ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തേകി വിദേശ നാണയ ശേഖരം. ഇത്തവണയും മികച്ച മുന്നേറ്റമാണ് വിദേശ നാണയ ശേഖരത്തില്‍ ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, നവംബര്‍ 24-ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 253.8 കോടി ഡോളര്‍ വര്‍ദ്ധിച്ച്, 59,793.5 കോടി ഡോളറിലെത്തി. തുടര്‍ച്ചയായ രണ്ടാം വാരമാണ് ഇത്തരത്തില്‍ മുന്നേറ്റം കാഴ്ച വെച്ചിട്ടുള്ളത്. റിസര്‍വ് ബാങ്ക് വിപണി ഇടപെടലുകള്‍ സജീവമാക്കിയതും, മറ്റ് ആഭ്യന്തര ഘടകങ്ങളുമാണ് വിദേശ നാണയ ശേഖരത്തെ ഇത്തവണയും മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ചത്. കഴിഞ്ഞ വാരത്തിലെ വിദേശ നാണയ ശേഖരം 507.7 കോടി ഡോളറായിരുന്നു. രൂപയുടെ സ്ഥിരത ഉറപ്പുവരുത്താന്‍ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് വിപണിയില്‍ നിന്നും വലിയ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇത് വിദേശ നാണയ ശേഖരത്തിന്റെ കുതിപ്പിന് കാരണമായി. വിദേശ കറന്‍സികളുടെ മൂല്യത്തിന്റെ അവലോകന കാലയളവില്‍ 214 കോടി ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, സ്വര്‍ണ ശേഖരത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 29.6 കോടി ഡോളര്‍ വര്‍ദ്ധിച്ച്, 4633.88 കോടി ഡോളറായി.