ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. നാളെ മുതല്‍ പ്രാബല്യത്തിലാകും. ഡല്‍ഹിയില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 1103 രൂപയില്‍നിന്ന് 903 രൂപയായി കുറയും. കേന്ദ്ര മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. നിരവധി കുടുംബങ്ങള്‍ക്കു സന്തോഷം പകരുന്ന തീരുമാനമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ജമ്മു കാഷ്മീരിന് എപ്പോള്‍ സംസ്ഥാന പദവി മടക്കി നല്‍കുമെന്ന ചോദ്യവുമായി സുപ്രീം കോടതി. സമയപരിധി വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ചോദ്യം ഉന്നയിച്ചത്.
ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ചൈനയുടെ അധീനതയിലാണെന്ന് അവകാശപ്പെട്ടുകൊണ്ട് ചൈന പുതിയ ഭൂപടം പുറത്തിറക്കി. ചൈനയുടെ നടപടി അസംബന്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് തീരുമാനം പ്രഖ്യാപിച്ചത്. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയാണ്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൂജപ്പുര പൊലീസ്
കേസെടുത്തു. ജാമ്യം ലഭിക്കുന്ന വകുപ്പുപ്രകാരമാണ് കേസ്. അച്ചു ഉമ്മനെ അധിക്ഷേപിച്ചതിന് ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിരുന്നു. അച്ചു ഉമ്മന്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിറകേയാണ് ക്ഷമാപണം.
സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് എട്ടു ദിവസങ്ങളിലായി വിറ്റത് 665 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിറ്റു. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഔട്ട് ലൈറ്റുകളിലൂടെ 112. 07 കോടിരൂപയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുടയിലെ മദ്യശാലയിലൂടെ 1. 06 കോടി രൂപയുടെ മദ്യവും കൊല്ലം ആശ്രമത്തെ മദ്യശാലയിലൂടെ 1.01 കോടി രൂപയുടെ മദ്യവും വിറ്റു. ശ്രീനാരായണ ഗുരു ജയന്തിയായ വ്യാഴാഴ്ചയും ഒന്നാം തീയതിയായ വെള്ളിയാഴ്ചയും മദ്യശാലകളും ബാറുകളും തുറക്കില്ല.
പുരാവസ്തു തട്ടിപ്പു കള്ളപ്പണ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സെപ്റ്റംബര്‍ അഞ്ചിനു ശേഷം ഹാജരാകാമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനു കത്തു നല്‍കി. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തിരക്കുള്ളതിനാല്‍ നാളെ ഹാജരാകില്ലെന്ന് കത്തു നല്‍കി.
മോഷ്ടാക്കള്‍ കവര്‍ന്ന ബുള്ളറ്റ് ബൈക്ക് എ.ഐ ക്യാമറയില്‍ കുടുങ്ങിയതോടെ മോഷ്ടാക്കള്‍ കെണിയില്‍. രണ്ടു മാസം മുമ്പാണ് മലപ്പുറം തിരൂര്‍ സ്വദേശി രമേശ് മട്ടാറയുടെ ബൈക്ക് മോഷണം പോയതാണ്. മൂന്നു ദിവസംമുമ്പ് തിരൂര്‍-പൊന്നാനി റൂട്ടില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് ആയിരം രൂപയും മൂന്നു പേരെ കയറ്റി യാത്ര ചെയ്തതിന് ആയിരം രൂപയുമടക്കം രണ്ടായിരം രൂപ പിഴയടക്കാന്‍ നോട്ടീസ് ലഭിച്ചതോടെ രമേശ് വീണ്ടും പോലീസിനെ സമീപിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ ഉടനേ പിടിക്കുമെന്ന് പോലീസ്.
ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യവുമായി തിരുവോണ നാളില്‍ കോഴിക്കോട്ട് ഉപവാസ സമരം. ബസ് സ്റ്റാന്റിനു സമീപം നടന്ന സമരത്തില്‍ നിരവധി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
തമിഴ്‌നാട് കോവില്‍പാളയത്ത് വാഹനാപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശി പരമേശ്വരന്‍ (48), മകന്‍ രോഹിത് (21) എന്നിവരാണ് മരിച്ചത്. രോഹിതിന്റെ പഠനത്തിന് ബംഗ്ലൂരുവിലെത്തിയ ഇരുവരും നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
തമിഴ് സിനിമയുടെ ‘തലൈവര്‍’ രജനീകാന്ത് പണ്ടുപണ്ട് കണ്ടക്ടറായി ജോലി ചെയ്ത ബെംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഡിപ്പോയില്‍ എത്തി. അപ്രതീക്ഷിത സന്ദര്‍ശനം കണ്ട് എല്ലാവരും അമ്പരന്നു. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരുമായി വിശേഷങ്ങള്‍ പങ്കിട്ട അദ്ദേഹം എല്ലാവര്‍ക്കുമൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മടങ്ങിയത്.
ഗാസിയാബാദിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥിനികള്‍. പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അഴിമതിക്കാരനാണെന്നു ബിജെപി എംഎല്‍എയും രാജസ്ഥാനിലെ മുന്‍ നിയമസഭാ സ്പീക്കറുമായ കൈലാഷ് ചന്ദ്ര മേഘ്‌വാള്‍. അര്‍ജുന്‍ മേഘ്‌വാളിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയക്കുമെന്നും എംഎല്‍എ ഭില്‍വാരയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചു.
ഇന്ത്യയുടെ പ്രദേശങ്ങളെ ചൈനയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ചൈനയുടെ
പ്രസിഡന്റ് ഷി ജിന്‍പിങിന് ഇന്ത്യ സ്വീകരണം നല്കരുതെന്ന് കോണ്‍ഗ്രസ്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കരുതെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പെടുത്തി ചൈന പുതിയ ഭൂപടം പുറത്തിറക്കിയത് അസംബന്ധമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മാപ്പു പുറത്തിറക്കിയതുകൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പ്രശംസിക്കുകയും അംബേദ്കറിന്റെ മാര്‍ഗത്തില്‍നിന്നു മായാവതി വ്യതിചലിച്ചെന്ന് ആരോപിക്കുകയും ചെയ്ത ബിഎസ്പി നേതാവ് ഇമ്രാന്‍ മസൂദിനെ പാര്‍ട്ടി അധ്യക്ഷ മായാവതി പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
തോഷഖാന അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാന്‍ഖാനു ജയിലില്‍ തന്നെ തുടരേണ്ടി വരും. രഹസ്യ നിയമം ലംഘിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാനാവില്ല.