സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയില്‍നിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് ആക്രമണത്തിനു മറുപടിയാണെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. ഇതേസമയം, സിറിയയിലെ യുഎസ് സൈനിക താവളത്തിലേക്കു ഹിസ്ബുല്ല ആക്രമണം നടത്തി. ഹമാസിന്റെ നുഴഞ്ഞുകയറ്റക്കാരായ 10 പേരെ വധിച്ചെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇതേസമയം, ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇന്ധനവും ഭക്ഷണവും ഇല്ലാത്തതാണു കാരണം. യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനവും അവസാനിച്ച നിലയിലാണ്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയിലെത്തി ജാമ്യമെടുത്തു. ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കേസിലെ മറ്റു പ്രതികളും ഇര കെ. സുന്ദരയും കോടതിയില്‍ ഹാജരായി.
വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചതായി രോഗ്യമന്ത്രി വീണാ ജോര്‍ജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണു വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ജാഗ്രത പാലിക്കണമെന്ന് അരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്നറിയിപ്പു നല്‍കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ പി ആര്‍ അരവിന്ദാക്ഷന്റെയും സി കെ ജില്‍സിന്റെയും ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു എറണാകുളം കലൂര്‍ പിഎംഎല്‍എ കോടതി ഈ മാസം 27 ലേക്കു മാറ്റി.
എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടന്‍ വിനായകനെതിരേ മൂന്നു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍. വിനായകനെതിരേ മതിയായ വകുപ്പുകള്‍ ചുമത്താതിരുന്നതു സിപിഎമ്മുകാരനായതുകൊണ്ടാകുമെന്ന് ഉമ തോമസ് എംഎല്‍എ ആരോപിച്ചിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി വിഴിഞ്ഞം കടലില്‍ ഉല്ലാസ യാത്ര നടത്തിയ വള്ളം പിടികൂടി. സ്ത്രീകളും പുരുഷന്‍മാരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളും ഉള്‍പ്പെടെ 21 അംഗ സംഘമാണ് ഉല്ലാസ യാത്ര നടത്തിയിരുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈക്കു പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്.
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കല്ലാര്‍, പാംബ്ല ഡാമുകള്‍ തുറന്നു. ചിന്നാര്‍, പെരിയാര്‍ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
അനുഷ്ഠാന കലാരൂപമായ വേലന്‍ പാട്ടു കലാകാരനായ ചെന്നിത്തല തെക്ക് തിരുമുല്‍പ്പാട്ട് പടീറ്റതില്‍ ജി വിജയന്‍ അന്തരിച്ചു. 64 വയസായിരുന്നു.
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീണ്‍ കുമാര്‍ (47) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. കൊച്ചി വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ രാത്രി രണ്ടിനായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന പങ്കജ്കുമാര്‍ വര്‍മ, അന്തരീക്ഷ് ഡാഗ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂരില്‍ ഒമ്പതുകാരനെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ റിജോ ജോണിയുടെ മകന്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. സൈക്കിള്‍ ഓടിച്ചുപോകവേ കുഴിയിലേക്കു വീണതാകാമെന്നു കരുതുന്നു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ളവരെ ചൈന ലക്ഷ്യമിട്ടെന്ന ആരോപണവുമായി കാനഡ. കനേഡിയന്‍ എംപിമാരെ അപകീര്‍ത്തിപ്പെടുത്താനും ചൈന ശ്രമിച്ചെന്നും കാനഡ ആരോപിച്ചു. ഇന്ത്യയുമായുള്ള കാനഡയുടെ നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കേയാണ് ചൈനക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
രണ്ട് ഇന്ത്യന്‍ – അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കയുടെ പരമോന്നത ശാസ്ത്ര പുരസ്‌കാരം. അശോക് ഗാഡ്ഗിലിനും സുബ്ര സുരേഷിനുമാണ് ‘നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍’ പുരസ്‌കാരം പ്രസിഡന്റ് ജോ ബൈഡന്‍ സമ്മാനിച്ചത്. ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സിവില്‍, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിംഗിലെ പ്രൊഫസറാണ് അശോക് ഗാഡ്ഗില്‍. ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ പ്രൊഫസറാണ് സുബ്ര സുരേഷ്.
മാജിക് മഷ്‌റൂം കഴിച്ച് ലക്കുകെട്ട പൈലറ്റ് വിമാനത്തിന്റെ എന്‍ജിനുകള്‍ ഓഫ് ചെയ്തു. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടിവന്നു. ഡ്യൂട്ടിക്ക് ജീവനക്കാര്‍ കുറവ് വന്നതോടെയാണ് അവധിയിലായിരുന്ന പൈലറ്റിനെ ഡ്യൂട്ടിക്ക് വിളിച്ചുവരുത്തിയത്. വാഷിംഗ്ടണിലെ എവറെറ്റില്‍ നിന്ന് സാന്‍സ്ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനത്തിന്റെ എന്‍ജിനാണ് 44 കാരനായ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്‌സെണ്‍ ഓഫ് ചെയ്തത്. പൈലറ്റിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തു.