നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ എറിഞ്ഞതിനു വധശ്രമത്തിനു കേസെടുത്ത പോലീസിനെ പൊരിച്ച് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെകൂടി പോലീസ് സംരക്ഷിക്കണം. ഓടുന്ന ബസിനുനേരെ ഷൂ എറിഞ്ഞാല്‍ വധശ്രമമാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. സംഘാടകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും മര്‍ദിച്ചെന്നു പ്രതികള്‍ പരാതിപ്പെട്ടതോടെ മര്‍ദിച്ച പോലീസുകാരുടെ വിവരം എഴുതിത്തരണമെന്നു കോടതി ആവശ്യപ്പെട്ടു. പ്രതികളെ മര്‍ദിച്ചവര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തു ഹാജരാക്കാത്തത് എന്തുകൊണ്ടാണ്? എങ്ങനെ രണ്ടുതരം നീതി നടപ്പാക്കാന്‍ പോലീസിനു കഴിയുന്നുവെന്നും കോടതി ചോദിച്ചു.
ചികില്‍സാ സഹായം തേടി നവകേരള സദസില്‍ പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞു വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശനാണ് മരിച്ചത്. അടിമാലിയില്‍ നവകേരള സദസിന്റെ പ്രവേശന കവാടത്തില്‍ ഗണേശന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനേ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി സഹായമായി അനുവദിച്ചെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ മാസം 120 കോടി രൂപ നല്‍കിയിരുന്നു. ഒമ്പത്ുമാസത്തിനകം 1264 കോടി രൂപയാണ് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 4,963.22 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കു നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയത് 4,936 കോടി രൂപ നല്‍കിയിരുന്നു.
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പു കേസിലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ ബാബു എംഎല്‍എയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സ്റ്റേ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയതാണെന്നും സ്വരാജിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഇന്ന് ഹൈക്കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചതായി ബാബുവിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബാബുവിന്റെ ഹര്‍ജി ജനുവരി 10 ന് പരിഗണിക്കും.
റേഷന്‍ വിതരണം മുടങ്ങും. റേഷന്‍ ഭക്ഷ്യധാന്യ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാര്‍ നാളെ മുതല്‍ സമരത്തിന്. റേഷന്‍ വസ്തുക്കള്‍ എത്തിച്ചതിനു നൂറു കോടിയോളം രൂപ തങ്ങള്‍ക്കു പ്രതിഫലമായി ലഭിക്കാനുണ്ട്. പണം ലഭിച്ചശേഷമേ റേഷന്‍ സാധനങ്ങളുടെ ചരക്കുനീക്കം നടത്തൂവെന്നു കരാറുകാര്‍ പറഞ്ഞു.
ശബരിമലയിലെ തിരക്ക് വര്‍ധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10 ന് അവലോകന യോഗം വിളിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടക്കമുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമീഷണര്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും. വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരിക്കേയാണ് നടപടി.
നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ എറിഞ്ഞതിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പണ്ടു ഡിവൈഎഫ്‌ഐക്കാര്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞപ്പോള്‍ എവിടെയായിരുന്നെന്ന് കെ എസ് യു നേതാക്കള്‍. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവന നടത്തരുതെന്നും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എംജെ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍ എന്നിവര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് പരിപാടി ഭക്ഷ്യസുരക്ഷാ നിയമം അടക്കമുള്ള നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതിച്ചോറ് പരിപാടിയുടെ മറവില്‍ നടക്കുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. നൂറുകണക്കിനു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്‌ഐ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതരെ പുറത്താക്കാനുള്ള നടപടികളിലേക്കു നീങ്ങുന്നു. ഡിസംബര്‍ 25 മുതല്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന മാര്‍പ്പാപ്പയുടെ നിര്‍ദേശം പാലിക്കണം. സഭാ കൂട്ടായ്മയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍പ്പാപ്പയെ അനുസരിക്കണം. സീറോ മലബാര്‍ സഭയുടെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അനുസരിക്കാത്തവര്‍ സഭയില്‍നിന്നു പുറത്താകുമെന്നു സാരം.
കൂറ്റനാട് മല റോഡിനു സമീപം മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നു പരാതി. രാവിലെ ആറേ മുക്കാലോടെ വെള്ള കാറില്‍ എത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ചുവലിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണു പരാതി. തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.
ചാലക്കുടിയില്‍ റിട്ടയേഡ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സെയ്ത് (68) തലയ്ക്കു പരിക്കേറ്റു മരിച്ച നിലയില്‍. ആനമല ജംക്ഷനില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെ പൊലീസ് തെരയുന്നു.
കവര്‍ച്ചയ്ക്കിടെ പാല കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതിയായ കാസര്‍കോഡ് സ്വദേശി സതീഷ് ബാബു നല്‍കിയ അപ്പീലാണു കോടതി തള്ളിയത്.
കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴയില്‍ മുള്ളന്‍പന്നിയുടെ മുള്ളുകളേറ്റു പുള്ളിപ്പുലി ചത്ത നിലയില്‍. മൈനാം വളവ് റോഡില്‍ രണ്ടര വയസുള്ള പുള്ളിപ്പുലിയാണു ചത്തത്. മുള്ളന്‍ പന്നിയെ വേട്ടയാടുന്നതിനിടെ മുള്ളന്‍പന്നി മുള്ളുകള്‍ പായിച്ചതാകാം പുലിയുടെ ജീവനെടുത്തതെന്നു സംശയിക്കുന്നു.
മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രി. പതിനെട്ടര വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ തഴഞ്ഞാണ് മുന്‍മന്ത്രിയും ഉജ്ജെയിന്‍ എംഎല്‍എയുമായ മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയത്. മുന്‍ കേന്ദ്രമന്ത്രി നരേന്ദര്‍ സിംഗ് തോമര്‍ സ്പീക്കറാകും. ആര്‍എസ്എസ് പിന്തുണയില്‍ കേന്ദ്ര നേതൃത്വത്തിന്റെ നോമിനിയായാണ് മോഹന്‍ യാദവ് മുഖ്യമന്ത്രിയാകുന്നത്.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി ശരിവച്ച സുപ്രീംകോടതി വിധി ഞെട്ടിച്ചുകളഞ്ഞെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ ഉത്തരവിടാതെ സെപ്റ്റംബര്‍ 30 വരെ സാവകാശം നല്‍കിയത് എന്തിനാണെന്നു മനസിലാകുന്നില്ല. ഭാവിയില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ഭീഷണിയാകുന്ന നയമാണു കേന്ദ്ര സര്‍ക്കാരിന്റേതെന്നു സീതാറാം യെച്ചൂരി പറഞ്ഞു.
വടക്കന്‍ ജപ്പാനിലെ ഹാക്കോഡേറ്റ് തീരത്തു ടണ്‍ കണക്കിനു മത്തി ചത്തടിഞ്ഞു. തീരമാകെ വെള്ളി നിറത്തിലായതോടെ നാട്ടുകാര്‍ ആശങ്കയിലായി. മത്തി തീരത്തു ചീഞ്ഞഴുകുന്നതു തടയാന്‍ അധികൃതര്‍ ശുചീകരണം നടത്തി.