ഒരാള്‍ക്ക് ഒറ്റയ്ക്ക് താങ്ങിയെടുക്കാനാവാത്തത്രയും ഭരമുള്ള ഫ്രിഡ്ജ് തലയിലേറ്റി നഗരമധ്യത്തിലെ തിരക്കേറിയ തെരുവിലൂടെ സൈക്കിള്‍ ചവിട്ടുന്ന ഒരു യുവാവ്. ഇന്‍സ്റ്റഗ്രാമില്‍ ബാര്സ്റ്റുള് സ്പോര്‍ട്സ് എന്ന അക്കൗണ്ടിലൂടെയാണ് ആരേയും അദ്ഭുതപ്പെടുത്തുന്ന വീഡിയോ പ്രചരിക്കുന്നത്. ഫ്രിഡ്ജ് കുത്തനെ തലയ്ക്കു മുകളില്‍ നിര്‍ത്തി ബാലന്‍സു ചെയ്താണ് യുവാവ് സൈക്കിള്‍ ചവിട്ടുന്നത്. ഇടയ്ക്കു സൈക്കിള്‍ തിരിക്കുകയും സാവധാനമാക്കി നിര്‍ത്തുകയും പിന്നെ വീണ്ടും ബാലന്‍സു ചെയ്ത് വളരെ കൂളായി സൈക്കിള്‍ ചവിട്ടുകയും ചെയ്യുന്നതു കാണാം. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചത്. 70 ലക്ഷം പേരാണ് വീഡിയോ കണ്ടത്. രണ്ടര ലക്ഷം പേര് ലൈക്ക് ചെയ്തിട്ടുണ്ട്. ‘ലോകത്തെ എറ്റവും കരുത്തുറ്റ കഴുത്ത്’ എന്ന കുറിപ്പോടെയാണ് ബാര്സ്റ്റുള് സ്പോര്‍ട്സ് ഈ വീഡിയോ അപ് ലോഡ് ചെയ്തത്. യുവാവിനെ പ്രശംസിച്ചു കൊണ്ട് അനേകം കമന്റുകളുമുണ്ട്. വിശ്വസിക്കാനാവുന്നില്ല എന്നാണ് ഏറെ പേരും പ്രതികരിച്ചത്. കഴുത്തിലെ പേശികളുടെ ബലത്തിലാണ് ഫ്രിഡ്ജ് നിലത്തു വീഴാതെ യുവാവ് സൈക്കിള്‍ ചവിട്ടുന്നതെന്നാണ് ചിലരുടെ കമന്റ്. അപാരമായ ബാലന്‍സിംഗ് എന്ന കമന്റുമുണ്ട്. ഇതൊരു വ്യാജ വീഡിയോയാണെന്ന് പരിഹസിച്ചവരുമുണ്ട്. എന്തായാലും റോഡില്‍ ഇത്തരം അപകടകരമായ അഭ്യാസങ്ങള്‍ നടത്തിയതിന് ആ യുവാവിനെ പിടികൂടിയെന്ന വാര്‍ത്തയൊന്നും പുറത്തുവന്നിട്ടില്ല.
ഫ്രിഡ്ജ് തലയിലേറ്റി സൈക്കിള്‍ അഭ്യാസം
