ലംബോര്‍ഗിനി ഉറുസും ബിഎംഡബ്ല്യു 7 സീരിസുമെല്ലാമുള്ള പൃഥ്വിരാജിന്റെ ഏറ്റവും പുതിയ വാഹനം പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍. പോര്‍ഷെ 911 ജിടി 3 ടൂറിങ് മാനുവല്‍ ഗിയര്‍ബോക്‌സാണ് താരം സ്വന്തമാക്കിയത്. മാനുവല്‍ ഗിയര്‍ബോക്‌സ് കാറുകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ മാത്രമേ പോര്‍ഷെ 911 മാനുവല്‍ മോഡല്‍ വാങ്ങാറുള്ളൂ. ബുക്ക് ചെയ്താല്‍ ഏറെ നാള്‍ കാത്തിരുന്നാല്‍ മാത്രമേ പോര്‍ഷെ 911 ജിടി 3 ടൂറിങ് മാനുവല്‍ ലഭിക്കൂ. ഇന്ത്യയില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ഇതിന്റെ മാനുവല്‍ മോഡല്‍ സ്വന്തമായുള്ളത്. നേരത്തെ 911 കാബ്രിയോലെ കണ്‍വേട്ടബില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് പൃഥ്വിരാജിനുണ്ടായിരുന്നു. വെള്ളനിറത്തിലുള്ള കാറിന് ചുവപ്പ് റൂഫായിരുന്നു. ഏകദേശം അഗാപ്പേ ഗ്രേ നിറത്തിലുള്ള കാറിന്റെ അടിസ്ഥാന എക്‌സ്‌ഷോറൂം വില 3.20 കോടി രൂപയാണ്. ഉടമകളുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷന്‍ കൂടി ആകുമ്പോള്‍ വില വര്‍ധിക്കും. എന്തൊക്കെ കസ്റ്റമൈസേഷനാണ് പൃഥ്വിരാജ് വാഹനത്തില്‍ നടത്തിയത് എന്ന് വ്യക്തമല്ല. നാലു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 510 പിഎസ് പവറും 470 എന്‍എം ടോര്‍ക്കുമുണ്ട്. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രം മതി.