◾‘ജിംഗിള്‍ ബെല്‍, ജിംഗിള്‍ ബെല്‍, ജിംഗിള്‍ ഓള് ദ വേ…’
ക്രിസ്മസിനോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്നു രാത്രി യേശുവിന്റെ തിരുപ്പിറവി ആഘോഷവും കുര്‍ബാനയും. നാളെ ക്രിസ്മസ്. നാളെ ഡെയ്ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ അപ് ലോഡു ചെയ്യുന്നതല്ല.
◾മന്ത്രിസഭ പുനഃസംഘടനയ്ക്കായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രി സ്ഥാനം രാജിവച്ചു. അഹമ്മദ് ദേവര്‍കോവില്‍ കൈകാര്യംെ ചയ്തിരുന്ന തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് കെ.ബി. ഗണേഷ്കുമാറിനും നല്‍കിയേക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29 നാണ്. മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള നാലു പാര്‍ട്ടികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന മുന്‍ ധാരണയനുസരിച്ചാണ് മന്ത്രിസഭാ പുനസംഘടന.
◾പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പ്രതിപക്ഷ എംഎല്‍എമാരേയും പോലീസ് വധിക്കാന്‍ ശ്രമിച്ചെന്നു സ്പീക്കര്‍ക്കു പരാതി. എ.പി. അനില്‍കുമാര്‍ എംഎല്‍എയാണ് അവകാശ ലംഘന നോട്ടീസായി പരാതി നല്‍കിയത്. കോണ്‍ഗ്രസ് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ പോലീസ് ടിയര്‍ ഗ്യാസ് ഗ്രനേഡുകള്‍ എറിഞ്ഞും ജലപീരങ്കി പ്രയോഗിച്ചും വധിക്കാന്‍ ശ്രമിച്ചെന്നാണു പരാതി.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455, *www.ksfe.com*
◾ഗുസ്തി താരങ്ങളുടെ പ്രതിഷേധം കനത്തതോടെ ഗുസ്തി ഫെഡറേഷന് ഭരണസമിതിയെ കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയം സസ്പെന്‍ഡു ചെയ്തു. ലൈംഗികാതിക്രമക്കേസിലെ പ്രതിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിന്റെ പാനലാണ് ഗുസ്തി ഫെഡറേഷന് ഭരണസമിതിയിലേക്കു ജയിച്ചത്. ഇതോടെ ഗൂസ്തിതാരങ്ങളെല്ലാം ഗുസ്തിയോടു വിടപറയുകയും കായികതാരങ്ങള്‍ പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങള്‍ തിരസ്കരിക്കുകയും ചെയ്യാന്‍ തുടങ്ങിയതാണ് മന്ത്രാലയം ഇടപെടാന്‍ കാരണം.
◾ആരും രാജാവാണെന്ന് കരുതരുതെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്. തന്റെ വിധികള്‍ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും ആരെന്ത് വിചാരിച്ചാലും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു. അടിമാലിയിലെ മറിയക്കുട്ടിയുടെ പെന്ഷന് കേസില്‍ ഹൈക്കോടതി തോന്നിയതു പറയുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനാണ് ജഡ്ജിയുടെ മറുപടി. മറിയക്കുട്ടിയുടെ കേസില്‍ സര്‍ക്കാരിനെതിരെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിശിതമായി വിമര്‍ശിച്ചിരുന്നു.
◾മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയയാളെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്. മന്ത്രിമാരുടെ സത്യ പ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും. നൂറു കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന്റേയും ഡിവൈഎഫ്ഐ ഗുണ്ടകളുടേയും മര്‍ദനമേറ്റ് ആശുപത്രിയിലാണ്. നിരവധി യുഡിഎഫ് പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ പ്രതികളാക്കിയിരിക്കുകയാണെന്നും സതീശന് പറഞ്ഞു.
◾ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഇന്നലെ സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത് 97,000 അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ്. പുല്ലുമേട് കാനനപാത വഴിയും ഭക്തജന പ്രവാഹം തുടരുകയാണ്. പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ സ്പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾ആലപ്പുഴയില്‍ കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്മാന് അനിലും സെക്യൂരിറ്റി ഓഫീസര്‍ സന്ദീപും അടക്കം അഞ്ചു പ്രതികള്‍. ഗണ്മാന് അനിലാണ് ഒന്നാം പ്രതി. സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് മറ്റു മൂന്നു പ്രതികള്‍. കോടതി ഉത്തരവനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
◾നവകേരള സദസ് കഴിഞ്ഞതോടെ, സമരസദസ് തുടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപി. എംവി ഗോവിന്ദന് പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചത്. മുരളീധരന് പറഞ്ഞു.
◾റേഷന്‍കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്കു തുടക്കമായി. അര ലിറ്റര്‍ കുപ്പിവെള്ളത്തിന് എട്ടു രൂപയാണു നിരക്ക്. ഒരുലിറ്ററിനു പത്തു രൂപയും അഞ്ചു ലിറ്ററിന് 50 രൂപയുമാണു വില.
◾ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ഷിന സമരസമിതി. കോടതി ചെലവിനുള്ള പണം നാട്ടുകാരില്‍ നിന്ന് പിരിച്ചെടുക്കും. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചശേഷം ഹര്‍ജി നല്കുമെന്നു ഹര്‍ഷിന വ്യക്തമാക്കി.
◾
◾ക്രിസ്മസ് തലേന്ന് സബ്സിഡി ഉത്പന്നങ്ങള്‍ ക്രിസ്മസ് ചന്തകളില്‍ എത്തിതുടങ്ങിയെന്നു സപ്ലൈകോ. 11 സബ്സിഡി ഇനങ്ങളാണ് എത്തിയത്. കരാറുകാര്‍ക്ക് കുടിശിക തുക കൊടുത്തതോടെ ഇന്നലെ രാത്രിയോടെയാണ് ലോഡ് എത്തിച്ചത്.
◾പാലക്കാട് അകത്തേത്തറ ചാത്തന്‍കുളങ്ങര ക്ഷേത്രഭൂമി ക്ഷേത്രം ദേവസ്വത്തിനു വിട്ടുനല്‍കണമെന്ന് ഹൈക്കോടതി. വര്‍ഷങ്ങളായി എന്‍എസ്എസ് പാട്ടഭൂമിയായി കൈവശം വച്ചിരിക്കുന്ന ഭൂമി ചാത്തന്‍കുളങ്ങര ദേവസ്വത്തിന് വിട്ടു നല്‍കണമെന്നാണ് ഉത്തരവ്. 50 ഏക്കര്‍ ഭൂമി 1969 മുതല്‍ എന്‍എസ്എസ്സിന് 36 വര്‍ഷത്തേയ്ക്ക് പാട്ടത്തിനു നല്‍കിയിരുന്നു. പാട്ടകാലാവധി കഴിഞ്ഞിട്ടും ക്ഷേത്രഭൂമി വിട്ടുനല്‍കിയിരുന്നില്ല.
◾കണ്ണൂര്‍ പാട്യം മൂഴിവയലില്‍ ആക്രി സാധനങ്ങള്‍ തരം തിരിക്കുന്നതിനിടെ സ്ഫോടനം. ആസാം സ്വദേശി സയിദ് അലിക്കും രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു.
◾തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് 10 അടി താഴ്ചയിലേക്കു മണ്ണിടിയുകയായിരുന്നു. അപകടത്തില്‍പെട്ട രണ്ടുപേരേയും പുറത്തെടുത്തു.
◾നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് കൂളിമാട് എംആര്‍പിഎല്‍ പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെ 2.45 നാണ് അപകടം. പമ്പിലെ ജീവനക്കാരന് സൂരജിന് അപകടത്തില്‍ പരിക്കേറ്റു. പെട്രോള്‍ പമ്പിലെ ഇന്ധന മെഷീന് തകര്‍ന്നു.
◾പാലക്കാട് ചിറ്റൂര്‍ അമ്പാട്ട് പാളയത്തിനു സമീപം ഇരുചക്ര വാഹനത്തില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന നല്ലേപ്പിള്ളി പാറക്കല്‍ സ്വദേശി മണികണ്ഠന് (43) ആണ് മരിച്ചത്.
◾മദ്യനിരോധനമുള്ള ഗുജറാത്തിലെ ടെക്കി കേന്ദ്രമായ ഗിഫ്റ്റ് സിറ്റിയില്‍ മദ്യം വിളമ്പാന്‍ അനുമതി. ഹോട്ടലുകളിലും ക്ലബുകളിലും മദ്യം വിളമ്പാമെന്ന് സംസ്ഥാന മദ്യനിരോധന വകുപ്പ് അറിയിച്ചു.
◾ഹാസ്യ നടന് ബോണ്ടാ മണി അന്തരിച്ചു. അറുപത് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു.
◾കാഷ്മീരിലെ ബാരാമുള്ളയില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചുകൊന്നു. ഞായറാഴ്ച പള്ളിയില്‍ നിസ്കരിക്കുന്നതിനിടെയാണ് മുന്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫിയാണു കൊല്ലപ്പെട്ടത്.
◾ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ ചരക്കു കപ്പലിനെതിരേ വീണ്ടും ഡ്രോണ്‍ ആക്രമണം. കേടുപാടുകള്‍ സംഭവിച്ച ചരക്കു കപ്പല്‍ മുംബൈ തീരത്തേക്ക് തിരിച്ചു. മംഗലാപുരം തുറമുഖത്തേക്കു വരാനിരുന്ന കപ്പലിലെ 25 ഇന്ത്യക്കാരടക്കം എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. കോസ്റ്റ് കാര്‍ഡ് കപ്പലായ വിക്രം ചരക്കു കപ്പലിനെ അനുഗമിക്കുന്നുണ്ട്. കപ്പലിന്റെ തകരാര്‍ മുംബൈ തുറമുഖത്തു പരിഹരിക്കും. സൗദിയില്‍ നിന്ന് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന കപ്പലിനെതിരേയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.
◾ക്രൂഡോയിലുമായി വരുന്ന കപ്പലിനെതിരേ ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണെന്ന് അമേരിക്ക. എന്നാല്‍ ആക്രമണവുമായി ബന്ധമില്ലെന്ന് ഇറാന് വ്യക്തമാക്കി. ഹൂതികളുടെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിനെ ബന്ധപ്പെടുത്തരുതെന്ന് ഇറേനിയന്‍ വിദേശകാര്യ സഹമന്ത്രി അലി ബഘേരി പറഞ്ഞു.
◾ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 70 ലധികം പേര് കൊല്ലപ്പെട്ടു. യുഎന്‍ സഹായ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
◾ഓസ്ട്രേലിയക്കെതിരായ വനിതകളുടെ ടെസ്റ്റില്‍ ഇന്ത്യക്ക എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. രണ്ടാമിന്നിംഗ്സില്‍ ഓസീസ് ഉയര്‍ത്തിയ 75 റണ്‍സ് വിജയ ലക്ഷ്യം 18.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ അടിച്ചെടുത്തു. വനിതാ ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.
◾ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കുത്തനെ കൂടുന്നു. ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് പ്ളാറ്റ്ഫോമായ കോയിന് സ്വിച്ചിന്റെ കണക്കുകളനുസരിച്ച് 1.9 കോടി വ്യക്തിഗത നിക്ഷേപ അക്കൗണ്ടുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 75 ശതമാനം പേര് 18 മുതല്‍ 35 വയസ് വരെ പ്രായമുള്ളവരാണ്. മൊത്തം നിക്ഷേപകരില്‍ ഒന്‍പത് ശതമാനം വനിതകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മൊത്തം ക്രിപ്റ്റോ നിക്ഷേപകരില്‍ ബഹുഭൂരിപക്ഷവും ബാംഗ്ളൂര്‍, ഡെല്‍ഹി, മുംബയ് നഗരങ്ങളിലാണ്. നടപ്പുവര്‍ഷത്തെ ഏറ്റവും ജനപ്രിയമായ ക്രിപ്റ്റോകറന്‍സി ഡോജെകോയിനാണ്. ക്രിപ്റ്റോ കറന്‍സികളിലെ മൊത്തം നിക്ഷേപത്തിന്റെ പതിനൊന്ന് ശതമാനം ഇതിലാണ്. ബിറ്റ്കോയിനില് ഒന്‍പത് ശതമാനവും എതേറിയത്തില്‍ 6.4 ശതമാനവും നിക്ഷേപമുണ്ട്.
◾ബോളിവുഡ് നടി സണ്ണി ലിയോണി മലയാളം വെബ് സീരിസില്‍ അഭിനയിക്കുന്നു. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആര്‍ ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന വെബ് സീരിസിലൂടെയാണ് മലയാളം ഒടിടി പ്ലാറ്റ്ഫോമില്‍ സണ്ണിയുടെ അരങ്ങേറ്റം. എച്ച്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന് നിര്‍മിക്കുന്ന പാന്‍ ഇന്ത്യന്‍ സുന്ദരിയുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. പ്രിന്‍സി ഡെന്നിയും ലെനിന് ജോണിയും ചേര്‍ന്നാണ് തിരക്കഥ. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് പാന്‍ ഇന്ത്യന്‍ സുന്ദരി. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര് ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന് രഘു, സജിത മഠത്തില്‍, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
◾15 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിന്-നരേന് കോംബോ ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ‘ക്വീന്‍ എലിസബത്ത്’ പ്രദര്ശനത്തിനൊരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ 29ന് തിയറ്ററുകളിലെത്തും. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകര്‍ഷിക്കുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മല്‍സ്യബന്ധന തൊഴിലാളിയുടെ വേഷത്തിനു കിട്ടി കൊണ്ടിരിക്കുന്ന അംഗീകാരങ്ങള്‍ക്ക് ശേഷം നരേന് അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് ‘ക്വീന്‍ എലിസബത്തി’ലെ അലക്സ്. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പന്, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിര്‍മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അര്ജുന് ടി. സത്യന് ആണ് ചിത്രത്തിന്റെ രചന.
◾ഓട്ടോപൈലറ്റ് ഫീച്ചറിനെ ചൊല്ലിയുള്ള ടെസ്ലയുടെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഓട്ടോപൈലറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അമേരിക്കയിലും കാനഡയിലുമുള്ള 20 ലക്ഷത്തോളം ടെസ്ല കാറുകളെ കമ്പനി തിരിച്ചുവിളിച്ചു. അമേരിക്കയില്‍ നടന്ന 956 ഓട്ടോപൈലറ്റ് വാഹനാപകടങ്ങളെക്കുറിച്ച് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ടെസ്ലയുടെ നടപടി. ഓട്ടോപൈലറ്റ് ഒട്ടും സുരക്ഷിതമല്ലെന്ന മുന്‍ ടെസ്ല ജീവനക്കാരന് ലുകാസ് ക്രുപ്സ്കിയുടെ വെളിപ്പെടുത്തലും ദിവസങ്ങള്‍ക്കു മുമ്പാണ് പുറത്തുവന്നിരുന്നത്. ഓട്ടോപൈലറ്റ് ഫീച്ചറുള്ള ടെസ്ലയുടെ മോഡല്‍ എസ്, മോഡല്‍ വൈ, മോഡല്‍ 3, മോഡല്‍ എക്സ് കാറുകളെയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2012 മുതലുള്ള കാറുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഡ്രൈവറുടെ ഇടപെടല്‍ പരമാവധി കുറച്ചുകൊണ്ട് വാഹനത്തിനെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഓട്ടോപൈലറ്റ്. എന്നാല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോഴും ഡ്രൈവര്‍ സീറ്റില്‍ ഡ്രൈവര്‍ വേണമെന്നും സ്റ്റിയറിങില്‍ കൈ വെക്കണമെന്നും ടെസ്ല തന്നെ നിര്‍ദേശിക്കുന്നുണ്ട്. എന്തെങ്കിലും കാരണവശാല്‍ അടിയന്തരസാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അപകടം ഒഴിവാക്കാന്‍ വേണ്ടിയാണിത്.
◾ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ സഹോദരി പ്രതികാരത്തിനുവേണ്ടി കൂട്ടുനിന്ന ഒരു കുടുംബത്തിന്റെ കഥ. യക്ഷികളുടെയും ഭഗവതീവിചാരങ്ങളുടെയും മാനസികവിക്ഷോഭങ്ങളിലൂടെയുള്ള ഒരു പെണ്‍കുട്ടിയുടെ സഞ്ചാരം. അതന്വേഷിക്കാനെത്തുന്ന ഹേമ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ സംഭവബഹുലവും അസാധാരണവുമായ കണ്ടെത്തലുകള്‍. ഭയത്തിന്റെയും സംഭ്രമത്തിന്റെയും കുറ്റവാസനകളുടെയും വേദിയായ കാനനമധ്യത്തിലെ വിജനമായ പ്രേതബംഗ്ലാവില്‍ നടക്കുന്ന ദുരൂഹമായ സംഭവങ്ങള്‍. ആദിമദ്ധ്യാന്തങ്ങളില് സസ്പെന്‍സ് നിലനിര്‍ത്തുന്ന നോവല്‍. രണ്ടു സ്ത്രീകളുടെ അപൂര്‍വ്വമായ ധൈര്യത്തിന്റെ കഥകൂടിയാണിത്. ‘അത് ഞാന്‍ തന്നെയായിരുന്നു’. അശ്വനിദാസ് എം.ജി. മംഗളോദയം. വില 150 രൂപ.
◾ഭക്ഷണത്തെ കൂടുതല്‍ രുചികരമാക്കുന്ന ഭക്ഷണവസ്തുവാണ് നെയ്യ്. ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയ ഒമേഗ 3 യുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ആരോഗ്യം നിലനിര്‍ത്തുന്നതിലും സുപ്രധാന ശാരീരിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും നെയ്യ് വലിയ പങ്കാണ് വഹിക്കുന്നത്. തണുപ്പുക്കാലത്ത് സന്ധി വേദന അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നെയ്യിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശ്വസന ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഫാറ്റി ആസിഡാണ്. മിതമായ അളവില്‍ നെയ്യ് കഴിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് സ?ഹായിക്കുന്നു. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുടെ ആഗിരണം വര്‍ദ്ധിപ്പിക്കുന്നതില്‍ നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. രോഗപ്രതിരോധ സംവിധാന പിന്തുണ, എല്ലുകളുടെ ആരോഗ്യം, ചര്‍മ്മം എന്നിവയുള്‍പ്പെടെ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിറ്റാമിനുകള്‍ അത്യന്താപേക്ഷിതമാണ്. തണുപ്പുകാലത്ത് വരണ്ട ചര്‍മ്മം പലരേയും അലട്ടുന്ന പ്രശ്നമാണ്. കൂടാതെ, ചര്‍മ്മത്തിന്റെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്നു. നെയ്യില്‍ ആവശ്യമായ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് മോയ്സ്ചറൈസ് ചെയ്യുകയും വരണ്ടതാക്കാനുള്ള സാധ്യത കുറയ്ക്കുകയും ആരോഗ്യകരമായ ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, തണുപ്പുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും നെയ്യ് പുരട്ടാം.