കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര് അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ വ്യാജ അക്കൗണ്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിലുള്ള അക്കൗണ്ടിന്റെ നോമിനി കേസിലെ മുഖ്യ പ്രതിയായ സതീഷ് കുമാറിന്റെ സഹോദരന് ശ്രീജിത്താണെന്നും ഇഡി കണ്ടെത്തി.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാനത്തെ 399 സഹകരണ ബാങ്കുകളില്‍ ക്രമക്കേടു നടന്നെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ നല്കിയ മറുപടി ഇപ്പോള്‍ വൈറലായി. വായ്പ അനുവദിക്കല്‍, നിയമനം, ലേലം എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് മന്ത്രി വി.എന്‍. വാസവന് നല്കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിപ്പു നടത്തിയ സംഘങ്ങളുടെ പട്ടികയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പേരും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടക കക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. സഹകരണ ബാങ്കുകളിലെ വെളുത്ത ചോറില്‍ മുഴുവന്‍ കറുത്ത കല്ല് വാരിയിട്ടത് സിപിഎമ്മാണ്. അതിലിനി ഒരു വറ്റ് വെളുത്ത ചോറുപോലുമില്ല. സുധാകരന് പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ അഡ്വ. കെ പി സതീശനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കുട്ടികളുടെ അമ്മ. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സിബിഐ ഡയറക്ടര്‍ക്ക് കത്തു നല്കി. പ്രതികളുടെ നുണ പരിശോധന താന്‍ കോടതിയില്‍ എതിര്‍ത്തെന്ന പ്രചാരണം സത്യമല്ല. കേസ് അട്ടിമറിക്കാന്‍ കെ പി സതീശന് ശ്രമിക്കുകയാണെന്നും അമ്മ പറഞ്ഞു.
വയനാട് തലപ്പുഴക്കടുത്ത കമ്പമലയില്‍ വനംവികസന സമിതി ഓഫീസിന്റെ ജനല്‍ച്ചില്ലുകളും കമ്പ്യൂട്ടറും മാവോയിസ്റ്റു സംഘം തകര്‍ത്തു. യൂണിഫോം ധരിച്ചു തോക്കുധാരികളായ സംഘമാണ് ഉച്ചക്കു പന്ത്രണ്ടോടെ തേയില എസ്റ്റേറ്റിലെത്തിയത്. തോട്ടം അധികാരികളെ മണിമാളികകളില്‍ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് താക്കീതു ചെയ്യുന്ന പോസ്റ്ററുകള്‍ ഓഫീസ് ചുമരില്‍ പതിച്ചിട്ടുണ്ട്.
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുന്‍ എംപിയുമായി സുരേഷ് ഗോപി. സജീവ രാഷ്ട്രീയം തുടരുകയും ചെയ്യും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി സംസാരിച്ചെന്നും പദവിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറിയെന്നും സുരേഷ് ഗോപി അറിയിച്ചു.
കണ്ണൂര്‍ കുടിയാന്മലയില് കെഎസ്ഇബി ടവര്‍ നിര്‍മാണം സജീവ് ജോസഫ് എംഎല്‍എയും സംഘവും തടഞ്ഞു. 400 കെവി ലൈന്‍ ടവറിന്റെ നിര്‍മാണമാണ് തടഞ്ഞത്. നഷ്ടപരിഹാര പാക്കേജില്‍ തീരുമാനമാകാതെ നിര്‍മാണം തുടങ്ങരുതെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.
ഇടുക്കി പഴമ്പള്ളിച്ചാലില്‍ അധികൃതമായി മരം മുറിക്കാന്‍ മരക്കച്ചവടക്കാരില്‍നിന്ന് കൈക്കൂലി വാങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദ്, ഫോറസ്റ്റര്‍ കെ എം ലാലു എന്നിവര്‍ക്കെതിരെയാണ് നടപടി.
എംഎസ് സ്വാമിനാഥന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഹരിത വിപ്ലവം എന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ മുഖ്യശില്പിയായിരുന്ന സ്വാമിനാഥനാണ് ഓര്‍ക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചരമവാര്‍ഷികമായ ഞായറാഴ്ച പയ്യാമ്പലത്ത് അന്ത്യവിശ്രമം സ്മൃതി മണ്ഡപം ഒരുങ്ങി. വാര്‍ഷിക ദിനത്തില്‍ നേതാവിനെ അനുസ്മരിക്കാന്‍ സിപിഎം വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ബാങ്കിങ് മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ഡിസംബര്‍ നാലു മുതല്‍ ജനുവരി 20 വരെ ബാങ്ക് അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പണിമുടക്കുകള്‍ നടത്താന്‍ ആഹ്വനം ചെയ്തിട്ടുണ്ട്.
പോക്സോ വകുപ്പില്‍ സെക്ഷന്‍ നാല് പ്രകാരമുള്ള കുറ്റം ചുമത്തി ശിക്ഷക്കുന്നതില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് ദേശീയ നിയമ കമ്മീഷന്. കൗമാരപ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ട പോക്സോ കേസുകളില്‍ ആണ്‍കുട്ടി ജയിലിലാവുകയും പെണ്‍കുട്ടി ദുരിതത്തിലാവുന്നതും ഒഴിവാക്കാന്‍ ശിക്ഷ കുറയ്ക്കുന്ന ഭേദഗതിക്കാണ് ദേശീയ നിയമ കമ്മീഷന്റെ ശുപാര്‍ശ. പതിനാറു വയസിന് മുകളില്‍ പ്രായമുള്ള ഇരയുടെയും പ്രതിയുടെയും കാര്യത്തില്‍ മാത്രമാണ് ഈ ശുപാര്‍ശ.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി വര്‍ദ്ധിച്ചു 920 കോടി ഡോളറാണു കമ്മി. മുന്‍ പാദത്തിലേതിനെക്കാള്‍ ഏഴിരട്ടിയിലധികം വര്‍ദ്ധനയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക. വിദേശ കാര്യമന്ത്രി എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക ഇങ്ങനെ പ്രതികരിച്ചത്.