ശരീരത്തില്‍ പ്രധാനമായും ത്വക്കിനെയും സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. ചര്‍മ്മത്തിന്റെ പുറംപാളിയായ എപ്പിഡെര്‍മിസിന്റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുന്നതാണ് സോറിയാസിസ് എന്നും പറയാം. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുകയും ശകലങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് സോറിയാസിസിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇവ കൂടുതലായും കാണപ്പെടുന്നത് തലയിലും കൈകളിലും കാലുകളിലും മുട്ടുകളിലും പുറത്തുമാണ്. തലയില്‍ താരന്‍ പോലെ ശകലങ്ങളായി പാടുകളായോ സോറിയാസിസ് തുടങ്ങാം. നഖങ്ങളില്‍ നിറവ്യത്യാസം, ചെറിയ കുത്തുകള്‍, കേട് എന്നിവയും ചിലരില്‍ കാണാം. തൊലി വല്ലാതെ വരണ്ടുപോവുകയും ഇതിനിടയില്‍ വിള്ളല്‍ വന്ന് രക്തം വരികയും ചെയ്യുന്നത്, തൊലിപ്പുറത്ത് പൊള്ളുന്നത് പോലുള്ള അനുഭവം, ചൊറിച്ചില്‍, വേദന എന്നിവ അനുഭവപ്പെടുന്നതൊക്കെ ഇതിന്റെ ലക്ഷണമാകാം. സന്ധികളില്‍ വീക്കമോ വേദനയോ അനുഭവപ്പെടുന്നതും നഖങ്ങളില്‍ വിള്ളലോ പൊട്ടലോ തുടര്‍ച്ചയായി ഉണ്ടാകുന്നതും ചിലരില്‍ രോഗ ലക്ഷണമാകാം. രോഗലക്ഷണങ്ങള്‍ ഇടയ്ക്ക് തീവ്രമാകുന്നതും ചിലപ്പോള്‍ നന്നായി കുറഞ്ഞ് അപ്രത്യക്ഷമാകുന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. സോറിയാസിസ് രോഗത്തിന്റെ ക്യത്യമായ കാരണങ്ങള്‍ ഇന്നും വ്യക്തമല്ലെങ്കിലും പ്രതിരോധ സംവിധാനത്തിന്റെ തകരാറും ജനിതക ഘടകങ്ങളുമെന്നാണ് പൊതുവേ കരുതുന്നത്. സോറിയാസിസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. സോറിയാസിസ് വീണ്ടും ആവര്‍ത്തിക്കുന്ന രോഗമായതിനാല്‍ തുടര്‍ചികിത്സയും പരിചരണവും അനിവാര്യമാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan