night news hd 6

 

സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ചു പ്രവര്‍ത്തനം തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ 57,000 കോടി രൂപയുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്തു നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്നു സ്ഥലം എംഎല്‍എയെ കോണ്‍ഗ്രസ് വിലക്കി. ആഡംബര ബസിലാണു തങ്ങള്‍ സഞ്ചരിക്കുന്നതെന്നു പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ബസിനകത്തെ ആഡംബരങ്ങള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയില്‍ ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരേയും വാദ്യഘോഷങ്ങളോടെയും തലപ്പാവ് അണിയിച്ചുമാണു സ്വീകരിച്ചത്.

നവകേരള സദസിനു പണം പിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കോട്ടയം ജില്ലാ ഭരണകൂടം ടാര്‍ജറ്റ് നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പൊതുമരാമത്ത് വകുപ്പും എക്‌സൈസും നാലു ലക്ഷം രൂപ വീതവും സബ് രജിസ്ട്രാര്‍ ഓഫീസുകളും നഗരസഭകളും മൂന്നു ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് രണ്ടു ലക്ഷം രൂപ വീതവും പഞ്ചായത്തുകള്‍ ലക്ഷം രൂപ വീതവും പിരിക്കണമെന്നാണ് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചതെന്നാണ് ആരോപണം.

നവകേരള ജനസദസിന്റെ ആഡംബര ബസിലെ മന്ത്രിമാര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്. അത്യാഡംബരങ്ങളിലാത്ത ബസാണെന്നു ബോധ്യപ്പെടുത്താനുള്ള വീഡിയോയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തമാശ പറഞ്ഞ് ചിരിക്കുന്നതുംകാണാം.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളില്‍നിന്ന് പലിശരഹിത വായ്പ വാങ്ങാന്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള വിവാദ ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പിന്‍വലിച്ചു. പ്രധാനധ്യാപകര്‍ക്ക് ജനങ്ങളുടെ മുന്നില്‍ കൈ നീട്ടേണ്ട സ്ഥിതി വരുത്തുമെന്ന് അധ്യാപക സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്ന് പ്രധാനധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്.

കേന്ദ്ര നിയമമനുസരിച്ച് നാഷണല്‍ പെര്‍മിറ്റുമായി അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തിയ റോബിന്‍ മോട്ടോഴ്‌സിന്റെ റോബിന്‍ ബസിന് വഴി നീളെ പിഴയിട്ട് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്. കോയമ്പത്തൂരിലേക്കു സര്‍വീസ് നടത്തുന്ന ബസിനു നാലിടത്തായി ചുമത്തിയ പിഴത്തുക മുപ്പതിനായിരം രൂപ. ജനങ്ങളുടെ യാത്രാ സൗകര്യം അട്ടിമറിച്ചും നിയമംലംഘിച്ചുമുള്ള ഉദ്യോഗസ്ഥ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ബസുടമ ഗിരീഷ്. ബസിനു യാത്രയിലുടനീളം ജനങ്ങള്‍ സ്വീകരണം നല്‍കി.

റോബിന്‍ ബസിനെ തുരത്താന്‍ പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി. നാളെ നാലരക്ക് എസി ലോ ഫ്‌ലോര്‍ ബസ് ഓടിക്കാനാണു തീരുമാനം.

നവകേരള യാത്ര ജനങ്ങള്‍ക്കു ബാധ്യതയാണെന്നും ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ജനപിന്തുണ നഷ്ടപ്പെട്ടെന്ന കയ്‌പേറിയ സത്യം ബോധ്യമായപ്പോഴാണ് മെഗാ പി.ആര്‍ പരിപാടിയുമായി ഇറങ്ങിയതെന്നും വിഎം സുധീരന്‍ ആരോപിച്ചു.

കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം സ്വീകരിച്ചതിനെതിരേ എം.കെ മുനീറും. പിണറായിയുടെ ആലയില്‍ കെട്ടാനുള്ള പശുവല്ല ലീഗെന്ന് എം.കെ മുനീര്‍ പ്രതികരിച്ചു. ഒരു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ല. മുസ്ലീം ലീഗ് യുഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം വടക്കന്‍ ത്രിപുരക്കു മുകളില്‍ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വായ്പാ ബാധ്യതമൂലം വയനാട്ടില്‍ ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ചു. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസ് ആണ് മരിച്ചത്. മകന്റെ വിദ്യാഭ്യാസ വായ്പ, കുടുംബശ്രീ അംഗങ്ങളില്‍നിന്നുള്ള വായ്പ, എന്നിവയ്ക്കുപുറമേ, മറ്റൊരാളുടെ വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ ബാങ്കില്‍നിന്നു നോട്ടീസും ലഭിച്ചിരുന്നു.

രാഷ്ട്രീയ കേസുകളുടെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെടില്ലെന്ന് കെ കെപിസിസി പ്രസിഡന്റ് സുധാകരന്‍ എംപി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം കെ പി സി സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലുവയില്‍ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ് വില്‍ സര്‍ട്ടിഫിക്കറ്റ്. ആലുവ ഡിവൈഎസ്പിയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 48 പേര്‍ക്കാണ് അംഗീകാരം.

കോഴിക്കോട് പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും. പ്രതി ചെന്നൈ സെയ്ദാപേട്ട് ദൈവനമ്പി സ്ട്രീറ്റ് വിഷ്ണു (20) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ചു. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്.

ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുളള ദൗത്യം നീളുന്നു. തുരങ്കത്തിന്റെ മുകളില്‍നിന്ന് താഴേക്ക് കുഴിച്ചു വഴിയൊരുക്കാനാണ് പുതിയ നീക്കം. ടണലിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെയാണു രക്ഷാദൗത്യം പ്രതിസന്ധിയിലായത്.

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ പലസ്തീന്‍ പൗരന്മാരുമായുള്ള ആദ്യ വിമാനം യുഎഇയിലെത്തി. ഒമ്പതു കുട്ടികള്‍, അവരുടെ കുടുംബം, ഗര്‍ഭിണിയായ സ്ത്രീ, മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പടെ 52 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ചികില്‍സയ്ക്കായി ആശുപത്രികളിലേക്കു മാറ്റി.

മാലിദ്വീപില്‍ ഇന്ത്യന്‍ സൈനികസാന്നിധ്യം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യക്കെതിരേ പ്രചാരണം നടത്തിയാണ് മുഹമ്മദ് മുയിസു തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ചൈനീസ് തന്ത്രമാണെന്നാണു വിലയിരുത്തുന്നത്.

സ്പേസ് എക്സ് സ്റ്റാര്‍ഷിപ് ബഹിരാകാശത്ത് എത്തിയശേഷം റോക്കറ്റ് പൊട്ടിത്തെറിച്ചു. റോക്കറ്റിലെ ഫ്‌ലൈറ്റ് ടെര്‍മിനേഷന്‍ സിസ്റ്റം തന്നെ റോക്കറ്റിനെ നശിപ്പിക്കുകയായിരുന്നു. പരീക്ഷണം 85 ശതമാനം വിജയം എന്ന് സ്പേസ് എക്സ് അറിയിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *