night news hd 5

 

രണ്ടു മാസത്തെ പരിശോധനയില്‍ 24,000 കോടി രൂപയുടെ നികുതി വെട്ടിപ്പു കണ്ടെത്തിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജിഎസ്ടി രജിസ്‌ട്രേഷനുള്ള 21,791 സ്ഥാപനങ്ങള്‍ നിലവിലില്ലെന്നും കണ്ടെത്തി. അവര്‍ പറഞ്ഞു.

പണം വച്ചുള്ള ചൂതാട്ടങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന ജി എസ് ടി നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാസിനോ, കുതിരപന്തയം, ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടയുള്ളവയ്ക്കു കേന്ദ്ര ജിഎസ്ടി കൗണ്‍സില്‍ വരുത്തിയ നിയമ ഭേദഗതിക്കനുസൃതമായ ദേദഗതിയാണ് സംസ്ഥാന ജി എസ് ടി നിയമത്തില്‍ കൊണ്ടുവരുന്നത്.

നവകേരള സദസിനായി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് രണ്ടു ദിവസം അവധി. നാളെ നവകേരള സദസ് നടക്കുന്ന അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലും വ്യാഴാഴ്ച നവകേരള സദസ് നടക്കുന്ന എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലുമാണ് അവധി.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുണ്ടാകുമെന്നാണു മുന്നറിയിപ്പ്.

‘സത്യമേവ ജയതെ’ എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എംപി. ഹിന്ദിയില്‍ ‘സത്താ’ എന്ന വാക്കിനര്‍ത്ഥം അധികാരം എന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.

യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. ഉപ്പുതറ എസ്.ഐ.- കെ.ഐ. നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സസ്പന്‍ഡ് ചെയ്തത്.

തിരുവനന്തപുരത്ത് അരുവിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ഷിബിന്‍ (18), നിധിന്‍ (21) എന്നിവരാണ് മരിച്ചത്.

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ചശേഷം മരുന്നു നല്‍കി. മൂന്നു കുങ്കികളുടെ സഹായത്തോടെയായിരുന്നു ചികിത്സ. ആനയെ വനംവകുപ്പ് നിരീക്ഷിക്കും.

സോളാര്‍ പീഢന ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതിയ്ക്കു ജാമ്യം. കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. രണ്ടാംപ്രതി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കൊപ്പം ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ പീഢനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.

ട്രക്കിംഗിനിടയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കാട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ ടീം ലീഡര്‍ രാജേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. പ്രകൃതി പഠന ക്യാമ്പിനു നല്‍കിയ അനുമതിയുടെ മറവില്‍ രാജേഷ് സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും ഇക്കോ ടൂറിസം ഗൈഡുകളെയും തെറ്റിദ്ധരിപ്പിച്ച് 27 കുട്ടികള്‍ അടങ്ങുന്ന സംഘവുമായി ഉള്‍ക്കാട്ടിലേക്ക് ട്രക്കിംഗ് നടത്തിയെന്നാണു കുറ്റം.

പാലക്കാട് ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വിനോദ യാത്രക്കിടെ ക്ലര്‍ക്ക് സത്യപാലന്‍ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് പെണ്‍കുട്ടികളുടെ പരാതി. മാനേജ്‌മെന്റ് സത്യപാലനെ സസ്‌പെന്റ് ചെയ്തു. വിനോദ യാത്ര സംഘത്തിലുണ്ടായിരുന്ന പ്രധാന അധ്യാപിക എസി രജിതയോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചു. സത്യപാലന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ചളവറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്.

ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കി പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു.

സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നഴ്സിംഗിന് അഡ്മിഷന്‍ തരാമെന്നു വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് കരുമാടകത്ത് വീട്ടില്‍ സഹാലുദ്ദീന്‍ അഹമ്മദ് (26), തിരുവല്ലം നെല്ലിയോട് മേലേ നിരപ്പില്‍ കൃഷ്ണ കൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബീന (44) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

വയനാട്ടില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവിനേയും യുവതിയേയും എക്സൈസ് അറസ്റ്റു ചെയ്തു. മാനന്തവാടി പൊരുന്നനൂര്‍ അഞ്ചാംമൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഹസീബ് (23) മലപ്പുറം തിരൂര്‍ പിലാത്തറ സ്വദേശിനിയായ വലിയപറമ്പില്‍ സോഫിയ (32) എന്നിവരാണു പിടിയിലായത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രിമാര്‍ അടക്കം 12 ബിജെപി എംപിമാരില്‍ പത്തു പേര്‍ രാജിവച്ചു. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്. കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ രാജിവച്ചിട്ടില്ല. ഇവരും വൈകാതെ രാജിവയ്ക്കും. കേന്ദ്ര മന്ത്രിസഭ വൈകാതെ പുനസംഘടിപ്പിക്കും.

ജമ്മു കാഷ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്‍ രൂക്ഷമായ വാക്‌പോരിനുശേഷം ലോക്സഭ പാസാക്കി. പാക് അധീന കാഷ്മീര്‍ നെഹ്‌റുവിന്റെ അബദ്ധമെന്ന് അമിത് ഷാ വിമര്‍ശിച്ചു. ജമ്മു കാഷ്മീര്‍ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായി സംവരണം ചെയ്യുമെന്ന് അമിത് ഷാ വ്യക്തമാക്കി.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലുള്ളവര്‍ക്കു യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *