മഹേഷ് ബാബു നായകനായി വേഷമിടുന്ന ചിത്രമാണ് ‘ഗുണ്ടുര്‍ കാരം’. സംവിധാനം നിര്‍വഹിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. ഗുണ്ടുര്‍ കാരത്തിലെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടു. ‘ഒ മൈ ബേബി’യെന്ന ഗാനത്തിന്റെ പ്രൊമോയാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. എസ് തമന്‍ ഗുണ്ടുര്‍ കാരത്തിന് സംഗീതം നല്‍കിയപ്പോള്‍ ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവും വരികള്‍ എഴുതിയിരിക്കുന്നത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രിയുമാണ്. ചിത്രത്തിന്റെ റിലീസ് ജനുവരി 12നാണ്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായി. ഹിറ്റ്‌മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷന്‍ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.