ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 266 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 117 പേരും കുട്ടികളാണ്. വടക്കന്‍ ഗാസയില്‍ തുടരുന്നവരെ ഹമാസ് ഭീകരരായി കണക്കാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
നാളെ മഹാനവമി. സരസ്വതീ ക്ഷേത്രങ്ങളില്‍ വിദ്യാരംഭം.
വിദ്യാരംഭം ചടങ്ങിലെ ആദ്യാക്ഷരം എങ്ങനെ, എവിടെ കുറിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കുണ്ടെന്ന് ഹൈക്കോടതി. വിദ്യാരംഭ ചടങ്ങില്‍ മതേതര ആദ്യാക്ഷര മന്ത്രം ഉള്‍പ്പെടുത്തിയ മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റിക്കെതിരേയുള്ള ഹര്‍ജിയിലാണ് ഉത്തരവ്.
ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രമാകും. നാളെ ഇത് ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്ഥാനാര്‍ത്ഥിത്വത്തേക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. അത് നിര്‍വഹിക്കാനാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ലോക്‌സഭ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇരു മുന്നണികളിലും കക്ഷികള്‍ തമ്മില്‍ അനൗദ്യോഗിക ആശയവിനമയം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം പറവൂരില്‍ ഒറ്റയ്ക്ക് 56 കാരി ലീല താമസിച്ചിരുന്ന വീട് തകര്‍ത്ത സംഭവത്തില്‍ കുടുംബ സ്വത്തിന്റെ ഒരു ഭാഗം ലീലക്കു നല്‍കണമെന്നു നാട്ടുകാര്‍. അച്ഛന്റെ പേരിലുള്ള സ്ഥലത്തിന്റെ അവകാശി താനാണെന്നു പറഞ്ഞുകൊണ്ടാണ് ലീലയുടെ മൂത്ത ജ്യേഷ്ഠന്റെ മകന്‍ രമേശന്‍ ജെസിബി ഉപയോഗിച്ച് വീടു തകര്‍ത്തത്. രമേശനോട് ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.
നാദാപുരത്ത് യുവതിയുടെ കഴുത്തിലെ മാല തട്ടിപ്പറിച്ചത് ബ്രാഞ്ച് സെക്രട്ടറിയാണെന്ന പ്രചരിപ്പിച്ചതിനെതിരെ സിപിഎം വാണിമേല്‍ ലോക്കല്‍ സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ യാസര്‍ എടപ്പാള്‍, കൊണ്ടോട്ടി അബു തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് പരാതി.
കണ്ണൂര്‍ തയ്യിലില്‍ വിവാഹ സല്‍ക്കാരത്തിനിടെ അന്‍പതിലധികം പേര്‍ക്ക് തേനീച്ച കുത്തേറ്റു. ഓഡിറ്റോറിയത്തില്‍ പടക്കം പൊട്ടിച്ചപ്പോള്‍ തേനീച്ചകള്‍ ഇളകി ആക്രമിക്കുകയായിരുന്നു.
ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന മഹുവ മൊയ്ത്ര എം.പി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍. മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെയോ പാര്‍ട്ടിയുടെയോ പേരില്‍ വോട്ട് ചോദിക്കാതെ പ്രധാനമന്ത്രി സ്വന്തം പേരില്‍ വോട്ടു തേടുന്നത് പരിഹാസ്യമാണെന്നും ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വ്വീസ് തല്‍ക്കാലം തുടങ്ങില്ല. കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. സ്ഥിതി മെച്ചപ്പെട്ടാല്‍ എല്ലാം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ ജില്ലയിലെ സ്വര്‍ണാഭരണ വ്യാപാര കേന്ദ്രമായ പ്രൊഡ്ഡത്തൂരിലുള്ള ആയിരത്തിലധികം ജ്വല്ലറികള്‍ അടച്ചുപൂട്ടി. തുടര്‍ച്ചയായ നാലാം ദിവസവും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നാണ് ഇത്രയേറെ ജ്വല്ലറികള്‍ പൂട്ടിയത്. രണ്ടായിരത്തിലധികം ജ്വല്ലറികളാണ് ഇവിടെ പവര്‍ത്തിക്കുന്നത്.
പെട്രോള്‍ പമ്പുകളില്‍ മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കാത്തതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയത്തിനും വന്‍തുക പിഴ. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഐഒസിക്ക് ഒരു കോടി രൂപയും ബിപിസിഎല്ലിന് രണ്ടു കോടി രൂപയും പിഴ ചുമത്തിയത്.
മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ബോളിവുഡ് നടന്‍ ദലീപ് താഹിലിന് രണ്ടു മാസം തടവു ശിക്ഷ. മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. 2018 ല്‍ മദ്യപിച്ച് ദലീപ് താഹില്‍ ഓടിച്ച കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ടു യാത്രക്കാര്‍ക്കു പരിക്കേറ്റിരുന്നു.
വനിതാ കോണ്‍സ്റ്റബിളിന്റെ കൊലപാതകത്തിനു പിറകില്‍ ഭര്‍ത്താവാണെന്നു പാറ്റ്‌ന പൊലീസ്. പൊലീസില്‍ പുതുതായി ജോലി ലഭിച്ച 23 കാരിയായ ശോഭാ കുമാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവിലുള്ള ഭര്‍ത്താവിനെ തെരയുകയാണെന്നു പോലീസ് വ്യക്തമാക്കി.