ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാനത്തുടനീളം പോലീസിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണം. ജനങ്ങളും യുവജനസംഘടനകളുമെല്ലാം ജാഗ്രതയോടെ അന്വേഷണത്തിലാണ്.
ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ മേഖല ഐജി സ്പര്‍ജന്‍ കുമാര്‍. സംസ്ഥാനത്തുടനീളം വിവിധ സംഘങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. കൊല്ലം പള്ളിക്കല്‍ മേഖല കേന്ദ്രീകരിച്ച് വീടുകള്‍ കയറി പൊലീസ് പരിശോധന നടത്തി. രാത്രി മുഴുവന്‍ തെരച്ചിലുണ്ടായിരുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത ത്തെ കാര്‍ വാഷിംഗ് സെന്ററില്‍ പൊലീസ് പരിശോധന. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു മൊഴിയെടുത്തു. ഇവരെ ഉച്ചയോടെ വിട്ടയച്ചു.
ആറു വയസുകാരിയെ കണ്ടെത്താന്‍ രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. മുഴുവന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും അടിയന്തിരമായി അന്വേഷണത്തിനിറങ്ങണമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടു. കുഞ്ഞിനെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ഏതാനും ദിവസം മുമ്പും ശ്രമം നടന്നിരുന്നെന്ന് കുഞ്ഞിന്റെ അമ്മൂമ്മ. കാര്‍ പിന്തുടരുന്ന കാര്യം കുട്ടികള്‍ പറഞ്ഞെങ്കിലും അന്ന് അതു കാര്യമായെടുത്തില്ലെന്നാണ് അമ്മൂമ്മ പറഞ്ഞത്.
തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന് ചെയര്‍മാനായി എസ്എഫ്ഐയുടെ അനിരുദ്ധന്റെ തെരഞ്ഞെടുത്തെന്ന പ്രഖ്യാപനം ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്നു കോടതി ഉത്തരവിട്ടു. കെഎസ് യു ചെയര്മാന് സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ഗവണ്മെന്റ് എന്‍ജിനീയറിംദ് കോളേജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകള്‍ ആരംഭിക്കും. തിരൂരില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
ചൈനയില്‍നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ആറ് യാര്‍ഡ് ക്രെയിനുകളുമായി കപ്പല്‍ എത്തി. ഷെന്‍ഹുവ 24 എന്ന കപ്പലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടത്.
നവകേരള സദസിനു ബസ് കയറ്റാന്‍ മാനന്തവാടി ഡിവിഎച്ച്എസ്എസിന്റെ ഗ്രൗണ്ടിനോടുചേര്‍ന്നുള്ള മതില് പൊളിച്ചതിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പുനര്‍ നിര്‍മ്മിക്കാമെന്ന വാഗ്ദാനത്തോടെ പിടിഎയുടെ അനുമതിയോടെയാണു മതില് പൊളിച്ചതെന്ന് ഒ ആര് കേളു എംഎല്‍എ പറഞ്ഞു.
തളിപ്പറമ്പില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ബസ് കണ്ടക്ടര്‍ക്കെതിരേ പോക്സോ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് ബസ് സമരം. അറസ്റ്റിലായ ആലക്കാട്- വെള്ളാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ പി.ആര്. ഷിജുവിനെ (34) കോടതി റിമാന്‍ഡു ചെയ്തിരുന്നു.
സില്‍ക്യാര ടണലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇനി തുരക്കാനുള്ളത് അഞ്ചു മീറ്ററോളം മാത്രം. രക്ഷാപ്രവര്‍ത്തനം ഇന്നു തന്നെ പൂര്‍ത്തിയാക്കാമെന്നാണു പ്രതീക്ഷ. മലയില്‍നിന്ന് ലംബമായി കുഴിക്കുന്നതും തുടരുകയാണ്. ഇവിടെ 40 മീറ്ററോളം കുഴിച്ചിട്ടുണ്ട്. തൊഴിലാളികള്‍ കുടുങ്ങിയതു 17 ദിവസം മുമ്പാണ്. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേനയുടെ സേവനം പ്രയോജനപ്പെടുത്താത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്നു ഗോഹട്ടിയില്‍. വൈകിട്ട് ഏഴിനുള്ള മത്സരം മഴ മുടക്കില്ലെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമം കാണാം. വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന ടി 20 കളിലും ജയിച്ച ഇന്ത്യ ഇന്നത്തെ ജയത്തോടെ പരമ്പര സ്വന്തമാക്കും.