വിദേശ നിക്ഷേപകരുടെ പണമൊഴുക്കിന്റെ കരുത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ഓഹരികളുടെ വിപണി മൂല്യം നാല് ലക്ഷം കോടി ഡോളര്‍ കവിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ വിപണിയായി ഇന്ത്യ മാറി. യു. എസ്. എ, ചൈന, ജപ്പാന് എന്നിവയടങ്ങുന്ന എലൈറ്റ് ക്ളബില്‍ ഇന്ത്യയും ഉള്‍പ്പെട്ടു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സഞ്ചിത വിപണി മൂല്യം 333 ലക്ഷം കോടി രൂപയാണ്. ലോകത്തെ ഏറ്റവും വലിയ ഇക്വിറ്റി മാര്‍ക്കറ്റായ അമേരിക്കയിലെ ഓഹരികളുടെ മൊത്തം വിപണി മൂല്യം 48 ലക്ഷം കോടി ഡോളറാണ്. ചൈനയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 9.7 ലക്ഷം കോടി ഡോളറും ജപ്പാനിലെ കമ്പനികളുടെ വിപണി മൂല്യം ആറ് ലക്ഷം കോടി ഡോളറുമാണ്. നടപ്പുവര്‍ഷം ഇന്ത്യന്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ 15 ശതമാനം വര്‍ദ്ധനയുണ്ട്. അമേരിക്കന്‍ ഓഹരികളുടെ വിപണി മൂല്യത്തില്‍ ഈ വര്‍ഷം 15 ശതമാനം വളര്‍ച്ചയുണ്ടായി. ചൈനയിലെ കമ്പനികളുടെ വിപണി മൂല്യത്തില്‍ കേവലം അഞ്ച് ശതമാനം വര്‍ദ്ധന മാത്രമാണുണ്ടായത്. ആഗോള ധന മേഖലയിലെ മാന്ദ്യ സാഹചര്യം മൂലം മികച്ച വളര്‍ച്ചാ സാദ്ധ്യതയുള്ള ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ക്ക് പ്രിയമേറുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മാന്ദ്യംകണക്കിലെടുത്ത് ആഗോള കമ്പനികള്‍ ചെലവു കുറയ്ക്കുന്നതിനായി ഇന്ത്യയില്‍ നിന്നും കൂടുതല്‍ സേവനങ്ങളും ഉത്പന്നങ്ങളും കൂടുതലായി വാങ്ങുമെന്നാണ് കരുതുന്നത്.