പാര്‍ലമെന്റിലെ അക്രമത്തെക്കുറിച്ചു ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. സസ്‌പെന്‍ഡു ചെയ്യപ്പെട്ട 92 എംപിമാരും പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചു. ഏകാധിപത്യം അനുവദിക്കില്ലെന്നു പോസറ്ററുകളുമായി എത്തിയാണ് പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ആറു ബില്ലുകള്‍ സര്‍ക്കാര്‍ അജണ്ടയിലുള്‍പ്പെടുത്തി. എല്ലാ എംപിമാരെയും സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷം. നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് സസ്‌പെന്‍ഷനെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. വെള്ളിയാഴ്ച സഭ പിരിയും.
ചൈനയില്‍ ഗാന്‍സു പ്രവിശ്യയില്‍ ഭൂചലനം. നൂറിലേറെപ്പേര്‍ മരിച്ചു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കോഴിക്കോട്ടെ മിഠായത്തെരുവില്‍ ഇറങ്ങി നടന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കേരളത്തിലെ ക്രമസമാധാന ഭദ്രമാണെന്ന് മനസിലായിക്കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ഗവര്‍ണര്‍ റോഡിലിറങ്ങി നടന്നത്. സ്ഥാനത്തിരിക്കുന്ന ആള്‍ ചെയ്യേണ്ട കാര്യമല്ല. അലുവ കഴിച്ചത് നന്നായി. മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ രാജിവച്ചു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷം ബാക്കിയിരിക്കെയാണു രാജി. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് രാജിയെന്നുപ്രിയ പറഞ്ഞു.
ക്രിസ്മസ്, നവവല്‍സര അവധി ദിവസങ്ങളില്‍ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ബസുകളില്‍ ഈടാക്കുന്ന നിരക്ക് രണ്ടായിരം മുതല്‍ ആറായിരം വരെ രൂപ. കര്‍ണാടകയുടേയും കേരളത്തിന്റേയും കെഎസ്ആര്‍ടിസി ബസുകളിലും നിരക്കു വര്‍ധനയാണ്. ട്രെയിന്‍ ടിക്കറ്റുകളെല്ലാം ഒന്നര മാസംമുമ്പേ തീര്‍ന്നുപോയിരുന്നു.
മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നില്ല. രാവിലെ പത്തിനു തുറക്കുമെന്നായിരുന്നു മുന്നറിയിപ്പു നല്‍കിയിരുന്നത്.
പന്തളത്തുനിന്നു കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുമായ പെണ്‍കുട്ടികളെ ഇന്നലെയാണ് കാണാതായത്.
നവകേരള സദസുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നു കെ മുരളീധരന്‍ എംപി. സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ നടത്തുന്ന പ്രസ്താവനയിലെ മൂര്‍ച്ച പ്രവര്‍ത്തനത്തില്‍ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചേര്‍ത്തലയില്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ അക്രമിസംഘം സ്വകാര്യവ്യക്തിയുടെ ഭൂമി കയ്യേറി റോഡ് നിര്‍മിച്ചു. രാത്രി വടിവാളടക്കമുള്ള ആയുധങ്ങളുമായി എത്തിയവരോടു തര്‍ക്കിച്ച ഗൃഹനാഥന്‍ കട്ടച്ചിറ ചേന്നോത്ത് മേരിവില്ലയില്‍ തോമസ് വര്‍ഗീസിനേയും സഹോദരനേയും അക്രമിസംഘം വെട്ടി. വഴിത്തര്‍ക്ക കേസില്‍ കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കേയാണ് ഭൂമി കൈയേറ്റം.
വയനാട് വാകേരിയില്‍ പിടിയിലായ നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച കടുവയെ ആരോഗ്യ പരിശോധനകള്‍ക്കു ശേഷമാണ് പുത്തൂരിലെത്തിച്ചത്.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ പിടിച്ചിട്ടതിന് പൊലീസും ദേവസ്വം ബോര്‍ഡ് അംഗവും തമ്മില്‍ വാക്‌പോര്. പത്തനംതിട്ട പെരനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് അംഗം അജികുമാറും തമ്മിലാണ് കൂനങ്കരയില്‍ തര്‍ക്കമുണ്ടായത്. തിരക്ക് ഇല്ലാതിരുന്നിട്ടും പൊലീസ് വാഹനങ്ങള്‍ തടഞ്ഞിടുകയാണെന്ന് അജികുമാര്‍ വിമര്‍ശിച്ചു.
ചൊക്ലിയില്‍ ഷഫ്‌ന കിണറിലേക്കു ചാടി ജീവനൊടുക്കിയതല്ല, ഭര്‍തൃവീട്ടുകാര്‍ കൊന്നു കിണറിലിട്ടതാണെന്ന ആരോപണവുമായി ബന്ധുക്കള്‍. കാരപ്പൊയില്‍ സ്വദേശി റിയാസിന്റെ ഭാര്യ ഷഫ്‌ന (26) തിങ്കളാഴ്ചയാണു പുല്ലാക്കരയിലെ ഭര്‍തൃവീട്ടില്‍ മരിച്ചത്.
കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ പ്രളയംമൂലം റെയില്‍വേ സ്റ്റേഷനുകളിലും പാളങ്ങളിലും വെള്ളം കയറി. കേരളം വഴിയുള്ള മൂന്നു ട്രെയിനുകളടക്കം 23 ട്രെയിനുകള്‍ റദ്ദാക്കി.
പാര്‍ലമെന്റില്‍ രണ്ടു പേര്‍ക്ക് അതിക്രമിച്ചു കയറാന്‍ പാസ് നല്‍കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച 92 പ്രതിപക്ഷ എംപിമാരെ പുറത്താക്കുകയും ചെയ്ത സംഭവം അതിവിചിത്രമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രതികളായവര്‍ അംഗങ്ങളായ ഭഗത് സിംഗ് ഫാന്‍സ് ക്ലബ്ബ് ഗ്രൂപ്പിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് ഫേസ് ബുക്ക് ഉടമകളായ മെറ്റയ്ക്ക് നോട്ടീസയച്ചു. ഗ്രൂപ്പിലെ ചര്‍ച്ചകളുടെ വിശദാംശങ്ങളാണ് തേടിയിത്. അറസ്റ്റിലായ പ്രതികളുടെ ഫേസ് ബുക്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്. ഈ ഗ്രൂപ്പ് നേരത്തെ ഡീലീറ്റ് ചെയ്തിരുന്നു.
വരവില്‍ കവിഞ്ഞ് സ്വത്തു സമ്പാദിച്ച കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി. 2017 ല്‍ മന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. വിധിക്കെതിരെ എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് നല്‍കിയിരുന്ന അപ്പീലിലാണ് തീരുമാനം.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളിമനോഹര്‍ ജോഷിയും പങ്കെടുക്കില്ല. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. ഇരുവരും പങ്കെടുക്കേണ്ട ചടങ്ങാണെങ്കിലും ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ഇരുവരോടും വരേണ്ടെന്ന് അഭ്യര്‍ഥിച്ചെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം. ആര്‍എസ്എസിന്റെ അടുപ്പക്കാരായ തൃണമൂലുമായി സഖ്യം സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വ്യക്തമാക്കി. സിപിഎമ്മും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് മമത ബാനര്‍ജി പ്രസ്താവിച്ചതിനു പിറകേയാണ് പ്രതികരണം.
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത സഹായി ഛോട്ടാ ഷക്കീല്‍. അദ്ദേഹം നൂറു ശതമാനവും ആരോഗ്യവാനാണെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.