ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്. കൊല്ലപ്പെട്ട ബന്ദികളില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്തീൻ പ്രസിഡൻറ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.
ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ ജാഗ്രത നിർദ്ദേശം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ, ഇസ്രയേൽ എംബസി, ജൂത ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്.
യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്പര്യങ്ങള്ക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്നും എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണമെന്നും ഇക്കാര്യത്തിൽ സമവായം ഇല്ലാത്തത് ഭീകരർ മുതലെടുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിമാനത്തിൽ യുവ നടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി സിആർ ആന്റോയുടെ ആവശ്യം കോടതി തള്ളി . എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ല വകുപ്പുകളാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
നിയമന കോഴ ആരോപണത്തെിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പറയാനുള്ളത് പറയുമെന്നും അന്വേഷണം നടക്കട്ടെ എന്നും വീണ ജോർജ്ജ് പ്രതികരിച്ചു. ആരോപണ വിധേയർ തന്റെ ബന്ധുവാണെന്ന് ചിലർ പ്രചരണം നടത്തി എന്നും വീണ ജോർജ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്ന് 45 കാരൻ ചാടി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
മധ്യേഷ്യയിൽ ഏറെ കാലമായി പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് ഇപ്പോഴത്തെ ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ എത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ഈ മാസം 20 മുതൽ ഏരിയതലങ്ങളിൽ വലിയ കൂട്ടായ്മ സിപിഎം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന ആശയം മുന്നോട്ട് വച്ചത് ഇകെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് പങ്കാളിത്തത്തിന്റെ പേരിലാണ് തുറമുഖ നിർമ്മാണ കരാർ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. എലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്. സംഭവത്തിൽ മുൻ പൊലീസുകാരനായ പോളിനെ ഏലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നത്തിലുള്ള പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.
കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിന്റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്.
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചു പറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് അധഃപതിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു.
മുതിർന്ന മാധ്യമപ്രവർത്തകൻ കെഎസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു. മലയാള മനോരമ മുൻ റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ഡൽഹിയിൽ ഏറ്റവും ആദരണീയരായ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു.
മാസത്തവണ മുടങ്ങിയതിന് ബ്ലേഡ് മാഫിയ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. നോര്‍ത്ത് പറവൂര്‍ കുഞ്ഞിത്തൈചിട്ടിവളപ്പില്‍ സ്റ്റീഫന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. മര്‍ദനത്തില്‍ സ്റ്റീഫന്റെ മാതാവ് ഫിലോമിനയുടെ കൈ ഒടിഞ്ഞു. സംഭവത്തില്‍ വടക്കേക്കര പൊലീസ് കേസെടുത്തു.
സംസ്ഥാനത്ത് ഇന്നും നാളെയും മധ്യ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴക്ക്സാധ്യത. പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പലസ്തീൻ വിഷയത്തിൽ വിദ്വേഷം പടർത്താനും ഉന്മാദമുണ്ടാക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി.
മണിപ്പൂരില്‍ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . 22 കാരനായ പൗലോങ് മാങാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പൂനെയില്‍ നിന്ന് ഇയാളെ സിബിഐ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.
ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് നല്കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി.അന്വേഷണം തുടരുകയാണെന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള ഡൽഹി പൊലീസിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് രാജ്യം സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. ആറ് വർക്കിങ് ഗ്രൂപ്പുകളാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കേന്ദ്ര ഐടി കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.
ഫ്രാൻസിലെ പബ്ലിക് സ്കൂളിലുണ്ടായ കത്തി ആക്രമണത്തിൽ ടീച്ചർ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ അറാസിൽ പ്രവർത്തിക്കുന്ന ഒരു ഹൈസ്കൂളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തു.
ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും.തീരുമാനം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രധാന നാഴികകല്ലാണെന്ന് ഐസിസി ചെയര്മാന് ഗ്രെഗ് ബാര്‍കെ പ്രതികരിച്ചു.