എല്ലാ ഭരണാഘടന സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. .ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തെക്കുരിച്ച് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. സുപ്രീം കോടതി ചോദിക്കുമ്പോള്‍ തന്റെ ഉത്തരവാദിത്വ കുറിച്ച് മറുപടി നല്‍കുമെന്നും സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന് ലീഗിനെ ചാരാതെ മുന്നോട്ട് പോകാനാവില്ല എന്ന സ്ഥിതിയാണുള്ളതെന്നും ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിപിഎം മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. യുഡിഎഫ് കെട്ടുറപ്പ് ഭദ്രമാക്കുക എന്നത് എല്ലാ കാലത്തും ലീഗിന്റെ മുന്തിയ പരിഗണനയിലുള്ള കാര്യമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
അതിരൂപതയുടെ മുഖപത്രത്തിലെ ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വന്ന വിമര്‍ശനം സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്ന് തൃശൂര്‍ അതിരൂപത. കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച മണിപ്പൂര്‍ പ്രതിഷേധ ജ്വാലയില്‍ ഉയര്‍ന്ന അഭിപ്രായമാണ് ലേഖനമായി മുഖപത്രത്തില്‍ വന്നതെന്നാണ് അതിരൂപതയുടെ വിശദീകരണം.
മലപ്പുറത്തെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും മലപ്പുറത്തെ പാര്‍ട്ടി പ്രശ്നം ഷൗക്കത്തിന് തന്നെ പരിഹരിക്കാനാവുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. അതേസമയം പലസ്തീന്‍ വിഷയത്തില്‍ ഔദ്യോഗിക പരിപാടിക്ക് പകരം ആര്യാടന്‍ ഷൗക്കത്ത് ബദല്‍ പരിപാടി നടത്തിയത് ശരിയായില്ലെന്ന് ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇപ്പോള്‍ എടുക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.
ആരാധനാലയങ്ങളില്‍ അസമയത്ത് നടക്കുന്ന വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാറും ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട കേരളവര്‍മ്മ കോളേജിലെ ടാബുലേഷന്‍ ടാബുലേഷന്‍ ഷീറ്റ് വ്യാജ നിര്‍മ്മിതമാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍. അത് അവിടത്തെ അധ്യാപകരുടെ ഒത്താശയോടുകൂടി നിര്‍മ്മിച്ചതാണെന്നും എല്ലാവരും കൂടി എണ്ണിയ മാനുവല്‍ ടാബുലേഷന്‍ഷീറ്റ് പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.
വീടിനു പുറകുവശത്ത് ചാഞ്ഞുകിടക്കുകയായിരുന്ന ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധിക മരിച്ചു. പറളി ആറ്റുപുറം പാന്തംപാടം തത്ത(70) ആണ് മരിച്ചത്. ഉണങ്ങിയ മരകൊമ്പില്‍ പിടിച്ചു വലിച്ചപ്പോള്‍ തലയില്‍ വീഴുകയായിരുന്നു.
സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് പെരുമഴക്കും സാധ്യത. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. ദീപാവലി കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍. വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍.
മഹാദേവ് ആപ്പില്‍ നിന്നുള്ള ഹവാല പണവുമായി പിടികൂടിയ അസിംദാസ് മുഖ്യമന്ത്രിയുമായുള്ള ബന്ധം സമ്മതിച്ചെന്ന് ഇഡി അവകാശപ്പെട്ടു. അസിംദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. അതേസമയം ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍. അറബ് രാജ്യങ്ങളുടെ ആവശ്യത്തെ അമേരിക്ക എതിര്‍ക്കുകയും ഈ നീക്കം ഹമാസിനെ കൂടുതല്‍ ശക്തമാകാന്‍ സഹായിക്കുമെന്നും പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിര്‍ത്തല്‍ അജണ്ടയില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പ്രതികരിച്ചു.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യാ – ദക്ഷിണാഫ്രിക്ക പോരാട്ടം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം.