്. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
◾ഡല്‍ഹിയില്‍ അസഹ്യമായ ശൈത്യവും മൂടല്‍മഞ്ഞും. താപനില ആറു ഡിഗ്രി സെല്‍ഷ്യസാണ്. ഡല്‍ഹിക്കു പുറമേ, ഉത്തര്‍പ്രദേശ്, ഹരിയാന പഞ്ചാബ് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞാണ്. കാഴ്ച മറയ്ക്കുന്നതിനാല്‍ ഡല്‍ഹിയില്‍ 134 വിമാനങ്ങളും 22 ട്രെയിനുകളും വൈകി. ഈയാഴ്ച മൂടല്‍മഞ്ഞു തുടരുമെന്നാണു റിപ്പോര്‍ട്ട്.
◾ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേരും. എന്‍ആര്‍ഐ വ്യവസായി സി.സി. തമ്പിക്ക് പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയും ഭൂമി വിറ്റെന്നും വധേരയും തമ്പിയും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ വധേരയുടെ പേര് നേരത്തെ ഉള്‍പെട്ടിരുന്നെങ്കിലും പ്രിയങ്കയുടെ പേര് ആദ്യമായാണു പരാമര്‍ശിക്കുന്നത്.
◾പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് പണം നല്‍കാതെ മുങ്ങി തട്ടിപ്പു നടത്തിയ മുന്‍ ക്രിക്കറ്റ് താരം മൃണാങ്ക് സിംഗ് എന്ന ഇരുപത്തഞ്ചുകാരനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഹരിയാന അണ്ടര്‍ 19 ടീമിലെ അംഗമായിരുന്നു ഇയാള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഡല്‍ഹിയിലെ പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിച്ച് അഞ്ചര ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.
◾വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കുടുംബാംഗങ്ങളായ ആറു പേര്‍ യുഎസിലെ ടെക്‌സാസില്‍ വാഹനാപകടത്തില്‍ മരിച്ചു. മുമ്മിടിവാരം മണ്ഡലത്തിലെ എംഎല്‍എയായ വെങ്കിട സതീഷ് കുമാറിന്റെ ബന്ധുക്കളാണ് മരിച്ചത്.
◾ഗുസ്തി ഫെഡറേഷനില്‍ ഇനി ഇടപെടരുതെന്ന് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ബിജെപി താക്കീത് നല്‍കി. താരങ്ങള്‍ പത്മശ്രീ അടക്കമുള്ള ബഹുമതികള്‍ തിരിച്ചുനല്‍കാന്‍ തുടങ്ങിയതു ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ബ്രിജ്ഭൂഷണെ മാറ്റി നിര്‍ത്തുന്നത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ റഷ്യന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് ക്ഷണമുണ്ടായത്. മാര്‍ച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയം ഉറപ്പിക്കാന്‍ ചരടുവലികള്‍ നടത്തുന്നതിനിടെയാണ് പുടിന്റെ ക്ഷണം. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മോദിക്കു വിജയം ആശംസിക്കുകയും ചെയ്തു.
◾2023-24 ജൂണ്‍ പാദത്തെ അപേക്ഷിച്ച് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ അനുവദിച്ച വായ്പയില്‍ സെപ്റ്റംബര്‍ പാദത്തില്‍ 15,741 കോടി രൂപയുടെ കുറവ് ഉണ്ടായതായി ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്ട്രി ഡെവലപ്പ്മെന്റ് കൗണ്‍സിലും ക്രെഡിറ്റ് ബ്യൂറോ സി.ആര്‍.ഐ.എഫും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വര്‍ണ, ഓഹരി വായ്പകളിലെ കുറവ് മൂലം മൊത്തം അനുവദിച്ച വായ്പകള്‍ ജൂണ്‍ പാദത്തിലെ 4 ലക്ഷം കോടിയില്‍ നിന്ന് 3.85 ലക്ഷം കോടിയായി കുറഞ്ഞു. എന്നാല്‍ മുന്‍ വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് 11,154 കോടി രൂപയുടെ (3%) വര്‍ധനയുണ്ട്. ഓഹരി ഈടായി സ്വീകരിച്ച് നല്‍കുന്ന വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഈ വിഭാഗത്തില്‍ വളര്‍ച്ച കുറയാന്‍ കാരണം. ഓഹരി മൂല്യത്തിന്റെ 50 ശതമാനത്തില്‍ അധികം വായ്പ നല്‍കരുതെന്ന് റിസര്‍വ് ബാങ്ക് എന്‍.ബി.എഫ്.സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഓഹരി വായ്പ സെപ്റ്റംബര്‍ പാദത്തില്‍ 77 ശതമാനം കുറഞ്ഞ് 853 കോടി രൂപയായി. അഫോര്‍ഡബിള്‍ ഹൗസിംഗ് വിഭാഗത്തിലാണ് എന്‍.ബി.എഫ്.സികള്‍ കൂടുതലായി ഭവന വായ്പകള്‍ നല്‍കുന്നത്. ഇതില്‍ സെപ്റ്റംബര്‍ പാദത്തില്‍ ഒരു ശതമാനം ഇടിവ് ഉണ്ടായി. വിദ്യാഭ്യാസ, വ്യക്തിഗത വായ്പവിദ്യാഭ്യാസ വായ്പയില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ പാദത്തില്‍ 74 ശതമാനം വളര്‍ച്ച നേടി. മൊത്തം 12,422 കോടി രൂപ അനുവദിച്ചു. വ്യക്തിഗത വായ്പകളില്‍ 10 ശതമാനം വളര്‍ച്ച നേടി. 64,778 കോടി രൂപയാണ് അനുവദിച്ചത്. കണ്‍സ്യൂമര്‍ വായ്പകള്‍ ഇക്കാലയളവില്‍ 12 ശതമാനം കുറഞ്ഞു.
◾ശിവ ദാമോദര്‍, അക്ഷര നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലിം ബാബ കഥ, ആക്ഷന്‍ കൊറിയോഗ്രഫി എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന പേപ്പട്ടി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സുധീര്‍ കരമന, സുനില്‍ സുഖദ, സ്ഫടികം ജോര്‍ജ്ജ്, ബാലാജി, ജയന്‍ ചേര്‍ത്തല, സംവിധായകന്‍ സിദ്ദിഖ്, ഡോ. രജിത് കുമാര്‍, സാജു കൊടിയന്‍, ജുബില്‍ രാജ്, ചിങ്കീസ് ഖാന്‍, നെല്‍സണ്‍ ശൂരനാട്, ജിവാനിയോസ് പുല്ലന്‍, ഹരിഗോവിന്ദ് ചെന്നൈ, ജോജന്‍ കാഞ്ഞാണി, രമേശ് കുറുമശ്ശേരി, ഷാനവാസ്, സക്കീര്‍ നെടുംപള്ളി, എന്‍ എം ബാദുഷ, അഷ്റഫ് പിലാക്കല്‍, ജോണ്‍സണ്‍ മാപ്പിള, സീനത്ത്, നീനാ കുറുപ്പ്, നേഹ സക്സേന, കാര്‍ത്തിക ലക്ഷ്മി, ബിന്ദു അനീഷ്, അശ്വതി കാക്കനാട്, വീണ പത്തനംതിട്ട തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സില്‍വര്‍ സ്‌കൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യാക്കോസ് കാക്കനാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലി മൊയ്തീന്‍ നിര്‍വ്വഹിക്കുന്നു. ശ്രീമൂലനഗരം പൊന്നന്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. സന്തോഷ് കോടനാട്, ആന്റണി പോള്‍ എന്നിവരുടെ വരികള്‍ക്ക് അന്‍വര്‍ അമന്‍, അജയ ജോസഫ് എന്നിവര്‍ സംഗീതം പകരുന്നു.
◾വിവാഹപ്രായമായിട്ടും പല കാരണങ്ങളാല്‍ കല്യാണം കഴിക്കാനാകാതെ വിഷമിക്കുന്ന ചെറുപ്പക്കാര്‍ക്കുവേണ്ടി ഒരു പുതിയ സിനിമ. ഷിജു യു സി- ഫൈസല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി പപ്പന്‍ ടി നമ്പ്യാര്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പേരും കൗതുകകരമാണ്- ‘വയസ്സെത്രയായി? മുപ്പത്തി…’. ഇന്നാണ് ഒഫിഷ്യല്‍ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിലൂടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രശാന്ത് മുരളി നായകനാകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മെറീന മൈക്കിള്‍, മഞ്ജു പത്രോസ്, ജയകുമാര്‍, സാവിത്രി ശ്രീധരന്‍, അരിസ്റ്റോ സുരേഷ്, രമ്യ സുരേഷ്, ചിത്ര നായര്‍, ഉണ്ണിരാജ, പ്രദീപ് ബാലന്‍, നിര്‍മല്‍ പാലാഴി, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, മുഹമ്മദ് എരവട്ടൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിബു സുകുമാരന്‍, സന്‍ഫീര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ ജനുവരി ഒന്നിന് പുറത്തിറങ്ങും. ചിത്രം ഫെബ്രുവരി ആദ്യ ആഴ്ച തന്നെ തിയറ്ററുകളില്‍ എത്തും.
◾മാരുതിയുടെ ആദ്യ എസ് യു വി ബ്രെസ്സ 2016 മാര്‍ച്ചിലാണ് അവതരിപ്പിച്ചത്. അതിനുശേഷം 2023 ഡിസംബര്‍ വരെ ഈ എസ് യു വിയുടെ 10 ലക്ഷം യൂണിറ്റുകള്‍ വിറ്റെന്നാണ് കണക്ക്. ഇതോടെ ഒരു ദശലക്ഷം യൂണിറ്റുകള്‍ വില്‍ക്കുന്ന കമ്പനിയുടെ ആദ്യ എസ് യു വിയായി ഇത് മാറി. വിറ്റാര ബ്രെസ്സ എന്ന പേരിലാണ് ഏഴ് വര്‍ഷം മുമ്പ് ഇത് ലോഞ്ച് ചെയ്തത്. പിന്നീട് കമ്പനി ബ്രെസ്സയെയും ഗ്രാന്‍ഡ് വിറ്റാരയെയും വേര്‍പെടുത്തി. 2016 മാര്‍ച്ചില്‍ ലോഞ്ച് ചെയ്തതു മുതല്‍ 2023 നവംബര്‍ അവസാനം വരെ 996,608 യൂണിറ്റ് ബ്രെസ്സ വിറ്റു. അതായത് ഒരു മില്യണില്‍ നിന്ന് 3,392 യൂണിറ്റുകളുടെ കുറവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2023 ഡിസംബര്‍ ആദ്യ വാരത്തില്‍ ഇത് മറികടന്നു. ഈ വര്‍ഷം മാത്രം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 1,11,371 യൂണിറ്റ് ബ്രെസ്സ വിറ്റഴിച്ചതായാണ് കണക്കുകള്‍. ഇതിന്റെ ശരാശരി പ്രതിമാസ വില്‍പ്പന 13,921 യൂണിറ്റുകളാണ്. ആഴ്ചയില്‍ 3,480 യൂണിറ്റുകള്‍ അഥവാ പ്രതിദിനം 497 യൂണിറ്റുകളാണ് വില്‍പ്പന. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന നാല് മാസങ്ങളില്‍ കോംപാക്റ്റ് എസ്യുവി സമാനമായ വില്‍പ്പന നിലനിര്‍ത്തുകയാണെങ്കില്‍, ബ്രെസ്സയ്ക്ക് കണക്കാക്കിയ 1,67,055 യൂണിറ്റുകള്‍ മറികടക്കാന്‍ കഴിയും. 2019 സാമ്പത്തിക വര്‍ഷത്തില്‍ 1,57,880 യൂണിറ്റുകള്‍ക്ക് ശേഷം ഈ മോഡലിന്റെ ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
◾ദൈവികത ഹൃദയത്തില്‍ തേടുന്ന അന്വേഷിയുടെ ഇരുചിറകുകള്‍ പ്രണയവും സമര്‍പ്പണവുമാണെന്ന അനുഭവപ്പൊരുളിനെ ലളിതവും മനോഹരവുമായി അടയാളപ്പെടുത്തുന്ന അപൂര്‍വ്വ പുസ്തകം.ഇസ്ലാമിന്റെ കര്‍മതലങ്ങളോ,വിശ്വാസവഴികളോ അല്ല ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.മറിച്ച്,ഇസ്ലാം എന്ന പ്രണയസമര്‍പ്പണത്തിന്റെ സ്പന്ദിക്കുന്ന ഹൃദയതാളം രേഖപ്പെടുത്തുകയാണ് എഴുത്തുകാരി. ‘ഇസ്ലാം പ്രണയം സമര്‍പ്പണം’. ശബ്നം നൂര്‍ജഹാന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 380 രൂപ.
◾ഉയര്‍ന്ന ചീത്ത കൊളസ്ട്രോള്‍ പ്രാഥമികമായി ഹൃദയ സംബന്ധമായ അപകടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. ഉയര്‍ന്ന കൊളസ്ട്രോളിന്റെ ആഘാതം പാദങ്ങളിലും കാലുകളിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും. പാദങ്ങളിലും കാലുകളിലും കാണുന്ന മഞ്ഞനിറത്തിലുള്ള മുഴകള്‍ (സാന്തോമസ്) ചീത്ത കൊളസ്ട്രോളിന്റെ ഒരു പ്രധാന ലക്ഷണമാണ്. ചര്‍മ്മത്തിനടിയില്‍ അടിഞ്ഞുകൂടുന്ന ഫാറ്റി ഡിപ്പോസിറ്റുകളാണ് സാന്തോമസ്. പരിമിതമായ ചലനശേഷിയും കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം. അതിനാല്‍ നടക്കാനുള്ള ബുദ്ധിമുട്ട് ശ്രദ്ധിക്കേണ്ടതാണ്. കാലുകളില്‍ വേദന, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവയും കൊളസ്ട്രോളിന്റെ ലക്ഷണങ്ങളാണ്. കാലുകള്‍ ചൊറിയുന്നതും നിസാരമാക്കേണ്ട. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ഉയര്‍ന്ന കൊളസ്ട്രോള്‍ കാലുകളിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തുന്നു. ഈ അവസ്ഥ ചലനശേഷിയെയും ബാധിക്കാം. കാലുകളിലെ നീര്‍വീക്കം, പാദങ്ങളിലെ വിറയല്‍, മുറിവുണങ്ങാന്‍ സമയമെടുക്കുക, കാലിന്റെ പുറകിലെ തടിപ്പ് തുടങ്ങിയവയും കൊളസ്ട്രോളിന്റെ ലക്ഷണങ്ങളാകാം. അതുപോലെ ചീത്ത കൊളസ്ട്രോള്‍ മൂലം കാലുകളുടെ നിറത്തില്‍ പ്രകടമായ മാറ്റമുണ്ടാകാം. ഇത്തരത്തിലെ ചര്‍മ്മത്തിലെ നീല നിറവും നിസാരമായി കാണേണ്ട.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.24, പൗണ്ട് – 106.60, യൂറോ – 92.48, സ്വിസ് ഫ്രാങ്ക് – 99.03, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.00, ബഹറിന്‍ ദിനാര്‍ – 220.81, കുവൈത്ത് ദിനാര്‍ -271.03, ഒമാനി റിയാല്‍ – 216.21, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 63.05.