യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പോലീസ് എറിഞ്ഞ കണ്ണീര്‍വാതക ഷെല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എടുത്തു പോലീസുകാര്‍ക്കിടയിലേക്ക് എറിഞ്ഞു. പോലീസുകാര്‍ ചിതറിയോടി. കെഎസ് യു പ്രവര്‍ത്തകന്റെ കഴുത്തു ഞെരിച്ച കോഴിക്കോട് ഡിസിപി കെ.ഇ ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മൂന്നു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ കല്ലേറുണ്ടായി. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
നവകേരള സദസിന്റെ ബസിനു മുന്നിലേക്കു ചാടിവീണ് ജീവഹാനി വരുത്തരുതെന്നും അതു തടയുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊണ്ടോട്ടിയിലെ നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധമാകാം എന്നാല്‍ അപകടം വിളിച്ചു വരുത്തുന്നതു നല്ലതല്ല. തന്നെ കരിങ്കൊടി കാണിച്ചവരെ ഞാന്‍ കൈവീശി കാണിച്ചു മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസില്‍ നിവേദനം ലഭിച്ച് മണിക്കൂറുകള്‍ക്കകം ഒന്‍പത് വയസുകാരന് ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കിയെന്ന് മന്ത്രി പി പ്രസാദ്. തിരൂര്‍ സ്വദേശിനി ആസിഫയുടെ മകന് മുഹമ്മദ് അഷ്മിലിനാണ് 12 ലക്ഷം രൂപയോളം ചെലവു വരുന്ന ശസ്ത്രക്രിയ. രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായാണ് പണം അനുവദിച്ചതെന്ന് മന്ത്രി പ്രസാദ് അറിയിച്ചു.
തൃശൂര്‍ കേരളവര്‍മ്മ കോളേജ് യൂണിയന് ചെയര്മാന് സ്ഥാനത്തേക്കുള്ള വോട്ടുകളുടെ റീ കൗണ്ടിംഗ് ഡിസംബര്‍ രണ്ടിന് ഒമ്പതു മണിക്ക്. പ്രിന്‍സിപ്പലിന്റെ ചേംബറിലാണു വോട്ടെണ്ണുക. വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചതു റദ്ദാക്കിയ ഹൈക്കോടതി വീണ്ടും വോട്ടെണ്ണാന്‍ ഉത്തരവിട്ടിരുന്നു.
മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പലിനെ മാറ്റി. ആറ് അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിക്കു മാനേജ്മെന്റിനു നിര്‍ദേശം നല്കി. നിഖില്‍ തോമസിന്റെ പ്രവേശനത്തില്‍ കോളജിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സര്‍വ്വകലാശാല കണ്ടെത്തിയിരുന്നു.
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസുമായി തനിക്കു ബന്ധമില്ലെന്ന് വ്യവസായി ഗോകുലം ഗോപാലന്. തന്റെ ഇടപാടുകാരനായ അനില്‍കുമാറുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തിരക്കാനാണ് ഇഡി വിളിപ്പിച്ചതെന്ന് ഗോകുലം ഗോപാലന് വ്യക്തമാക്കി.
കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കിയെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പഴിക്കുന്ന പശ്ചാത്തലത്തില്‍ നിജസ്ഥിതിക്കായി സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വീട്ടില്‍ ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ യോഗം ചേര്‍ന്നെന്ന പ്രചാരണം തെറ്റാണെന്ന് തിരുവഞ്ചൂര്‍. തനിക്കെതിരെ പ്രചാരണം നടത്തുന്നവരെ നന്നായി അറിയാമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം പല ഗ്രൂപ്പുകളായി മാറിയ എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ പക്ഷം കെ.സി വേണുഗോപാല്‍ ഗ്രൂപ്പിനൊപ്പമാണ്.
പാലക്കാട് ഗോപാലപുരം നട്പുണിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് 14,000 രൂപ പിടികൂടി. ഇതില്‍ 5800 ഒളിപ്പിച്ചത് ഫ്രിഡ്ജിലായിരുന്നു.
തട്ടിക്കൊണ്ടുപോയവര്‍ മനസ്താപം തോന്നി ഉപേക്ഷിച്ചതുകൊണ്ടാണ് കൊല്ലത്തെ ആറുവയസുകാരിയെ തിരിച്ചുകിട്ടിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നും സുധാകരന് കുറ്റപ്പെടുത്തി.
കൊലക്കേസ് പ്രതി വിധി പറയുന്ന ദിവസം കോടതിയില്‍ എത്താതെ മദ്യപിക്കാനായി മുങ്ങി. മംഗലപുരം സ്വദേശിയായ ബൈജുവാണ് വിധി പറയുന്ന ദിവസം കോടതിയില്‍ ഹാജരാകാതിരുന്നത്. ഇതോടെ വഞ്ചിയൂര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു. അന്വേഷിച്ചെത്തിയ മംഗലപുരം പൊലീസാണ് പ്രതിയെ മദ്യപിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വിധിക്കു മുമ്പായി മദ്യപിക്കാന്‍ പോയെന്നാണു ബൈജു മറുപടി നല്‍കിയത്. ബൈജുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.
കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള പ്രതിയും ബാങ്കിന്റെ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെ മകനുമായ അഖില്‍ ജിത്ത് കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ ജാമ്യ ഹര്‍ജി നല്കി. തനിക്കെതിരെ തെളില്ലെന്നും തന്നെ വ്യാജമായി എന്‍ഫോഴ്സ്മെന്റ് പ്രതി ചേര്‍ത്തതാണെന്നുമാണ് വാദം.
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പാമ്പ്. കോടതി നടപടികള്‍ തടസപ്പെട്ടു. ക്യാബിനില്‍ കണ്ട പാമ്പിനെ പിടികൂടിയ ശേഷമാണ് പിന്നീട് കോടതി നടപടികള്‍ നടന്നത്.
മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ കൂട്ടത്തല്ല്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളും രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലിസെത്തി ലാത്തി വീശി വിദ്യാര്‍ത്ഥികളെ ഓടിച്ചു. കോളേജ് ഉച്ചയ്ക്കു ശേഷം അടച്ചു. ഒരു വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു. 18 പേരെ സസ്പെന്‍ഡു ചെയ്തു.
കൊല്ലം ചാവറയില്‍ പതിനേഴുകാരിയെ കാണാതായ സംഭവത്തില്‍ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വി.എസ്. പ്രദീപ്, ഇന്‍സ്പെക്ടര്‍ ദിനേശ്കുമാര്‍ എന്നിവര്‍ക്കെതിരേ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കഴിഞ്ഞ ഫെബ്രുവരി 21 നാണു പെണ്‍കുട്ടിയെ കാണാതായത്. ഉചിതമായ രീതിയില്‍ അന്വേഷണം നടത്താത്തതിനാണ് നടപടി.
രണ്ടു മാസം മുമ്പ് ബ്ലാങ്ങാട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത ഫ്ളോട്ടിംഗ് ബ്രിഡ്ജ് കനത്ത തിരയില്‍പെട്ട് തകര്‍ന്നതല്ലെന്നും അഴിച്ചു മാറ്റിവച്ചതാണെന്നും അധികൃതരുടെ വിശദീകരണം. എന്നാല്‍ സുരക്ഷാ പരിശോധനകളില്ലാതെയാണ് പദ്ധതി തുടങ്ങിയതെന്ന് ആരോപിച്ച് നഗരസഭയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി.
കെഎസ്ഇബി കരാര്‍ ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം തോട്ടപ്പാലത്ത് കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് ആണു മരിച്ചത്.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ മൂന്നിനു രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ടുവരെ വൈക്കം നഗരസഭാ പരിധിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.
തിരുവനന്തപുരം കാട്ടാക്കട ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. കിള്ളി ജമാഅത്തിലെ ഖബര്‍സ്ഥാനിലാണു മൃതദേഹ പരിശോധന നടത്തിയത്.
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുലിയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ചു. വലയിലാക്കി മുകളിലേക്ക് കയറ്റിയശേഷമാണ് മയക്കുവെടിവച്ചത്. അണിയാരം മാമക്കണ്ടി പീടികയില്‍ സുധിയുടെ നിര്‍മാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് രാവിലെ പുളളിപ്പുലിയെ കണ്ടത്.
കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പുകൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയില്‍. ഒഡിഷ രാജ്നഗര്‍ സ്വദേശി സാഗര്‍ കുമാര്‍ സ്വയിനിനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോണ്‍ട്രാക്ടറാണ് പ്രതി. ഇയാളുടെ കീഴില്‍ ജോലിയെടുത്തിരുന്ന സുദര്‍ശന ഷെട്ടിയെയാണ് മര്‍ദ്ദിച്ചത്.
ചീഞ്ഞഴുകിയ ഉരുളക്കിഴങ്ങില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച ഒരു കുടുംബത്തിലെ നാലു പേര് മരുച്ചു. റഷ്യയിലെ ടാറ്റര്‍സ്ഥാനിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് സംഭവം. മിഖായേല്‍ ചെലിഷെവ് എന്ന 42 കാരനായ നിയമ പ്രൊഫസറുടെ വീട്ടിലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ബേസ്മെന്റില്‍ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് എടുക്കാന്‍ പോയ നാല് പേരാണു മരിച്ചത്. ഇതോടെ കുടുംബത്തിലെ എട്ട് വയസുകാരി അനാഥയായി.
ആത്മഹത്യ ചെയ്ത 16 കാരി മകളുടെ മൃതദേഹം മാതാപിതാക്കള്‍ പ്രേതവിവാഹത്തിനായി ഏഴേമുക്കാല്‍ ലക്ഷം രൂപയ്ക്കു വിറ്റു. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള സണ്‍ എന്നയാളാണ് മകളായ സിയാവോദന്‍ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം വിറ്റത്.
യുഎസിലെ ന്യൂജേഴ്സിയില്‍ 23 കാരനായ ഇന്ത്യന്‍ യുവാവ് മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവച്ചു കൊന്നു. ന്യൂജേഴ്സിയിലെ സൗത്ത് പ്ലെയിന്‍ഫീല്‍ഡിലാണ് സംഭവം. ദിലീപ് കുമാര്‍ ബ്രഹ്മഭട്ട് (72), ഭാര്യ ബിന്ദു, ഇവരുടെ 38 കാരനായ മകന് യാഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 23 കാരനും ഗുജറാത്തിലെ ആനന്ദ് ജില്ലക്കാരനുമായ ഓം ബ്രഹ്മഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.