night news hd 1

 

ഒരു രാജ്യം ഒറ്റ വോട്ടെടുപ്പ് പരിഷ്‌കരണം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുന്‍ കഷ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ സിംഗ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിന്‍ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി.

ഇന്ത്യ മുന്നണിയില്‍ ഒന്നിച്ചാണെങ്കിലും കേരളത്തില്‍ സിപിഎമ്മുമായി ഒന്നിച്ചു മത്സരിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സിപിഎമ്മും അതിനു തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധിയെ കേരളം എതിരില്ലാതെ വിജയിപ്പിക്കട്ടെ എന്നായിരുന്നു പ്രതികരണം.

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് തേിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസഹര്‍ജി തള്ളി.

ചന്ദ്രനില്‍ ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ സ്ഥലത്തിനു ശിവശക്തി പോയിന്റ് എന്നു പേരിട്ടത് അനുചിതമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ബഹിരാകാശ ഇടങ്ങള്‍ക്കു പേരു നല്‍കുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര മേഖല അംഗീകരിച്ച മാനദണ്ഡങ്ങളില്‍ മിത്തുകള്‍ക്കു സ്ഥാനവുമില്ലെന്നു പരിഷത്ത് ചൂണ്ടിക്കാട്ടി.

മാത്യു കുഴല്‍നാടന്‍ ആളുകളെ തേജോവധം ചെയ്തിട്ട് തിരിഞ്ഞോടുന്ന ആളാണെന്ന് മന്ത്രി എംബി രാജേഷ്. അധിക്ഷേപിച്ചാലേ ശ്രദ്ധ കിട്ടൂവെന്ന് മാത്യു കുഴല്‍നാടന് അറിയാമെന്നും രാജേഷ് പറഞ്ഞു.

തനിക്കെതിരേ കോണ്‍ഗ്രസുകാര്‍ സൈബര്‍ ആക്രമണം നടത്തുകയാണെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു. കോട്ടയം എസ്പിക്കുപരാതി നല്‍കി.

മദ്യലഹരിയില്‍ ട്രെയിനില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. കണ്ണൂര്‍ വളപട്ടണം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ് ട്രെയിനിലാണ് യുവാക്കള്‍ ശല്യം ചെയ്തതോടെ പെണ്‍കുട്ടി ട്രെയിനിന്റെ അപായ ചങ്ങല വലിച്ചു. കോച്ചിലേക്ക് പൊലീസെത്തിയതോടെ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു.

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ വിക്ഷേപണ വിജയത്തിന് ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ജി 20 ഉച്ചകോടിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ 2700 കോടി രൂപ ചെലവിട്ടു നിര്‍മിച്ച ഭാരത് മണ്ഡപം രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്റര്‍. പരമ്പരാഗതവും അധുനികവുമായ വാസ്തു വിദ്യകള്‍ സമന്വയിപ്പിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഏഴായിരം സീറ്റുകളുണ്ട്.

അദാനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തിയാല്‍ പ്രശ്‌നമാകുന്നത് അദാനിക്കല്ല, മറ്റാര്‍ക്കോ ആണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് പൊതുസമ്മേളനത്തിലാണ് വിമര്‍ശനം. അതിസമ്പന്നരായ രണ്ടോ മൂന്നോ പേര്‍ക്കുവേണ്ടി മാത്രമാണ് മോദി ജോലി ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ബി ജെ പി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *