P3 yt cover 1

സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയില്‍നിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് ആക്രമണത്തിനു മറുപടിയാണെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. ഇതിനിടെ, സിറിയയിലെ യുഎസ് സൈനിക താവളത്തിലേക്കു ഹിസ്ബുല്ല ആക്രമണം നടത്തി. ഹമാസിന്റെ നുഴഞ്ഞുകയറ്റക്കാരായ 10 പേരെ വധിച്ചെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇന്ധനവും ഭക്ഷണവും ഇല്ലാതെ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിയെന്നും റിപ്പോര്‍ട്ടുകള്‍. യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനവും അവസാനിച്ച നിലയിലാണ്. അതേസമയം അഞ്ചുലക്ഷത്തിലേറെ ലിറ്റര്‍ ഡീസല്‍ ഹമാസ് ഉപയോഗിക്കാതെ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും ഇസ്രായേല്‍ ഐ.ഡി.എഫ്. എക്സില്‍ പങ്കുവെച്ചു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയിലെത്തി ജാമ്യമെടുത്തു. ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കേസിലെ മറ്റു പ്രതികളും ഇര കെ. സുന്ദരയും കോടതിയില്‍ ഹാജരായി.

വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണു വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ജാഗ്രത പാലിക്കണമെന്ന് അരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്നറിയിപ്പു നല്‍കി.

*ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ പൂജാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷന്റെയും അക്കൗണ്ടന്റ് സി.കെ ജില്‍സിന്റെയും ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു എറണാകുളം കലൂര്‍ പിഎംഎല്‍എ കോടതി ഈ മാസം 27 ലേക്കു മാറ്റി. ഇരുവര്‍ക്കുമെതിരെ ഇഡി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി.

എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടന്‍ വിനായകനെതിരേ മൂന്നു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍. വിനായകനെതിരേ മതിയായ വകുപ്പുകള്‍ ചുമത്താതിരുന്നതു സിപിഎമ്മുകാരനായതുകൊണ്ടാകുമെന്ന് ഉമ തോമസ് എംഎല്‍എ ആരോപിച്ചിരുന്നു.

കേരളത്തില്‍ സിപിഎം- ബിജെപി ഒത്തുകളി ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ കലഹം ഒഴിവാക്കി ഐക്യം വളര്‍ത്തണം. ഓരോ യൂണിറ്റ് കമ്മിറ്റിയും ശക്തമാക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎം- ബിജെപി ഒത്തുകളിയുള്ളതിനാലാണ് പിണറായി വിജയനും കെ സുരേന്ദ്രനും കേസുകളില്‍നിന്നു രക്ഷപ്പെടുന്നത്. സുധാകരന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

വാളയാര്‍ കേസിലെ നാലാം പ്രതി മധു കൊച്ചിയില്‍ തൂങ്ങി മരിച്ചു. കൊച്ചിയിലെ പ്രവര്‍ത്തനം നിലച്ച ബിനാനി സിങ്ക് കമ്പനിക്കുള്ളിലാണ് മരിച്ചത്. സ്‌ക്രാപ്പ് നീക്കുന്ന കരാര്‍ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ഇയാള്‍.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തില്‍ 75 കിലോ പഞ്ചസാരകൊണ്ടു തുലാഭാരം നടത്തി.

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി വിഴിഞ്ഞം കടലില്‍ ഉല്ലാസ യാത്ര നടത്തിയ വള്ളം പിടികൂടി. സ്ത്രീകളും പുരുഷന്‍മാരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളും ഉള്‍പ്പെടെ 21 അംഗ സംഘമാണ് ഉല്ലാസ യാത്ര നടത്തിയത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈക്കു പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കല്ലാര്‍, പാംബ്ല ഡാമുകള്‍ തുറന്നു. ചിന്നാര്‍, പെരിയാര്‍ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

അനുഷ്ഠാന കലാരൂപമായ വേലന്‍ പാട്ടു കലാകാരനായ ചെന്നിത്തല തെക്ക് തിരുമുല്‍പ്പാട്ട് പടീറ്റതില്‍ ജി വിജയന്‍ അന്തരിച്ചു. 64 വയസായിരുന്നു.

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്തുകണ്ടി പ്രവീണ്‍ കുമാര്‍ (47) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. കൊച്ചി വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ രാത്രി രണ്ടിനായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന പങ്കജ്കുമാര്‍ വര്‍മ, അന്തരീക്ഷ് ഡാഗ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂരില്‍ ഒമ്പതുകാരനെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ റിജോ ജോണിയുടെ മകന്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. സൈക്കിള്‍ ഓടിച്ചുപോകവേ കുഴിയിലേക്കു വീണതാകാമെന്നു കരുതുന്നു.

തെലുങ്കാനയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കൊമ്മട്ടിറെഡ്ഢി രാജഗോപാല്‍ റെഡ്ഢി ബിജെപി അംഗത്വം രാജിവച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രാജ്ഗോപാല്‍ റെഡ്ഢി കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹം തിരികെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ളവരെ ചൈന ലക്ഷ്യമിട്ടെന്ന ആരോപണവുമായി കാനഡ. കനേഡിയന്‍ എംപിമാരെ അപകീര്‍ത്തിപ്പെടുത്താനും ചൈന ശ്രമിച്ചെന്നും കാനഡ ആരോപിച്ചു. ഇന്ത്യയുമായുള്ള കാനഡയുടെ നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കേയാണ് ചൈനക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രണ്ട് ഇന്ത്യന്‍ – അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കയുടെ പരമോന്നത ശാസ്ത്ര പുരസ്‌കാരം. അശോക് ഗാഡ്ഗിലിനും സുബ്ര സുരേഷിനുമാണ് ‘നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍’ പുരസ്‌കാരം പ്രസിഡന്റ് ജോ ബൈഡന്‍ സമ്മാനിച്ചത്. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ സിവില്‍, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിംഗിലെ പ്രൊഫസറാണ് അശോക് ഗാഡ്ഗില്‍. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ പ്രൊഫസറാണ് സുബ്ര സുരേഷ്.

മാജിക് മഷ്റൂം കഴിച്ച് ലക്കുകെട്ട പൈലറ്റ് വിമാനത്തിന്റെ എന്‍ജിനുകള്‍ ഓഫ് ചെയ്തു. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടിവന്നു. ഡ്യൂട്ടിക്ക് ജീവനക്കാര്‍ കുറവായതിനാലാണ് അവധിയിലായിരുന്ന പൈലറ്റിനെ ഡ്യൂട്ടിക്കു വിളിച്ചുവരുത്തിയത്. വാഷിംഗ്ടണിലെ എവറെറ്റില്‍ നിന്ന് സാന്‍സ്ഫ്രാന്‍സിസ്‌കോയിലേക്കുള്ള അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനാണ് 44 കാരനായ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്സെണ്‍ ഓഫ് ചെയ്തത്. പൈലറ്റിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തു.

ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ന് ഓസ്ട്രേലിയ – നെതര്‍ലണ്ട്സ് മത്സരം. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഗൂഗിളിനും വാട്‌സ്ആപ്പിനും പിന്നാലെ ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണും ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പാസ്‌കീ സംവിധാനം അവതരിപ്പിച്ചു. വെബ് ബ്രൗസറുകളിലും മൊബൈല്‍ ആപ്പുകളിലും പാസ്‌കീ സപ്പോര്‍ട്ട് നടപ്പാക്കിയതായി ആമസോണ്‍ അറിയിച്ചു. പാസ്‌കീ സംവിധാനം ഉപയോഗിക്കുന്നതോടെ, ബയോമെട്രിക്‌സ് അല്ലെങ്കില്‍ ലോക്ക് സ്‌ക്രീന്‍ പിന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് മാത്രമേ ആമസോണ്‍ ആപ്പ് തുറക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ സുരക്ഷയുടെ ഭാഗമായി പാസ് വേര്‍ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമാണ് കൂടുതല്‍ സുരക്ഷ നല്‍കുന്ന പാസ് കീ സംവിധാനം ആമസോണ്‍ അവതരിപ്പിച്ചത്. ഇതോടെ ലോഗിന്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാകുമെന്നും ആമസോണ്‍ അവകാശപ്പെടുന്നു. പാസ്‌കീ സംവിധാനം എനേബിള്‍ ചെയ്യുന്നതോടെ, ഫിംഗര്‍പ്രിന്റ് റെക്കഗനിഷന്‍, മുഖം സ്‌കാന്‍ ചെയ്യല്‍, ലോക്ക് സ്‌ക്രീന്‍ പിന്‍ എന്നിവയില്‍ ഏതെങ്കിലും ഫീച്ചര്‍ ഉപയോഗിച്ച് മാത്രമേ ആമസോണ്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കൂ. നിലവിലുള്ള പാസ് വേര്‍ഡ് സംവിധാനത്തില്‍ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാസ് കീ സംവിധാനം ആമസോണും അവതരിപ്പിച്ചത്. കൂടാതെ സങ്കീര്‍ണമായ പാസ് വേര്‍ഡുകള്‍ മറന്നുപോകുമോ എന്ന ഭയവും ഇനി വേണ്ട.

വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ പുതിയ വഴികള്‍ തേടുകയാണ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം. ഇതിന്റെ ഭാഗമായി വെരിഫൈഡ് ഉപയോക്താക്കളുടെ ഉള്ളടക്കങ്ങള്‍ മാത്രം കാണിക്കുന്ന ഫീഡ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. നിലവില്‍ ഫോളോയിങ്, ഫേവറേറ്റ്‌സ് എന്നീ ഫീഡുകളാണുള്ളത്. മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കളുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞ് അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ സേവനം. പ്രമുഖ വ്യക്തികള്‍, ഇന്‍ഫല്‍വന്‍സര്‍മാര്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ പോസ്റ്റുകളാണ് പ്രത്യേക ഫീഡില്‍ ലഭിക്കുക. റെഗുലര്‍ ഫീഡുകളില്‍ പ്രമുഖ വ്യക്തികളുടെ പോസ്റ്റുകള്‍ക്കായി സ്‌ക്രോള്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. പെയ്ഡ് വെരിഫൈഡ് ഉപയോക്താക്കളുടെ പോസ്റ്റുകള്‍ കൂടുതല്‍ പേര്‍ കാണുന്നതിനായാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പെയ്ഡ് വെരിഫിക്കേഷന്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് മെറ്റയുടെ അധിക സേവനത്തിനൊപ്പം വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്കും ലഭിക്കും.

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും. മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ഇന്ത്യന്‍ സിനിമാലോകത്ത് കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാന്‍, വിജയുടെ ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കില്‍ ഫാത്തിമ. കേരളത്തില്‍ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്. കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകലില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സാജു നവോദയ(പാഷാണം ഷാജി), രഞ്ജിനി ജോര്‍ജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍’. ചിത്രത്തിന്റെ ട്രെയിലര്‍ സിനിഹോപ്സ് ഒടിടിയുടെ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബോണി അസ്സനാര്‍, സോണിയല്‍ വര്‍ഗ്ഗീസ്, റോബിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ ചിത്രം, നവംബര്‍ ആദ്യ വാരത്തില്‍ റിലീസിനെത്തും. റൊമാന്റിക് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ ബിന്ദു എന്‍ കെ പയ്യന്നൂര്‍ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കര്‍ എങ്ങണ്ടിയൂര്‍ ആണ്. ഹൈസിന്‍ ഗ്ലോബല്‍ വെന്‍ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്.

ഉത്സവ സീസണില്‍ സെഡാന്‍ കാറുകള്‍ക്ക് മികച്ച ഓഫറുമായി കമ്പനികള്‍. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച അഞ്ച് സെഡാന്‍ കാറുകള്‍ക്കാണ് ഈ വിലക്കുറവ്. ഹോണ്ട കാര്‍സ് ഇന്ത്യ അതിന്റെ ഹോട്ട് സെല്ലിംഗ് സെഡാനായ സിറ്റിക്ക് 75,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഏറ്റവും വലിയ വിലക്കിഴിവ് ലഭിക്കുന്ന സെഡാനാണ് സ്‌കോഡ സ്ലാവിയ. സ്‌കോഡ അതിന്റെ ശക്തമായ സ്ലാവിയയ്ക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഫോക്‌സ്വാഗന്റെ പ്രീമിയം സെഡാന്‍വിര്‍ട്ടസ് ഈ മാസം ക്യാഷ് ഡിസ്‌കൗണ്ടുകളും 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും സഹിതം വാങ്ങാം. ഈ സെഡാന്റെ വില 11.48 ലക്ഷം രൂപ മുതല്‍ 19.29 ലക്ഷം രൂപ വരെയാണ്. പട്ടികയിലെ നാലാമത്തെ കാര്‍ മാരുതി സുസുക്കി സിയാസാണ്. 2023 ഒക്ടോബറില്‍ സിയാസ് 38,000 രൂപ വരെ കിഴിവ് നേടുന്നു. നിലവില്‍ 9.30 ലക്ഷം രൂപയില്‍ തുടങ്ങി 12.45 ലക്ഷം രൂപ വരെയാണ് സിയാസിന്റെ എക്സ്-ഷോറൂം വില. 25,000 രൂപ വരെ വിലക്കിഴിവുണ്ട് ഹ്യൂണ്ടായ് വെര്‍ണയ്ക്ക്. എന്നിരുന്നാലും, ആനുകൂല്യങ്ങളെക്കുറിച്ച് നിര്‍മ്മാതാവ് വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. പക്ഷേ, ഇത് ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തില്‍ വാഗ്ദാനം ചെയ്യും. ഈ ഓഫറുകള്‍ 2023 ഒക്ടോബര്‍ 31 വരെ സാധുതയുള്ളതാണ്.

തണുപ്പ് എന്റെ ശരീരത്തെ പന്തുതട്ടുന്നു. പക്ഷേ, താഴ്വരയെ വലയംചെയ്യുന്ന നിലാവില്‍പ്പൊതിഞ്ഞ പ്രശാന്തി പേരില്ലാത്ത ഒരു ആനന്ദത്തിലേക്ക് നമ്മെ അപ്പൂപ്പന്‍താടിയെപ്പോലെ പറത്തിയുയര്‍ത്തുന്നു. കണ്ണുകള്‍ മാനത്തേക്കു തിരിക്കുമ്പോള്‍ ആകാശഗംഗയുടെ മനംമയക്കിക്കൊണ്ട് ശോഭിക്കുന്ന വഴിത്താര നമ്മെ മാടിവിളിക്കുന്നു: വരൂ യാത്രികാ, പ്രപഞ്ചത്തിലേക്കു സ്വാഗതം. യാത്രികരുടെ എക്കാലത്തെയും സ്വപ്നമായ തപോവനത്തിലേക്ക് സ്വാമി സംവിദാനന്ദിനൊപ്പം സക്കറിയ നടത്തിയ സാഹസികവും നിഗൂഢാനുഭൂതി നിറഞ്ഞതുമായ വിസ്മയയാത്രയുടെ അനുഭവരേഖ. ‘തപോവനയാത്ര’. സക്കറിയ. മാതൃഭൂമി. വില 136 രൂപ.

ഒക്ടോബര്‍ 25, ലോക ശ്വാസകോശാരോഗ്യ ദിനം. നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ ഓക്‌സിജന്‍ അത്യാവശ്യമാണ്. അതിന് ശ്വാസകോശം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ മാറി വരുന്ന ജീവിതശൈലിയും കാലാവസ്ഥയും ഭക്ഷണ രീതിയും കാരണം കഴിഞ്ഞ കുറച്ച് ദശകങ്ങളായി ശ്വാസകോശ സംബന്ധിയായ പല രോഗങ്ങളും വര്‍ധിച്ചു വരുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചിട്ടയോടുള്ള ജീവിതം നമ്മുടെ ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കും. പുകവലിയാണ് ശ്വാസകോശത്തിന് ഏറ്റവും വലിയ വില്ലന്‍. ഇത് അര്‍ബുദം, ക്രോണിക് ഒബ്രസ്ട്റ്റീവ് പള്‍മണറി ഡിസീസ് എന്നവയ്ക്കുള്ള സാധ്യത കൂട്ടും. ശ്വാസ നാളത്തെ ചുരുക്കി ശ്വാസ തടസത്തിന് കാരണമാകും. അതുകൊണ്ട് സിഗരറ്റിനെ നിര്‍ബന്ധമായും അകറ്റി നില്‍ക്കുന്നതാണ് നല്ലത്. രണ്ടാമത്തെ പ്രധാന കാരണം മലിനീകരണമാണ്. പൊടിയും മലിന വായും ശ്വസിക്കുന്നതും ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കും. വീടിന് പുറത്തിറങ്ങുമ്പോഴുള്ളതു പോലെ തന്നെ അപകടമാണ് വീടിനുള്ളിലെ മലിനീകരണം. വീടിനുള്ളില്‍ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പു വരുത്താന്‍ മറക്കരുത്. വീടിനുള്ളലെ ഭിത്തികളില്‍ ഈര്‍പ്പം തട്ടിയുണ്ടാകുന്ന ഫങ്കസ്, പൊടി ഇവയൊക്കെ ശ്വാസകോശത്തിന് ദോഷമാണ്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും കരുതുക. പനി, ജലദോഷം കാരണമുണ്ടാകുന്ന അണിബാധ ചിലപ്പോള്‍ ഗുരുതര ശ്വാസകോശ പ്രശ്‌നത്തിലേക്ക് നയിക്കാം. സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുന്നതാണ് നല്ലത്. കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുന്നത് അണുബാധയില്‍ നിന്നും ഒരു പരിധിവരെ നമ്മെ സംരക്ഷിക്കും. വായിലെ അണുക്കള്‍ സാന്നിധ്യവും ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ക്ക് കാരണമായേക്കാം. കൂടാതെ ആരോഗ്യമുള്ള ശ്വാസകോശത്തിന് വ്യായാമം ശീലമാക്കാം. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കുകയും ശ്വാസകോശാരോഗ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ഡയറ്റില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പച്ചക്കറിയിലെ പോഷക ഗുണം ശ്വാസകോശാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.15, പൗണ്ട് – 101.00, യൂറോ – 88.08, സ്വിസ് ഫ്രാങ്ക് – 93.00, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.88, ബഹറിന്‍ ദിനാര്‍ – 220.54, കുവൈത്ത് ദിനാര്‍ -268.99, ഒമാനി റിയാല്‍ – 216.04, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 60.46.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *