മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന ‘അബ്രഹാം ഓസ്‌ലര്‍’ ചിത്രം ഈ ഡിസംബറില്‍ തിയറ്ററുകളിലെത്തും. ക്രിസ്മസ് റിലീസ് ആയിരിക്കും. ജയറാമിന്റെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്‌ലറും ത്രില്ലര്‍ ആണ്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.