കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സന്ദര്‍ശക ഗാലറിയില്‍നിന്ന് എംപിമാര്‍ ഇരിക്കുന്ന ചേംബറിലേക്കു ചാടി മുദ്രാവക്യം മുഴക്കിയ രണ്ടു പേരടക്കം പിടിയിലായ നാലു പേരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു. പിടിയിലായവരില്‍ ഒരാള്‍ യുവതിയാണ്. മൈസൂരു സ്വദേശിയായ എന്‍ജിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും സാഗര്‍ ശര്‍മയുമാണ് പാര്‍ലമെന്റിനകത്തുനിന്നു പിടിയിലായത്. ബിജെപിയുടെ മൈസൂരു എംപി പ്രതാപ് സിന്‍ഹ നല്‍കിയ പാസ് ഉപയോഗിച്ചാണ് ഇവര്‍ അകത്തു കയറിയത്. പാര്‍ലമെന്റിനു പുറത്തു പ്രതിഷേധിച്ച ഹരിയാന സ്വദേശിനി 42 വയസുള്ള നീലം, മഹാരാഷ്ട്ര സ്വദേശിയും 25 കാരനുമായ അമോല്‍ ഷിന്‍ഡെ എന്നിവരും പിടിയിലായി. ‘താനാശാഹീ നഹീ ചലേഗി’ (ഏകാധിപത്യം അനുവദിക്കില്ല) എന്നു മുദ്രാവാക്യം മുഴക്കിയാണു പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കു ചാടിവീണത്.
ശൂന്യവേള ആരംഭിക്കാനിരിക്കെയാണു പാര്‍ലമെന്റിന്റെ സന്ദര്‍ശക ഗാലറിയില്‍നിന്ന് രണ്ടു പേര്‍ എംപിമാരുടെ ഇരിപ്പിടങ്ങളിലേക്കു ചാടിയത്. ഇവരില്‍ ഒരാള്‍ ഗാലറിയില്‍ തുങ്ങിക്കിടന്നു മഞ്ഞപുക വമിപ്പിച്ചു. ഷൂസിനടിയില്‍ ഒളിപ്പിച്ചിരുന്ന പുക വമിക്കുന്ന സ്‌ഫോടകവസ്തു പ്രയോഗിക്കുകയായിരുന്നു. താഴേക്കു ചാടിയ അക്രമി സ്പീക്കറുടെ ചേംബറിലേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് എംപി ഗുര്‍ജിത് സിംഗ് ഔജലിയാണു പിടികൂടിയത്. അയാളുടെ കൈയിലുണ്ടായിരുന്ന മഞ്ഞ പുക വമിക്കുന്ന സാധാനം പിടിച്ചുവാങ്ങി പുറത്തേക്കെറിഞ്ഞു. ആംആദ്മി പാര്‍ട്ടി എംപി ഹനുമാന്‍ ബെനിവാളും അക്രമിയെ പിടികൂടാനുണ്ടായിരുന്നു.
ലോക്‌സഭയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പാര്‍ലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള. വിശദീകരണം തേടി. സിസിടിവി കാമറകള്‍ അടക്കം പരിശോധിക്കുന്നുണ്ട്.
പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായപ്പോള്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും എവിടെയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് എംപി അടക്കമുള്ളവരാണ് ഒട്ടും ഭയമില്ലാതെ അക്രമികളെ പിടികൂടിയത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവര്‍ണറെ തടഞ്ഞ കേസില്‍ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കോടതിയില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പ്രതികള്‍ക്കെതിരെ ചേര്‍ത്ത 124 ാം വകുപ്പ് നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂട്ടറുടെ വാദം. പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്ന് തലേന്നു വാദിച്ച പ്രോസിക്യൂട്ടറാണ് ഇന്നലെ പ്രതികളെ രക്ഷിക്കാനുള്ള നിലപാടെടുത്തത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും 124 ാം വകുപ്പും നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കരിങ്കൊടി കാണിച്ചു ഗവര്‍ണറുടെ യാത്രയ്ക്കു തടസമുണ്ടാക്കിയത് കൃത്യനിര്‍വ്വഹണം തടസപ്പെടുത്തലല്ലെന്നാണ് വാദം. പ്രതികള്‍ പ്രതിഷേധിച്ചതേയൂള്ളൂവെന്നും പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. ഗവര്‍ണറുടെ വാഹനത്തിനു കേടുപാടുകളുണ്ടായതിനു നഷ്ടപരിഹാരം കെട്ടിവക്കാമെന്നു പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പണം കെട്ടിവച്ചാല്‍ എന്തും ചെയ്യാമോ എന്നു ചോദിച്ച കോടതി ജാമ്യാപേക്ഷ മൂന്നു ദിവസം കഴിഞ്ഞു വിധി പറയാന്‍ മാറ്റിവച്ചു.
ശബരിമലയില്‍ തിരുപ്പതി മോഡല്‍ ഡൈനമിക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് അധികൃതര്‍. മരക്കൂട്ടത്തുനിന്ന് ശരംകുത്തിയിലേക്കുള്ള പാതയില്‍ ആറു ക്യു കോംപ്ലക്‌സുകളിലായി വിശ്രമ സൗകര്യങ്ങള്‍ ഒരുക്കി. കുടിവെള്ളം, ഇന്റര്‍നെറ്റ്, വീല്‍ ചെയര്‍, സ്ട്രക്ച്ചര്‍, ശൗചാലയം തുടങ്ങിയവയല്ലാം ഒരുക്കിയിട്ടുണ്ട്. ഓരോ ക്യൂ കോംപ്ലക്‌സിലും മൂന്ന് മുറികളിലായാണ് സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്തെ തിരക്കിനനുസൃതമായി ഘട്ടം ഘട്ടമായി ഭക്തജനങ്ങളെ കടത്തിവിടും.
സംസ്ഥാനത്തെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിക്കു ബദല്‍ വെല്ലുവിളിയുമായി ഗവര്‍ണര്‍. 16 ന് കോഴിക്കോടെത്തുന്ന താന്‍ 18 വരെ കാലിക്കട്ട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എസ്എഫ്‌ഐയുടെ വെല്ലുവിളിയോടെ യൂണിവേഴ്‌സിറ്റി കാമ്പസിലേക്കു താമസം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനു ചുമ. സംസാരിക്കാന്‍ ശബ്ദമില്ലാതെ ചങ്ങനാശേരിയിലെ നവ കേരള സദസ് വേദിയില്‍ പ്രസംഗം നിര്‍ത്തിവച്ച് പിണറായി വിജയന്‍ മടങ്ങി. വേദിയിലെ ലൈറ്റിങ്ങിലും മുഖ്യമന്ത്രി പരാതി പറഞ്ഞിരുന്നു. തൊട്ടുമുന്നില്‍ ലൈറ്റ് വച്ചിരിക്കുന്നതിനാല്‍ ജനക്കൂട്ടത്തെ കാണാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടനത്തെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ കുറ്റപ്പെടുത്തി. സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്ന സഖ്യകക്ഷിയുടെ ആഹ്വാനം സിപിഎം പ്രയോഗവല്‍ക്കരിക്കുകയാണ്. മണ്ഡലകാലത്ത് ദേവസ്വം മന്ത്രി ഊരുചുറ്റാനിറങ്ങുന്നത് എങ്ങനെ? ‘ആചാരലംഘന’ത്തിന് ആയിരം പൊലീസ് അകമ്പടി നല്‍കിയപ്പോള്‍ യഥാര്‍ഥ ഭക്തര്‍ക്ക് അഞ്ഞൂറ് പൊലീസാക്കി കുറച്ച് എന്തുകൊണ്ട്? മന്ത്രി മുരളീധരന്‍ ചോദിച്ചു.
സംസ്ഥാനത്തെ 33 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ വിജയിച്ച യുഡിഎഫിനൊപ്പമാണ് നവകേരളത്തിന്റെ മനസെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരമാണിത്. ശബരിമല ദര്‍ശനമല്ല, പിണറായി ദര്‍ശനം മതിയെന്ന നിലപാടിനു ജനങ്ങള്‍ നല്കിയ മുന്നറിയിപ്പാണിതെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആം ആദ്മി അക്കൗണ്ടു തുറന്നു. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി സ്ഥാനാര്‍ത്ഥി ബീന കുര്യനെ കെജ്രിവാള്‍ അഭിനന്ദിച്ചു. നാലു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
കോണ്‍ഗ്രസിന്റെ സീറ്റാണ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തത്.
സിനിമാ നടന്‍ ദേവനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബിജെപിയില്‍ എത്തിയത്.
നവകേരള സദസില്‍ പ്രസംഗിച്ച ശൈലജ ടീച്ചറേയും കെ.എം മാണിയുടെ നാട്ടില്‍ റബര്‍ വിലയെക്കുറിച്ചു പ്രസംഗിച്ച തോമസ് ചാഴികാടന്‍ എംഎല്‍എയേയും ശകാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷ എംഎല്‍എമാര്‍ വേദി പ്രയോജനപ്പെടുത്തിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി സ്വന്തം മുന്നണിയിലെ നേതാക്കളെപോലും വെറുതെ വിട്ടില്ല. റബറിനു 250 വില നല്‍കുമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുമോയെന്നും സതീശന്‍ ചോദിച്ചു.
ലോക്‌സഭയിലെ സന്ദര്‍ശക ഗാലറിയില്‍നിന്നു താഴേക്കു ചാടിയവരില്‍ ഒരാള്‍ തന്റെ മകനാണെന്ന് മനോരഞ്ജന്റെ അച്ഛന്‍ ദേവരാജ്. മകന് ഏതെങ്കിലും പ്രസ്ഥാനങ്ങളുമായി ബന്ധമില്ലെന്നും എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും ജോലി ശരിയായിട്ടില്ലെന്നും ദേവരാജ് പറഞ്ഞു. കൃഷി ചെയ്യാന്‍ തന്നെ സഹായിക്കാറുണ്ട്. സമൂഹത്തിനു ദോഷകരമായി അവന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവനെ തൂക്കിലേറ്റണമെന്നും ദേവരാജ് പറഞ്ഞു.
തമിഴ് സീരിയല്‍ സിനിമ നടനായ രാഹുല്‍ രവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി തമിഴ്‌നാട് പൊലീസ്. ഗാര്‍ഹിക പീഡനത്തിനു ഭാര്യ ലക്ഷ്മി എസ് നായര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ രാഹുല്‍ രവി ഒളിവിലാണ്.
മുംബൈയിലെ സബര്‍ബന്‍ ട്രെയിനിലെ ലേഡീസ് കോച്ചില്‍ യുവതിയോടൊപ്പം നൃത്തം ചെയ്ത പൊലീസുകാരനെതിരേ അച്ചടക്ക നടപടി. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് എസ് എഫ് ഗുപ്ത എന്ന പൊലീസുദ്യോഗസ്ഥനെതിരേ നടപടിയെടുത്തത്.
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച മൂന്നു സൈനികര്‍ കുറ്റക്കാരെന്ന് ജപ്പാനിലെ കോടതി. റിന ഗൊനോയി എന്ന 24 കാരിയായ സൈനിക ഉദ്യോഗസ്ഥ ലൈംഗിക അതിക്രമങ്ങളേക്കുറിച്ച് കഴിഞ്ഞ വര്‍ഷം യുട്യൂബ് വീഡിയോയിലൂടെയാണ് പുറത്തുവിട്ടത്.