yt cover 31

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

വയനാട് തലപ്പുഴക്കടുത്ത കമ്പമലയില്‍ വനംവികസന സമിതി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. ഓഫീസിന്റെ ജനല്‍ച്ചില്ലുകളും കമ്പ്യൂട്ടറും മാവോയിസ്റ്റു സംഘം തകര്‍ത്തു. യൂണിഫോം ധരിച്ച തോക്കുധാരികളായ സംഘമാണ് ഉച്ചക്കു തേയില എസ്റ്റേറ്റിലെത്തിയത്. തോട്ടം അധികാരികളെ മണിമാളികകളില്‍ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് താക്കീതു ചെയ്യുന്ന പോസ്റ്ററുകള്‍ ഓഫീസ് ചുമരില്‍ പതിച്ചിട്ടുണ്ട്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ഉന്നത നേതാക്കള്‍ക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ആരുടേയും പേരു വെളിപെടുത്തിയിട്ടില്ല. ഇതേസമയം, അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മക്കു പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിലുള്ള വ്യാജ അക്കൗണ്ടില്‍ 63 ലക്ഷം രൂപയുണ്ടെന്ന് ഇഡി ആരോപിച്ചു. അക്കൗണ്ടിലെ നോമിനി കേസിലെ മുഖ്യ പ്രതിയായ സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്താണെന്നും ഇഡി ആരോപിച്ചു. എന്നാല്‍ അങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്ന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്. അരവിന്ദാക്ഷന്റെ ഭാര്യ ഷീല 85 ലക്ഷം രൂപയുടെ ഇടപാടു നടത്തിയെന്നും ഇഡി ആരോപിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാനത്തെ 399 സഹകരണ ബാങ്കുകളില്‍ ക്രമക്കേടു നടന്നെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ നല്‍കിയ മറുപടി ഇപ്പോള്‍ വൈറലായി. വായ്പ അനുവദിക്കല്‍, നിയമനം, ലേലം എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് മന്ത്രി വി.എന്‍. വാസവന്‍ നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിപ്പു നടത്തിയ സംഘങ്ങളുടെ പട്ടികയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പേരും ഉണ്ടായിരുന്നു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ഡോക്ടറായി നിമയിക്കാന്‍ കോഴ നല്‍കിയെന്ന വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. നിയമനത്തിന് സാവകാശം വേണമെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും അഖില്‍ സജീവ് സംഭാഷണത്തില്‍ പറയുന്നു. ഹരിദാസിനെ പരിചയമില്ലെന്ന് അഖില്‍ സജീവ് പറഞ്ഞതിന് പിന്നാലെയാണ് ഹരിദാസന്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

സംസ്ഥാനത്ത് കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലെല്ലാം മഞ്ഞ അലര്‍ട്ട്.

വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് അഡ്വ. കെ പി സതീശനെ നീക്കണമെന്ന് കുട്ടികളുടെ അമ്മ. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സിബിഐ ഡയറക്ടര്‍ക്ക് കത്തു നല്‍കി. പ്രതികളുടെ നുണ പരിശോധന താന്‍ കോടതിയില്‍ എതിര്‍ത്തെന്ന പ്രചാരണം സത്യമല്ല. കേസ് അട്ടിമറിക്കാന്‍ കെ പി സതീശന്‍ ശ്രമിക്കുകയാണെന്നും അമ്മ പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം സ്വകാര്യ ആശുപത്രികള്‍ പിന്‍വലിച്ചു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ആശുപത്രികള്‍ക്കു നല്‍കാനുള്ള മുന്നൂറു കോടി രൂപ രണ്ടു മാസത്തിനകം നല്‍കാമെന്ന ഉറപ്പിന്മേലാണ് പുതിയ തീരുമാനമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനു പിറകേ ഉറക്കഗുളിക കഴിച്ച് അവശ നിലയിലായ എഴുപതുകാരി മരിച്ചു. കൊരട്ടി കാതിക്കുടത്ത് കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ച മൂന്നു കുടുംബാംഗങ്ങളില്‍ ഒരാളായ തങ്കമണി (70) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം വിഷം കഴിച്ച മകള്‍ ഭാഗ്യലക്ഷ്മി (38), മകന്‍ അതുല്‍ കൃഷ്ണ (10) എന്നിവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. 22 ലക്ഷം രൂപയാണു ബാധ്യതയുള്ളത്.

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുന്‍ എംപിയുമായി സുരേഷ് ഗോപി. സജീവ രാഷ്ട്രീയം തുടരുകയും ചെയ്യും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി സംസാരിച്ചെന്നും പദവിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറിയെന്നും സുരേഷ് ഗോപി അറിയിച്ചു.

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടക കക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സഹകരണ ബാങ്കുകളിലെ വെളുത്ത ചോറില്‍ മുഴുവന്‍ കറുത്ത കല്ല് വാരിയിട്ടത് സിപിഎമ്മാണ്. അതിലിനി ഒരു വറ്റ് വെളുത്ത ചോറുപോലുമില്ല. സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ കുടിയാന്‍മലയില്‍ കെഎസ്ഇബി ടവര്‍ നിര്‍മാണം സജീവ് ജോസഫ് എംഎല്‍എയും സംഘവും തടഞ്ഞു. 400 കെവി ലൈന്‍ ടവറിന്റെ നിര്‍മാണമാണ് തടഞ്ഞത്. നഷ്ടപരിഹാര പാക്കേജില്‍ തീരുമാനമാകാതെ നിര്‍മാണം തുടങ്ങരുതെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.

ഇടുക്കി പഴമ്പള്ളിച്ചാലില്‍ അധികൃതമായി മരം മുറിക്കാന്‍ മരക്കച്ചവടക്കാരില്‍നിന്ന് കൈക്കൂലി വാങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദ്, ഫോറസ്റ്റര്‍ കെ എം ലാലു എന്നിവര്‍ക്കെതിരെയാണ് നടപടി.

എംഎസ് സ്വാമിനാഥന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഹരിത വിപ്ലവം എന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ മുഖ്യശില്‍പിയായിരുന്ന സ്വാമിനാഥനെയാണ് ഓര്‍ക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന മികവിന് മൂന്നാം വര്‍ഷവും കേരള ബാങ്കിന് ദേശീയ അവാര്‍ഡ്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ദേശീയ തലത്തില്‍ നല്‍കുന്ന അവാര്‍ഡാണ് കേരള ബാങ്കിന് ലഭിച്ചത്.

പാസ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി അബുദാബിയിലേക്കു കടക്കാന്‍ ശ്രമിച്ച തമിഴ്നാട്ടുകാരി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. തമിഴ്നാട് തിരുകടയൂര്‍ സ്വദേശിനി ഈശ്വരി (46) ആണ് പിടിയിലായത്. പാസ്പോര്‍ട്ടിലെ നാല് പേജുകള്‍ വെട്ടി മാറ്റിയിരുന്നു.

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചരമവാര്‍ഷികം ഞായറാഴ്ച. അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് സ്മൃതി മണ്ഡപം ഒരുങ്ങി. വാര്‍ഷിക ദിനത്തില്‍ നേതാവിനെ അനുസ്മരിക്കാന്‍ സിപിഎം വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കര്‍ണാടകത്തില്‍ ഇന്നും ബന്ത്. തമിഴ്നാടിനു കാവേരി വെള്ളം വിട്ടകൊടുക്കണമെന്ന ഉത്തരവിനെതിരേ കന്നട അനുകൂല സംഘടനകളാണ് ബന്തിന് ആഹ്വാനം ചെയ്തത്. ബെംഗളൂരുവില്‍ ബന്ത് അനുവദിക്കില്ലെന്നും നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഞായറാഴ്ച മുതല്‍ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തും. നിലവില്‍ 18 ശതമാനമാണു ജിഎസ്ടി. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ശനിയാഴ്ചയ്ക്കകം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.

പോക്സോ വകുപ്പില്‍ സെക്ഷന്‍ നാല് പ്രകാരമുള്ള കുറ്റം ചുമത്തി ശിക്ഷക്കുന്നതില്‍ ഭേദഗതി നിര്‍ദ്ദേശവുമായി ദേശീയ നിയമ കമ്മീഷന്‍. കൗമാരപ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ട പോക്സോ കേസുകളില്‍ ശിക്ഷ കുറയ്ക്കാനാണു ശുപാര്‍ശ. പതിനാറു വയസിന് മുകളില്‍ പ്രായമുള്ള ഇരയുടെയും പ്രതിയുടെയും കാര്യത്തില്‍ മാത്രമാണ് ഈ ശുപാര്‍ശ.

ബാങ്കിങ് മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഡിസംബര്‍ നാലു മുതല്‍ ജനുവരി 20 വരെ ബാങ്ക് അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പണിമുടക്കുകള്‍ നടത്താന്‍ ആഹ്വനം ചെയ്തിട്ടുണ്ട്.

പാര്‍ലമെന്റിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി എംപി രമേശ് ബിദുരിക്കെതിരെ ബിഎസ്പി എംപി ഡാനിഷ് അലി നല്‍കിയ പരാതി സ്പീക്കര്‍ പ്രിവിലേജ് കമ്മിറ്റിക്കു വിട്ടു. രമേഷ് ബിദുരിയെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ദുഗവാര്‍ ഗ്രാമത്തില്‍ ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥിയെക്കൊണ്ടു തല്ലിച്ച അധ്യാപികയെ അറസ്റ്റു ചെയ്തു. വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അധ്യാപിക ഷൈസ്തയെ അറസ്റ്റു ചെയ്തത്.

മധ്യപ്രദേശിലെ ഉജ്ജയിനില്‍ പന്ത്രണ്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയായ ഭരത് സോണിയെ അറസ്റ്റു ചെയ്തു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി വര്‍ദ്ധിച്ചു 920 കോടി ഡോളറാണു കമ്മി. മുന്‍ പാദത്തിലേതിനെക്കാള്‍ ഏഴിരട്ടിയിലധികം വര്‍ദ്ധനയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക. വിദേശ കാര്യമന്ത്രി എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക ഇങ്ങനെ പ്രതികരിച്ചത്.

നാസി വിമുക്ത ഭടനെ കനേഡിയന്‍ പാര്‍ലമെന്റില്‍ ആദരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാപ്പു പറഞ്ഞു. വംശഹത്യയുടെ ഓര്‍മകള്‍ പേറുന്നവരെ ഈ സംഭവം നോവിച്ചെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞു.

ഹാരി പോട്ടര്‍ സീരിസിലെ താരവും ഹോളിവുഡ് നടനുമായ മൈക്കല്‍ ഗാംബോണ്‍ ലണ്ടനില്‍ അന്തരിച്ചു. 82 വയസായിരുന്നു.

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് സെമി സാധ്യത സജീവമാക്കി ഇന്ത്യ. പൂള്‍ എയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. അതേസമയം കരുത്തരായ സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പുറത്തായി.

പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. പകരം ആര്‍. അശ്വിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഏഷ്യാ കപ്പിനിടെ ഇടത് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതാണ് അക്ഷറിന് തിരിച്ചടിയായത്. നാളെ ഗുവാഹട്ടിയില്‍ ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം.

രാജ്യത്ത് ഡയമണ്ട് ഇറക്കുമതി താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജെംസ് ആന്‍ഡ് ജുവലറി ഇന്‍ഡസ്ട്രി അംഗങ്ങളോട് ആവശ്യപ്പെട്ടു. ആഗോള ഡിമാന്‍ഡ് മന്ദഗതിയിലാകുകയും ആഭ്യന്തര കമ്പനികളുടെ വര്‍ദ്ധിച്ചുവരുന്ന ശേഖരവും കാരണം ഒക്ടോബര്‍ 15 മുതല്‍ രണ്ട് മാസത്തേക്ക് പരുക്കന്‍ വജ്രങ്ങളുടെ ഇറക്കുമതി നിര്‍ത്താനാണ് ആവശ്യം. ലാബില്‍ നിര്‍മ്മിക്കുന്ന ഡയമണ്ടുകള്‍ വന്‍തോതില്‍ വിപണിയിലെത്തുന്നതും ഇറക്കുമതി നിര്‍ത്താനുള്ള കാരണമാണ്. നാച്വറല്‍ ഡയമണ്ടിനേക്കാള്‍ വിലക്കുറവിലാണ് ഇത് ലഭിക്കുന്നത്. വജ്ര വ്യവസായത്തിന്റെ ചരിത്രത്തില്‍ നാലാം തവണയാണ് ഡയമണ്ട് ഇറക്കുമതി നിര്‍ത്തിവയ്ക്കുന്നത്. ആദ്യമായി 1991 ഇറാഖ് യുദ്ധത്തിന് ശേഷമായിരുന്നു. രണ്ടാമത് ഇറക്കുമതി നിര്‍ത്തിയത് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു. 2019 കോവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിച്ചതോടെയും ഡയമണ്ട് ഇറക്കുമതി നിര്‍ത്തിവച്ചിരുന്നു. യുഎസ്എ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള മിനുക്കിയ വജ്രങ്ങളുടെയും ആഭരണങ്ങളുടെയും ഡിമാന്‍ഡ് കഴിഞ്ഞ പല പാദങ്ങളിലും കുറവായിരുന്നു. ജനുവരി-ആഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 25 ശതമാനം കുറവുണ്ടായി. സെപ്തംബറിലും സമാനമായ പ്രവണതയാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 15 വരെ നിര്‍ത്തിവയ്ക്കാനാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. സ്ഥിതിഗതികള്‍ ഡിസംബര്‍ ആദ്യവാരം വീണ്ടും അവലോകന ചെയ്യും.

മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തവണ നടന്‍ ചെമ്പന്‍ വിനോദ് ആണ് ഈ ഹിറ്റ് കൂട്ടുകെട്ടിന് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കു േശഷം ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ലൈല ഓ ലൈല എന്ന ചിത്രമാണ് മോഹന്‍ലാല്‍, ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്. സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടുമില്ല. 2019ല്‍ പൊറിഞ്ചു മറിയം ജോസിലൂടെ ജോഷി ശക്തമായ തിരിച്ചുവരവ് നടത്തി. 2022ല്‍ പാപ്പനിലൂടെ അടുത്ത ഹിറ്റും മലയാളത്തിനു സമ്മാനിച്ചു. ജോജു ജോര്‍ജ് നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ആന്റണിയാണ് ജോഷിയുടെ ഈ വര്‍ഷത്തെ റിലീസ്.

ഷാരൂഖ് ഖാന് രണ്ടാം 1000 കോടി ക്ലബ് സമ്മാനിച്ചതാണ് ജവാന്‍. ബോളിവുഡില്‍ ഒരു നടന്‍ 1000 കോടി ക്ലബില്‍ രണ്ട് തവണ എത്തുന്നതും റെക്കോര്‍ഡാണ്. കേരളത്തിലും വന്‍ കുതിപ്പാണ് ജവാന്. എങ്കിലും ജവാന് കയ്യെത്താദൂരത്താണ് രജനികാന്ത് ചിത്രം ജയിലര്‍ എന്നാണ് കേരളത്തിന്റെ 2023ലെ ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ രജനികാന്തിന്റെ ജയിലര്‍ 500 കോടിയില്‍ അധികം നേടിയിട്ടുണ്ട്. കേരളത്തിലാകട്ടെ ആകെ 57.70 കോടി കളക്ഷന്‍ നേടി അന്യഭാഷകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുണ്ട്. കേരളത്തില്‍ അന്യ ഭാഷാ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തുള്ള മണിരത്നത്തിന്റ ഇതിഹാസ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 19.15 കോടിയാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് ജവാന്‍ എത്തിയിരിക്കുന്നത്. ഷാരൂഖിന്റെ പഠാനായിരുന്നു 13.16 കോടി കളക്ഷനുമായി മൂന്നാം സ്ഥാനത്തുണ്ടായത്. ഇപ്പോള്‍ പഠാനെ ജവാന്‍ മറികടന്നെങ്കിലും കളക്ഷന്‍ പുറത്തുവിട്ടിട്ടില്ല. നാലാമതുള്ള വിജയ്യുടെ വാരിസ് 13.02 കോടി രൂപയാണ് നേടിയിരിക്കുന്നത്.

ഹീറോ മോട്ടോകോര്‍പ്പ് അടുത്തിടെ പുറത്തിറക്കിയ കരിസ്മ എക്സ്എംആര്‍ 210ന്റെ വില ഒക്ടോബര്‍ ഒന്നു മുതല്‍ 7,000 രൂപ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവില്‍ അതിന്റെ പ്രാരംഭ എക്സ്-ഷോറൂം വിലയായ 1,72,900 രൂപയിലാണ് ബൈക്ക് വില്‍പ്പന നടത്തുന്നത്. സെപ്റ്റംബര്‍ 30 അര്‍ദ്ധരാത്രി വരെ ബൈക്കിന്റെ നിലവിലെ ബുക്കിംഗ് വിന്‍ഡോ തുറന്നിരിക്കും. പുതിയ ഹീറോ കരിസ്മ എക്സ്എംആര്‍ അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ മോട്ടോര്‍സൈക്കിളാണ്. ഏറ്റവും ഉയര്‍ന്ന ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള അംഗീകൃത ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം . ബുക്കിംഗിനുള്ള ടോക്കണ്‍ തുക 3,000 രൂപയാണ്. പുതിയ ബുക്കിംഗ് വിന്‍ഡോയുടെ തീയതി ഉടന്‍ പ്രഖ്യാപിക്കും. അതില്‍ ബൈക്കിന്റെ പുതുക്കിയ വില ഉള്‍പ്പെടുത്തും.

ഇന്ത്യയിലെ ആദ്യകാല ദലിത് നോവല്‍. ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴോ തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലോ സാഹിത്യചരിത്രത്തില്‍ ശ്രദ്ധേയമായ ഇടം ലഭിക്കാതെപോയ പുലയത്തറയില്‍ ദലിത് ജീവിതത്തിന്റെ തീവ്രമായ അനുഭവങ്ങള്‍ യഥാതഥമായി കടന്നുവരുന്നു. ഒരു മിനിമം ജീവിതത്തെ ചേര്‍ത്തു പിടിക്കാന്‍ മതം മാറിയും മാറാതെയും ശ്രമിച്ചുനോക്കുന്ന നിഷ്‌കളങ്കരും നിരക്ഷരരും അശരണരുമായ കഥാപാത്രങ്ങളാണ് ഈ നോവലിലെ ഭൂരിപക്ഷവും. ‘പുലയത്തറ’. പോള്‍ ചിറക്കാരോട്. മനോരമ ബുക്സ്. വില 323 രൂപ.

സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനം. ‘ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തിലെ പ്രമേയം. നേരത്തെ പ്രായമായവരെ ബാധിച്ചിരുന്ന ഹൃദയാഘാതം ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും സാധാരണമായി. ലക്ഷണങ്ങള്‍ നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ ഒരു പരിധി വരെ ചികിത്സിക്കാനും തടയാനും കഴിയും. ഹൃദയം ആരോഗ്യകരമല്ല എന്നതിന്റെ ചില ലക്ഷണങ്ങളെക്കുറിച്ചറിയാം. ഇടയ്ക്കിടെ നെഞ്ചുവേദന, സമ്മര്‍ദ്ദം എന്നിവയായി ഹൃദയാഘാതത്തെ സൂചിപ്പിക്കുന്ന മറ്റൊരു ലക്ഷണമാണ്. കൈകള്‍, കഴുത്ത്, താടിയെല്ല് അല്ലെങ്കില്‍ പുറം എന്നിവയും ബാധിച്ചേക്കാം. ലഘുവായ പ്രവര്‍ത്തനത്തിലോ വിശ്രമത്തിലോ പോലും ഉണ്ടാകുന്ന ശ്വാസതടസ്സം ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ മറ്റൊരു ലക്ഷണമാണ്. ശ്വാസംമുട്ടല്‍ ഇതിനോടൊപ്പം ഉണ്ടാകാം. എപ്പോഴും ക്ഷീണം ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാണ്. ക്രമരഹിതമായ ഹൃദയമിടിപ്പാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. കാലുകള്‍, കണങ്കാല്‍, പാദങ്ങള്‍, അല്ലെങ്കില്‍ വയറുവേദന എന്നിവയില്‍ നീര്‍വീക്കം ഉണ്ടാകുന്നത് ഹൃദയസ്തംഭനത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഹൃദയത്തിന് വേണ്ടത്ര രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ശരീരം ദ്രാവകത്താല്‍ നിറയും. തലകറക്കം അല്ലെങ്കില്‍ ബോധക്ഷയമാണ് മറ്റൊരു ലക്ഷണം. മസ്തിഷ്‌കത്തിലേക്ക് വേണ്ടത്ര രക്തം വിതരണം ചെയ്യാത്തത് ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. ഇത് തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും. ചില ആളുകള്‍ക്ക്-പ്രത്യേകിച്ച് സ്ത്രീകള്‍-ഹൃദയാഘാതം അല്ലെങ്കില്‍ മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി അനുഭവപ്പെടുന്നു. ശരീരത്തിന്റെ മുകള്‍ ഭാഗത്ത് വേദന അനുഭവപ്പെടുക. പ്രത്യേകിച്ച് സ്ത്രീകളില്‍, വയറിന്റെ മുകള്‍ഭാഗം, കൈകള്‍, തോളുകള്‍, കഴുത്ത് അല്ലെങ്കില്‍ താടിയെല്ല് എന്നിവയിലെ വേദനയോ അസ്വസ്ഥതയോ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ഇംഗ്ലീഷ് ചാനല് റെക്കോര്‍ഡ് സമയത്തിനുളളില്‍ നീന്തിക്കടന്ന ആദ്യ വനിതയാണ് ഫ്ളോറന്‍സ് ചാഡ്വിക്ക്. ഒരിക്കല്‍ അമേരിക്കയിലുളള കാറ്റലീന ദ്വീപില്‍ നിന്ന് കാലിഫോര്‍ണിയന്‍ തീരത്തേക്ക് അവര്‍ നീന്താന്‍ ആരംഭിച്ചു. നീന്തല്‍ ആരംഭിച്ച് ഏതാനും മണി്ക്കുറുകള് കഴിഞ്ഞപ്പോള്‍ വലിയ സ്രാവുകള്‍ അവരെ ആക്രമിക്കാനായി അടുത്തു. അവരുടെ പരിശീലകനും സംഘവും ഒരു ബോട്ടില്‍ അവരെ പിന്തുടരുന്നുണ്ടായിരുന്നു. വെടിവെച്ച് ആ സ്രാവുകളെ ഓടിക്കാന്‍ ആ സംഘം കിണഞ്ഞ് പരിശ്രമിച്ചു. നീണ്ടനേരത്തെ പരിശ്രമത്തിനൊടുവില്‍ സ്രാവുകളില്‍ നിന്നും അവര്‍ രക്ഷപ്പെട്ടു. യാത്ര തുടര്‍ന്നു. അടുത്ത തടസ്സം മൂടല്‍മഞ്ഞായിരുന്നു. നീണ്ട പതിനാറ് മണിക്കൂര്‍ നേരത്തെ യാത്ര അവരെ തളര്‍ത്തുകയും ചെയ്തിരുന്നു. അവര്‍ പിന്മാറാന്‍ തീരുമാനി്ച്ചു. നമ്മള്‍ കരയോടടുത്തു, പിന്മാറരുത് പൊരുതി ജയിക്കണം എന്നെല്ലാം പരിശീലകന്‍ പറഞ്ഞെങ്കിലും കുറച്ച് നേരം നീന്തി അവര്‍ തോല്‍വി സമ്മതിച്ചു. പക്ഷേ, കരയില്‍ നിന്നും അവര് വെറും അരമൈല്‍ ദൂരത്തിലാണ് പിന്തിരിഞ്ഞത്. മൂടല്‍മഞ്ഞ് കരയുടെ കാഴ്ച മറച്ചതിനാല്‍ തന്റെ സ്വപ്നം അവര്‍ വേണ്ടൈന്നുവെക്കുകയായിരുന്നു. രണ്ടുമാസങ്ങള്ക്ക് ശേഷം വീണ്ടും അവര്‍ കാററലീന ദ്വീപില്‍ നിന്നും കാലിഫോര്‍ണിയ തീരത്തേക്ക് യാത്ര തിരിച്ചു. ഇത്തവണയും സ്രാവുകളും കനത്തമൂടല്‍മഞ്ഞും ഉണ്ടായിരുന്നു. പക്ഷേ, മൂടല്‍മഞ്ഞിനപ്പുറത്തുളള കാലിഫോര്‍ണിയ തീരങ്ങളായിരുന്നു അവരുടെ മനസ്സില്‍. പുരുഷന്മാരുടെ റെക്കോര്‍ഡിനേക്കാള്‍ രണ്ടുമണിക്കൂര് കുറഞ്ഞ സമയത്തില്‍ കാലിഫോര്‍ണിയ തീരം തൊട്ട് അവര്‍ റെക്കോര്ഡിട്ടു തടസ്സങ്ങള്‍ നമ്മെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും നമ്മുടെ മനസ്സില്‍ ലക്ഷ്യത്തിലെത്തണമെന്ന ആഗ്രഹമുണ്ടെങ്കില്‍ നാം പിന്തിരിയാതെ മുന്നേറും.. അതെ, നമ്മുടെ ഓരോ യാത്രയും ലക്ഷ്യം തൊടാന്‍ ആകട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *