ഇന്ത്യന്‍ വിപണിയിലെ ഇരുചക്രനിര്‍മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് ഇനി വെനസ്വേലയിലും. വെനസ്വേലയില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ഇരുചക്രവാഹന നിര്‍മാണ കമ്പനിയാണിവര്‍. ടിവിഎസ് ആര്‍ആര്‍310, ആര്‍ടിആര്‍200 എഫ്ഐ, ആര്‍ടിആര്‍ 160, അപ്പാച്ചെ ആര്‍ടിആര്‍200 തുടങ്ങിയ പ്രീമിയം മോട്ടര്‍സൈക്കിളുകള്‍ മുതല്‍ കമ്യൂട്ടര്‍ ബൈക്കുകളായ ട്രാക് 150, സ്പോര്‍ട് 100, എച്ച്എല്‍എക്സ്, സ്ട്രൈക്കര്‍, സ്ട്രൈഡര്‍ തുടങ്ങിയ വാഹനങ്ങളും എക്സ്എല്‍100 മോപ്പഡ്, എന്‍ടോര്‍ക്ക് സ്‌കൂട്ടറും മുച്ചക്രവാഹനങ്ങളുമാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ലോക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായ സെര്‍വിസുമിനിസ്ട്രോസിന്റെ പങ്കാളിത്തത്തോടെയാണ് ടിവിഎസ് വിപണിയില്‍ പ്രവേശനം നടത്തുന്നത്. ബജാജ് ഓട്ടോ കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ടിവിഎസ്. 43 ശതമാനം കയറ്റുമതിയാണ് ടിവിഎസ് നല്‍കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതിയില്‍ മാത്രം ടിവിഎസ് 4.3 ലക്ഷം ഇരുചക്രവാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള ഇരുചക്ര കയറ്റുമതിയുടെ 26 ശതമാനമാണ് ഇതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.