ക്രെഡിറ്റ് കാര്‍ഡ് രംഗത്തേയ്ക്കും ചുവട് വയ്ക്കാനൊരുങ്ങി മുകേഷ് അംബാനി. ഓണ്‍ലൈന്‍ റീട്ടെയില്‍, സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ തേടുന്ന അംബാനി കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളെന്ന ആശയത്തിലേക്കും തിരിയുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായണ് അംബാനി കൈകോര്‍ക്കുന്നത്. തദ്ദേശീയമായി റുപേ നെറ്റ്വര്‍ക്കില്‍ രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കാനാണ് അംബാനി ലക്ഷ്യമിടുന്നത്. എസ്ബിഐയുടെ പങ്കാളിത്തത്തോടെ മുകേഷ് അംബാനിയുടെ റിലയന്‍സ് പുറത്തിറക്കുന്ന രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ കോ-ബ്രാന്‍ഡഡ് ആയിരിക്കും, അതായത് ഇവ ‘റിലയന്‍സ് എസ്ബിഐ കാര്‍ഡുകള്‍’ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങളായിരിക്കും റിലയന്‍സ് എസ്ബിഐ കാര്‍ഡ് നല്‍കുകയെന്നതാണ് റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ റീട്ടെയില്‍ സംരംഭമായ റിലയന്‍സ് റീട്ടെയിലിന്റെ വൗച്ചറുകള്‍ ഈ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടും. ജിയോമാര്‍ട്ട്, അജിയോ, അര്‍ബന്‍ ലാഡര്‍, ട്രെന്‍ഡ്സ് തുടങ്ങി റിലയന്‍സിന്റെ സ്ഥാപനങ്ങളുടെ വൗച്ചറുകള്‍, ഡിസ്‌കൗണ്ട് നിരക്കുകള്‍ ആയി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഡെബിറ്റ് കാര്‍ഡ് വിപണിയെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മൊത്തം 1,33,000 കോടി രൂപയുടെ ഇടപാടുകള്‍ ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ നടന്നിട്ടുണ്ട്. റിലയന്‍സിന്റെ സാമ്പത്തിക വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അടുത്തിടെ വായ്പ, ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഡെബിറ്റ് കാര്‍ഡ് ഓഫറുകളും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്.