റേസിങ് വിഭാഗത്തില്‍ പെടുത്താവുന്ന എഫ്99 ഇലക്ട്രിക് മോട്ടര്‍ സൈക്കിള്‍ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായ വൈദ്യുത വാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ്. മിലാന്‍ മോട്ടര്‍സൈക്കിള്‍ ഷോ എന്നറിയപ്പെടുന്ന ഇഐസിഎംഎ 2023 ലായിരുന്നു അള്‍ട്രാവയലറ്റ് എഫ്99 അവതരിപ്പിച്ചത്. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കാന്‍ കഴിയുന്ന മോട്ടര്‍സൈക്കിളാണ് എഫ്99. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും വേഗമേറിയ വൈദ്യുത മോട്ടര്‍സൈക്കിളുകളില്‍ മുന്നിലാണ് എഫ്99ന്റെ സ്ഥാനം. കാര്‍ബണ്‍ ഫൈബര്‍ അടക്കമുള്ളവ ഉപയോഗിച്ച് പരമാവധി ഭാരം കുറച്ചു നിര്‍മിച്ചിരിക്കുന്ന ഈ മോട്ടര്‍സൈക്കിളിന്റെ ഭാരം 178 കിലോഗ്രാമാണ്. ലിക്വിഡ് കൂള്‍ഡ് മോട്ടറിന് 120 ബിഎച്പി പവറുണ്ട്. പൂജ്യത്തില്‍നിന്നു 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും മൂന്നു സെക്കന്‍ഡ് മതി. മലയാളി സിനിമാ താരം ദുല്‍ഖര്‍സല്‍മാന്റെ കൂടി ഉടമസ്ഥതയിലുള്ള കമ്പനിയാണ് അള്‍ട്രാവയലറ്റ്. ദുല്‍ഖര്‍ നേരത്തേ എഫ്77 ലിമിറ്റഡ് എഡിഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.