അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാജ്യത്തെ ഏറ്റവും വലിയ ഹോട്ടല്‍ ഇനി മുംബൈയില്‍. ഔറിക മുംബൈ സ്കൈസിറ്റിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍. 669 മുറികള്‍ ഉള്ള ഈ ഹോട്ടല്‍ ഔറിക ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് ബ്രാന്‍ഡിന് കീഴിലുള്ള മൂന്നാമത്തെ ഹോട്ടലാണ്. മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2-ന് സമീപത്തായാണ് ഈ ആഡംബര ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി മുംബൈയില്‍ എത്തുന്നവരെയും, വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിരവധി കാര്യങ്ങള്‍ ഹോട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂള്, ഫിറ്റ്നസ് സെന്റര്‍, സ്പാ, ഒന്നിലധികം റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ സൗകര്യങ്ങള്‍ ഔറിക മുംബൈ സ്കൈസിറ്റിയില്‍ ഉണ്ട്. ഇതിനോടൊപ്പം ഇന്ത്യന്‍, ഇന്റര്‍നാഷണല്‍, ഫ്യൂഷന്‍ ക്യൂസിന് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഡൈനിംഗ് ഓപ്ഷനുകളും ഹോട്ടല്‍ വാഗ്ദാനം ചെയ്യുന്നു. മീറ്റിംഗുകളും ഇവന്റുകളും സംഘടിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ലെമണ്‍ ട്രീ ഹോട്ടല്‍സിന് കീഴിലുള്ള എല്ലാ ഹോട്ടലുകളിലുമായി മൊത്തം 20,000-ത്തിലധികം മുറികള്‍ എന്ന ലക്ഷ്യമാണ് കമ്പനിക്ക് ഉള്ളത്.