എച്ച്പി കമ്പനിയുടെ സഹകരണത്തോടെ ഗൂഗിള്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ക്രോംബുക്ക് ലാപ്‌ടോപ്പുകള്‍ നിര്‍മിച്ചുതുടങ്ങി. ഇലക്ട്രോണിക്‌സ് ഉല്‍പാദന കമ്പനിയായ ഫ്‌ലെക്‌സിന്റെ ചെന്നൈയിലെ കേന്ദ്രത്തിലാണ് ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുന്നത്. ലാപ്‌ടോപ് ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരു വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ഇന്ത്യയിലെ ഉല്‍പാദനപദ്ധതി പ്രഖ്യാപിച്ചത്. ചൈനയില്‍ നിന്നുള്ള ലാപ്‌ടോപ് ഇറക്കുമതിയെ ചെറുക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പരോക്ഷ ലക്ഷ്യം. കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമില്ല. ഇന്ത്യയിലെ ലാപ്ടോപ്, പേഴ്സണല്‍ കംപ്യൂട്ടര്‍ എന്നിവയുടെ വിപണി മൂല്യം പ്രതിവര്‍ഷം ഏകദേശം 8 ബില്യണ്‍ ഡോളറാണ്. ഇതില്‍ 65 ശതമാനം യൂണിറ്റുകളും ഇറക്കുമതി ചെയ്യുന്നതാണ്, ഇറക്കുമതിയില്‍ കുറവു വരുത്തി ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം 2.0 അവതരിപ്പിച്ചത്. 2026-ഓടെ 300 ബില്യന്‍ ഡോളര്‍ മൂല്യമുള്ള വാര്‍ഷിക ഉല്‍പ്പാദനം ലക്ഷ്യം വെച്ചുകൊണ്ട് ആഗോള ഇലക്ട്രോണിക്‌സ് വിതരണ ശൃംഖലയില്‍ ഒരു പവര്‍ഹൗസ് ആകാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്ക് ഈ പദ്ധതി പ്രധാനമാണ്. ടെക് ഭീമന്മാര്‍ ഇന്ത്യയെ ഉല്‍പ്പാദന അടിത്തറയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്കുള്ള മറ്റൊരു വിജയം കൂടിയാണിത്.