web cover 9

◼️ഭരണപക്ഷവും പ്രതിപക്ഷവും മല്‍സരിച്ചു ബഹളംവച്ചതോടെ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഭരണപക്ഷമായ ബിജെപി എംപിമാര്‍ ബഹളംവച്ചത്. സോണിയഗാന്ധിയോടു കയര്‍ത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിലെ കോണ്‍ഗ്രസ് പ്രതിഷേധം. ബഹളംമൂലം സഭ രണ്ടു തവണ നിര്‍ത്തിവച്ചു. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്കു മുന്‍പിലും എംപിമാര്‍ പ്രതിഷേധിച്ചു.

◼️നിലവിലുള്ള ഐടി പാര്‍ക്കിനോട് അനുബന്ധിച്ച് കൊച്ചി മുതല്‍ കോയമ്പത്തൂര്‍ വരെ ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കൊറിഡോര്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഐടി മേഖലയില്‍ വലിയ കുതിപ്പാണ്. കെ ഫോണിലൂടെ സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

◼️

മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ മാറ്റിയെന്ന കേസിന്റെ വിചാരണ 16 വര്‍ഷം വൈകിയതിനെതിരായ പൊതുതാത്പര്യ ഹര്‍ജിയില്‍ വിചാരണകോടതിക്കു നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അനേകം കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്നും ഹര്‍ജിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഇത്തരം ഹര്‍ജികള്‍ വരുമ്പോള്‍ നോക്കിനില്‍ക്കണോയെന്നു കോടതി ചോദിച്ചു.

*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ വധശ്രമകേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വീണ്ടും പൊലീസിന്റെ നോട്ടീസ്. തിങ്കളാഴ്ച ഹാജരാകണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന ഹൈക്കോടതി ജാമ്യ വ്യവസ്ഥയനുസരിച്ച് ഹാജരാകില്ലെന്ന് മറുപടി നല്‍കിയിരുന്നു. ഇത്തവണയും പോകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

◼️കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 104 കോടി രൂപയുടെ തട്ടിപ്പെന്ന് മന്ത്രി വി.എന്‍ വാസവന്‍. 38.75 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. 30 ലക്ഷം രൂപ നിക്ഷേപിച്ചെന്ന് അവകാശപ്പെട്ട മരിച്ച ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം രൂപ തിരികെ നല്‍കിയെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 28 ന് പണം ആവശ്യപ്പെട്ട് വീണ്ടും സമീപിച്ചെങ്കിലും നല്‍കാനായില്ല. ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

◼️സിപിഎം നേതാക്കള്‍ പണാപഹരണം നടത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഓണത്തിനു മുമ്പു നിക്ഷേപത്തിന്റെ ഒരു ഭാഗമെങ്കിലും നല്‍കാന്‍ ശ്രമിക്കുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ എം.കെ. കണ്ണന്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 50 കോടി രൂപ സമാഹരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന് ഒന്നാം പ്രതി ടി.ആര്‍. സുനില്‍കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്‍. സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ചന്ദ്രനാണ് തട്ടിപ്പിനു പിന്നില്‍. എന്നാല്‍ ചന്ദ്രനെതിരെ അന്വേഷണം ഉണ്ടായില്ല. ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളില്‍ സ്വത്തുക്കള്‍ വാരിക്കൂട്ടി. രാമകൃഷ്ണന്‍ ആരോപിച്ചു.

◼️കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപത്തുക തിരികെ കിട്ടാതെ മരിച്ച സംഭവം ദാരുണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മരിച്ച നിക്ഷേപകയുടെ കുടുംബത്തെ അപമാനിച്ച മന്ത്രി ബിന്ദു മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉറപ്പുകള്‍ പാലിച്ചില്ല. സതീശന്‍ കുറ്റപ്പെടുത്തി.

◼️കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതില്‍ വേഗം പോരെന്നു സിപിഐ. ആശങ്ക പരിഹരിക്കണം. സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ആവശ്യപ്പെട്ടു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മാസങ്ങള്‍ക്കു മുമ്പേ രൂപീകരിച്ചതാണ്.

◼️

തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കില്‍ റിസര്‍വ് ബാങ്കിന്റെ വായ്പാ നിയന്ത്രണം. ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണം. റിസര്‍വ് ബാങ്കിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബാങ്ക് ഭരണസമിതി.

◼️പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. തിരുത്തലുണ്ടെങ്കില്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം. മൂന്നാം തീയതിയാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ഓഗസ്റ്റ് 22 ന് ക്ലാസുകള്‍ തുടങ്ങും.

◼️ബ്ലേഡ് പലിശക്കാരുടെ ഭീഷണിമൂലം ബ്യൂട്ടിക് ഉടമയും ‘ഞാന്‍ ഒരു കാക്കനാടന്‍’ വ്ളോഗറുമായയാള്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി. കാക്കനാട് കിഴക്കേക്കര വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ എന്ന 49 കാരനാണു നാലു സെറ്റ് ആത്മഹത്യാ കുറിപ്പുകള്‍ തയാറാക്കിവച്ച് ജീവനൊടുക്കിയത്. ചെമ്പുമുക്ക് സ്വദേശിയില്‍നിന്ന് അഞ്ചു വര്‍ഷം മുമ്പ് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതുവരെ 15 ലക്ഷം രൂപ തിരിച്ചടച്ചിട്ടും ഭീഷണിപ്പെടുത്തുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

◼️ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളെന്ന’ ലക്ഷ്യം നേടുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍. ഈ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിയമിതരായ എന്‍ജിനിയര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

◼️സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കു മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ക്രൈം നന്ദകുമാറിനെതിരേ പരാതി നല്‍കിയ മുന്‍ജീവനക്കാരിയെ അപമാനിച്ചെന്ന കേസിലാണ് കീഴടങ്ങിയത്.

◼️വിദേശ ചരക്കു കപ്പലില്‍ കാലൊടിഞ്ഞ റഷ്യക്കാരന്‍ ദിമിത്രി ബൈറ്റ്സംകോ (25) വിന് അടിയന്തര ചികിത്സ നല്‍കാന്‍ വിഴിഞ്ഞത്ത് രാത്രിയില്‍ അടിയന്തിര ക്രൂ ചേഞ്ചിംഗ് നടത്തി കരയിലെത്തിച്ചു. ജോര്‍ദാനില്‍നിന്ന് സിങ്കപ്പൂരിലേക്കു പോയ സീം സോക്രട്ടീസ് എന്ന കപ്പലിലെ ജീവനക്കാരനെയാണ് ഇരുമ്പുപൈപ്പു വീണ് കാലൊടിഞ്ഞ നിലയില്‍ എത്തിച്ചത്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ചു. കമ്പനിപ്പടിയിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി. ഇന്നലെ കുന്നംകുളത്തും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു.

◼️തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്കു തുടക്കം. പാറശ്ശാലയിലെ കൊല്ലയില്‍ പഞ്ചായത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു.

◼️കരിക്കു വിറ്റുകിട്ടിയ പണം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് സഹോദരനെ അടിച്ചു കൊന്നു. അട്ടപ്പാടി പട്ടണക്കല്‍ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ പണലിയെ പോലീസ് തെരയുന്നു.

◼️കഴിഞ്ഞ വര്‍ഷത്തെ കൂറ്റനാട് പോക്സോ കേസിലെ പ്രതി ജീവനൊടുക്കി. പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാന്‍ (55) ആണ് ആത്മഹത്യ ചെയ്തത്.

◼️ബംഗളൂരു സ്ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്കു നിര്‍ദ്ദേശം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച സുപ്രീംകോടതി, വിചാരണ കോടതി അന്തിമ വാദം കേള്‍ക്കുന്നതു സ്റ്റേ ചെയ്തു. പ്രതികള്‍ക്കു സുപ്രീംകോടതി നോട്ടീസയച്ചു.

◼️പശ്ചിമ ബംഗാളില്‍ അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ മോഷണം. തെളിവുകള്‍ അടക്കമുള്ള രേഖകള്‍ കടത്തിക്കൊണ്ടുപോയെന്നു സംശയം. അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഐബിയുടെ സഹായം തേടി.

◼️മംഗ്ലൂരുവില്‍ കൊല്ലപ്പെട്ട ഫാസിലിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മുഖം മറച്ച് മങ്കി ക്യാപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്.

◼️തമിഴ്നാട്ടിലെ എഐഎഡിഎംകെയിലെ ഇ. പളനിസാമി – ഒ. പനീര്‍ശെല്‍വം തര്‍ക്കക്കേസ് മൂന്നാഴ്ച്ചയ്ക്കം തീര്‍പ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിക്ക് സുപ്രിം കോടതി നിര്‍ദേശം. പൂട്ടിയ അണ്ണാ ഡിഎംകെ ആസ്ഥാനം ഇപിഎസ് വിഭാഗത്തിന് തുറന്നുകൊടുത്തു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി തിരിച്ചയച്ചു.

◼️രാജസ്ഥാനിലെ ബാര്‍മറില്‍ വ്യോമസേനയുടെ മിഗ്-21 ട്രെയിനര്‍ വിമാനം തകര്‍ന്ന് മരിച്ചത് വിംഗ് കമാന്‍ഡര്‍ എം റാണ, ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നീ പൈലറ്റുമാരാണെന്നു വ്യോമസേന. പരിശീലന പറക്കലിനിടെയാണ് മിഗ് 21 യുദ്ധവിമാനം തകര്‍ന്നത്.

◼️മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് രണ്ടു പേര്‍ മരിച്ചു. നാല്പത്തഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ളാദ് പട്ടേലിന്റെ ലോക്സഭ മണ്ഡലത്തിലാണ് സംഭവം

◼️മുംബൈയില്‍ യുവതിയെ സംശയരോഗംമൂലം കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍. മനീഷ ജയ്ശ്വര്‍ എന്ന 27 കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ അഖിലേഷ് പ്യാരേലാല്‍ എന്ന 24 കാരനെ പൊലീസ് പിടികൂടി.

◼️രാജസ്ഥാനിലെ ദോല്‍പ്പുരില്‍ 14 കാരിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. മൂന്നു പേരെ അറസ്റ്റു ചെയ്തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം.

◼️ആസാമിലെ ജോറത്ത് വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നി മാറി. ഇന്‍ഡിഗോയുടെ കൊല്‍ക്കത്ത വിമാനമാണ് റണ്‍വേക്കു പുറത്തെത്തിയത്. യാത്രക്കാര്‍ക്കു പരിക്കില്ല.

◼️തായ് വാനില്‍ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് നിലപാട് ആവര്‍ത്തിച്ചത്. തായ്വാന്‍ ചൈനയുടെ ഭാഗമാണെന്നും അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസ് തായ്വാന്‍ സന്ദര്‍ശിക്കരുതെന്നും ഷി ജിന്‍ പിംഗ് ആവശ്യപ്പെട്ടു. എന്നാല്‍ തായ്വാനെ പിടിച്ചടക്കുന്ന നയം അംഗീകരിക്കില്ലെന്നു ജോ ബൈഡന്‍ നിലപാടെടുത്തെന്നാണ് റിപ്പോര്‍ട്ട്.

◼️സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ മുഹറം ഒന്നാം തീയ്യതിയായി കണക്കാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

◼️കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ക്രിക്കറ്റിന്റെ ആരവം. കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയോട് ഇന്ന് ഏറ്റുമുട്ടും. വൈകീട്ട് നാലരയ്ക്കാണ് മത്സരം.

◼️ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന പരമ്പര തൂത്തുവാരിയ ആവേശത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ 280 രൂപയും ഉച്ചയ്ക്ക് 240 രൂപയും ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഇന്നലെ രാവിലെ 35 രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4720 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3900 രൂപയാണ്.

◼️അമേരിക്ക മാന്ദ്യത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം പാദത്തിലും ജിഡിപി ഇടിഞ്ഞതിനെ തുടര്‍ന്നാണ് അമേരിക്ക സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 0.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ത്രൈമാസത്തില്‍ ജിഡിപി 0.9 ശതമാനം ചുരുങ്ങി. ജനുവരി- മാര്‍ച്ച് മാസത്തിലും വളര്‍ച്ചയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. അന്ന് 1.6 ശതമാനമാണ് ജിഡിപി ചുരുങ്ങിയത്. തുടര്‍ച്ചയായി രണ്ടു പാദങ്ങളില്‍ ജിഡിപി വളര്‍ച്ച ഇടിഞ്ഞതോടെയാണ് അമേരിക്ക മാന്ദ്യത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. സ്വകാര്യ, പൊതു നിക്ഷേപം കുറഞ്ഞതാണ് ജിഡിപിയെ ബാധിച്ചതെന്നാണ് ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് വ്യക്കമാക്കുന്നത്.

◼️അപര്‍ണ ബാലമുരളി നായികയാകുന്ന പുതിയ സിനിമയാണ് ‘സുന്ദരി ഗാര്‍ഡെന്‍സ്’. നീരജ് മാധവ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. ‘സുന്ദരി ഗാര്‍ഡെന്‍സ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘മധുര ജീവ രാഗം’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ജോ പോള്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. മൃദുല വാര്യര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ചാര്‍ലി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അലന്‍സ് മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

◼️ധനുഷ് നായകനായി എത്തുന്ന’വാത്തി’ എന്ന സിനിമയുടെ ടീസര്‍ പുറത്ത്. ഫൈറ്റ് സീനുകള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ബാല മുരുകന്‍ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. കോളേജ് അധ്യാപകനായാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോനാണ് നായിക. സിത്താര എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു അധ്യാപകനാണ് ധനുഷ് ചെയ്യുന്ന കഥാപാത്രമെന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. വെങ്കി അറ്റ്ലൂരി സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് വാത്തി. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

◼️ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് പുതിയ സി3 ഹാച്ച്ബാക്ക് ഔദ്യോഗികമായി വിതരണം ചെയ്യാന്‍ ആരംഭിച്ചു. കമ്പനിയുടെ ലാ മൈസണ്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകളിലൂടെ 19 നഗരങ്ങളില്‍ പുതിയ മോഡല്‍ ഡെലിവറി ആരംഭിച്ചിട്ടുണ്ട്. ജൂലൈ 20 -ന് ലോഞ്ച് ചെയ്ത പുതിയ സിട്രോണ്‍ സി3 ലൈവ്, ഫീല്‍ എന്നിങ്ങനെ രണ്ട് ട്രിമ്മുകളില്‍ ലഭ്യമാണ്. നാല് മോണോ ടോണും ആറ് ഡ്യുവല്‍ ടോണും ഉള്‍പ്പെ 10 ബാഹ്യ നിറങ്ങളില്‍ വാഹനം വാഗ്ദാനം ചെയ്യുന്നു. 5.71 ലക്ഷം മുതല്‍ 8.06 ലക്ഷം രൂപ വരെയാണ് പുതിയ സി3 യുടെ വില.

◼️വിവര്‍ത്തനം വിഭാഗത്തില്‍ 2021 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി. നോബല്‍ സമ്മാന ജേതാവ് ഷുസെ സരമാഗുവിന്റെ അതീവ സുന്ദരമായ രചനാശൈലിയുടെ തനിമ ചോരത്ത പരിഭാഷ. ‘കായോന്‍’. വിവിര്‍ത്തനം – അയ്മനം ജോണ്‍. ഡിസി ബുക്സ്. വില 157 രൂപ.

◼️വയറിന്റെ അനാരോഗ്യത്തെ സംബന്ധിച്ച് ശരീരം നമുക്ക് ചില സൂചനകള്‍ നല്‍കുന്നു. നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹനസംവിധാനം അവതാളത്തിലായതിന്റെ കൃത്യമായ സൂചനയാണ്. മലത്തില്‍ ഉണ്ടാകുന്ന പലതരം മാറ്റങ്ങളും വയറിന്റെ ആരോഗ്യത്തിന്റെ സൂചന നല്‍കുന്നു. അതിസാരം പോലുള്ള ലക്ഷണങ്ങള്‍ ഇതിനാല്‍ തന്നെ ഗൗരവത്തോടെ എടുക്കേണ്ടതാണ്. അനാരോഗ്യകരമായ ദഹനസംവിധാനം നമ്മുടെ ഉറക്കത്തെ ബാധിക്കുകയും ക്ഷീണം തോന്നാന്‍ കാരണമാകുകയും ചെയ്യും. നിരന്തരമായ പ്രശ്നങ്ങള്‍ വയറിനെ അലട്ടി തുടങ്ങുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പല ഭക്ഷണസാധനങ്ങളോടും പ്രതിരോധം വളരും. ചര്‍മം ആരോഗ്യത്തോടെ തിളങ്ങാനും നമ്മുടെ ദഹനവ്യവസ്ഥ ശക്തമായിരിക്കണം. ചൊറിച്ചില്‍, കുരുക്കള്‍, ചര്‍മത്തില്‍ ചെതുമ്പലുകള്‍ തുടങ്ങിയ ചര്‍മപ്രശ്നങ്ങള്‍ വയറിന്റെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമല്ല എന്നതിന്റെ അടയാളമാണ്. പ്രത്യേകിച്ച് മറ്റ് കാരണമൊന്നുമില്ലാതെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്താലും സൂക്ഷിക്കണം. വയറിലെ ഉപകാരപ്രദമായ ബാക്ടീരിയയുടെ സന്തുലനത്തില്‍ ചില പ്രശ്നങ്ങള്‍ മൂലം ഇത്തരത്തില്‍ സംഭവിക്കാം. വയറിലെ പ്രശ്നങ്ങള്‍ വായ്നാറ്റത്തിനും കാരണമാകാം. വയറില്‍ ജീവിക്കുന്ന ചില ബാക്ടീരിയകളുടെ തോത് അമിതമായി വര്‍ധിക്കുന്നത് സാധാരണയിലും കവിഞ്ഞ പ്രിയം മധുരത്തോട് തോന്നാന്‍ കാരണമാകും. ഇടയ്ക്കിടെ രോഗങ്ങള്‍ പിടികൂടുന്നത് പ്രതിരോധശക്തിയുടെ കുറവിനെ സൂചിപ്പിക്കുന്നു. പ്രതിരോധ സംവിധാനത്തിന്റെ 80 ശതമാനവും നമ്മുടെ വയറിന്റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ദഹനപ്രശ്നങ്ങള്‍ ഉറക്കമില്ലായ്മയിലേക്ക് നയിക്കുമെന്നതിനാല്‍ ഇത് ഒരാളില്‍ മൂഡ് മാറ്റങ്ങള്‍ക്കും കാരണമാകും. അത്യധികമായ ക്ഷീണവും ദേഷ്യവുമെല്ലാം തോന്നാനും ഇടയുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.21, പൗണ്ട് – 96.67, യൂറോ – 81.04, സ്വിസ് ഫ്രാങ്ക് – 83.18, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.57, ബഹറിന്‍ ദിനാര്‍ – 210.13, കുവൈത്ത് ദിനാര്‍ -258.39, ഒമാനി റിയാല്‍ – 205.73, സൗദി റിയാല്‍ – 21.09, യു.എ.ഇ ദിര്‍ഹം – 21.57, ഖത്തര്‍ റിയാല്‍ – 21.75, കനേഡിയന്‍ ഡോളര്‍ – 61.88.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *